ഭരണഘടനയോട്, അതിന്റെ മൂല്യങ്ങളോട്, വിധേയപ്പെടാന്‍ തയ്യാറില്ലാത്തവര്‍ അടിയന്തിരമായി ഇന്ത്യ വിട്ടുപോകുക

ഈ ഭരണഘടനയുണ്ടാക്കിയ ദിവസം അതിന്റെ എല്ലാ അടിസ്ഥാനശിലകള്‍ക്കും വിരുദ്ധമായ കാഴ്കയായി കൊലവിളിപോലെ അലറി ഡെല്‍ഹിയിലെ തെരുവുകള്‍ ചവുട്ടിക്കുഴിക്കാന്‍ മെനക്കെടുന്ന യൂണിഫോം ധാരികളോ ഭാരതം അമ്മയാണെന്ന് തൊണ്ടപൊട്ടിക്കുന്ന ജിംഗോയിസ്റ്റുകളോ അവിഭക്ത ഇന്ത്യയുടെ മാപ്പില്‍ ബ്രിട്ടീഷുകാര്‍ വരച്ചിട്ട പെന്‍സില്‍ മാര്‍ക്കുകളോ അല്ല ഇന്ത്യ എന്ന ദേശരാഷ്ട്രത്തിന്റെ അടിസ്ഥാനം. മറിച്ച് ഓരോ ഇന്ത്യന്‍ പൗരനും ഇന്‍ഹെറന്റ്റ്ലി വിധേയപ്പെടുന്നത് ഈ ഭരണഘടനയോടാണ്. ആ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളോടാണ്. അവ എടുക്കാനുള്ള അവകാശവും കൊടുക്കാനുള്ള ബാദ്ധ്യതയും ഓരോ പൗരനുമുണ്ട്.

ഭരണഘടനയോട്, അതിന്റെ മൂല്യങ്ങളോട്, വിധേയപ്പെടാന്‍ തയ്യാറില്ലാത്തവര്‍ അടിയന്തിരമായി ഇന്ത്യ വിട്ടുപോകുക

ദീപക് ശങ്കരനാരായണന്‍

ആധുനിക ദേശരാഷ്ട്രത്തിന്റെ അടിസ്ഥാനം ഭരണഘടനയാണ്.

ഇന്ത്യ എന്നത് 1950 ജനുവരി 26ന് നിലവില്‍ വന്ന ഭരണഘടനയാല്‍ , അതിനാല്‍ മാത്രം, നിര്‍വ്വചിക്കപ്പെട്ടിട്ടുള്ള ഒരു പരമാധികാര റിപബ്ലിക്കാണ്. അതിനുമുമ്പുള്ള ഒന്നിനും ഭരണഘടന നിലവില്‍ വന്നതിനുശേഷമുള്ള ഇന്ത്യ എന്ന പൊളിറ്റിക്കല്‍ എന്റിറ്റിയുമായി നിയപമരമായി ഒരു ബന്ധവുമില്ല. ഭരതനും രാമനും ബാബറും അക്ബറും എല്ലാം ഭരണഘടന എന്ന ഒറ്റ പൊളിറ്റിക്കല്‍ റോഡ് റോളറിനാല്‍ നിരപ്പാക്കപ്പെട്ടിരിക്കുന്നു.


ഇന്ത്യന്‍ പൗരന്‍ വിധേയപ്പെട്ടിരിക്കുന്നത് ഭരണഘടനയോട് മാത്രമാണ്, അതിന്റെ മുമ്പോ ശേഷമോ ഉണ്ടായിട്ടുള്ള ഒന്നിനോടും പൗരന് വിധേയത്വം, ഉണ്ടാവേണ്ടതില്ല. ആ ഭരണഘടനയോട് വിധേയപ്പെടാത്ത എല്ലാവരും അടിയന്തിരമായി ഇന്ത്യ വിട്ടുപോകേണ്ടതാണ്, കാരണം നിങ്ങള്‍ ഈ രാജ്യത്തിലെ പൗരത്വത്തിന്റെ ഇന്‍ഹെറന്റ് കണ്ടീഷനെ ലംഘിച്ചിരിക്കുന്നു.
രാജ്യാതിര്‍ത്തികളും പട്ടാളവും പോലീസും വിദ്യാഭ്യാസസ്ഥാപനങ്ങളും ലെജിസ്ലേവൈറ്റീവും എക്‌സിക്യൂറ്റീവും ജുഡീഷ്യറിയും എന്നല്ല എല്ലാ സ്റ്റേയ്റ്റ് ഇന്‍സ്റ്റിറ്റിയൂഷനുകളും നേയ്ഷന്‍ സ്റ്റേയ്റ്റിന്റെ ഡിസൈനില്‍ ഭരണഘടനയെ സംരക്ഷിക്കാനുള്ളതാണ്. രാഷ്ട്രം എന്നത് ഭരണഘടന നടപ്പിലാക്കാനുള്ള എബ്‌സ്ട്രാക്ഷന്‍ മാത്രമാണ്.

