ഇന്ധനം: കാര്‍ഡ് ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് വേണ്ടെന്നു കേന്ദ്ര മന്ത്രി

ഇന്ധനം നിറയ്ക്കാന്‍ ഡിജിറ്റല്‍ ഇടപാടുകളെ ആശ്രയിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്കോ പമ്പ് ഉടമകള്‍ക്കോ അധിക ബാധ്യത ഉണ്ടാക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു.

ഇന്ധനം: കാര്‍ഡ് ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് വേണ്ടെന്നു കേന്ദ്ര മന്ത്രി

പെട്രോള്‍ പമ്പുകളില്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇന്ധനം നിറയ്ക്കുന്നതിനു സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്നു കേന്ദ്ര പെട്രോളിയം മന്ത്രി. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കി. ഇന്ധനം നിറയ്ക്കാന്‍ ഡിജിറ്റല്‍ ഇടപാടുകളെ ആശ്രയിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്കോ പമ്പ് ഉടമകള്‍ക്കോ അധിക ബാധ്യത ഉണ്ടാക്കില്ലെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു.

ഡിജിറ്റല്‍ ഇടപാടുകള്‍ക്കു ഉപഭോക്താക്കളില്‍ നിന്നു അധിക ചാര്‍ജ് വാങ്ങില്ല. കാര്‍ഡ് ഇടപാടുകള്‍ക്കുള്ള അധിക ചാര്‍ജ് ആരു വഹിക്കുമെന്നതു സംബന്ധിച്ച് ബാങ്കുകളും എണ്ണകമ്പനികളും തമ്മില്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.


ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാനുള്ള ബാങ്കുകളുടെ നീക്കത്തില്‍ പ്രതിഷേധിച്ച് കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന് പെട്രോള്‍ പമ്പ് ഉടമകള്‍ നിലപാടെടുത്തിരുന്നു. ഓള്‍ ഇന്ത്യാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്റെ പ്രതിഷേധത്തെ തുടര്‍ന്ന് ഫീസ് ഈടാക്കാനുള്ള തീരുമാനം ബാങ്കുകള്‍ താല്‍ക്കാലികമായി പിന്‍വലിച്ചിരുന്നു. എന്നാല്‍, കേന്ദ്രം നിലപാട് കടുപ്പിച്ച സാഹചര്യത്തില്‍ ഈമാസം 13നു ശേഷവും ഉപഭോക്താക്കളും പമ്പുകളും കാര്‍ഡ് ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് നല്‍കേണ്ട.

Read More >>