കോടതികളെ മറികടന്ന് പ്രതിയെ 'നൈസായി' ഊരിയെടുത്ത ഉമ്മൻചാണ്ടിയെയും ചെന്നിത്തലയെയും വിജിലന്‍സ് കോടതി എന്തുചെയ്യും? ബുധനാഴ്ച അറിയാം

ഹൈക്കോടതി, സുപ്രീംകോടതി ഉത്തരവുകള്‍ മാനിക്കാതെ രാജ്യത്തിനകത്തും പുറത്തുമായി 26 വര്‍ഷം ഒളിവില്‍ക്കഴിഞ്ഞ പ്രതിക്കാണ് സംരക്ഷണമൊരുക്കാന്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കൂട്ടുനിന്നത്. കീഴ്‌ക്കോടതി വിധി ശരിവച്ച ജില്ലാ കോടതി, ഹൈക്കോടതി, സുപ്രീംകോടതി വിധികള്‍ മാനിക്കാതെയായിരുന്നു ഡേവിഡ് ലാലിയുടെ അപേക്ഷ പരിഗണിച്ച് യുഡിഎഫ് സര്‍ക്കാര്‍ ശിക്ഷാ ഇളവിനുള്ള ഉത്തരവു പുറപ്പെടുവിച്ചത്.

കോടതികളെ മറികടന്ന് പ്രതിയെ

സുപ്രീംകോടതി തടവുശിക്ഷ ശരിവച്ച ക്രിമിനല്‍കേസ് പ്രതിക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും  മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഇളവു നല്‍കിയ കേസില്‍  വിജിലന്‍സ് കോടതി 11നു വിധി പറയും. ബിഎസ്എന്‍എല്‍ താല്‍ക്കാലിക ജീവനക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച മലയിന്‍കീഴ് സ്വദേശിയും പാസ്റ്ററുമായ ഡേവിഡ് ലാലി (54)ക്ക് ശിക്ഷാ ഇളവു നല്‍കിയതിനെതിരെയാണ് കേസ്.

എന്‍ക്വയറി കമ്മീഷന്‍ & സ്‌പെഷ്യല്‍ വിജിലന്‍സ് കോടതി ജഡ്ജി എ ബദറുദ്ദീനാണ് ബുധനാഴ്ച വിധി പറയുക. മുന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ് ഭരണഘടനാ ലംഘനവും അധികാര ദുര്‍വിനിയോഗവും അഴിമതിയുമാണെന്നു ചൂണ്ടിക്കാട്ടി കേരളാ കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗം സംസ്ഥാന സെക്രട്ടറി എഎച്ച് ഹഫീസാണ് വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഡേവിഡ് ലാലിയുമാണ് കേസില്‍ എതിര്‍ കക്ഷികള്‍. വിജിലന്‍സിനു വേണ്ടി ലീഗല്‍ അഡ്വൈസര്‍ സിസി അഗസ്റ്റിനാണ് കോടതിയില്‍ ഹാജരാകുന്നത്. ജനുവരി ആറിനു പ്രസ്താവിക്കാനിരുന്ന വിധിയാണു 11 ലേക്കു മാറ്റിയത്.


ഹൈക്കോടതി, സുപ്രീംകോടതി ഉത്തരവുകള്‍ മാനിക്കാതെ രാജ്യത്തിനകത്തും പുറത്തുമായി 26 വര്‍ഷം ഒളിവില്‍ക്കഴിഞ്ഞ പ്രതിക്കാണ് സംരക്ഷണമൊരുക്കാന്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കൂട്ടുനിന്നത്. കീഴ്‌ക്കോടതി വിധി ശരിവച്ച ജില്ലാ കോടതി, ഹൈക്കോടതി, സുപ്രീംകോടതി വിധികള്‍ മാനിക്കാതെയായിരുന്നു ഡേവിഡ് ലാലിയുടെ അപേക്ഷ പരിഗണിച്ച് യുഡിഎഫ് സര്‍ക്കാര്‍ ശിക്ഷാ ഇളവിനുള്ള ഉത്തരവു പുറപ്പെടുവിച്ചത്. മലയിന്‍കീഴ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു ശിക്ഷാ ഇളവ്.

കോടതി ശിക്ഷിച്ച ഒരു കേസില്‍ ഇളവു നല്‍കാന്‍ മുഖ്യമന്ത്രിക്ക് അധികാരമില്ല. ഇത് ലംഘിച്ചായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നടപടി. 2014 ഡിസംബര്‍ ഒമ്പതിനായിരുന്നു ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. പ്രതിക്കു വിട്ടുമാറാത്ത പ്രമേഹവും ഹൃദയസംബന്ധമായ അസുഖവും ഉണ്ടെന്നായിരുന്നു ഇളവിനുള്ള കാരണമായി ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.1987 ലാണ് കേസിനാസ്പദമായ സംഭവം. ബിഎസ്എന്‍എല്‍ താല്‍ക്കാലിക ജീവനക്കാരനായ ജോര്‍ജുകുട്ടി യോഹന്നാനെ സോഡാക്കുപ്പികൊണ്ടടിച്ച് പല്ലും താടിയെല്ലും തകര്‍ത്തുവെന്നാണ് കേസ്. കേസില്‍ 1990ല്‍ നെയ്യാറ്റിന്‍കര കോടതി ഇയാളെ രണ്ടുവര്‍ഷം തടവിനും 1000 രൂപ പിഴയ്ക്കും വിധിച്ചു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ തള്ളിയ ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി കീഴ്‌ക്കോടതി വിധി ശരിവച്ചു. തുടര്‍ന്ന് 2002ല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. കോടതിവിധികള്‍ എതിരാവുമ്പോഴെല്ലാം ഇയാള്‍ ഒളിവില്‍പ്പോയ്‌ക്കൊണ്ടിരുന്നു. തുടര്‍ന്ന് 2013 ല്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കീഴ്‌ക്കോടതി വിധി സുപ്രീംകോടതിയും ശരിവയ്ക്കുകയായിരുന്നു.

