ഈ കുടുംബം കേരളത്തിലാണ്: തിങ്കള്‍ കഴിഞ്ഞാല്‍ തീവണ്ടിക്കു തലവെയ്ക്കുമെന്ന് ഇവര്‍; മകളുമായി തെരുവിലുറങ്ങാന്‍ വയ്യ

പത്താം തീയതി കഴിഞ്ഞാല്‍ രേണുകയ്ക്ക് കിടപ്പാടമുണ്ടാകില്ല. വാ മക്കളെ നമുക്കു കളക്ടറേറ്റില്‍ പോയി സത്യാഗ്രഹമിരിക്കാം .ആരും കണ്ടില്ലെങ്കില്‍ തീവണ്ടിക്കു തല വച്ചു മരിക്കാം. രേണുക മക്കളോടു പറഞ്ഞു. കൂലിപ്പണിക്കു പോയാല്‍ ഓര്‍മ്മ തെറ്റി വഴി മറന്നു പോകുന്ന ഭര്‍ത്താവും മക്കളുമായി രേണുക സമരം തുടരുകയാണ്. മലയാളം മനസ്സിലാവാത്ത കളക്ടര്‍ക്ക് ഇവര്‍ പറയുന്നതു പോലും മനസ്സിലാവുന്നില്ല.

ഈ കുടുംബം കേരളത്തിലാണ്: തിങ്കള്‍  കഴിഞ്ഞാല്‍ തീവണ്ടിക്കു തലവെയ്ക്കുമെന്ന് ഇവര്‍; മകളുമായി തെരുവിലുറങ്ങാന്‍ വയ്യ

ഞങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് ആയുസ്സു കുറവായിരിക്കാം.
പക്ഷേ ഓര്‍ക്കുക, ചരിത്രം മായ്ക്കാനാവില്ല
നിങ്ങളുടെ നിശബ്ദത എക്കാലവും കാലം ഓര്‍ത്തുവയ്ക്കും.
നിങ്ങളുടെ ഹൃദയശൂന്യതയ്ക്ക് ഒരിക്കലും മാപ്പു ലഭിക്കില്ല

( രോഹിത് വെമൂല)

കാക്കനാടു കളക്ടറേറ്റിനു മുന്നില്‍ വനിതാ ഗസറ്റഡ് ഓഫീസര്‍മാരുടെ ജില്ലാ ധര്‍ണ്ണ നടക്കുന്നുണ്ടായിരുന്നു. തിളങ്ങുന്ന കുപ്പായം ധരിച്ചവര്‍ അവരുടെ അവകാശ സംരക്ഷണത്തിനു വേണ്ടി മൈക്കു കെട്ടി പ്രതിഷേധം സംഘടിപ്പിക്കുന്നു. രോഹിത് വെമൂല ആ വേദിയില്‍ മുഴുങ്ങുന്നു. നോട്ടുനിരോധനവും ദളിതരുമെല്ലാം പ്രസംഗങ്ങളില്‍ ഇടം പിടിക്കുന്നു.

തൊട്ടടുത്ത്, രേണുകയെന്ന ദളിത് സ്ത്രീ തന്റെ മക്കളുടെയും ഭര്‍ത്താവിന്റേയും ഒപ്പം ഒരു ഷീറ്റ് വിരിച്ച് അതിജീവനത്തിനു വേണ്ടി സമരം നടത്തുന്നു. ബുദ്ധിമാന്ദ്യം ബാധിച്ച മകന്‍, പ്ലസ്‌വണ്ണിനു പഠിക്കുന്ന മകള്‍, രോഗം മൂലം ഓര്‍മ്മശക്തിയില്ലാത്ത ഭര്‍ത്താവ്. രോഗിയായ രേണുകയ്ക്കും കുടുംബത്തിനും വാടകക്കാരന്‍ ഒഴിപ്പിച്ചതോടെ പോകാന്‍ ഇടമില്ല.

ഞങ്ങള്‍ നീതി കിട്ടും വരെ സത്യാഗ്രഹം ഇരിക്കും, അധികൃതര്‍ ചെവി തന്നില്ലെങ്കില്‍ തീവണ്ടിക്കു തല വെച്ച് മരിക്കും- രേണുക പറയുന്നു.

