കോഴിക്കോട്‌ നഗരത്തിലെ ഇ ടോയ്‌ലെറ്റുകളിലധികവും സാധാരണ ടോയ്‌ലെറ്റുകളായി മാറി; ചിലതു നോക്കുകുത്തിയും

കോഴിക്കോട്‌ ബീച്ച്‌, മുതലക്കുളം ജങ്‌ഷന്‍, കോര്‍പറേഷന്‍ സ്റ്റേഡിയം, കാരപ്പറമ്പ്‌ എന്നിവിടങ്ങളില്‍ ഇ ടോയ്‌ലെറ്റുകള്‍ ഇപ്പോള്‍ സാധാരണ ടോയ്‌ലെറ്റുകളായി പ്രവര്‍ത്തിക്കുന്നുണ്ട്‌. ബട്ടണുകളൊന്നും തന്നെ പ്രവര്‍ത്തിക്കാത്തതിനാല്‍ മിക്കയിടത്തും ആളുകള്‍ക്ക്‌ ആവശ്യംപോലെ കയറി ഉപയോഗിക്കാം. അതേസമയം കോര്‍പറേഷന്‌ ഇതുകൊണ്ടു വരുമാനവുമില്ലാതായി.

കോഴിക്കോട്‌ നഗരത്തിലെ ഇ ടോയ്‌ലെറ്റുകളിലധികവും സാധാരണ ടോയ്‌ലെറ്റുകളായി മാറി; ചിലതു നോക്കുകുത്തിയും

കോഴിക്കോട്‌ കോര്‍പറേഷന്‍ പരിധിയില്‍ അമ്പതു ലക്ഷം രൂപ ചെലവഴിച്ച്‌ ആദ്യഘട്ടത്തില്‍ 15 ഇ ടോയ്‌ലെറ്റുകള്‍ സ്ഥാപിച്ചെങ്കിലും ഏറെക്കുറെ എല്ലാം ഇപ്പോള്‍ സാധാരണ ടോയ്‌ലെറ്റുകളായി മാറി. ചിലത്‌ പ്രവര്‍ത്തനരഹിതവുമാണ്‌. പിന്നീടു നാല്‌ ഇ ടോയ്‌ലെറ്റുകള്‍ കൂടി സ്ഥാപിച്ചെങ്കിലും ഇതും ആരും ശരിയാംവണ്ണം ഉപയോഗപ്പെടുത്താത്ത അവസ്ഥയാണ്‌. ഇതിന്റെ സാങ്കേതികമായ അപാകതകളാണ്‌ വിനയായത്‌. ചിലയിടത്ത്‌ ടോയ്‌ലെറ്റ്‌ വൃത്തിയാക്കുന്നവര്‍ പണം ഈടാക്കുന്നുണ്ട്‌. മിക്കയിടങ്ങളിലും നോക്കുകുത്തിയായിത്തന്നെ കിടക്കുന്നു. 2012ലാണ്‌ കോഴിക്കോട്‌ ആദ്യമായി ഇ ടോയ്‌ലെറ്റ്‌ സംവിധാനം വരുന്നത്‌.


കോഴിക്കോട്‌ ബീച്ച്‌, മുതലക്കുളം ജംങ്‌ഷന്‍, കോര്‍പറേഷന്‍ സ്റ്റേഡിയം, കാരപ്പറമ്പ്‌ എന്നിവിടങ്ങളില്‍ ഇ ടോയ്‌ലെറ്റുകള്‍ ഇപ്പോള്‍ സാധാരണ ടോയ്‌ലെറ്റുകളായി പ്രവര്‍ത്തിക്കുന്നുണ്ട്‌. ബട്ടണുകളൊന്നും തന്നെ പ്രവര്‍ത്തിക്കാത്തതിനാല്‍ മിക്കയിടത്തും ആളുകള്‍ക്ക്‌ ആവശ്യംപോലെ കയറി ഉപയോഗിക്കാം. അതേസമയം കോര്‍പറേഷന്‌ ഇതുകൊണ്ടു വരുമാനവുമില്ലാതായി.  പ്രവര്‍ത്തനരഹിതമായതു പലതും അറ്റകുറ്റപണികള്‍ നടത്തി പ്രവര്‍ത്തിച്ചുവരുന്നതായി കോര്‍പറേഷന്‍ കൗണ്‍സിലര്‍ ബാബുരാജ്‌ നാരദാ ന്യൂസിനോടു പറഞ്ഞു. വി കെ സി മമ്മത്‌ കോയ മേയറായിരുന്ന കാലത്ത്‌ ഇ ടോയ്‌ലെറ്റുകളുടെ നിയന്ത്രണം ആരോഗ്യവകുപ്പിനെ ഏല്‍പ്പിച്ചിരുന്നു. ആരോഗ്യവകുപ്പധികൃതരുടെ പിടിപ്പുകേടാണ്‌ ഇ ടോയ്‌ലെറ്റുകള്‍ നിശ്ചലമാകാന്‍ പ്രധാന കാരണമെന്ന്‌ ആക്ഷേപമുണ്ട്‌.

പച്ച ലൈറ്റ്‌ തെളിഞ്ഞാല്‍ ഒരുരൂപ നാണയമിട്ട്‌ അകത്തു കയറുന്നതായിരുന്നു സംവിധാനം. അകത്തു കയറിയാല്‍ ഇതെങ്ങനെ പ്രവര്‍ത്തിക്കണമെന്ന മാര്‍ഗനിര്‍ദേശങ്ങളുമില്ല. അതുകൊണ്ടു തന്നെ അകത്തു കയറി ടോയ്‌ലെറ്റില്‍ കുടുങ്ങിപ്പോയവര്‍ നിരവധിയാണ്‌. ഇ ടോയ്‌ലെറ്റുകളിലെ പല ബട്ടണുകളും തുടക്കത്തില്‍ത്തന്നെ പ്രവര്‍ത്തിക്കാതെയായി. സ്‌ത്രീകളുടെയും പുരുഷന്‍മാരുടെയും ഇ ടോയ്‌ലെറ്റുകളില്‍ ആളുകള്‍ കുടുങ്ങുന്നതു പതിവായതോടെയാണു പണം നല്‍കി സൗകര്യം ഉപയോഗപ്പെടുത്തുന്ന സംവിധാനത്തിലേക്കു മാറിയത്‌. പൊതു ശൗചാലയങ്ങളുള്ള സ്ഥലങ്ങളിലെല്ലാംതന്നെ ആളുകള്‍ കയറാതെ ഇ ടോയ്‌ലെറ്റുകള്‍ നോക്കുകുത്തിയായി മാറിയിരിക്കുകയാണ്‌.

കോഴിക്കോട്‌ ജില്ലയില്‍ ഒമ്പതു ഷീ ടോയ്‌ലെറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇതില്‍ കോഴിക്കോട്‌, വടകര റയില്‍വേ സ്‌റ്റേഷനുകളില്‍ കാര്യക്ഷമമാണ്‌. നാപ്‌കിന്‍ വെന്‍ഡിങ് യന്ത്രം ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. നാലു സ്‌കൂളുകളുകളിലും ഷീ ടോയ്‌ലെറ്റുണ്ട്‌. ഇതും കുഴപ്പമില്ലാതെ പ്രവര്‍ത്തിക്കുന്നതായി നേല്‍നോട്ടം വഹിക്കുന്ന വനിതാ ക്ഷേമ വകുപ്പ്‌ അധികൃതര്‍ വ്യക്തമാക്കി.

Read More >>