മാവോയിസ്‌റ്റുകളുടെ ഹിറ്റ്‌ലിസ്‌റ്റിൽ വയനാട്ടിലെ മുന്‍ മനോരമാ ലേഖകനുമുണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച്‌ റിപ്പോർട്ട്

കുപ്പുദേവരാജും അജിതയും വെടിയേറ്റ്‌ മരിച്ച നിലമ്പൂര്‍ കാട്ടില്‍ നിന്ന്‌ ലഭിച്ച പെന്‍ഡ്രൈവില്‍ വയനാട്ടിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ്‌ കഴിഞ്ഞകാലങ്ങളില്‍ അഴിമതിക്കേസില്‍ കുടുങ്ങിയവരുടെയും ആരോപണവിധേയരുടെയും പട്ടിക സ്‌പെഷ്യല്‍ ബ്രാഞ്ച്‌ തയ്യാറാക്കിയത്‌. പെന്‍ഡ്രൈവില്‍ ഉദ്യോഗസ്ഥരുടെ പേരും വിവരങ്ങളുമില്ലെങ്കിലും അതത്‌ കാലങ്ങളിലുണ്ടായ പ്രശ്‌നങ്ങളെ അധികരിച്ചാണ്‌ സ്‌പെഷ്യല്‍ ബ്രാഞ്ച്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കി എസ്‌പിയ്‌ക്ക്‌ കൈമാറിയത്‌. ഇതിലാണ്‌ മനോരമ മുന്‍ ചീഫ്‌ റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെ മാവോയിസ്‌റ്റുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നവരാണെന്ന്‌ പറയുന്നത്‌.

മാവോയിസ്‌റ്റുകളുടെ ഹിറ്റ്‌ലിസ്‌റ്റിൽ വയനാട്ടിലെ മുന്‍ മനോരമാ ലേഖകനുമുണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച്‌ റിപ്പോർട്ട്

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കൂടാതെ മാവോയിസ്റ്റുകളുടെ ഹിറ്റ്ലിസ്റ്റിൽ മലയാള മനോരമയുടെ വയനാട്ടിലെ മുൻ ചീഫ് റിപ്പോർട്ടർ സെബാസ്റ്റ്യൻ ജോസുമുണ്ടെന്ന്  സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോർട്ട്.  കുപ്പുദേവരാജും അജിതയും വെടിയേറ്റ്‌ മരിച്ച നിലമ്പൂര്‍ കാട്ടില്‍ നിന്ന്‌ ലഭിച്ച പെന്‍ഡ്രൈവില്‍ നിന്നു ലഭിച്ച വിവരങ്ങൾക്കൊപ്പം വയനാട്ടിലെ പലഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിലെയും നോട്ടീസുകളിലെയും വിവരങ്ങൾ കൂടി കൂട്ടിച്ചേർത്താണ് സ്പെഷ്യൽ ബ്രാഞ്ച് വയനാട് എസ് പിയ്ക്കു റിപ്പോർട്ട് നൽകിയിരിക്കുന്നത്. വെള്ളമുണ്ട പൊലീസ്‌ സ്റ്റേഷനിലെ ഹെഡ് കോണ്‍സ്‌റ്റബിൾ ഹിറ്റ്ലിസ്റ്റിലുണ്ടെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച്‌ വൃത്തങ്ങള്‍ നൽകുന്ന സൂചന.


തിരുനെല്ലിയില്‍ അഗ്രഹാരം റിസോര്‍ട്ട്‌ ഉടമയാണ് സെബാസ്‌റ്റിയന്‍ ജോസ്. ഇദ്ദേഹത്തെ സിപിഐ മാവോയിസ്‌റ്റ്‌ മുമ്പേ ലക്ഷ്യം വച്ചിരുന്നു. രണ്ട്‌ വര്‍ഷം മുമ്പ്‌ അഗ്രഹാരം റിസോര്‍ട്ട്‌ രാത്രിയില്‍ മാവോയിസ്‌റ്റുകള്‍ അടിച്ചുതകർക്കുകയും പോസ്‌റ്റര്‍ പതിക്കുകയും ചെയ്തിരുന്നു. ആദിവാസികള്‍ക്ക്‌ അവകാശപ്പെട്ട ഭൂമി സെബാസ്റ്റ്യന്‍ ജോസ്‌ ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ച്‌ കൈവശപ്പെടുത്തിയെന്നു തെളിയിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നതോടെ ആദിവാസി സംഘടനകള്‍ ഒട്ടേറെ പ്രക്ഷോഭങ്ങളും നടത്തിയിരുന്നു. പോരാട്ടത്തിനു പുറമെ ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുള്ള സംഘടനകളും സമരരംഗത്ത് സജീവമായിരുന്നു.

എന്നാല്‍ ജില്ലാഭരണകൂടം ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. തിരുനെല്ലി പൊലീസ്‌ സ്‌റ്റേഷനും ക്ഷേത്രത്തിനും ഇടയിലാണ്  അഗ്രഹാരം റിസോര്‍ട്ട്‌. ഇത് തലശ്ശേരി സ്വദേശിയ്‌ക്ക്‌ പാട്ടത്തിന്‌ നല്‍കിയിരിക്കെയാണ്‌ സിപിഐ മാവോയിസ്‌റ്റ്‌ കബനീദളം പ്രവര്‍ത്തകരുടെ ആക്രമണം.  രൂപേഷായിരുന്നു ഇതിന്‌ നേതൃത്വം നല്‍കിയതെന്നാണ്‌ പൊലീസ്‌ വിശദീകരണം. ഇതിനിടെ സെബാസ്റ്റ്യന്‍ ജോസ്‌ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചെങ്കിലും റിസോര്‍ട്ടില്‍ പങ്കാളിത്തം തുടരുന്നുണ്ട്‌. ഇയാള്‍ രഹസ്യമായി ഇവിടെ വന്നുപോകാറുണ്ടെന്നും വിവരമുണ്ട്‌.

