ജിഷ്ണുവിന്റെ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് ആരംഭിക്കും; കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം

തൃശ്ശൂര്‍ റൂറല്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. തൃശൂര്‍ റേഞ്ച് ഐജി എംആര്‍ അജിത്കുമാറാണ് അന്വേഷണത്തിനു ഉത്തരവിട്ടത്. അതേസമയം, ജിഷ്ണുവിന്റെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

ജിഷ്ണുവിന്റെ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് ആരംഭിക്കും; കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം

പാമ്പാടി നെഹ്രു കോളേജില്‍ വിദ്യാര്‍ത്ഥിയായ ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് ആരംഭിക്കും. തൃശ്ശൂര്‍ റൂറല്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. തൃശൂര്‍ റേഞ്ച് ഐജി എംആര്‍ അജിത്കുമാറാണ് അന്വേഷണത്തിനു ഉത്തരവിട്ടത്.

നിലവിലെ തൃശൂര്‍ റൂറല്‍ ഡിവൈഎസ്പിയായ ബിജു കെ സ്റ്റീഫന്‍ അനധികൃത സ്വത്ത് സമ്പാദനകേസില്‍ അന്വേഷണം നേരിടുന്ന ആളായതിനാല്‍ പുതിയ ഉദ്യോഗസ്ഥനാകും കേസ് അന്വേഷിക്കുക. അന്വേഷണം എത്രയുംവേഗം ആരംഭിക്കാനാണു തീരുമാനം.


കോളേജ് മാനേജ്‌മെന്റിന്റേയും അധ്യാപകരുടേയും പീഡനമാണ് ജിഷ്ണുവിന്റെ ആത്മഹത്യക്കു കാരണമെന്നു വിദ്യാര്‍ത്ഥികളും ബന്ധുക്കളും ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ചുള്ള വിശദമായ അന്വേഷണമായിരിക്കും ക്രൈംബ്രാഞ്ച് നടത്തുക. സംഭവത്തിലെ ദുരൂഹതകള്‍ കണ്ടെത്തുകയാണു സിബിഐ ലക്ഷ്യം.

ഇതിനായി പോസ്റ്റ്‌മോര്‍ട്ടം സമയത്തു ജിഷ്ണുവിന്റെ ശരീരത്തില്‍ കണ്ടെത്തിയ മുറിവുകളെപ്പറ്റി അന്വേഷണമുണ്ടാകും. തുടര്‍ന്ന്, അടുത്ത ദിവസം തന്നെ ക്രൈംബ്രാഞ്ച് സംഘം കോളേജിലെത്തി വിദ്യാര്‍ത്ഥികളില്‍ നിന്നു തെളിവെടുക്കും. ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ മൊഴിയെടുക്കും.

സംഭവത്തില്‍ നെഹ്രു കോളേജിനു വീഴ്ച സംഭവിച്ചെന്നാണ് സാങ്കേതിക സര്‍വകലാശാല അന്വഷണ സംഘം പ്രാഥമിക റിപോര്‍ട്ട്. ഇതു ഇന്നു വിദ്യാഭ്യാസ മന്ത്രിക്കു സമര്‍പ്പിക്കാനിരിക്കുകയാണ്. കോളേജിലെത്തി വിദ്യാര്‍ത്ഥികളുടെ മൊഴിയെടുത്തതിന്റെ അടിസ്ഥാനത്തിലായിരുന്നു സംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജിഷ്ണുവിനു മാനസികവും ശാരീരകവുമായ പീഡനം ഏറ്റിരുന്നതായി അന്വേഷണ സംഘത്തോടു വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു.

അതേസമയം, മരണപ്പെട്ട ജിഷ്ണുവിന്റെ കുടുംബത്തിനു സര്‍ക്കാര്‍ 10ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണു ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കൂടാതെ, സ്വാശ്രയ കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാനും യോഗം തീരുമാനിച്ചു. വിദ്യാഭ്യാസ മന്ത്രിക്കാണു സമിതിയുടെ ചുമതല.

സാങ്കേതിക സര്‍വകലാശാലയുമായി അലോചിച്ച് അന്വേഷണ സമിതി സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു.

വെള്ളിയാഴ്ച വൈകുന്നേരമാണ് കോഴിക്കോട് സ്വദേശിയായ ജിഷ്ണു പ്രണോയി (18)യെ പാമ്പാടി നെഹ്രു കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

Read More >>