രാഷ്ട്രത്തെ ഒരു ജൈവശരീരമായെടുത്താല്‍ അതിന്റെ ജീവന്‍ ഭരണഘടനാതത്വങ്ങളും ഇന്‍സ്റ്റിറ്റിയൂഷനുകള്‍ ജീവനെ നിലനിര്‍ത്താനും ഗുണപരമായി മെച്ചപ്പെടുത്താനുമുള്ള വിവിധ സംവിധാനങ്ങളുടെ ഒരു സഞ്ചയവുമാണെന്ന് പറയാം.

ഇന്ത്യന്‍ ഭരണഘടന ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയാണ്
(ഭരണഘടന എഴുതപ്പെടണമെന്ന് നിര്‍ബന്ധമില്ല, എഴുതപ്പെടാത്ത ഭരണഘടനളും ജനാധിപത്യങ്ങളിലുണ്ട്). ജനാധിപത്യമൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ലോകത്തിലെ ഏറ്റവും മികച്ചതോ മികച്ചവയില്‍ ഒന്നോ ആണ്.

കാലത്തിന്റേതായ പ്രശ്‌നങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇത്രയും ഗംഭീരമായ ഒരു ഭരണഘടന വിഭാവനം ചെയ്ത് നിര്‍മ്മിക്കുക എന്നത് മിക്കവാറും അസാദ്ധ്യമായ ഒരു കാര്യമാണെന്ന് സമ്മതിക്കേണ്ടിവരും. നെഹൃവിനുശേഷം ദ്രവിച്ചുകൊണ്ടേയിരിക്കുന്ന, ജനാധിപത്യമൂല്യങ്ങള്‍ എന്തെന്നറിയാത്ത, ഒരു പോളിറ്റിയില്‍ ജനാധിപത്യത്തിനെ, അതിന്റെ എല്ലാ കുറവുകളോടും കൂടിത്തന്നെ, ഇത്രയും കാലം, ഒരു പരിധിവരെ ഇപ്പോഴും, പൊതിഞ്ഞുസംരക്ഷിച്ചത് ഈ ഭരണഘടനയാണ്.

ഭരണഘടന ഒമ്പത് മൗലികാവകാശങ്ങള്‍ അനുശാസിക്കുന്നുണ്ട് (ചിലത് പിന്നീട് നടത്തിയ കൂട്ടിച്ചേര്‍ക്കലുകളാണ്).

1 സമത്വത്തിനുള്ള അവകാശം
2 സ്വാതന്ത്ര്യത്തിനുള്ള അവകാശം
3 ചൂഷണങ്ങള്‍ക്കെതിരെയുള്ള അവകാശം
4 മത സ്വാതന്ത്ര്യത്തിനുള്ള അവകാശം
5 സാംസ്‌കാരിക-വിദ്യാഭ്യാസ അവകാശങ്ങള്‍
6 ഭരണഘടനാ പരിഹാരങ്ങള്‍ക്കായുള്ള അവകാശം
7 ജീവിക്കാനുള്ള അവകാശം
8 വിദ്യാഭ്യാസത്തിനുള്ള അവകാശം
9 വിവരങ്ങള്‍ക്കുള്ള അവകാശം

ഈ ഭരണഘടനയുണ്ടാക്കിയ ദിവസം അതിന്റെ എല്ലാ അടിസ്ഥാനശിലകള്‍ക്കും വിരുദ്ധമായ കാഴ്കയായി കൊലവിളിപോലെ അലറി ഡെല്‍ഹിയിലെ തെരുവുകള്‍ ചവുട്ടിക്കുഴിക്കാന്‍ മെനക്കെടുന്ന യൂണിഫോം ധാരികളോ ഭാരതം അമ്മയാണെന്ന് തൊണ്ടപൊട്ടിക്കുന്ന ജിംഗോയിസ്റ്റുകളോ അവിഭക്ത ഇന്ത്യയുടെ മാപ്പില്‍ ബ്രിട്ടീഷുകാര്‍ വരച്ചിട്ട പെന്‍സില്‍ മാര്‍ക്കുകളോ അല്ല ഇന്ത്യ എന്ന ദേശരാഷ്ട്രത്തിന്റെ അടിസ്ഥാനം. മറിച്ച് ഓരോ ഇന്ത്യന്‍ പൗരനും ഇന്‍ഹെറന്റ്റ്ലി വിധേയപ്പെടുന്നത് ഈ ഭരണഘടനയോടാണ്. ആ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളോടാണ്. അവ എടുക്കാനുള്ള അവകാശവും കൊടുക്കാനുള്ള ബാദ്ധ്യതയും ഓരോ പൗരനുമുണ്ട്.

