പുസ്തകപ്രകാശനത്തിൽ നിന്നു വിദ്യാഭ്യാസ മന്ത്രി പിന്മാറിയതു സദാചാര ബോധം മൂലമെന്ന് എഴുത്തുകാരൻ: കലോത്സവ തിരക്കുമൂലമെന്ന് മന്ത്രി

ആകാശത്തിലെ വീടുകള്‍ എഴുതിയ അജിത് കരുണാകരന്റെ പുതിയ പുസ്തകം 'ചരസിന്റെ' പ്രകാശന ചടങ്ങില്‍ നിന്നു വിദ്യാഭ്യാസ മന്ത്രി അവസാനനിമിഷം പിന്മാറിയെന്ന് ആരോപണം. പുസ്തകത്തിന്റെ പേരു മൂലമാണ് മന്ത്രി വിട്ടു നിന്നതെന്ന് അജിത് കരുണാകരന്‍.

പുസ്തകപ്രകാശനത്തിൽ നിന്നു വിദ്യാഭ്യാസ മന്ത്രി പിന്മാറിയതു സദാചാര ബോധം മൂലമെന്ന് എഴുത്തുകാരൻ: കലോത്സവ തിരക്കുമൂലമെന്ന് മന്ത്രി

"ആകാശത്തിലെ വീടുകള്‍" എന്ന കഥാസമാഹാരം കൊണ്ടു ശ്രദ്ധേയനായ യുവ കഥാകൃത്ത് അജിത് കരുണാകരന്റെ പുതിയ പുസ്തകം 'ചരസിന്റെ' പ്രകാശന ചടങ്ങിനെച്ചൊല്ലി വിവാദം. പുസ്തകം പ്രകാശനം ചെയ്യാമെന്നേറ്റ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് അവസാനനിമിഷം പിന്മാറിയതാണ് വിവാദത്തിനു തിരികൊളുത്തിയത്.  കലോത്സവ തിരക്കുകള്‍ മൂലം പരിപാടി ഒഴിവാക്കുകയായിരുന്നുവെന്നാണ് മന്ത്രിയുടെ വിശദീകരണമെങ്കിലും 'ചരസ്' എന്ന പേരു മൂലമാകാം മന്ത്രി ചടങ്ങില്‍ നിന്നു വിട്ടു നിന്നതെന്ന് കഥാകൃത്ത് അജിത് കരുണാകരന്‍ നാരദാ ന്യൂസിനോടു പറഞ്ഞു.


കഴിഞ്ഞ ജനുവരി 15-ാം തീയതി ഞായാറാഴ്ച മൂന്നു മണിക്കു നടന്ന ചടങ്ങില്‍ നിന്ന് അപ്രതീക്ഷിതമായി മന്ത്രി വിട്ടു നില്‍ക്കുകയായിരുന്നു.
"രണ്ടു മാസങ്ങള്‍ക്കു മുമ്പേ തന്നെ മന്ത്രിയെ ഈ പരിപാടിയെ കുറിച്ച് അറിയിച്ചിരുന്നു. ഇതിനിടെ മന്ത്രിയെ നേരിട്ടു കണ്ടും പല തവണ ഫോണിലൂടെയും സാന്നിധ്യം ഉറപ്പിച്ചു. അന്നു രാവിലെയും മന്ത്രിയെയും വിളിച്ചു. മൂന്നു മണിക്ക് തന്നെ എത്തിച്ചേരാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ അപ്രതീക്ഷിതമായി ചടങ്ങില്‍ നിന്ന് അദ്ദേഹം വിട്ടു നിന്നു. 'ചരസ്' എന്ന പേര് മൂലമാകും അദ്ദേഹം ചടങ്ങില്‍ നിന്നു വിട്ടു നിന്നതെന്നാണ് വിശ്വാസം,"

അജിത് കരുണാകരന്‍ പറഞ്ഞു.

എന്താണ് ചരസ്

മലയാള കഥകളില്‍ ചരസും മദ്യവുമെല്ലാം കഥാപാത്രങ്ങളായി കടന്നുവരുന്നത് പുതുമയുള്ള കാര്യമല്ല. എംടിയുടെയും കാക്കനാടന്റെയും മുകുന്ദന്റെയുമൊക്കെ കഥകളിലെല്ലാം ചരസിനെക്കുറിച്ചും മറ്റു ലഹരി പദാര്‍ത്ഥങ്ങളെക്കുറിച്ചും വ്യക്തമായ പരാമര്‍ശമുണ്ട്. അയിത്തം കല്‍പ്പിച്ചു മാറ്റി നിര്‍ത്തേണ്ട പുസ്തകമല്ല ചരസ്. ആകാശത്തിലെ വീടുകള്‍ എന്ന കഥാസമാഹാരത്തിനു ശേഷം ഞാന്‍ എഴുതിയ പുസ്തകമാണ് 'ചരസ്' . പത്തു കഥകളുടെ സമാഹാരമാണിത്. പുസ്തകത്തിലുള്ള ഒരു ചെറുകഥയുടെ പേരാണ് ചരസ്.

