കോഴിക്കോട്‌ ഫാറൂഖ്‌ കോളേജിലുണ്ടായിരുന്നതു മാനസിക ഇടിമുറികള്‍; ദിനുവും കൂട്ടരും അതു തകര്‍ത്തത്‌ ഇച്ഛാശക്തികൊണ്ട്‌

കോളേജധികൃതരുടെ നടപടികളെ എതിര്‍ക്കുന്നവര്‍ക്കു മാനസിക ഇടിമുറികളായിരുന്നുണ്ടായിരുന്നത്‌. ഈ മുറിയില്‍ പെണ്‍കുട്ടികളെ ലൈംഗിക പരാമർശങ്ങളോടെ മാനസികപീഡനത്തിനിരയാക്കിയ സംഭവങ്ങളും നിരവധിയാണ്‌. ഫാറൂഖ്‌ കോളജിലെ ആ മാനസിക ഇടിമുറികള്‍ തകര്‍ത്തതെങ്ങനെയെന്നു പറയുന്നു, ദളിത്‌ വിദ്യാര്‍ഥി നേതാവായ ദിനു.

കോഴിക്കോട്‌ ഫാറൂഖ്‌ കോളേജിലുണ്ടായിരുന്നതു മാനസിക ഇടിമുറികള്‍; ദിനുവും കൂട്ടരും അതു തകര്‍ത്തത്‌ ഇച്ഛാശക്തികൊണ്ട്‌

ലിംഗസമത്വവുമായി ബന്ധപ്പെട്ട്‌ 2015ല്‍ ശക്തമായ പോരാട്ടം നടന്ന കോഴിക്കോട്‌ ഫറൂഖ്‌ കോളജിലെ മാനസിക ഇടിമുറികള്‍ തകര്‍ത്തതു ദളിത്‌ വിദ്യാര്‍ഥി നേതാവായ ദിനുവും കൂട്ടരുമായിരുന്നു. ക്യാമ്പസിലെ സദാചാര പൊലീസിംഗ്‌ സംവിധാനത്തിനെതിരെ ശക്തമായ പോരാട്ടം തന്നെ കോളജില്‍ നടന്നു. എന്നാൽ ബി എ സോഷ്യോളജി വിദ്യാര്‍ഥിയായ ദിനുവിനെ, തങ്ങളുടെ നിയന്ത്രണത്തിലുള്ള വിദ്യാര്‍ഥി സംഘടനകളെ ഇറക്കി മര്‍ദ്ദിച്ചും മാനസികമായി വേട്ടയാടി കോളേജില്‍ നിന്ന്‌ പുറത്താക്കിയുമാണ് മാനേജ്‌മെന്റ്‌ പക തീര്‍ത്തത്.


ബോയ്‌സ്‌ റസ്‌റ്റ്‌ സോണില്‍ പെണ്‍കുട്ടികള്‍ക്ക്‌ ഇരിക്കാന്‍ അവകാശമില്ലാത്ത വിഷയത്തില്‍ നിന്ന്‌ തുടങ്ങി, ക്ലാസ്‌ മുറിയില്‍ ആണ്‍-പെണ്‍കുട്ടികള്‍ ഇടകലര്‍ന്ന്‌ ഇരിക്കുന്ന വിഷയം വരെ പോരാട്ടത്തിനു ചൂടുപകര്‍ന്നു. നെഹ്രു കോളേജിലെ ഇടിമുറികളെക്കാള്‍ ഭീകരമായിരുന്നു ഫാറൂഖ്‌ കോളേജിലെ ഇടിമുറികളെന്നു വിദ്യാര്‍ഥികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കോളേജിന്റെ സ്വയംഭരണം തങ്ങള്‍ക്ക്‌ തോന്നിയപോലെ ദുരൂപയോഗപ്പെടുത്തിയ കോളേജധികൃതരുടെ നടപടിക്കെതിരെ ക്യാമ്പസിന്റെ പുറത്തു നിന്നു പോലും പ്രതിഷേധമുയര്‍ന്നു.