അവരുടെ സങ്കടങ്ങള്‍ കാണാനും അവരെ കേള്‍ക്കാനും ആരും ആ വഴി വന്നില്ല. ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും മൂക്കിനു തൊട്ടു താഴെ നടക്കുന്ന പ്രതിഷേധം കണ്ട ഭാവമില്ല. ദളിതന്റെ പ്രതിഷേധത്തിനു വില ഉണ്ടാകണമെങ്കില്‍ അവന്‍ ആത്മഹത്യ ചെയ്യണം- പുറത്തെ ധര്‍ണ്ണ പന്തലില്‍ ഇടതടവില്ലാതെ രോഹിത് വെമൂല മുഴങ്ങി കേട്ടു...

വാ മക്കളെ... നമുക്ക് സത്യാഗ്രഹമിരിക്കാം; നീതി കിട്ടിയില്ലെങ്കില്‍ തീവണ്ടിക്കു തല വയ്ക്കാം


വാടക നല്‍കാന്‍ കാശില്ലാതെ വഴിയാധാരമാകുന്ന സ്ഥിതി വന്നപ്പോഴാണു തുതിയൂര്‍ പുല്ലാഞ്ഞിപ്പറമ്പില്‍ നാരായണനും ഭാര്യ രേണുകയും രണ്ടു മക്കളെയും കൂട്ടി കളക്ടറേറ്റിന്റെ പടിക്കല്‍ നാലാം തീയതി മുതല്‍ സത്യാഗ്രഹം ഇരുന്നത്. വാടകവീട്ടിലാണു താമസിച്ചിരുന്നത്. കൂലിപ്പണിക്കാരനായ നാരായണനും രേണുകയും നിത്യരോഗികളായതോടെ കുടുംബം മുഴുപട്ടിണിയിലായി.

പട്ടികവിഭാഗക്കാരായിരുന്നിട്ടും അര്‍ഹമായ ആനുകൂല്യങ്ങള്‍ രേണുകയ്ക്കും കുടുംബത്തിനും ലഭിച്ചില്ല. ഭൂരഹിതര്‍ക്കു പട്ടികജാതി വികസന വകുപ്പു നല്‍കുന്ന അഞ്ചു സെന്റ് സ്ഥലത്തിന് അപേക്ഷ നല്‍കിയിരുന്നുവെങ്കിലും മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടില്ലെന്ന കാരണം പറഞ്ഞ് അധികൃതര്‍ നിഷേധിച്ചു.ബുദ്ധിമാന്ദ്യമുള്ള മകന് അപസ്മാര രോഗം ഉണ്ട്. മകനു പെന്‍ഷനായി കിട്ടുന്ന 1000 രൂപ മാത്രമാണ് ആ കുടുംബത്തിനുള്ള ഏക ആശ്വാസം. ഭര്‍ത്താവ് നാരായണന്‍ കൂലിപ്പണിക്കു പോകുമെങ്കിലും തലച്ചോറിലേയ്ക്കുള്ള ഞരമ്പിന്റെ അസുഖം മൂലം ഇടയ്ക്കിടെ ഓര്‍മ്മക്കുറവു വരും. വീട്ടിലേയ്ക്കുള്ള വഴിയും വീട്ടുകാരെയുമെല്ലാം മറക്കും. ജോലിയ്ക്കു പോയാല്‍ രണ്ടു ദിവസം കഴിഞ്ഞാകും വീട്ടിലെത്തുക. തലച്ചോറിലേയ്ക്കുള്ള രക്തസ്രാവം നിലയ്ക്കുമ്പോഴാണ് ഓര്‍മ്മക്കുറവ് ഉണ്ടാകുന്നത്.

വിജയന്‍ എന്നയാളുടെ വീട്ടില്‍ ആറായിരം രൂപ വാടകയ്ക്കാണ് രേണുകയും കുടുംബവും താമസിച്ചിരുന്നത്. തറവാട് വക വീടും സ്ഥലവും വിറ്റു കിട്ടിയതിന്റെ ഒരു ഓഹരി മാത്രമായിരുന്നു ആകെ സമ്പാദ്യം. നാരായണന്റെ അമ്മയുടെ ക്യാന്‍സര്‍ ചികിത്സിക്കുന്നതിനു വേണ്ടിയാണ് വീടു വിറ്റത്. അമ്മയുടെ ക്യാന്‍സര്‍ ചികിത്സിക്കുന്നതിനും രേണുകയുടെയും മകന്റെയും നാരായണന്റെയും ചികിത്സയ്ക്കു വേണ്ടിയും ഭൂരിഭാഗം തുകയും ചെലവായി. മിച്ചം വന്ന തുക കൊണ്ടു മൂന്നു മാസത്തെ അഡ്വാന്‍സ് തുക വാടകയിനത്തില്‍ കൊടുക്കുകയും ചെയ്തു.