ഭരണഘടന ഒരിക്കലും ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത വിശുദ്ധപശുവാണെന്നല്ല, പക്ഷേ ഇന്ത്യയില്‍ ഒരു വിശുദ്ധപശു ഉണ്ടെങ്കില്‍ അത് ഭരണഘടനയാണ്. നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ ഡെമോഗ്രഫിയുടെ രാഷ്ട്രസങ്കല്പത്തിന്റെ പ്രയോറിറ്റികളില്‍ പൊതുബോധത്തില്‍ ഏറ്റവും പിന്നില്‍ കിടക്കുന്ന ഒന്നാണ് ഭരണഘടനാസങ്കല്‍പ്പം.

ജിംഗോയിസ്റ്റ് ദേശരാഷ്ട്രസങ്കല്‍പ്പങ്ങളെ അടിയന്തിരമായി ഭരണഘടനാപരമായ മൂല്യങ്ങളെക്കൊണ്ട് റീപ്ലേയ്‌സ് ചെയ്യേണ്ടതുണ്ട്. ഭരണഘടന നിരന്തരം ഓരോ ചര്‍ച്ചയിലും ബോധത്തിലും അബോധത്തിലും ഏറ്റവും പ്രമുഖമായ രാഷ്ട്രീയ ചാലകശക്തിയായി ഓര്‍മ്മപ്പെടുത്തപ്പെടേണ്ടതുണ്ട്.

ഇനി ഭരണഘടനയില്‍ എന്തെങ്കിലും തിരുത്തേണ്ടതുണ്ടെങ്കില്‍ അത്, ഒരു പക്ഷേ ദശകങ്ങള്‍ നീളുന്ന, നിരന്തരമായ ചര്‍ച്ചകളിലൂടെ മാത്രമേ നടത്താവൂ, അല്ലാതെ സാങ്കേതികമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് ഒരു മഹത്തായ ഭരണഘടനയെ വിട്ടുകൊടുക്കരുത്.

ഇന്ത്യക്ക് പുറത്തുപോകണം എന്ന കൊലവിളികള്‍ നിരന്തരമായി കേട്ടുകൊണ്ടിരിക്കുന്ന ഒരു കാലത്ത് ഭരണഘടനയെ, ചുരുങ്ങിയത് അത് അനുശാസിക്കുന്ന മൗലികാവകാശങ്ങളെ, ബഹുമാനിക്കുന്നവര്‍ക്കുള്ളതാണ് ഇന്ത്യ എന്ന രാജ്യം, അല്ലാത്തവര്‍ അടിയന്തിരമായി പുറത്തുപോകേണ്ടതാണ് എന്ന് പറഞ്ഞുകൊണ്ടേയിരിക്കുക എന്നത് ഒരു ജനാധിപത്യബാദ്ധ്യതയാണ്. അബോധത്തില്‍ അടിച്ചുറപ്പിക്കലാണ് ഫാഷിസത്തിന്റെ രീതി, ഫാഷിസവിരുദ്ധതക്കും അതേ രീതി ഉപയോഗിക്കാവുന്നതാണ്.

ഭരണഘടനയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒരു എബറേയ്ഷന്‍ എന്ന നിലയില്‍ നിന്ന് ഒരു നോം (norm) ആയി മാറണം.

ജനാധിപത്യം തീര്‍ച്ചയായും ഒരു പെര്‍ഫെക്റ്റ് സിസ്റ്റമല്ല. പെര്‍ഫെക്റ്റ് സിസ്റ്റം പോയിട്ട് പെര്‍ഫെക്റ്റായ ഒന്നും, ശുദ്ധമായ ഒരു തുള്ളി പച്ചവെള്ളം പോലും പ്രപഞ്ചത്തിലെവിടെയുമില്ല. ജനാതിപത്യത്തിന്റെ ഇംപെര്‍ഫെക്ഷനെ ചൂണ്ടിക്കാട്ടി അതിനെ ഫാഷിസ്റ്റ് രീതികളുമായി തുലനപ്പെടുത്തുന്നത് സ്ഥാപിതതാല്‍പര്യം മാത്രമാണ്. ചില കാര്യങ്ങളില്‍ വിമര്‍ശകരോട് ജനാധിപത്യത്തോളം മെച്ചപ്പെട്ട മറ്റൊന്ന് ചൂണ്ടിക്കാണിക്കാന്‍, അത് നല്ല മുട്ട ഇട്ടുകാണിക്കാന്‍ തന്നെ, പറയേണ്ടിവരും. ഒരു ആയുധവും, ചിലപ്പോള്‍ സമര്‍ത്ഥമായി ഉപയോഗിക്കാമെങ്കില്‍ ഫാലസികള്‍ വരെ, മാറ്റിവക്കേണ്ടതില്ല.