കോളേജധികൃതരുടെ നടപടികളെ എതിര്‍ക്കുന്നവര്‍ക്കു മാനസിക ഇടിമുറികളായിരുന്നുണ്ടായിരുന്നത്‌. ഈ മുറിയില്‍ പെണ്‍കുട്ടികളെ ലൈംഗിക പരാമർശങ്ങളോടെ മാനസികപീഡനത്തിനിരയാക്കിയ സംഭവങ്ങളും നിരവധിയാണ്‌. ലിംഗസമത്വവിഷയവുമായി ബന്ധപ്പെട്ട്‌ പോരാട്ടപാതയില്‍ അടിയുറച്ചുനിന്ന ദിനുവിനു നേരിടേണ്ടി വന്നതു ദളിത്‌ എന്ന രീതിയിലുള്ള ജാതീയ ആക്ഷേപമായിരുന്നെങ്കില്‍ പെണ്‍കുട്ടികളെ അതിക്രൂരമായി വെര്‍ബല്‍ റേപ്പിംഗിനിരയാക്കുകയാണുണ്ടായത്. മാനസിക പീഡനം സഹിക്കവയ്യാതെ കയ്യിലെ ഞരമ്പ്‌ മുറിച്ച്‌ ആത്മഹത്യയ്‌ക്കു ശ്രമിച്ച പെണ്‍കുട്ടി പിന്നീട്‌ ഈ കോളേജില്‍ നിന്ന്‌ തന്നെ പോയി.

ഇവിടെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചവര്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ച്‌ അല്‍പ്പസമയം കണ്ടാല്‍ അപ്പോള്‍ ഹാലിളകുന്ന പ്രിന്‍സിപ്പല്‍
ഇമ്പിച്ചിക്കോയയും
അധ്യാപകരുമായിരുന്നു. ആണ്‍-പെണ്‍കുട്ടികള്‍ ഒരുമിച്ചിരിക്കാന്‍ പാടില്ല, ഗേള്‍സ്‌ ഹോസ്‌റ്റലിന്റെ വാതില്‍ പാതിയേ ചാരാന്‍ പാടുള്ളു തുടങ്ങിയ വിചിത്രമായ നിയമങ്ങളാണിവിടെയുണ്ടായിരുന്നത്‌. നിങ്ങള്‍ക്കിതൊരു മദ്രസയായി തോന്നുന്നുവെങ്കില്‍ അതാണ്‌ ശരിയെന്നായിരുന്നു പ്രിന്‍സിപ്പലിൻ്റെ പ്രസംഗം. കയ്യടിക്കാന്‍ എംഎസ്‌എഫും.  പ്രതിഷേധിക്കാന്‍ എസ്‌എഫ്‌ഐ കച്ചമുറുക്കിയിറങ്ങിയത്‌ അങ്ങനെയായിരുന്നു.

ചെറിയ കാര്യങ്ങള്‍ക്കു പോലും രക്ഷിതാക്കളെ കൂട്ടിവരണമെന്ന അലിഖിത നിയമം എത്രയോ കാലമായി ഫറൂഖ്‌ കോളേജിലുണ്ട്‌. അമ്മയെ കൂട്ടി വരരുത്‌, അച്ഛന്‍തന്നെ വരണം. മൊബൈല്‍ ഉപയോഗിച്ചതിനു പെണ്‍കുട്ടിയെക്കൊണ്ട്‌ ഫൈന്‍ അടപ്പിച്ചത്‌ 2000 രൂപ. 1000ത്തില്‍ കുറഞ്ഞൊരു ഫെെന്‍ സമ്പ്രദായം തന്നെ ഇവിടെയില്ല. എങ്ങും നിരീക്ഷണ കാമറകളാണ്‌. പ്രിന്‍സിപ്പലിന്‌ ഇഷ്ടമില്ലാത്ത എന്തുകണ്ടാലും പിന്നെ മാനസിക ഇടിമുറിയിലെ പീഡനങ്ങളായി അതുമാറും.

