മദ്യലഹരിയില്‍ അയല്‍വാസികള്‍ ദളിത് യുവാവിനെ തല്ലിച്ചതച്ചു; ജാതിപ്പേര് വിളിച്ച് അപമാനിച്ചു; കേസെടുത്ത് ഉഴപ്പി പോലീസ്

കൂലിപ്പണി കഴിഞ്ഞു വീട്ടിലേക്ക് പോകുമ്പോഴാണ് മധുവെന്ന ആലപ്പുഴ സ്വദേശിക്ക് ഇരുമ്പു കമ്പി കൊണ്ടുള്ള ക്രൂരമര്‍ദ്ദനമേറ്റത്. മുഖത്തിനും വാരിയെല്ലുകള്‍ക്കും മാരക പരിക്കേറ്റ ഇയാള്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ ഇയാളുടെ പ്ലസ്ടു വിദ്യാര്‍ഥിയായ മകനെയടക്കമുള്ളവരെ പിടിച്ച് 'അകത്തിടാനാണ്' പോലീസ് പറഞ്ഞതെന്ന് ആക്ഷേപം

മദ്യലഹരിയില്‍ അയല്‍വാസികള്‍ ദളിത് യുവാവിനെ തല്ലിച്ചതച്ചു; ജാതിപ്പേര് വിളിച്ച് അപമാനിച്ചു; കേസെടുത്ത് ഉഴപ്പി പോലീസ്

മദ്യലഹരിയിലായിരുന്ന അയല്‍വാസികളുടെ ക്രൂരമര്‍ദ്ദനത്തിനും കടുത്ത ജാതി അധിക്ഷേപത്തിനും വിധേയനായ ദളിത് യുവാവ് ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് അവഗണിച്ചതായി യുവാവിന്റെ കുടുംബം. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിനടുത്ത് പെരിങ്ങലപ്പുറത്ത് കിടന്തറവീട്ടില്‍ മധു (45) ആണ് പരുക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ എട്ടാം തീയതിയാണ് അക്രമ സംഭവം നടന്നത്. കൂലിപ്പണി കഴിഞ്ഞ് വൈകിട്ട് എട്ടോടെ വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ അയല്‍വാസികളായ തങ്കരാജന്റെ മക്കളായ ശ്രീരാജ്, സുരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം പിതാവിനെ ആക്രമിക്കുകയായിരുന്നുവെന്ന് പ്ലസ് ടു വിദ്യാര്‍ഥിയായ മകന്‍ അഖില്‍ നാരദ ന്യൂസിനോട് പറഞ്ഞു.


അനുജന്റെ സൈക്കിളിലെത്തി ഇടുങ്ങിയ വഴിയായതിനാല്‍ സൈക്കിള്‍ റോഡരുകില്‍ വെച്ച് നടന്നുപോയ മധു ശബ്ദം കേട്ട് തിരിഞ്ഞുനോക്കുമ്പോള്‍ അക്രമി സംഘം സൈക്കിള്‍ പുഴയിലെറിയാന്‍ നോക്കുന്നതാണ് കാണുന്നത്. ഇതിനെ ചോദ്യം ചെയ്ത മധുവിനോട്് തന്റെ അനുജന്‍ 300 രൂപ കടം വാങ്ങിയതിനാലാണ് സൈക്കിള്‍ പുഴയിലെറിയുന്നതെന്ന് മദ്യ ലഹരിയിലുള്ള സംഘം പറഞ്ഞു. ഇതിനിടെ മധുവിനേയും കുടുംബത്തേയും വളരെ മോശം ഭാഷയില്‍ സംഘം ജാതീയാധിക്ഷേപം നടത്തുകയും ചെയ്തു. സൈക്കിള്‍ പുഴയിലെറിയാനുള്ള ഇവരുടെ ശ്രമം തടഞ്ഞതോടെ പ്രകോപിതരായ മൂന്ന് പേരും ചേര്‍ന്ന് മധുവിനെ കമ്പിവടി അടക്കമുള്ളവ ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചു.

മര്‍ദ്ദനമേറ്റ് അവശനായ മധു നിലത്തുവീണപ്പോള്‍ സംഘം ഇയാളെ ഉപേക്ഷിച്ച് പോയി. പിന്നീട് അയല്‍വാസികള്‍ പറഞ്ഞ് വിവരമറിഞ്ഞ മധുവിന്റെ സഹോദരനും മകന്‍ അഖിലുമടക്കമുള്ളവര്‍ സംഭവസ്ഥലത്തെത്തി. പിതാവിനെ ആശുപത്രിയിലാക്കാനായി ഓട്ടോറിക്ഷ വിളിച്ച് കാത്തുനിന്ന ബന്ധു സ്ത്രീകളുള്‍പ്പെട്ട സംഘത്തിന് നേരെ അക്രമി സംഘം ഇതിനിടെ മുളകുപൊടി ആക്രമണം നടത്തിയതായി അഖില്‍ പറഞ്ഞു.