കേവലമായ വികസനസങ്കല്പങ്ങളോ അസംബന്ധമായ ശുഭാപ്തിവിശ്വാസങ്ങളോ അല്ല, കോണ്‍സ്റ്റിറ്റിയൂഷണലിസമാണ് ജനാധിപത്യത്തിന്റെ പുഴുക്കുത്തുകള്‍ക്കുള്ള പരിഹാരം. അതൊരു സിംഗിള്‍ ഒറ്റമൂലിയാണെന്നല്ല, പക്ഷേ അതാണ് ഏറ്റവും പ്രധാനപ്പെട്ട പരിഹാരഘടകം. ഒരു സൂപ്പര്‍സ്റ്റാറിനേയും ഭരണഘടനാനുസൃതമായ ഭരണകൂടം ആവശ്യപ്പെടുന്നില്ല. ഒരു അത്ഭുതവും കാണിക്കണ്ട, ഭരണഘടനാനുസൃതമായി ലെജിസ്ലേയ്ചറിനെയും എക്‌സിക്യൂട്ടീവിനെയും ജുഡീഷ്യറിയെയും പ്രവര്‍ത്തിക്കാന്‍ അനുവദിച്ചാല്‍ മതി.

ഇന്ത്യയെപ്പോലെ മിക്കവാറും കൊളോണിയലിസത്താല്‍ നിര്‍വചിക്കപ്പെടുകയും നിര്‍മ്മിക്കപ്പെടുകയും ചെയ്ത, പോസ്റ്റ് കൊളോണിയല്‍ രാഷ്ട്രീയാവസ്ഥകളിലേക്ക് തയ്യാറെടുപ്പുകളില്ലാതെ ചെന്നുവീണ, അവസരങ്ങളില്ലാത്തതുകൊണ്ട് സ്വയമേവ പരിണമിച്ച് പക്വത പ്രാപിച്ച ഒരു ജനാധിപത്യമാവാന്‍ സാധിക്കാതെ പോയ, മോഡേണൈസേഷനില്‍നിന്ന് പലകാരണങ്ങളാല്‍ മാറിനിന്ന/മാറ്റിനിര്‍ത്തപ്പെട്ട, ഒരു രാജ്യത്ത് ഒരര്‍ത്ഥത്തില്‍ ജനാധിപത്യം അടിച്ചേല്‍പ്പിക്കപ്പെടുകയായിരുന്നു. ചില അടിച്ചേല്‍പ്പിക്കലുകള്‍ ഭാഗ്യമെന്നുതന്നെ പറയേണ്ടിവരും.

നമുക്കൊരു ജനാധിപത്യപാരമ്പര്യവുമില്ല, സ്വാതന്ത്ര്യസമരത്തിന്റെ പ്രോസസ്സിന്റെയല്ലാതെ. നെഹ്രു നിരന്തരമായി പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചിട്ടും അതുതന്നെ തകിടം മറിക്കാന്‍ ഗാന്ധി പലവട്ടം പലരീതിയില്‍ ശ്രമിച്ചിരുന്നുതാനും. സ്വാതന്ത്ര്യത്തിനുശേഷം കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന ആവശ്യമടക്കം. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ജനാധിപത്യം എല്ലായ്‌പ്പോഴും അതിന്റെ ഫ്യൂഡല്‍-ഫാഷിസ്റ്റ് വേരുകളിലേക്ക് തിരിച്ചുപോകാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. അതിനെ ചെറുക്കുക എന്നത് ധാരാളം ഊര്‍ജ്ജം ആവശ്യപ്പെടുന്ന പ്രവര്‍ത്തിയുമാണ്.

ജിംഗോയിസമാണ് കോണ്‍സ്റ്റിറ്റിയൂഷണലിസത്തിലേക്കുള്ള വഴിയിലെ, ജനാധിപത്യത്തിന്റെ, ഏറ്റവും വലിയ ശത്രു. ഭരണഘടനയെക്കുറിച്ച് നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുക എന്നത് ഒരു രാഷ്ട്രീയകര്‍ത്തവ്യമാണ്.

വീണ്ടും - ഭരണഘടനയോട്, അതിന്റെ മൂല്യങ്ങളോട്, വിധേയപ്പെടാന്‍ തയ്യാറില്ലാത്തവര്‍ അടിയന്തിരമായി ഇന്ത്യ വിട്ടുപോകുക.