കീഴടങ്ങാന്‍ സമയം വേണമെന്നാവശ്യപ്പെട്ട പ്രതിയുടെ അപേക്ഷയും തള്ളിയ കോടതി എത്രയും വേഗം കീഴടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇയാള്‍ വീണ്ടും ഒളിവില്‍പ്പോയി. ഇത്തരത്തില്‍ പല തവണയായി 26 വര്‍ഷം മുങ്ങിനടന്ന ശേഷം താന്‍ അസുഖബാധിതനാണെന്നും ക്രിമിനല്‍ നടപടി നിയമം 432 ബി പ്രകാരം തനിക്കു ശിക്ഷാ ഇളവു അനുവദിക്കണമെന്നും കാട്ടി അന്നത്തെ മുഖ്യമന്ത്രിക്കു അപേക്ഷ നല്‍കുകയായിരുന്നു. തുടര്‍ന്നാണ് നിയമസെക്രട്ടറിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഡേവിഡ് ലാലിയുടെ രണ്ടുവര്‍ഷത്തെ കഠിനതടവ് ഒഴിവാക്കി ഒരുലക്ഷം രൂപ പിഴ ചുമത്താന്‍ മുഖ്യമന്ത്രിയുടെ ഉത്തരവിറങ്ങിയത്.

അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിതാ പി ഹരന്റെ വിയോജനക്കുറിപ്പ് മറികടന്നായിരുന്നു മുഖ്യമന്ത്രിയുടെ നടപടി. എന്നാല്‍ ഇതിനെതിരെ 2015ല്‍ ഹരജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചു. ഡിസംബര്‍ 10ന് സര്‍ക്കാര്‍ ഉത്തരവു റദ്ദാക്കി ഹൈക്കോടതി വിധി പുറപ്പെടുവിക്കുകയും ചെയ്തു.

ശിക്ഷായിളവ് അനുവദിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വന്തം കൈപ്പടയില്‍ എഴുതിയ രേഖയും ഹരജിക്കാരന്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നിട്ടും ഇയാളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറാവാത്തതിനെ തുടര്‍ന്ന് പരിക്കേറ്റയാള്‍ കാട്ടാക്കട മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയും ശിക്ഷ നടപ്പാക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുകയും രഹസ്യവിവരത്തെ തുടര്‍ന്നു 2016 ഒക്ടോബര്‍ 7നു രാത്രി കൊച്ചിയിലെ ഒരു ഫ്‌ളാറ്റില്‍ നിന്നും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

നെയ്യാറ്റിന്‍കര ഡിവൈഎസ്പി ബിജുമോന്റ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാര്‍ക്ക് വന്‍ പാരിതോഷികം ഇയാള്‍ വാഗ്ദാനം ചെയ്‌തെങ്കിലും വിലങ്ങു വച്ചതോടെ ഇയാള്‍ പിന്‍വാതിലിലൂടെ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പിന്തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്.

അതേസമയം, ഡേവിഡ് ലാലിക്കെതിരെ മറ്റു കേസുകളൊന്നുമില്ലെന്നും ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത ആളാണെന്നുമുള്ള വാദമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നടത്തിയത്. എന്നാല്‍ സര്‍ക്കാരിന്റെ വാദം നിലനില്‍ക്കുന്നതല്ലെന്നും മറ്റ് അഞ്ചു ക്രിമിനല്‍ക്കേസില്‍ക്കൂടി ഇയാള്‍ പ്രതിയാണെന്നും 2013ലെ ജയില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനാ റിപ്പോര്‍ട്ട് സംശയകരമാണെന്നും കോടതി വ്യക്തമാക്കി. ഹരിജന്‍ കുട്ടികള്‍ക്കായി സൈക്കിള്‍ നല്‍കാനുള്ള മുന്‍ മന്ത്രി എ പി അനില്‍കുമാറിന്റെ പദ്ധതിയുടെ ക്വട്ടേഷന്‍ ഏറ്റെടുത്തത് ഇയാളായിരുന്നു. തുടര്‍ന്ന് സൈക്കിള്‍ കമ്പനിക്കാരെ വഞ്ചിച്ച കേസില്‍ ലുധിയാന കോടതി ഇയാള്‍ക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നു. 2013-14 വര്‍ഷത്തിലായിരുന്നു ഇത്. ഇതൊക്കെയും സര്‍ക്കാര്‍ മറച്ചുവയ്ക്കുകയായിരുന്നു.

Read More >>