നോട്ടുനിരോധനം റിസര്‍വ്വ് ബാങ്കിന്റെ പ്രതിച്ഛായ തകര്‍ത്തു; ആര്‍ബിഐ ഗവര്‍ണര്‍ക്ക് ജീവനക്കാരുടെ കത്ത്

തീരുമാനം പ്രഖ്യാപിക്കുന്നതിനു മുമ്പ് വേണ്ടത്ര മുന്നൊരുക്കം ഉണ്ടായില്ലെന്നു മാത്രമല്ല, പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും വന്‍ കെടുകാര്യസ്ഥതയും വീഴ്ചയുമാണുണ്ടായത്. ജീവനക്കാര്‍ പതിറ്റാണ്ടുകള്‍ കഷ്ടപ്പെട്ടും ആത്മാര്‍പ്പണത്തിലൂടെയും നേടിയെടുത്ത പ്രതിച്ഛായയാണ് നോട്ടുനിരോധനത്തിലൂടെ തകര്‍ന്നത്- കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

നോട്ടുനിരോധനം റിസര്‍വ്വ് ബാങ്കിന്റെ പ്രതിച്ഛായ തകര്‍ത്തു; ആര്‍ബിഐ ഗവര്‍ണര്‍ക്ക് ജീവനക്കാരുടെ കത്ത്

മോദി സര്‍ക്കാരിന്റെ നോട്ടുനിരോധന നടപടി കടുത്ത അപമാനമുണ്ടാക്കിയെന്നു തുറന്നടിച്ച് റിസര്‍വ്വ് ബാങ്ക് ജീവനക്കാര്‍. ഇക്കാര്യം വ്യക്തമാക്കി റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന് ജീവനക്കാര്‍ കത്തയച്ചു.

നോട്ടുനിരോധനത്തെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ റിസര്‍വ്വ് ബാങ്കിന്റെ പ്രതിച്ഛായ തകര്‍ത്തതായി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പതിറ്റാണ്ടുകള്‍ ജീവനക്കാര്‍ കഷ്ടപ്പെട്ടും ആത്മാര്‍പ്പണത്തിലൂടെയും നേടിയെടുത്തതാണിത്. ഇതില്‍ വലിയ വേദനയുണ്ടെന്നും ജീവനക്കാര്‍ വ്യക്തമാക്കുന്നു. തീരുമാനം പ്രഖ്യാപിക്കുന്നതിനു മുമ്പ് വേണ്ടത്ര മുന്നൊരുക്കം ഉണ്ടായില്ലെന്നു മാത്രമല്ല, പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും വന്‍ കെടുകാര്യസ്ഥതയും വീഴ്ചയുമാണുണ്ടായത്.


യുണൈറ്റഡ് ഫോറം ഓഫ് റിസര്‍വ് ബാങ്ക് ഓഫീസേഴ്സ് എംപ്ലോയിസ് ആണ് റിസര്‍വ്വ് ബാങ്ക് ഗവണര്‍ണര്‍ക്ക് കത്തയച്ചത്. നോട്ടുനിരോധനത്തെ തുടര്‍ന്നുള്ള ആര്‍ബിഐയുടെ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ ഉദ്യോഗസ്ഥനെ നിയമിച്ച ധനമന്ത്രാലയത്തിന്റെ നടപടി ബാങ്കിന്റെ സ്വയംഭരണാവകാശത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും ജീവനക്കാര്‍ കുറ്റപ്പെടുത്തി.

ഫെഡറേഷന്‍ നേതാവ് സൂര്യകാന്ത് മഹാദികിനെ കൂടാതെ ഓള്‍ ഇന്ത്യ റിസര്‍വ് ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്‍ നേതാവ് സി എം പോള്‍സില്‍, ആര്‍ബിഐ ഓഫീസേഴ്സ് അസോസിയേഷന്‍ നേതാവ് ആര്‍ എന്‍ വറ്റ്സ എന്നിവരും കത്തില്‍ ഒപ്പിട്ടിട്ടുള്ളതായാണ് സൂചന.

അതേസമയം, ജീവനക്കാരുടെ ജീവനും രാജ്യസുരക്ഷയ്ക്കും ഭീഷണിയാകുമെന്നതിനാലാണ് സുപ്രധാന വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിയാത്തതെന്ന് ആര്‍ബിഐ അധികൃതര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് റിസര്‍വ്വ് ബാങ്ക് ജീവനക്കാര്‍ രംഗത്തെത്തിയത്.

Read More >>