മഹാരാജാസിലെ ചുവരെഴുത്ത്: വെള്ളപൂശലിന് അരലക്ഷമോ? പ്രിന്‍സിപ്പലിനെ പരിഹസിച്ചു കോടതി

കോളേജ് ചുവരിലെഴുതുകയും വരയ്ക്കുകയും ചെയ്തതിനെ പൊതുമുതല്‍ നശിപ്പിക്കലാക്കി അരലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് കേസുകൊടുത്ത മഹാരാജാസ് കോളേജ് പ്രിന്‍സിപ്പൽ ബീനയ്ക്കു നേരെയാണ് കോടതിയുടെ പരിഹാസം

മഹാരാജാസിലെ ചുവരെഴുത്ത്: വെള്ളപൂശലിന് അരലക്ഷമോ? പ്രിന്‍സിപ്പലിനെ പരിഹസിച്ചു കോടതി

മഹാരാജാസ് കോളേജില്‍ എഴുതിയും വരച്ചും പൊതുമുതല്‍ നശിപ്പിച്ചു എന്ന പേരില്‍ വിദ്യാര്‍ത്ഥികളെ കേസില്‍ കുടുക്കിയ പ്രിന്‍സിപ്പലിന് കോടതിയുടെ പരിഹാസം. മഹാരാജാസില്‍ പുതുതായി ചുമതലയെടുത്ത പ്രിന്‍സിപ്പള്‍ മഹാരാജാസ് ക്യാംപസിലെ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്നതിനെതിരെ വിദ്യര്‍ത്ഥികളും അദ്ധ്യാപകരും നടത്തുന്ന സമരത്തിന് ഊര്‍ജ്ജം പകരുന്നതാണ് കോടതിയുടെ പരാമര്‍ശം.

പ്രിന്‍സിപ്പലിന്റെ പരാതിയെ തുടര്‍ന്ന് അഞ്ചു വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ജയിലിലട്ക്കുകയും ചെയ്തിരുന്നു. അരലക്ഷം രൂപ കെട്ടിവച്ചതിനെ തുടര്‍ന്നാണു ജാമ്യം കിട്ടിയത്. സുഹൃത്തുക്കളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വച്ചും മറ്റുമാണ് കുട്ടികള്‍ ജാമ്യത്തുക കണ്ടെത്തിയത്.


കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന ആറാമനായ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി ജിതിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു പുറപ്പെടുവിച്ച അഞ്ചു പേജുള്ള ഉത്തരവില്‍ എറണാകുളം സെക്കന്റ് അഡീഷണല്‍ ജഡ്ജ് കെ. കമനീഷാണ് പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്.

ചുമരില്‍ മുദ്രാവാക്യം എഴുതിയതും വരച്ചതും എങ്ങനെ സര്‍ക്കാര്‍ മുതല്‍ നശിപ്പിച്ചതാകുമെന്ന് പ്രോസിക്യൂഷൻ തെളിവുകളില്‍ കാണുന്നില്ലെന്നു കോടതി പറയുന്നു. സദാചരത്തിനും പൊതുമാന്യതയ്ക്കും എതിരായി ചിത്രങ്ങള്‍ വരച്ചുവെന്നും എഴുതിയെന്നുമാണു വാദമെങ്കിൽ, അതു നിലവിലെ കേസില്‍ നില്‍ക്കില്ല.

അവധി ദിവസങ്ങളിലും ആരുമില്ലാത്തപ്പോഴും ക്യാംപസില്‍ ചുറ്റിക്കറങ്ങി വൃത്തികെട്ട ചിത്രങ്ങള്‍ ചുമരില്‍ വരയ്ക്കുകയും പതിവായി ഭിത്തിയിലെഴുതുകയും ചെയ്തു എന്നതും മറ്റ് ആരോപണങ്ങളും പ്രിന്‍സിപ്പലിന്റെ കേട്ടുകേള്‍വിയാണ്. പൈപ്പ്, ക്ലോസെറ്റ്സ്, ഫ്ളഷ് ടാങ്ക് തുടങ്ങിയവ നശിപ്പിച്ചു എന്ന ആരോപണങ്ങളെല്ലാം തന്നെ കേട്ടുകേള്‍വി മാത്രം - രേഖകള്‍ പരിശോധിച്ച കോടതി വ്യക്തമാക്കുന്നു.

പ്രിന്‍സിപ്പലിന് ഈ ചിത്രങ്ങളും എഴുത്തും പൊതുമുതലിനു നാശമുണ്ടാക്കി എന്ന വ്യക്തിപരമായ അഭിപ്രായം ഉണ്ടെന്നാണു കാണുന്നത്. വെള്ളപൂശുക മാത്രമാണ് ഇതിന്റെ അറ്റകുറ്റപ്പണി - ഉത്തരവില്‍ പരിഹാസത്തിന്റെ ഭാഷ പ്രതിഫലിക്കുന്നു.

ഭിത്തിയിലെഴുതുന്നത് ഒരിക്കലും പൊതുമുതല്‍ നശിപ്പിക്കലായി പറയാനാവില്ല. ഏതു തരത്തിലാണ് നാശമുണ്ടായതെന്നും ഏതളവ് വരെ നാശമുണ്ടായി എന്നും പ്രോസിക്യൂഷൻ  നിര്‍ബന്ധമായും പറയേണ്ടിയിരുന്നതാണ്. അത്തരം ഒരു വിശദീകരണത്തിന്റെ അഭാവത്തില്‍ ഈ ജാമ്യാപേക്ഷ തള്ളാനുള്ള യാതൊരു കാരണവും കാണുന്നില്ല - ജാമ്യം അനുവദിച്ച കോടതി ഉത്തരവിട്ടു.

പിഡിപിപി കേസുകളില്‍ ജാമ്യം നല്‍കാന്‍ നാശമുണ്ടായതിനു തത്തുല്യമായ തുക കെട്ടിവെയ്ക്കണമെന്ന വിധി ഈ കേസില്‍ പിന്തുടരേണ്ടതില്ലെന്നും കോടതി നിരീക്ഷിക്കുന്നു. അത്തരത്തിലുള്ള നാശം കണ്ടെത്താനായിട്ടില്ല.

കേട്ടുകേള്‍വി, വ്യക്തിപരമായ തോന്നല്‍ എന്നിവയുടെ അടിസ്ഥാനത്തിലാണു പൊതുമുതല്‍ നശിപ്പിച്ചു എന്ന കേസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രിന്‍സിപ്പൽ കൊടുത്തത് എന്നു വ്യക്തമാക്കുന്നതാണ് ഉത്തരവ്.

Read More >>