അക്രമം തുടരുന്ന സാഹചര്യമായതിനാല്‍ ഓട്ടോ ലഭിക്കാതെ വന്നതിനാല്‍ മധുവിനെ ബൈക്കില്‍ മാവേലിക്കര ഗവണ്‍മെന്റാശുപത്രിയിലെത്തിച്ചു. ഇതേസമയം തങ്ങളുടെ വീട് ആക്രമിച്ചതായി കാണിച്ച് അക്രമി സംഘം മാന്നാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ആശുപത്രിയില്‍ നിന്ന് ഫോണിലൂടെ പരാതി നല്‍കിയ മധുവിന്റെ ബന്ധുക്കള്‍ പിന്നീട് നേരിട്ടെത്തിയും മാന്നാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ പരാതിയുമായി എത്തിയ തന്നെയടക്കമുള്ളവരെ പിടിച്ച് അകത്തിടാനാണ് ഒരു പോലീസുകാരന്‍ പറഞ്ഞതെന്ന് അഖില്‍ പറഞ്ഞു. പോലീസില്‍ പരാതി നല്‍കിയിട്ട് യാതൊരു നടപടിയുമുണ്ടാകാത്ത സാഹചര്യത്തില്‍ ഇവര്‍ തിരികെ ആശുപത്രിയിലേക്ക് പോയി.

മധുവിന്റെ നാല് വാരിയെല്ലുകള്‍ പൊട്ടിയതായി കണ്ടതിനെത്തുടര്‍ന്ന് നാല് ദിവസത്തിന് ശേഷം കൂടുതല്‍ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ മാവേലിക്കര ഗവണ്‍മെന്റാശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഇതിനെത്തുടര്‍ന്ന് പന്ത്രണ്ടാം തീയതി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച മധു ഇപ്പോഴും ചികിത്സയിലാണ്. ശരിയായ ആരോഗ്യ സ്ഥിതി വീണ്ടെടുക്കാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് അഖില്‍ പറഞ്ഞു. കണ്ണിന് സമീപം ഗുരുതരമായി മര്‍ദ്ദനമേറ്റ മധുവിന് കാഴ്ച മങ്ങല്‍ അനുഭവപ്പെടുന്നുണ്ട്.

പോലീസ് സ്റ്റേഷനില്‍ നിന്ന് അവഗണന നേരിട്ട ശേഷം പത്രങ്ങളിലൂടെ വാര്‍ത്ത പുറത്തുകൊണ്ടുവരാന്‍ തങ്ങള്‍ ശ്രമിച്ചെങ്കിലും വിവരങ്ങള്‍ അന്വേഷിച്ച ശേഷം വാര്‍ത്ത കൊടുക്കാമെന്ന ഒഴുക്കന്‍ മറുപടിയാണ് ലഭിച്ചതെന്ന് അഖില്‍ പറഞ്ഞു. വിദേശത്ത് ജോലി ചെയ്യുന്ന മാതാവിനെ അറിയിക്കാതെ സംഭവം രഹസ്യമാക്കി വെച്ചിരിക്കുകയാണെന്ന് അഖില്‍ പറഞ്ഞു. ക്രൂരമായ മര്‍ദ്ദനവും ജാതീയാധിക്ഷേപവും നേരിട്ടിട്ടും തങ്ങള്‍ക്ക് ഒരിടത്തുനിന്നും നീതി ലഭിക്കാത്തത് ദളിത് വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിനാലാണെന്ന് മധുവിന്റെ കുടുംബം പറഞ്ഞു.

മാന്നാര്‍ സ്റ്റേഷനിലെ എസ്.ഐ ശ്രീജിത്തിനെ ബന്ധപ്പെട്ടപ്പോള്‍ പരാതി നല്‍കിയ എട്ടാം തീയതി തന്നെ കേസെടുത്തിരുന്നതായി അറിയിച്ചു. ദിവസങ്ങള്‍ പിന്നിട്ടിട്ടും കേസില്‍ പുനഃര്‍നപടികളൊന്നും ഉണ്ടാകാത്തതെന്താണെന്ന് അന്വേഷിച്ചപ്പോള്‍ ചില സാങ്കേതിക കാര്യങ്ങള്‍ ഉള്ളതിനാലാണെന്ന് പറഞ്ഞ് തിരികെ വിളിക്കാമെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു.

Read More >>