വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയും പരാജയം; ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം ശക്തമായി തുടരും

ഇന്നു വൈകീട്ട് നാലിന് മന്ത്രിയുടെ ചേംബറിലായിരുന്നു വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുമായുള്ള ചര്‍ച്ച. എന്നാല്‍, വിഷയത്തിലുള്ള സര്‍ക്കാരിന്റെ ആദ്യ ഇടപെടലെന്ന രീതിയില്‍ നടന്ന ചര്‍ച്ച വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളോട് അനുകൂലമായ തീരുമാനത്തിലെത്താതെ അവസാനിക്കുകയായിരുന്നു.

വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയും പരാജയം; ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം ശക്തമായി തുടരും

15ദിവസമായി ശക്തമായ വിദ്യാര്‍ത്ഥി സമരം തുടരുന്ന തിരുവനന്തപുരം ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികളുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ വിദ്യാഭ്യാസമന്ത്രി വിൡച്ചുചേര്‍ത്ത ചര്‍ച്ച പരാജയം. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്നു വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയെങ്കിലും പ്രിന്‍സിപ്പലിനെ മാറ്റുന്ന കാര്യത്തില്‍ മന്ത്രി വ്യക്തമായ നിലപാട് സ്വീകരിച്ചില്ല.

ഇതോടെ തങ്ങള്‍ നടത്തിവരുന്ന സമരം തുടരുമെന്ന് എസ്എഫ്‌ഐ, കെഎസ്‌യു- എഐഎസ്എഫ്- എംഎസ്എഫ് സംയുക്തസമര സമിതി, എബിവിപി പ്രതിനിധികള്‍ അറിയിച്ചു. മാനേജ്‌മെന്റിനെ ചര്‍ച്ചയ്ക്കു വിളിക്കുമെന്നും അവരോട് വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച വിഷയങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം വേണ്ട നടപടി ഉണ്ടാവുമെന്നും മാത്രമാണ് മന്ത്രി അറിയിച്ചതെന്നും അവര്‍ പറഞ്ഞു.


ഇന്നു വൈകീട്ട് നാലിന് മന്ത്രിയുടെ ചേംബറിലായിരുന്നു വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുമായുള്ള ചര്‍ച്ച. എന്നാല്‍, വിഷയത്തിലുള്ള സര്‍ക്കാരിന്റെ ആദ്യ ഇടപെടലെന്ന രീതിയില്‍ നടന്ന ചര്‍ച്ച വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളോട് അനുകൂലമായ തീരുമാനത്തിലെത്താതെ അവസാനിക്കുകയായിരുന്നു.

പ്രശ്‌നത്തില്‍ ഉടന്‍ നടപടിയുണ്ടാകുമെന്നു മാത്രമാണ് മന്ത്രി അറിയിച്ചതെന്നും എന്നാല്‍ എത്ര ദിവസത്തിനകം തീരുമാനം ആകുമെന്നു അദ്ദേഹം പറഞ്ഞില്ലെന്നും കെഎസ്‌യു ജില്ലാ പ്രസിഡന്റ് റിങ്കു, ജില്ലാ സെക്രട്ടറി നിഹാല്‍ എന്നിവര്‍ നാരദാ ന്യൂസിനോടു പറഞ്ഞു. വിഷയത്തില്‍ ലോ അക്കാദമി മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയ ശേഷം നടപടിയെടുക്കാമെന്നാണ് മന്ത്രി പറഞ്ഞത്. അതിനാല്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ പുറത്താക്കുകയെന്ന ആവശ്യവുമായി ശക്തമായ സമരം തുടരാന്‍തന്നെയാണ് തീരുമാനമെന്നും അവര്‍ അറിയിച്ചു. അതേസമയം, ചര്‍ച്ച പരാജയപ്പെട്ട സ്ഥിതിക്കു സമരം കൂടുതല്‍ ശക്തമാക്കാനാണു തീരുമാനമെന്ന് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി പ്രതിന്‍ സാജ് കൃഷ്ണ നാരദാ ന്യൂസിനോടു പറഞ്ഞു.

അതേസമയം, ലോ അക്കാദമി പ്രിന്‍സിപ്പല്‍ രാജി വെക്കണമെന്ന ആവശ്യവുമായി പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍ രംഗത്തെത്തി. ഒരു സ്വാശ്രയ കോളേജ് എന്ന നിലയ്ക്ക് വിദ്യാര്‍ത്ഥി വിരുദ്ധ നടപടികള്‍ സ്വീകരിക്കുന്ന സാഹചര്യത്തില്‍ ലോ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രി അടക്കമുള്ളവര്‍ക്കു കത്ത് നല്‍കുമെന്നും മുഹ്‌സിന്‍ നാരദാ ന്യൂസിനോടു പറഞ്ഞു. സമരപ്പന്തല്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയെ വിഷയത്തില്‍ കാണാന്‍ ശ്രമിക്കുമെന്നു പറഞ്ഞ മുഹ്‌സിന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മൂത്രപ്പുര അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കോളേജിലുണ്ടെന്നും വ്യക്തമാക്കി. മാത്രമല്ല, ഇതുവരെ കുട്ടികള്‍ക്കെതിരെ എടുത്ത എല്ലാ നടപടികളും പിന്‍വലിക്കണം. പെണ്‍കുട്ടികളുടെ ബാത്ത്‌റൂമിന് സമീപമടക്കം സ്വകാര്യതയെ ഹനിക്കുന്ന തരത്തില്‍ സ്ഥാപിച്ചിരിക്കുന്ന എല്ലാ സിസിടിവി ക്യാമറകളും എടുത്തുമാറ്റണം. ക്യാമറകള്‍ പരീക്ഷ ഹാളില്‍ മാത്രം മതി.

സംസ്ഥാനത്തെ എല്ലാ സ്വാശ്രയ കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ പ്രശ്നങ്ങള്‍ അനുഭവിച്ചു വരുന്നുണ്ട്. സ്വാശ്രയ കോളേജുകളിലെ വിദ്യാര്‍ത്ഥി അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഒരു കേന്ദ്രീകൃത നിയമം സര്‍ക്കാര്‍ നടപ്പാക്കണം. അതിനായി വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ടെന്നും അതിന് എല്ലാ പിന്തുണയും നല്‍കുമെന്നും മുഹ്‌സിന്‍ വ്യക്തമാക്കി.

Read More >>