സെബാസ്റ്റ്യൻ ജോസിനൊപ്പം അഴിമതിക്കാരായ 48 ഉദ്യോഗസ്ഥരുടെ പേരും വിവരങ്ങളുമാണ്‌ സ്‌പെഷ്യല്‍ബ്രാഞ്ച്‌ വയനാട്‌ ജില്ലാ പൊലീസ്‌ മേധാവിക്ക്‌ നല്‍കിയിട്ടുണ്ട്. ഈ വിവരങ്ങള്‍ സംസ്ഥാന ഇന്റലിജന്‍സ്‌ ഡിജിപിയ്‌ക്ക്‌ കൈമാറിയിട്ടുണ്ട്‌.

വെള്ളമുണ്ട കൊളളപ്പലിശയ്ക്ക് പണം കടം കൊടുക്കുന്ന നാസർ എന്നയാളെ സംരക്ഷിച്ചുവെന്നതാണ് വര്‍ഗീസിനെതിരെ മാവോയിസ്‌റ്റുകള്‍ തിരിയാന്‍ കാരണം.  നാസറിനെതിരെ മാവോയിസ്‌റ്റ്‌ പാര്‍ട്ടിയുടെ പേരില്‍ പോസ്‌റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നിര്‍ധനരായ പ്രദേശവാസികളില്‍ ചിലരെ നാസര്‍ പലിശയുടെ പേരില്‍ പീഡിപ്പിച്ചിരുന്നു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും തുടര്‍ നടപടിയുണ്ടാക്കാത്ത സാഹചര്യത്തിലാണ്‌ പോസ്‌റ്ററൊട്ടിച്ച്‌ മാവോയിസ്‌റ്റുകള്‍ പ്രതികാരം ചെയ്യുമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കിയത്‌. ഇതേത്തുടര്‍ന്നാണ്‌ നാസര്‍ പിടിയിലാവുന്നത്‌. നാസറിലെ അറസ്റ്റ്‌ ചെയ്യാതെ പല രഹസ്യങ്ങളും ചോര്‍ത്തി നല്‍കിയത്‌ വര്‍ഗീസാണെന്നാണ്‌ സ്‌പെഷ്യല്‍ബ്രാഞ്ച്‌ നിഗമനം.

വയനാട്‌ കളക്ടറേറ്റിലെ മുന്‍ ഹുസൂര്‍ ശിരസ്‌തദര്‍ കൃഷ്‌ണന്‍കുട്ടിയുടെ പേരും പറഞ്ഞു കേൾക്കുന്നുണ്ട്. "ആശിക്കുന്ന ഭൂമി ആദിവാസിയ്‌ക്ക്‌" പദ്ധതിയില്‍ വന്‍ ക്രമക്കേട്‌ നടത്തിയ കേസിൽ സസ്പെൻഷൻ ലഭിച്ച മുൻ തഹസീൽദാരാണ് കൃഷ്ണൻകുട്ടി. ആദിവാസികള്‍ക്ക്‌ ഭൂമി വിലക്കെടുത്ത്‌ നല്‍കുന്ന പദ്ധതിയിലൂടെ ലക്ഷങ്ങള്‍ തട്ടിയെന്നാണ്‌ കൃഷ്‌ണന്‍കുട്ടിക്കെതിരെയുള്ള ആരോപണം. ആദിവാസികളുടെ ഭൂമിക്കും അടിസ്ഥാന സൗകര്യത്തിനും നല്‍കിയ ലക്ഷങ്ങള്‍ തട്ടിയ കൃഷ്‌ണന്‍കുട്ടിയെയും മാവോയിസ്റ്റുകള്‍ ലക്ഷ്യം വെയ്‌ക്കുന്നതായി സ്‌പെഷ്യല്‍ബ്രാഞ്ച്‌ കരുതുന്നതിന്റെ കാരണവും ഇതാണ്‌.

മാവോയിസ്‌റ്റ്‌ വെടിവെപ്പ്‌ നടന്ന ചാപ്പകോളനിയില്‍ അനുവദിച്ച ഫണ്ടില്‍ നിന്ന്‌ വെട്ടിപ്പ്‌ നടത്തിയ രണ്ട്‌ പട്ടികവര്‍ഗ-പട്ടികജാതി വകുപ്പ്‌ ഉദ്യോഗസ്ഥരുടെ പേരും സ്‌പെഷ്യല്‍ബ്രാഞ്ച്‌ തയ്യാറാക്കിയ പട്ടികയിലുണ്ട്‌. നിരവില്‍പ്പുഴ ട്രൈബല്‍ ഡവലപ്പ്‌മെന്റ്‌ ഓഫീസര്‍ മജീദിന്റെ പേരാണ്‌ ഇതിലൊന്ന്‌. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ നരകതുല്യജവിതമാണ്‌ ചാപ്പയില്‍ ആദിവാസികള്‍ നയിക്കുന്നത്‌. ഇതിന്‌ പ്രധാനകാരണക്കാരന്‍ ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസറാണെന്ന്‌ കാണിച്ചും പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ്‌ മജീദിന്റെ പേരും പട്ടികയില്‍ വന്നത്‌. ഭീഷണി നേരിടുന്ന 48 ഉദ്യോഗസ്ഥര്‍ക്കും മതിയായ സംരക്ഷണം നല്‍കാനാണ്‌ ജില്ലാ പൊലീസ്‌ മേധാവി സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്ന്‌ വിവരങ്ങള്‍ ആവശ്യപ്പെട്ടത്‌.