എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു നഷ്ടപരിഹാരം; സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സമയബന്ധിത നടപടി കൈക്കാള്ളുമെന്നു മന്ത്രി

ദുരിതം അനുഭവിക്കുന്നവര്‍ക്കെല്ലാം ധനസഹായം ഉറപ്പാക്കുമെന്നു പറഞ്ഞ മന്ത്രി പുതിയ സര്‍ക്കാര്‍ പുനസംഘടിപ്പിച്ച എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ ആദ്യ യോഗം 17 നു കാസര്‍കോട് ചേരുമെന്നും വ്യക്തമാക്കി.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു നഷ്ടപരിഹാരം; സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സമയബന്ധിത നടപടി കൈക്കാള്ളുമെന്നു മന്ത്രി

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതി വിധി സര്‍ക്കാര്‍ നടപ്പാക്കുമെന്നു റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. ഇതിനായി സമയബന്ധിത പദ്ധതി കൈക്കൊള്ളും. ദുരിതം അനുഭവിക്കുന്നവര്‍ക്കെല്ലാം ധനസഹായം ഉറപ്പാക്കുമെന്നു പറഞ്ഞ മന്ത്രി പുതിയ സര്‍ക്കാര്‍ പുനസംഘടിപ്പിച്ച എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ ആദ്യ യോഗം 17 നു കാസര്‍കോട് ചേരുമെന്നും വ്യക്തമാക്കി.

അര്‍ഹര്‍ പട്ടികയില്‍നിന്നു പുറന്തള്ളപ്പെട്ടുവെന്ന പരാതിയുണ്ടെങ്കില്‍ അതു പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. പട്ടികയില്‍ പോരായ്മയുണ്ടെങ്കില്‍ തിരുത്തും. കീടനാശിനി കമ്പനികളില്‍ നിന്നാണു ഇരകള്‍ക്കുള്ള നഷ്ടപരിഹാര തുക ഈടാക്കേണ്ടത്. എന്നാല്‍ അവര്‍ അതിനു തയ്യാറായില്ലെങ്കില്‍ നിയമപരമായി നേരിടാം. കമ്പനികളില്‍ നിന്നു പണം കിട്ടുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ സര്‍ക്കാരിനെന്തു ചെയ്യാമെന്ന കാര്യത്തില്‍ അടുത്ത മന്ത്രിസഭായോഗം തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നിലവില്‍ 5188 പേരാണു പട്ടികയിലുള്ളത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്‌നത്തിലുള്ള സുപ്രീം കോടതി വിധി വലിയ സന്തോഷം നല്‍കുന്നതായി മന്ത്രി പറഞ്ഞു. മൂന്നു മാസത്തിനകം തുക ലഭ്യമാക്കണമെന്ന സുപ്രീം കോടതി വിധി അതേപടി നടപ്പാക്കാനാണു സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.