' ദംഗല്‍' സിനിമയിലെ ദേശീയ ഗാനത്തിന് എഴുന്നേറ്റില്ല; അറുപതുകാരന് മര്‍ദ്ദനം; മദ്യം തലയ്ക്ക് പിടിച്ചപ്പോള്‍ ദേശഭക്തി ഉണര്‍ന്നതാണെന്ന് അക്രമി

മുംബൈ ഗോരാഗോണിലെ തിയറ്ററില്‍ ആമിര്‍ ഖാന്‍ നായകനായ ദംഗല്‍ സിനിമയ്ക്കിടെയാണ് സംഭവം. സിനിമയില്‍ ഗുസ്തിക്കാരിയായ നായിക മെഡല്‍ നേടുമ്പോള്‍ ബാക്ക്ഗ്രൗണ്ടില്‍ ദേശീയഗാനം ആലപിക്കുന്ന ഭാഗമുണ്ട്. ഈ സീന്‍ വന്നപ്പോള്‍ എഴുന്നേല്‍ക്കാത്തതിനാണ് അമല്‍രാജ് പീറ്റര്‍ ദാസന്‍ എന്ന അറുപതുകാരനെ തൊട്ടടുത്തിരുന്നയാള്‍ മുഖത്തിടിച്ചത്.

മുംബൈയിലെ തിയറ്ററില്‍ ഭാര്യയ്‌ക്കൊപ്പം ആമിര്‍ ഖാന്‍ നായകനായ ദംഗല്‍ സിനിമ കാണുമ്പോഴായിരുന്നു അറുപത്കാരന് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. സിനിമയില്‍ ഗുസ്തിക്കാരിയായ നായിക രാജ്യത്തിന് വേണ്ടി മെഡല്‍ നേടുന്ന രംഗമെത്തിയപ്പോഴാണ് തിയറ്ററിലും 'ഇടി' നടന്നത്. ഈ സീന്‍ എത്തിയപ്പോള്‍ എഴുന്നേല്‍ക്കാത്തതിനാണ് അമല്‍രാജ് പീറ്റര്‍ ദാസന്‍ എന്ന അറുപതുകാരനെ തൊട്ടടുത്തിരുന്നയാള്‍ മുഖത്തിടിച്ചത്.

സംഭവത്തില്‍ ശിരിഷ് മധൂക്കര്‍ എന്ന അമ്പത്തിരണ്ടുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിനിമയ്ക്ക് കയറും മുമ്പ് മദ്യപിച്ചിരുന്നെന്നും ലഹരി തലയ്ക്ക് പിടിച്ചപ്പോള്‍ ദേശഭക്തി ഉണര്‍ന്നതാണെന്നും ഇയാള്‍ പറഞ്ഞെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍ അനാദരവ് കാണിച്ചില്ലെന്നും സിനിമ ആരംഭിക്കും മുമ്പുള്ള ദേശീയ ഗാനാലാപനത്തിന് താനും ഭാര്യയും എഴുന്നേറ്റു നിന്നെന്നും അമല്‍രാജ് പീറ്റര്‍ ദാസന്‍ പറഞ്ഞു.

''സിനിമയുടെ കഥയെന്തെന്നും ബാക്ക്ഗ്രൗണ്ടില്‍ ദേശീയഗാനാലാപനം നടക്കുമെന്നും അറിയില്ലായിരുന്നു. സിനിമയില്‍ നായിക മെഡല്‍ നേടുന്ന ഭാഗമെത്തിയപ്പോള്‍ തൊട്ടടുത്തിരുന്നയാള്‍ എല്ലാവരേയും എഴുന്നേറ്റു നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മോശം ഭാഷയിലാണ് അയാള്‍ സംസാരിച്ചത്. ദേശീയഗാനത്തിന് എഴുന്നേറ്റു നില്‍ക്കാനാണോ അയാള്‍ പറയുന്നതെന്ന് പോലും മനസ്സിലായില്ല. എന്തെങ്കിലും അയാളോട് ചോദിക്കുന്നതിന് മുമ്പേ എന്റെ മുഖത്ത് ഇടി വീഴുകയായിരുന്നു.''- അമല്‍രാജ് പീറ്റര്‍ ദാസന്‍

തിയറ്ററിലെ സുരക്ഷാ ജീവനക്കാര്‍ ഉടന്‍ ഇയാളെ പിടിച്ചു മാറ്റുകയായിരുന്നു. ദേശീയഗാനവുമായി ബന്ധപ്പെട്ട ഭാഗം ഉള്‍പ്പെടുന്നുണ്ടെങ്കില്‍ സിനിമയുടെ അണിയറപ്രവര്‍ത്തകരും സെന്‍സര്‍ ബോര്‍ഡും ഇക്കാര്യം പ്രേക്ഷകരെ അറിയിക്കാന്‍ തയ്യാറാകണമെന്നും ഇല്ലെങ്കില്‍ ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും അമല്‍രാജ് പീറ്റര്‍ പറയുന്നു.

സിനിമയ്ക്കു മുമ്പ് ദേശീയഗാനം പ്രദര്‍ശിപ്പിക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ദേശീയഗാനത്തോട് അനാദരവ് കാട്ടിയെന്നാരോപിച്ച് കേരളത്തിലടക്കം പൊലീസ് കേസെടുത്തിരുന്നു. ചെന്നൈയില്‍ ദേശീയഗാനാലാപന സമയത്ത് എഴുന്നേറ്റ് നിന്നില്ലെന്നാരോപിച്ച് അംഗവൈകല്യം ബാധിച്ചയാളെ മര്‍ദ്ദിച്ചതും വാര്‍ത്തയായിരുന്നു. എന്നാല്‍ സിനിമയ്ക്കിടയിലെ ദേശീയഗാനത്തിന് എഴുന്നേറ്റില്ലെന്ന് ആരോപിച്ചുള്ള മര്‍ദ്ദനം ഇതാദ്യമായാണ്.

Read More >>