ബന്ധുനിയമന കേസ്: ഇപി ജയരാജനെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ കോടതി സ്വീകരിച്ചു; കേസില്‍ തുടരന്വേഷണത്തിനു അനുമതി

തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് എഫ്‌ഐആര്‍ സ്വീകരിച്ചത്. തുടര്‍ന്ന്, കേസില്‍ തുരന്വേഷണം നടത്താന്‍ കോടതി അനുമതി നല്‍കി. തുടരന്വേഷണം പൂര്‍ത്തിയാവുന്നതോടെ കോടതി കേസ് വീണ്ടും പരിഗണിക്കും.

ബന്ധുനിയമന കേസ്: ഇപി ജയരാജനെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ കോടതി സ്വീകരിച്ചു; കേസില്‍ തുടരന്വേഷണത്തിനു അനുമതി

തിരുവനന്തപുരം: ബന്ധുനിയമന കേസില്‍ മുന്‍ വ്യവസായ മന്ത്രി ഇപി ജയരാജനെതിരെയുള്ള വിജിലന്‍സ് എഫ്‌ഐആര്‍ കോടതി സ്വീകരിച്ചു. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് എഫ്‌ഐആര്‍ സ്വീകരിച്ചത്. തുടര്‍ന്ന്, കേസില്‍ തുരന്വേഷണം നടത്താന്‍ കോടതി അനുമതി
നല്‍കി. തുടരന്വേഷണം പൂര്‍ത്തിയാവുന്നതോടെ കോടതി കേസ് വീണ്ടും പരിഗണിക്കും.

ബന്ധുനിയമന കേസില്‍ ഇപി ജയരാജനെ ഒന്നാം പ്രതിയും പികെ ശ്രീമതിയുടെ മകന്‍ പികെ സുധീര്‍ നമ്പ്യാരെ രണ്ടാം പ്രതിയും വ്യവസായ സെക്രട്ടറി പോള്‍ ആന്റണിയെ മൂന്നാം പ്രതിയുമാക്കിയാണ് വിജിലന്‍സ് ഇന്നലെ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ എംഡിയായി സൂധീര്‍ നമ്പ്യാരെ നിയമിച്ചതാണ് കേസിനാസ്പദമായ സംഭവം.


സുധീര്‍ നമ്പ്യാരെ നിയമിച്ചുകൊണ്ടുള്ള ഫയലില്‍ വ്യവസായ മന്ത്രിയായിരുന്ന ജയരാജനും സെക്രട്ടറിയായ പോള്‍ ആന്റണിയും ഒപ്പിട്ടിട്ടുണ്ടെന്നാണു വിജിലന്‍സ് കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് വിശദാന്വേഷണം ആവശ്യമാണെന്നാണ് വിജിലന്‍സ് എസ്പി കെ ജയകുമാര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ആവശ്യം. കൂടാതെ തെളിവുകളായി കൂടുതല്‍ ഫയലുകള്‍ പിടിച്ചെടുക്കേണ്ടതുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി കെ ജയകുമാര്‍ പറയുന്നു.

നിയമനത്തിന് ചുമതലയുള്ള റിയാബിന്റെ മാനദണ്ഡങ്ങള്‍ ഒഴിവാക്കാന്‍ വ്യവസായമന്ത്രി എന്ന നിലയില്‍ ജയരാജന്‍ ഇടപെട്ടുവെന്നും ബന്ധുവായ സുധീറിന്റെ നിയമനം റിയാബിന്റെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും എഫ്എആറില്‍ പറയുന്നു. റിയാബ് തയ്യാറാക്കിയ രണ്ടുപേരുടെ പട്ടിക തള്ളിയാണ് മതിയായ യോഗ്യതയില്ലാത്ത സുധീറിനെ നിയമിക്കാന്‍ മന്ത്രിയായിരുന്ന ഇപി ജയരാജന്‍ നിര്‍ദ്ദേശിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.

ത്വരിതാന്വേഷണം പൂര്‍ത്തിയാക്കിയാണ് ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു കോടതിയില്‍ സമര്‍പ്പിച്ചത്.
നിയമനത്തില്‍ അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും ഉണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

Read More >>