മനോരമ വാര്‍ത്തയെ തള്ളി ഡിപിഐ; സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടെ മക്കള്‍ പഠിക്കുന്നത് എവിടെയെന്നറിയാന്‍ ഒരു സര്‍ക്കുലറും ഇറക്കിയിട്ടില്ല

ഇത്തരമൊരു സര്‍വേ നടത്തുന്നതിനെക്കുറിച്ച് വിദ്യാഭ്യാസവകുപ്പ് ആലോചിക്കുകയോ ഇതുസംബന്ധിച്ച സര്‍ക്കുലറോ നിര്‍ദേശമോ ഹെഡ്മാസ്റ്റര്‍മാര്‍ക്കു നല്‍കുകയോ ചെയ്തിട്ടില്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

മനോരമ വാര്‍ത്തയെ തള്ളി ഡിപിഐ; സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടെ മക്കള്‍ പഠിക്കുന്നത് എവിടെയെന്നറിയാന്‍ ഒരു സര്‍ക്കുലറും ഇറക്കിയിട്ടില്ല

തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ജോലിചെയ്യുന്ന അധ്യാപകരുടെ മക്കളെ അത്തരം സ്‌കൂളുകളില്‍ തന്നെയാണോ പഠിപ്പിക്കുന്നതെന്നു പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന മനോരമയുടെ വാര്‍ത്തയെ തള്ളി ഡിപിഐ. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെവി മോഹന്‍കുമാര്‍ ഐഎഎസ് അറിയിച്ചു.

ഇത്തരമൊരു സര്‍വേ നടത്തുന്നതിനെക്കുറിച്ച് വിദ്യാഭ്യാസവകുപ്പ് ആലോചിക്കുകയോ ഇതുസംബന്ധിച്ച സര്‍ക്കുലറോ നിര്‍ദേശമോ ഹെഡ്മാസ്റ്റര്‍മാര്‍ക്കു നല്‍കുകയോ ചെയ്തിട്ടില്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇതോടൊപ്പം, ചില വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലും ഇത്തരമൊരു വാര്‍ത്ത പരക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുകയെന്ന ഉദ്ദേശം മുന്‍നിര്‍ത്തിയാണ് ഇത്തരം നീക്കങ്ങളെന്നും അദ്ദേഹം പറഞ്ഞു.


സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടെ മക്കളെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ തന്നെയാണോ പഠിപ്പിക്കുന്നതെന്നു വിദ്യാഭ്യാസ വകുപ്പു കണക്കെടുക്കുന്നതായി ഇന്ന് മലയാള മനോരമ വാര്‍ത്ത നല്‍കിയിരുന്നു. മനോരമ നല്‍കിയ വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നുചൂണ്ടിക്കാട്ടിയാണു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ഹെഡ്മാസ്റ്റര്‍മാര്‍ തങ്ങളുടെ സ്‌കൂളുകളിലെ അധ്യാപകരില്‍നിന്നു ഇതുസംബന്ധിച്ച വിവരം ഫെബ്രുവരി ആറു മുതല്‍ ശേഖരിച്ചു ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാരെ അറിയിക്കണമെന്നു ഡിപിഐയുടെ സര്‍ക്കുലറില്‍ പറയുന്നതായും മനോരമ പറയുന്നു. കുട്ടിയുടെമേല്‍ മാതാപിതാക്കള്‍ക്കു തുല്യ അവകാശമാണെന്നിരിക്കെ ഇതില്‍ ഒരാള്‍ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന അധ്യാപകനാണെന്നതിന്റെ പേരില്‍ കുട്ടിയെ എവിടെ പഠിപ്പിക്കണമെന്നു തീരുമാനിക്കാനുള്ള രണ്ടാമത്തെയാളിന്റെ അവകാശം ഹനിക്കപ്പെടുകയാണെന്നും വാര്‍ത്തയില്‍ സൂചിപ്പിക്കുന്നു.

സര്‍ക്കാരില്‍നിന്നു വേതനം പറ്റുന്നവര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ മക്കളെ പഠിപ്പിക്കണമെന്ന അലഹാബാദ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തലാണു വിദ്യാഭ്യാസ വകുപ്പ് ഇതുമായി മുന്നോട്ടുപോകുന്നതെന്നായിരുന്നു മനോരമയുടെ കണ്ടുപിടുത്തം.

Read More >>