കുടിശ്ശിക വന്നതോടെ വാടകക്കാരന്‍ രേണുകയുടെ കുടുംബത്തെ രണ്ടാം തീയതി ഇറക്കി വിടാന്‍ ശ്രമിച്ചു. സാധനങ്ങള്‍ എടുത്തു പുറത്തെറിഞ്ഞു. മകള്‍ പഠിച്ചിരുന്ന മുറി അയാള്‍ പൂട്ടിയിട്ടു. വാര്‍ഡ് മെമ്പര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ ആരും തന്നെ സഹായത്തിന് എത്തിയില്ല.

ചെറ്റക്കുടിലിനും ഇവിടെ ആറായിരം രൂപ വാടക കൊടുക്കണം. പ്ലസ് വണ്ണിനു പഠിക്കുന്ന മകളും ബുദ്ധിമാന്ദ്യമുള്ള മകനും രോഗിയായ ഭര്‍ത്താവും ഭര്‍ത്താവിന്റെ മാതാപിതാക്കളും രേണുകയ്ക്കു മുന്‍പില്‍ ചോദ്യചിഹ്നമായി. ബന്ധു ഇടപെട്ടതോടെ ഈ പത്താം തീയതി വരെ തീയതി നീട്ടിക്കൊടുക്കാന്‍ മനസ്സ് കാണിച്ചു, വാടകക്കാരന്‍. പത്താം തീയതി ചൊവ്വാഴ്ച കഴിഞ്ഞാല്‍ രേണുകയ്ക്ക് കിടപ്പാടമുണ്ടാകില്ല.
വാ മക്കളെ നമുക്ക് കളക്ടറേറ്റില്‍ പോയി സത്യാഗ്രഹമിരിക്കാം, ആരും കണ്ടില്ലെങ്കില്‍ തീവണ്ടിക്കു തല വെച്ച് മരിക്കാം

- അപ്പോള്‍ രേണുക മക്കളോട് പറഞ്ഞു.


എന്റെ മക്കള്‍ക്ക് നല്ല കറി വച്ചു കൊടുക്കാന്‍ പോലും എനിക്കു പാങ്ങില്ല സാറെ...


ജനുവരി നാലാം തീയതിയാണ് സത്യാഗ്രഹമിരിക്കാന്‍ തീരുമാനിച്ചത്. ഏഴു മണിയോടെ ഞാനും കുടുംബവും ഇവിടെ വന്നു. ഷീറ്റു വിരിച്ച് ഇരുന്നു. ഒന്‍പതു മണി വരെ ഒരു കുഞ്ഞു പോലും നിങ്ങള്‍ എന്തിനാണ് ഇവിടെ ഇരിക്കുന്നതെന്നു ചോദിച്ചില്ല. എന്റെ മകള്‍ എറണാകുളം ഈശോഭവനില്‍ പ്ലസ്‌ വണ്ണിലാണ് പഠിക്കുന്നത്. 73% മാര്‍ക്കുണ്ട്. അവളെ പഠിപ്പിക്കാന്‍ എനിക്കു പാങ്ങില്ല. എന്റെ മക്കള്‍ക്കു നല്ല കറി വച്ചു കൊടുക്കാന്‍ പോലും കഴിവില്ലാത്ത അമ്മയാണ് ഞാന്‍. എനിക്കു ഡിസ്‌കിന് അകല്‍ച്ചയുണ്ട്. ചോറ്റാനിക്കര മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കണ്ണിനു തിമിരമുണ്ട്. കണ്ണിനു സൗജന്യ ശസ്ത്രക്രിയ കഴിഞ്ഞതേയുള്ളു. ഞാന്‍ ചത്താലും എന്റെ കുഞ്ഞുങ്ങള്‍ക്ക് ഒരു ആശ്രയം വേണ്ടേ സാറെ... അഞ്ചു മണി കഴിഞ്ഞാല്‍ എനിക്കു കളക്ടറേറ്റിനു മുന്നില്‍ ഈ പെണ്‍കുട്ടിയേയും കൊണ്ട് ഇരിക്കാന്‍ കഴിയില്ല. ഈ കാലത്ത് ആരെയും വിശ്വസിക്കാന്‍ പറ്റില്ല. എനിക്ക് ഒരുത്തരം കിട്ടുന്നതു വരെ ഞാന്‍ ഇവിടെ സത്യാഗ്രഹം ഇരിക്കും. കിട്ടില്ലെങ്കില്‍ ഇവിടെ കിടന്നു മരിക്കും.

