ഗുജറാത്തില്‍ ദളിതരുടെ പശുക്കള്‍ക്ക് അയിത്തം; ഹിന്ദുക്കളുടെ പശുക്കളുമായി ചേര്‍ന്നു മേഞ്ഞാല്‍ അടിച്ചോടിക്കും

പശുക്കളുമായി ബന്ധപ്പെട്ട് നിരവധിപ്പേര്‍ കൊല്ലപ്പെടുന്ന രാജ്യത്ത് പശു ഗോമാതയായി വാഴ്ത്തപ്പെടുന്നു. എന്നാല്‍ ദളിത് വിഭാഗങ്ങളില്‍പ്പെടുന്നവരുടെ വീടുകളില്‍ വളര്‍ത്തുന്ന പശുക്കളും ഉടമകള്‍ നേരിടുന്ന ജാതീയ വേര്‍തിരിവും അയിത്തവും നേരിടുന്നതായി വാര്‍ത്തകള്‍.

ഗുജറാത്തില്‍ ദളിതരുടെ പശുക്കള്‍ക്ക് അയിത്തം; ഹിന്ദുക്കളുടെ പശുക്കളുമായി ചേര്‍ന്നു മേഞ്ഞാല്‍ അടിച്ചോടിക്കും

ഗോരക്ഷാ സേന അടക്കം തീവ്ര സ്വഭാവമുള്ള സംഘടനകള്‍ പശുക്കളെ ദൈവമായി പ്രഖ്യാപിച്ച് അവയുടെ സംരക്ഷണമെന്ന പേരില്‍ ആളുകളെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന രാജ്യത്ത് ദളിത് വിഭാഗത്തില്‍പ്പെടുന്നവരുടെ വീടുകളില്‍ വളര്‍ത്തുന്ന പശുക്കള്‍ക്കും ജാതീയമായ വിവേചനം. അഹമ്മദാബാദിനടുത്ത് നന്ദല്‍ ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ഏപ്രില്‍ മുതല്‍ പ്രദേശത്തെ ദളിത് കുടുംബങ്ങള്‍ നേരിടുന്ന ജാതിവിവേചനവുമായി ബന്ധപ്പെട്ടാണ് സംഭവം.

പാല്‍, പച്ചക്കറി പോലുള്ള അവശ്യ വസ്തുക്കള്‍ ഇവര്‍ക്ക് നല്‍കാതെയാണ് പ്രദേശത്തെ സവര്‍ണ വിഭാഗം ഇവര്‍ക്ക് സാമൂഹ്യ ബഹിഷ്‌കരണം ഏര്‍പ്പടുത്തിയിരിക്കുന്നത്. ഇതിനെത്തുടര്‍ന്ന് ജീവിക്കാന്‍പറ്റാത്ത സാഹചര്യത്തില്‍ ഇവരില്‍ മൂന്ന് കുടുംബങ്ങള്‍ പ്രദേശം വിട്ടുപോയി. ബാക്കിയുള്ള രണ്ട് കുടുംബങ്ങളോട് തുടരുന്ന ബഹിഷ്‌കരണമാണ് ഇപ്പോള്‍ അവര്‍ വീട്ടില്‍ വളര്‍ത്തുന്ന അഞ്ചു പശുക്കളിലേക്കും നീണ്ടത്. പ്രദേശത്തെ എല്ലാ പശുക്കളും മേയുന്നിടത്താണ് ഈ പശുക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.


ഇതിനെത്തുടര്‍ന്ന് 15 കിലോമീറ്റര്‍ യാത്ര ചെയ്താണ് ഇരുകുടുംബങ്ങളും പശുക്കള്‍ക്ക് പുല്ല് ശേഖരിക്കുന്നത്. ഒന്നുകില്‍ തങ്ങളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണുകയോ അല്ലെങ്കില്‍ കളക്ട്രേറ്റില്‍ താമസ സൗകര്യം ഒരുക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ഇരു കുടുംബങ്ങളും മെഹ്‌സാന ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി.

കഴിഞ്ഞ ഏപ്രിലില്‍ ഈ കുടുംബങ്ങളിലൊന്നിലെ അംഗമായ ബാബു സെനാമ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ തയ്യല്‍ മെഷീന്‍ വാങ്ങാനുള്ള ധനസഹായത്തിന് അപേക്ഷ കൊടുക്കാനെത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. അവിടെ ഉണ്ടായിരുന്ന ദര്‍ബാര്‍ സമുദായത്തിലെ ജുജാര്‍ജി പരമാര്‍ എന്നയാള്‍ യാതൊരു പ്രകോപനവുമില്ലാതെ ബാബുവിന്റെ മുഖത്തടിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. സംഭവത്തെത്തുടര്‍ന്ന് ജുജാര്‍ജിക്കെതിരെ ബാബു പരാതി നല്‍കി. ഇത് ദര്‍ബാര്‍ സമുദായത്തെ പ്രകോപിപ്പിക്കുകയും സ്ഥലത്തെ പ്രമുഖ സമുദായമായ ദര്‍ബാറുകള്‍ ദളിത് കുടുംബങ്ങള്‍ക്ക് സാമൂഹ്യ ബഹിഷ്‌കരണം പ്രഖ്യാപിക്കുകയും ചെയ്തു.

പാല്‍, പച്ചക്കറി പോലുള്ള അവശ്യ സാധനങ്ങളടക്കം എല്ലാത്തിനും വിലക്ക് ഏര്‍പ്പെടുത്തിയതായി പ്രദേശത്തെ ദളിത് ആക്റ്റിവിസ്റ്റ് കൗശിക് ബാബുഭായി പറഞ്ഞു. ബാബുവിനെ മര്‍ദ്ദിച്ചയാള്‍ക്കെതിരെ നല്‍കിയ പരാതിയില്‍ യാതൊരു നടപടിയും സ്വീകരിക്കാതിരുന്ന പോലീസ് സാമൂഹിക ബഹിഷ്‌കരണത്തിനെതിരെ ചെറുവിരലനക്കിയില്ലെന്ന് കൗശിക് പറഞ്ഞു.

പശുവിന് പുല്ല് ശേഖരിക്കാനായി ഓരോ കുടുംബവും 100-150 രൂപ വരെയാണ് പ്രതിദിനം ചെലവഴിക്കുന്നത്. ജാതിവെറിയുടെ ഇരകളായി കാലങ്ങളായി കഴിയുന്ന സമുദായമായതിനാല്‍ തങ്ങള്‍ക്കു നിലവിലെ സാഹചര്യം മനസിലാകുമെന്നു പറഞ്ഞ കൗശിക് മിണ്ടാപ്രാണികളായ പശുക്കളും ഇപ്പോള്‍ ജാതീയതയുടെ ഇരകളായെന്ന് പറഞ്ഞു.

Read More >>