നോട്ടു നിരോധനത്തില്‍ പങ്കില്ല, തന്നെ ശിക്ഷിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു വോട്ടു തേടി ബിജെപി മന്ത്രി

നോട്ടു നിരോധനം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളെ ബാധിക്കില്ലെന്നാണു ബിജെപി ദേശീയ നേതൃത്വം വ്യക്തമാക്കിയത്. എന്നാല്‍ പഞ്ചാബില്‍ വീണ്ടും ജനവിധി തേടുന്ന ബിജെപി മന്ത്രിയ്ക്ക് അതില്‍ വിശ്വാസമില്ല. നോട്ട് നിരോധനം മൂലം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടിനു തന്നെ ശിക്ഷിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചാണ് അമൃത്‌സര്‍ നോര്‍ത്തില്‍ നിന്നും മത്സരിക്കുന്ന അനില്‍ ജോഷി വോട്ട് തേടുന്നത്.

നോട്ടു നിരോധനത്തില്‍ പങ്കില്ല, തന്നെ ശിക്ഷിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു വോട്ടു തേടി ബിജെപി മന്ത്രി

പഞ്ചാബിലെ തദ്ദേശഭരണ വകുപ്പ് മന്ത്രിയായ അനില്‍ ജോഷിയാണ് നോട്ട് നിരോധനത്തിന്റെ പേരില്‍ തന്നെ ശിക്ഷിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് വോട്ട് തേടുന്നത്. അമൃത്‌സര്‍ നോര്‍ത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് അനില്‍ ജോഷി. നോട്ട് നിരോധനവുമായി തനിക്ക് ബന്ധമില്ലെന്ന് ജനത്തോട് വിശദീകരിക്കണമെന്നും അനില്‍ ജോഷി പ്രവര്‍ത്തകരോട് പറഞ്ഞു.

''എന്റെ കാലാവധി അവസാനിച്ചു. ഇനിയുള്ള ഒരു മാസം നിങ്ങളുടേതാണ്. എനിക്ക് വോട്ട് തരാന്‍ ജനത്തോട് പറയൂ. നോട്ട് നിരോധനത്തിന്റെ പേരില്‍ ചിലര്‍ നിങ്ങളോട് ദേഷ്യപ്പെട്ടേക്കാം. എന്നാല്‍ അക്കാര്യത്തില്‍ ഒന്നും ചെയ്യാനാകില്ല. അനില്‍ ജോഷിയ്ക്ക് അതില്‍ പങ്കില്ലെന്ന് പറയണം. നിങ്ങളുടെ അവകാശത്തിനായി പോരാടുന്ന ആളാണെന്നും അവരോട് പറയണം.'' അനില്‍ ജോഷി വോട്ടഭ്യര്‍ത്ഥിച്ച് പറഞ്ഞു.


എന്നാല്‍ നോട്ട് നിരോധനം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്ന് പിന്നീട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അനില്‍ ജോഷി മാദ്ധ്യമങ്ങളോട് പറഞ്ഞു. നോട്ട് നിരോധനം മൂലം ഉണ്ടായ പ്രശ്‌നങ്ങല്‍ 90 ശതമാനവും അവസാനിച്ചുവെന്നും അദ്ദേഹം പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ വികസനപുരുഷനായാണ് അനില്‍ ജോഷി സ്വയം വിശേഷിപ്പിക്കുന്നത്. എന്നാല്‍ സ്വന്തം മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പണം അനുവദിച്ചെന്ന് ബിജെപിയ്ക്കുള്ളില്‍ നിന്നു തന്നെ അനില്‍ ജോഷിയ്‌ക്കെതിരെ പരാതിയുണ്ട്.

തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലാണ് മണ്ഡലത്തിലെ റോഡുകളും, പാര്‍ക്കുകളും സ്ട്രീറ്റ് ലൈറ്റുമൊക്കെ മോടി പിടിപ്പിച്ചതെന്ന് എതിര്‍പാര്‍ട്ടിക്കാര്‍ പറയുന്നു. അകാലിദളുമായി ബിജെപി സഖ്യത്തിലാണെങ്കിലും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിനെ പരാമര്‍ശിക്കാതെയാണ് അനില്‍ ജോഷിയുടെ വോട്ട് തേടല്‍.

Read More >>