നോട്ട് നിരോധനം സാമ്പത്തിക വളര്‍ച്ച കുറച്ചെന്ന് മോദി സര്‍ക്കാര്‍; വരാനിരിക്കുന്നത് തൊഴില്‍ നഷ്ടവും കാര്‍ഷിക വിലത്തകര്‍ച്ചയുമെന്ന് സാമ്പത്തിക സര്‍വ്വേ

നോട്ട് നിരോധനം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് സാമ്പത്തിക സര്‍വ്വേ. സാമ്പത്തിക വളര്‍ച്ചയില്‍ 0.5 ശതമാനം വരെ കുറവുണ്ടാകുമെന്നും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പുരോഗതിയുണ്ടാകുമെന്നും സര്‍വ്വേ വ്യക്തമാക്കുന്നു.

നോട്ട് നിരോധനം സാമ്പത്തിക വളര്‍ച്ച കുറച്ചെന്ന് മോദി സര്‍ക്കാര്‍; വരാനിരിക്കുന്നത് തൊഴില്‍ നഷ്ടവും കാര്‍ഷിക വിലത്തകര്‍ച്ചയുമെന്ന് സാമ്പത്തിക സര്‍വ്വേ

നോട്ട് നിരോധനം രാജ്യത്തെ സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിച്ചെന്ന കുറ്റസമ്മതവുമായി കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് . നടപ്പു സാമ്പത്തിക വര്‍ഷം വളര്‍ച്ചയില്‍ 0.5 ശതമാനം വരെ കുറവുണ്ടാകുമെന്ന് സര്‍വ്വേ പറയുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 7.6 ശതമാനമായിരുന്നു. 2017-18 സാമ്പത്തിക വര്‍ഷം 6.75% മുതല്‍ 7.5% വരെ സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷയെന്ന് സര്‍വ്വേയില്‍ കേന്ദ്രം വ്യക്തമാക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ സാമ്പത്തിക വളര്‍ച്ച 7.1% ആയിരിക്കുമെന്നാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ 6.5% വളര്‍ച്ചയാണ് പ്പരതീക്ഷിക്കുന്നതെന്ന് സര്‍വ്വേ പറയുന്നു.


കാര്‍ഷിക രംഗത്ത് 2015-16 വര്‍ഷത്തില്‍ 1.2 ശതമാനമായിരുന്നു വളര്‍ച്ചയെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 4.1 ശതമാനമായി ഉയര്‍ന്നെന്നും സര്‍വ്വേയിലുണ്ട്. എന്നാല്‍ കാര്‍ഷിക മേഖലയില്‍ വിലത്തകര്‍ച്ചയുണ്ടാകുമെന്ന് സര്‍വ്വേയില്‍ മുന്നറിയിപ്പുണ്ട്. പാല്‍, പഞ്ചസാര, സവാള, ഉരുളക്കിഴളങ്ങ് എന്നിവയുടെ ഉത്പാദനത്തെ നോട്ട് നിരോധനം കാര്യമായി ബാധിച്ചെന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നത്.

അടുത്ത സാമ്പത്തിക വര്‍ഷം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിലയിടിവുണ്ടാകുമെന്നും തൊഴില്‍ നഷ്ടമുണ്ടാകുമെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. സേവനമേഖലയിലെ വളര്‍ച്ച് 8.9% ല്‍ നിന്ന് 8.8ശതമാനമായി കുറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷത്തെ വ്യാവസായിക വളര്‍ച്ച് 5.2 ശതമാനമായി കുറയും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7.4 ശതമാനമായിരുന്നു വ്യാവസായിക വളര്‍ച്ച.

ഏപ്രില്‍ മാസത്തോടെ കറന്‍സി ക്ഷാമം പരിഹരിക്കാമെന്ന പ്രതീക്ഷയാണ് സാമ്പത്തിക സര്‍വ്വേയിലുള്ളത്. സ്വകാര്യ നിക്ഷേപമേഖലയില്‍ പറയത്തക്ക വളര്‍ച്ചയുണ്ടാകില്ലെന്നും സര്‍വ്വേ പറയുന്നു. പ്രധാനനഗരങ്ങളില്‍ ഇരുചക്രവാഹനങ്ങളുടെ വില്‍പ്പനയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. പരോക്ഷനികുതി വരുമാനത്തില്‍ കുറവ് രേഖപ്പെടുത്തിയെന്നും സര്‍വ്വേയിലുണ്ട്.

Read More >>