വിദ്യാര്‍ത്ഥി പീഡനം; മറ്റക്കര ടോംസ് കോളേജിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

കോളേജില്‍ നടത്തിയ പരിശോധനയ്ക്കു ശേഷം സാങ്കേതിക സര്‍വ്വകലാശാല രജിസ്ട്രാര്‍ ജിപി പത്മകുമാര്‍ സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ടോംസ് കോളേജ് പ്രവര്‍ത്തിക്കുന്നത് വ്യാജ അഫിലിയേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടിയാണെന്നും അതിനാല്‍ അഫിലിയേഷന്‍ റദ്ദാക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.

വിദ്യാര്‍ത്ഥി പീഡനം; മറ്റക്കര ടോംസ് കോളേജിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: വിദ്യാര്‍ത്ഥി പീഡനത്തെ തുടര്‍ന്ന് സാങ്കേതിക സര്‍വ്വകലാശാല പരിശോധന നടത്തിയതിനു പിന്നാലെ മറ്റക്കര ടോംസ് എന്‍ജിനീയറിങ് കോളേജിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. പരിശോധനയ്ക്കു ശേഷം സാങ്കേതിക സര്‍വ്വകലാശാല രജിസ്ട്രാര്‍ ജിപി പത്മകുമാര്‍ സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

അന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ വിദ്യാഭ്യാസ മന്ത്രിക്കു സമര്‍പ്പിച്ചിരുന്നു. ടോംസ് കോളേജ് പ്രവര്‍ത്തിക്കുന്നത് വ്യാജ അഫിലിയേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടിയാണെന്നും അതിനാല്‍ അഫിലിയേഷന്‍ റദ്ദാക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. വ്യാജ അനുമതി പത്രം നേടിയാണ് കേളേജ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമായതിനെ തുടര്‍ന്ന് സാങ്കേതിക സര്‍വ്വകലാശാലയിലെ മൂന്നു ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. രണ്ട് സര്‍വ്വകലാശാല അസി. രജിസ്ട്രാര്‍ക്കും അക്കാദമിക് ഡയറക്ടര്‍ക്കുമാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.


മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ ടോംസ് കോളേജിന് 2016-17 വര്‍ഷത്തെ അഫിലിയേഷന്‍ നല്‍കുന്നതു സംബന്ധിച്ച് സര്‍വ്വകലാശാല തീരുമാനമെടുത്തിരുന്നില്ല. അതിനാലാണ് കേളേജിന് അനുമതി നല്‍കാതിരുന്നത്. എന്നാല്‍ രജിസ്ട്രാറുടെ പേരില്‍ അനുമതിപത്രം ലഭിച്ചെന്നാണ് കേളേജ് അധികൃതരുടെ വാദം. സര്‍വ്വകലാശാല ഇമെയില്‍ വഴിയാണ് അനുമതി പത്രം അയച്ചുതന്നെതെന്നും കേളേജ് അധികൃതര്‍ പറയുന്നു.

എന്നാല്‍ ഈ അനുമതി പത്രത്തില്‍ ഒപ്പോ ക്യൂ ആര്‍ കോഡോ ഇല്ല. അതിനാല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയതാണെന്നാണ് കണ്ടെത്തല്‍. അഫിലിയേഷന്‍ അപേക്ഷ സംബന്ധിച്ച ഫയല്‍ കണ്ടിട്ടില്ലെന്നാണ് സര്‍വ്വകലാശാല രജിസ്ട്രാര്‍ പറയുന്നത്. സര്‍വ്വകലാശാലയുടെ ഇ-ഗവേണിങ് സംവിധാനത്തില്‍ ഗുരുതര പാളിച്ച ഉണ്ടായിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും രജിസ്ട്രാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

മറ്റക്കര ടോംസ് എന്‍ജിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുള്ള മാനേജ്‌മെന്റിന്റെ പീഡനത്തെക്കുറിച്ചുള്ള വാര്‍ത്ത നാരദാ ന്യൂസാണ് പുറത്തുവിട്ടത്. സംഭവം വിവാദമായതോടെ സര്‍വ്വകലാശാല രജിസ്ട്രാര്‍ പരിശോധന നടത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമായിരുന്നു.

Read More >>