[caption id="attachment_74997" align="alignnone" width="1029"] പുസ്തക പ്രകാശന ചടങ്ങ്[/caption]

ചരസ് ഉപയോഗിക്കുന്ന ഒരാള്‍  പ്രണയത്തില്‍പ്പെടുന്നതും ആ പ്രണയം ചരസില്‍ നിന്ന് വിമുക്തനാകാന്‍ അയാളെ സഹായിക്കുന്നതാണ് ആ ചെറുകഥയുടെ ഇതിവൃത്തം. സാമൂഹിക പ്രസക്തിയുള്ള കഥകളാണ് ആ സമാഹാരത്തിലുള്ളത്. പുസ്തകത്തിന്റെ കോപ്പി അദ്ദേഹത്തെ സന്ദര്‍ശിച്ച അവസരത്തില്‍ കൈമാറിയതുമാണ്. എന്തിന്റെ പേരിലാണ് പുസ്തക പ്രകാശനചടങ്ങില്‍ നിന്ന് അദ്ദേഹം വിട്ടു നിന്നതെന്ന് മനസ്സിലാകുന്നില്ല. അജിത് കരുണാകരന്‍ പറഞ്ഞു.

ക്രിയാത്മകമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന പുസ്തകമാണ് 'ചരസ് '. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിയില്‍ നിന്നോ ഓഫീസില്‍ നിന്നോ കൃത്യമായ വിശദീകരണം ഒന്നും ഉണ്ടായതുമില്ല. കലോത്സവത്തിന്റെ തിരക്കുകള്‍ മൂലമാണ് പിന്‍മാറ്റമെന്നാണ് വിശദീകരണമെങ്കിലും 15-ാം തീയതിയും എത്തിച്ചേരാമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയതായും അജിത് കരുണാകരന്‍ നാരദാ ന്യൂസിനോടു പറഞ്ഞു.

നര്‍മ്മത്തില്‍ പൊതിഞ്ഞ ആഖ്യാനചാരുതയാര്‍ന്ന ചെറുകഥകളുടെ സമാഹാരമെന്നാണ് പുസ്തകത്തിന്റെ തലവാചകം. യാഥാര്‍ത്ഥ്യ ബോധ്യമുള്ള കാര്യങ്ങളാണ് പുസ്തകത്തിലൂടെ പറയാന്‍ ശ്രമിച്ചതെന്നും അജിത് കരുണാകരന്‍ പറഞ്ഞു.

[caption id="attachment_74998" align="alignnone" width="1029"] എംജി യൂണിവേഴ്‌സറ്റി പ്രോ: വൈസ് ചാന്‍സലര്‍ ഷീന ഷൂക്കൂര്‍ പുസ്തകത്തെ പരിചയപ്പെടുത്തുന്നു.[/caption]

തൃശൂരില്‍ കേരള സാഹിത്യ അക്കാദമിയുടെ ചങ്ങമ്പുഴ ഹാളില്‍ വച്ചായിരുന്നു പരിപാടി. മന്ത്രിയുടെ അസാന്നിധ്യത്തില്‍ എംജി യൂണിവേഴ്‌സറ്റി പ്രോ: വൈസ് ചാന്‍സലര്‍ ഷീന ഷൂക്കൂറിന് കോപ്പി നല്‍കി തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി പുസ്തകം പ്രകാശനം ചെയ്തു.
അജിത് എന്റെ ക്ലാസ്‌മേറ്റാണ്. കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ 1989-94 കാലഘട്ടത്തില്‍ ഒരുമിച്ചു പഠിച്ചവരാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഞങ്ങള്‍ ക്ലാസ്‌മേറ്റ്സിന്റെ കൂട്ടായ്മ കൂടിയായിരുന്നു അത്. എന്നെ പുസ്തകം പരിചയപ്പെടുത്താനാണ് വിളിച്ചത്. ഞാന്‍ അതു നിര്‍വഹിക്കുകയും ചെയ്തു - ഷീന ഷുക്കൂര്‍ നാരദാ ന്യൂസിനോട് പറഞ്ഞു.

മന്ത്രിയുടെ അസാന്നിധ്യത്തില്‍ തനിക്കു കോപ്പി നല്‍കിയാണ് സച്ചി പുസ്തകം പ്രകാശനം ചെയ്തത്. പുസ്തകമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും ഷീന ഷുക്കൂര്‍ പറഞ്ഞു. കോഴിക്കോട് സ്വദേശിയായ അജിത് കരുണാകരന്‍ മുംബൈയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ലീഗല്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്നു.

അതേ സമയം വിദ്യാഭ്യാസ മന്ത്രിയെ ബന്ധപ്പെടാന്‍ നാരദാ ന്യൂസ് തുടര്‍ച്ചയായി ശ്രമിച്ചുവെങ്കിലും മൊബൈല്‍ ഫോണില്‍ ലഭ്യമായില്ല. കലോത്സവ വേദിയില്‍ വച്ചു നേരിട്ടു ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും യുവജനോത്സവ തിരക്കുകള്‍ മൂലം കഴിഞ്ഞില്ല. എന്നാല്‍ സംഭവം വിവാദമാക്കേണ്ട കാര്യമില്ലെന്നും കലോത്സവ തിരക്കുകള്‍ മൂലം പരിപാടി മാറ്റി വയ്ക്കുകയാണ് ഉണ്ടായതെന്നും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു.

Read More >>