ലിംഗസമത്വവിഷയവുമായി എസ്‌എഫ്‌ഐ നടത്തിയ പ്രക്ഷോഭത്തില്‍ മുന്‍നിരയില്‍ ദിനുവായിരുന്നു. കാരണം ചോദിക്കുകയോ നോട്ടീസ്‌ നല്‍കുകയും ചെയ്യാതെ അഞ്ചു ദിവസം ദിനുവിനെ പുറത്തുനിര്‍ത്തി. കൂടെയുണ്ടായിരുന്നവരെ മാനസികമായി കടന്നാക്രമിക്കുകയും ഭീഷണിപ്പെടുത്തിയും പിന്‍തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തു. ദളിതന്‍ എന്ന നിലയില്‍ ദിനുവിനെ പലരീതിയില്‍ ആക്ഷേപിച്ചപ്പോള്‍ ദളിത്‌-ആദിവാസി പ്രേമം നാഴികയ്‌ക്ക്‌ നാല്‍പ്പത്‌ വട്ടം പറയുന്ന ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി സംഘടനയായ എസ്‌ഐഒ പോലും മാനേജ്‌മെന്റിനൊപ്പം നിന്നു. വിദ്യാര്‍ഥികളുടെ പരാതിയെത്തുടര്‍ന്ന്‌ യുവജനക്ഷേമ കമ്മീഷന്‍ തെളിവെടുപ്പിനു വന്നു. കോളേജിലെ പ്രശ്‌നങ്ങളെക്കുറിച്ച്‌ സത്യസന്ധമായി മൊഴിനല്‍കിയ ഹരിതയെന്ന വിദ്യാര്‍ഥിയുടെ ഇന്റേണല്‍ മാര്‍ക്കു വെട്ടിക്കുറച്ചുകൊണ്ടായിരുന്നു മാനേജ്‌മെന്റ്‌ പ്രതികാരം തീര്‍ത്തത്‌. കോളേജിനെതിരെ പ്രതികരിച്ചുവെന്ന കാരണമുണ്ടാക്കി ദിനുവിനെ സസ്‌പെന്‍ഡ്‌ ചെയ്‌തു. സസ്‌പെന്‍ഡ്‌ നടപടി ഹൈക്കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്‌തു.

ഇപ്പോള്‍ ഫറൂഖ്‌ കോളേജ്‌ ആകെ മാറിയിരിക്കുന്നു. വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്‌ മുന്നില്‍ മുട്ടുമടക്കിയെന്നു തന്നെ വേണം പറയാന്‍. മാനസിക ഇടിമുറികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കാറില്ല. സദാചാര പൊലീസിംഗുമായി പ്രിന്‍സിപ്പലും അധ്യാപകരും അധികം ഇറങ്ങാറില്ല. കോളേജില്‍ സമരത്തിന്റെ തീക്കനല്‍ വാരിയിട്ട ദിനുവിനെ അംഗീകരിക്കാന്‍ മാനേജ്‌മെന്റിനായില്ലെങ്കിലും പീഡനവും ആക്ഷേപവുമൊന്നും പുറത്തെടുക്കാറില്ല. പീഡനം സഹിക്കവയ്യാതായപ്പോള്‍ ആത്മഹത്യ ചെയ്യാന്‍പോലും ആലോചിച്ച ദിവസങ്ങളുണ്ടായിരുന്നെന്നു ദിനു നാരദ ന്യൂസിനോട്‌ പറഞ്ഞു. എന്നാൽ ആത്മഹത്യയല്ല, പോരാട്ടമാണ്‌ ശരിയെന്ന്‌ പിന്നീട്‌ മനസ്സിലായെന്നും ദിനു വ്യക്തമാക്കി.

Read More >>