പട്ടാളം മുതല്‍ ആമിര്‍ വരെ: ഓംപുരി നായകനായ പൊളളുന്ന വിവാദങ്ങള്‍

തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയുന്നതിലൂടെ വിവാദങ്ങൾ ക്ഷണിച്ച് വരുത്തിയിരുന്നു ഓം പുരി. പലപ്പോഴും മാപ്പ് പറയേണ്ടി വന്നെങ്കിലും അദ്ദേഹം തന്റെ ശീലം മാറ്റിയതൊന്നുമില്ല.

പട്ടാളം മുതല്‍ ആമിര്‍ വരെ: ഓംപുരി നായകനായ പൊളളുന്ന വിവാദങ്ങള്‍

ഓം  പുരിയുടെ പ്രതിഭയെപ്പറ്റി വിശദീകരിക്കേണ്ടതില്ല. ശക്തമായ കഥാപാത്രങ്ങളെ മിഴിവോടെ അവതരിപ്പിക്കുന്നതിൽ ഇന്ത്യൻ സിനിമയിലെ അജയ്യന്മാരിലൊരാളായിരുന്നു അദ്ദേഹം. ഇന്ത്യൻ ഭാഷകളിൽ മാത്രമല്ല, ബ്രിട്ടീഷ്, അമേരിക്കൻ സിനിമകളിലും ഓം പുരി മാറ്റുരച്ചിട്ടുണ്ട്. പത്മശ്രീയും ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എമ്പയർ ഓഫീസർ പദവിയും നേടിയിട്ടുണ്ട്.

കലാജീവിതത്തിലെ ഉന്നതികളിൽ വിഹരിക്കുക മാത്രമായിരുന്നില്ല ഓം പുരി. തന്റെ തുറന്നടിച്ചുള്ള അഭിപ്രായപ്രകടനങ്ങൾ കാരണം വിവാദങ്ങളിൽ പെടുന്നതും അദ്ദേഹത്തിന് പതിവായിരുന്നു.


പട്ടാളക്കാരെപ്പറ്റിയാണ് അതിലൊന്ന്. ഒരു ടെലിവിഷൻ പരിപാടിയിൽ ‘പട്ടാളക്കാരോട് ആരു പറഞ്ഞു സൈന്യത്തിൽ ചേരാനും ആയുധമെടുക്കാനും’ എന്ന് ചോദിച്ചത് വലിയ വിവാദമായി. അദ്ദേഹത്തിനെതിരേ കോടതിയിൽ കേസും ഉണ്ടായി. ഒടുവിൽ മാപ്പ് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു ഓം.

അണ്ണാ ഹസാരേയുടെ നിരാഹാരസമരത്തിന്റെ സമയത്താണ് മറ്റൊരു വെടി പൊട്ടിച്ചത്. വിദ്യാഭ്യാസമില്ലാത്ത ഒരു രാഷ്ട്രീയക്കാരനെ ഐ ഏ എസ്, ഐ പി എസ് ഓഫീസർമ്മാർ സല്യൂട്ട് ചെയ്യുന്നത് കാണുമ്പോൾ ലജ്ജ തോന്നുന്നു എന്നായിരുന്നു അത്. പിന്നീട് രാഷ്ട്രീയക്കാരെ വിദ്യാഭ്യാസമില്ലാത്തവർ എന്ന് വിളിച്ചതിൽ ഖേദം രേഖപ്പെടുത്തി.

ആമീർ ഖാൻ രാജ്യത്തെ അസഹിഷ്ണുത കാരണം അരക്ഷ തോന്നുന്നെന്ന്  പറഞ്ഞപ്പോൾ ഓം പുരി ഇങ്ങനെ പ്രതികരിച്ചത് ‘ആമീർ ഖാനും ഭാര്യയ്ക്കും അങ്ങിനെ തോന്നിയതിൽ എനിക്ക് ഞെട്ടലുണ്ടാക്കുന്നു. ആമീർ അസഹിഷ്ണുതയ്ക്കെതിരേ സംസാരിച്ചത് ഊതിവീർപ്പിക്കലാണെന്ന് തോന്നുന്നു’ എന്നായിരുന്നു.

പശുക്കളെ അറക്കുന്നതിനെപ്പറ്റി ചർച്ചകൾ ഉണ്ടായപ്പോഴും ഓം അടങ്ങിയിരുന്നില്ല. പശുക്കളെ അറക്കുന്നത് നിരോധിക്കണമെന്ന് പറയുന്നവർ കാപട്യക്കാരാണ്. ബീഫ് കയറ്റുമതി ചെയ്ത് ഡോളറുകൾ വാങ്ങുന്നുണ്ടല്ലോ നമ്മൾ, എന്നായിരുന്നു കമന്റ്.

നക്സലുകൾ തീവ്രവാദികളല്ല എന്ന് പറഞ്ഞ് പിന്നൊരു കോളിളക്കമുണ്ടാക്കി ഓം പുരി. നക്സലുകൾ ഉത്തരവാദിത്തമില്ലാത്തവരല്ല. അവർ അവരുടെ അവകാശങ്ങൾക്കു വേണ്ടിയാണ് ബോംബുകൾ എറിയുന്നത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ശരിയോ തെറ്റോ ആകട്ടെ, സ്വന്തം അഭിപ്രായം തുറന്ന് പറയാൻ ഒട്ടും ഭയക്കാത്ത ഒരു വ്യക്തിത്വമായിരുന്നു ഓം പുരി.

Story by