ലോ അക്കാദമി: രാഷ്ട്രീയസമ്മര്‍ദ്ദത്തെ തുടര്‍ന്ന് സിപിഐഎം ഇടപെടുന്നു; നാരായണന്‍ നായരെ എകെജി സെന്ററിലേക്കു വിളിച്ചുവരുത്തി

അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായര്‍ക്കൊപ്പം സഹോദരനും സിപിഐഎം സംസ്ഥാന സമിതിയംഗവുമായ കോലിയക്കോട് കൃഷ്ണന്‍ നായരും മറ്റൊരു ഡയറക്ടര്‍ ബോര്‍ഡ് അംഗവും നാരായണന്‍ നായരുടെ മകനുമായ നാഗരാജും ചര്‍ച്ചയില്‍ പങ്കെടുത്തു. മുക്കാല്‍ മണിക്കൂറോളം ചര്‍ച്ച നടത്തിയ ശേഷമാണ് ഇവര്‍ മടങ്ങിയത്. ഏതാനും സമയത്തിനുശേഷം ലോ അക്കാദമി ഡയറക്ടര്‍ ബോര്‍ഡ് മീറ്റിങ് ചേരും. അതില്‍ എന്തെങ്കിലും തരത്തിലുള്ള തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോ അക്കാദമി: രാഷ്ട്രീയസമ്മര്‍ദ്ദത്തെ തുടര്‍ന്ന് സിപിഐഎം ഇടപെടുന്നു; നാരായണന്‍ നായരെ എകെജി സെന്ററിലേക്കു വിളിച്ചുവരുത്തി

ലോ അക്കാദമി വിഷയത്തില്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സമവായശ്രമവുമായി സിപിഐഎം. അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായരേയും സഹോദരനും സിപിഐഎം സംസ്ഥാന സമിതിയംഗവുമായ കോലിയക്കോട് കൃഷ്ണന്‍ നായരേയും എകെജി സെന്ററിലേക്ക് വിളിപ്പിച്ചു പാര്‍ട്ടി നേതാക്കള്‍ ചര്‍ച്ച നടത്തി. മറ്റൊരു ഡയറക്ടര്‍ ബോര്‍ഡ് അംഗവും നാരായണന്‍ നായരുടെ മകനുമായ നാഗരാജും ചര്‍ച്ചയില്‍ പങ്കെടുത്തു.

മുക്കാല്‍ മണിക്കൂറോളം ചര്‍ച്ച നടത്തിയ ശേഷമാണ് ഇവര്‍ മടങ്ങിയത്. ഏതാനും സമയത്തിനുശേഷം ലോ അക്കാദമി ഡയറക്ടര്‍ ബോര്‍ഡ് മീറ്റിങ് ചേരും. അതില്‍ എന്തെങ്കിലും തരത്തിലുള്ള തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.


അതേസമയം, പാര്‍ട്ടിയുടെ തീരുമാനം എന്തായിരുന്നാലും അത് അംഗീകരിക്കുമെന്ന് കോലിയക്കോട് കൃഷ്ണന്‍ നായര്‍ മാധ്യമങ്ങളോടു പറഞ്ഞു. എന്നാല്‍ ഒരു തീരുമാനവും ചര്‍ച്ചയില്‍ ഉണ്ടായിട്ടില്ലെന്നും വിഷയവുമായി ബന്ധപ്പെട്ടുണ്ടായ നിര്‍ദേശത്തെതുടര്‍ന്ന് നേതൃത്വങ്ങളെ കാണാനെത്തുക മാത്രമാണുണ്ടായതെന്നും നാഗരാജ് വ്യക്തമാക്കി.

ലോ അക്കാദമി വിഷയത്തില്‍ സിപിഐഎം ഇടപെടാതിരുന്നത് വിവാദമായ പശ്ചാത്തലത്തില്‍ ഇന്നലെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമരപ്പന്തലില്‍ എത്തിയിരുന്നു. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളോട് മാനേജ്‌മെന്റ് വഴങ്ങണമെന്നും പ്രശ്നത്തെ വിദ്യാര്‍ത്ഥി സമരമായി കാണുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ പ്രിന്‍സിപ്പല്‍ രാജി വയ്ക്കണമെന്ന ആവശ്യം കോടിയേരി പരാമര്‍ശിച്ചിരുന്നില്ല. ഭരണപക്ഷ സംഘടനായ എസ്എഫ്‌ഐ തന്നെ ഈ ആവശ്യവുമായി സമര രംഗത്തുള്ളപ്പോഴാണ് കോടിയേരി വിഷയത്തില്‍ നിന്നും ഒഴിഞ്ഞുമാറിയത്.

കഴിഞ്ഞ 19 ദിവസമായി ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികള്‍ സമരം നടത്തിവരികയാണ്. എന്നാല്‍ ഈ തീരുമാനം അംഗീകരിക്കില്ലെന്ന ഉറച്ച തീരുമാനത്തില്‍ തന്നെയാണ് മാനേജ്‌മെന്റ് ഉള്ളത്. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇതോടെ പ്രശ്‌നം വീണ്ടും ഗുരുതരമായ സാഹചര്യത്തിലാണ് പാര്‍ട്ടി ഇടപെടാന്‍ തീരുമാനിച്ചതെന്നാണു വിലയിരുത്തല്‍.

കോളേജില്‍ നടത്തിയ തെളിവെടുപ്പിനുശേഷം വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രിന്‍സിപ്പല്‍ നടത്തിയത് ഗുരുതരമായ നിയമലംഘനമാണെന്നും കോളേജിന്റെ അവസ്ഥ പരിതാപകരമാക്കിയത് അവരാണെന്നതും അടക്കമുള്ള ഗുരുതരമായ വിമര്‍ശനങ്ങള്‍ അടങ്ങിയ ഉപസമിതി റിപ്പോര്‍ട്ട് ഇന്നലെ സര്‍വ്വകലാശാലയ്ക്കു സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നു നടന്ന സിന്‍ഡിക്കേറ്റ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുകയും പരീക്ഷാ ചുമതലകളില്‍ നിന്നും ലക്ഷ്്മി നായരെ അഞ്ചുവര്‍ഷത്തേക്കു ഡീബാര്‍ ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ നടപടികള്‍ക്കായി തീരുമാനം സര്‍ക്കാരിനുവിടുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ തീരുമാനം കാത്തിരിക്കുന്നതിനിടെയാണ് പാര്‍ട്ടിയുടെ സമവായ ശ്രമം. എന്നാല്‍ ലോ അക്കാദമി വിഷയത്തില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായില്ല.

Read More >>