ഞാനെന്തു ചെയ്യാനാണെന്നു കളക്ടര്‍


മലയാളത്തില്‍ പരാതി കൊടുത്താല്‍ അതു വായിക്കാന്‍ കളക്ടര്‍ക്ക് അറിയില്ല. മലയാളം അറിയാവുന്ന ആരെയെങ്കിലും കൊണ്ടു വന്ന് ഇരുത്തണം ഇവിടെ - രേണുക നിലവിളിക്കുന്നു.

ഞാനെന്തു ചെയ്യാനാണെന്നാണു കളക്ടര്‍ ചോദിക്കുന്നത്. തഹസീല്‍ദാരെ കാണാനാണു പറയുന്നത്. മൂന്നു മണിക്കൂറിലധികം ഈ കുടുംബത്തിനു കളക്ടറെ കാണാന്‍ കാത്തു നില്‍ക്കേണ്ടി വന്നു- സാമൂഹിക പ്രവര്‍ത്തകയായ സില്‍വി സുനില്‍ കുമാര്‍ പറയുന്നു.

ഒരു ഷെഡ് പണിയാനുള്ള സ്ഥലം കൊടുത്താല്‍ ഞങ്ങള്‍ നാട്ടുകാര്‍ ചേര്‍ന്ന് ഒരു കൂര കെട്ടിക്കൊടുക്കാം. ഈ ദിവസങ്ങളില്‍ സമീപത്തുള്ള ഓട്ടോ ഡ്രൈവര്‍മാരാണ് ഇവര്‍ക്കു ഭക്ഷണം വാങ്ങി കൊടുത്തത്. ആ കരുണ പോലും കാണിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കാകുന്നില്ല. വീണ്ടും ചുവപ്പുനാടയില്‍ കുടുക്കാനാണ് ശ്രമം. സില്‍വി സുനില്‍ കുമാര്‍ പറയുന്നു. മലയാളത്തിലുള്ള പരാതി വായിക്കാന്‍ ഭാഷ അറിയില്ലെങ്കില്‍ അറിയുന്നവരെ കൊണ്ടെങ്കിലും അതു ചെയ്യിക്കണം സില്‍വി രോഷാകുലയാകുന്നു.

ഈയിടെ ലിജിയെന്ന ദളിത് യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ എറണാകുളം ജില്ലാ കളക്ടര്‍ കെ.മുഹമ്മദ് വൈ സഫീറുള്ള ഒപ്പിട്ടു നല്‍കിയതു വിവാദമായിരുന്നു.


ഓരോരുത്തരെയും പ്രത്യേകം അനാഥാലയത്തിലാക്കാമെന്ന് തഹസീല്‍ദാര്‍


നടപടികള്‍ പരിശോധിച്ചു വരികയാണെന്നാണു ജില്ലാകളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയും തഹസീല്‍ദാറും തന്നോടു പറഞ്ഞതെന്നു രേണുക പറയുന്നു. മൂന്നു പേരേയും പ്രത്യേകമായി ഓരോ അനാഥാലയത്തില്‍ പ്രവേശിപ്പിക്കാമെന്നും അധികൃതര്‍ നിര്‍ദ്ദേശം വച്ചുവെന്നും രേണുക പറയുന്നു.

ജനസമ്പര്‍ക്ക പരിപാടി മുതല്‍ ഒരു വീടിനായി രാഷ്ട്രീയക്കാരുടെ മുന്‍പില്‍ പരാതിയുമായി ചെല്ലുന്നതാണ്. എല്ലാ പാര്‍ട്ടിക്കാരുടെ മുന്‍പിലും കൈ നീട്ടിയെങ്കിലും ഫലം ഉണ്ടായില്ലെന്നും രേണുക പറയുന്നു.

സാമൂഹ്യപ്രവര്‍ത്തകരുടെ കരുണയിലാണ് ഈ കുടുംബം നാളുകള്‍ തള്ളി നീക്കുന്നത്. സാങ്കേതികത പറഞ്ഞു സമയം കളയുകയാണ് ഉദ്യോഗസ്ഥര്‍. പട്ടികജാതി വികസനവകുപ്പും ഇവര്‍ക്കു നേരേ കണ്ണടയ്ക്കുന്നു. സമ്പന്നരുടെ കോടിക്കണക്കിനു വരുന്ന കടങ്ങള്‍ എഴുതി തള്ളുന്ന നാട്ടിലാണു തലചായ്ക്കാന്‍ കൂരയില്ലാത്ത ഒരു കുടുംബം ആത്മഹത്യയ്ക്ക് ഒരുങ്ങുന്നത്.

രേണുകയുടെ ഫോണ്‍ നമ്പര്‍: 8943575263

Read More >>