സര്‍ക്കാര്‍ ഭൂമിയില്‍ മദ്യകമ്പനിയുടെ തടയണ; കോടികളുടെ കളിമണ്ണും വെള്ളവും കടത്താന്‍ അധികൃതരുടെ ഒത്താശ

അഴിമതിയുടെ ഈ പുതുവഴികള്‍ കാണണമെങ്കില്‍ പാലക്കാട് പുതുശ്ശേരി പഞ്ചായത്തില്‍ വേലഞ്ചേരി എന്ന സ്ഥലത്ത് എത്തണം. ഇവിടെ ആനമലയുടെ അരികില്‍ ചെല്ലങ്കാവിലാണ് 'നാട്ടുകാർക്കു വേണ്ടി നിർമ്മിച്ച' തടയണ.

സര്‍ക്കാര്‍ ഭൂമിയില്‍ മദ്യകമ്പനിയുടെ തടയണ; കോടികളുടെ കളിമണ്ണും വെള്ളവും കടത്താന്‍ അധികൃതരുടെ ഒത്താശ

സര്‍ക്കാര്‍ ഭൂമിയിലെ കോടികള്‍ വിലമതിയ്ക്കുന്ന കളിമണ്ണും വെള്ളവും എങ്ങിനെ ഒരു സ്വകാര്യ മദ്യകമ്പനിയ്ക്ക് വില്‍ക്കാം,  നാട്ടുകാര്‍ക്കെന്ന പേരില്‍ നിർമ്മിച്ച തടയണ  മദ്യകമ്പനിയ്ക്ക് എങ്ങിനെ തീറെഴുതാം?   അഴിമതിയുടെ ഈ പുതുവഴികള്‍ കാണണമെങ്കില്‍ പാലക്കാട് പുതുശ്ശേരി പഞ്ചായത്തില്‍ വേലഞ്ചേരി എന്ന സ്ഥലത്ത് എത്തണം. ഇവിടെ ആനമലയുടെ അരികില്‍ ചെല്ലങ്കാവിലാണ് 'നാട്ടുകാർക്കു വേണ്ടി നിർമ്മിച്ച' തടയണ.

രണ്ടരക്കോടി മുടക്കി തടയണ നിർമ്മിച്ചത് കഞ്ചിക്കോട് പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് ബ്രിവറീസ് ലിമിറ്റഡ് എന്ന മദ്യകമ്പനി. സോഷ്യല്‍ സര്‍വീസിന്റെ ഭാഗമായി ആ പ്രദേശത്തുക്കാര്‍ക്കു വേണ്ടിയാണത്രെ ഇത് നിര്‍മ്മിച്ചത്. രണ്ടരക്കോടി മുടക്കിയെന്നു കമ്പനി പറയുന്ന തടയണയ്ക്കു പത്തു പടികളും രണ്ടു ചെറിയ വാല്‍വുകളുമാണുള്ളത്. രണ്ടു ഗ്രില്ലുകളും ഉണ്ട്. എത്ര വാരിക്കോരി ചെലവിട്ടാലും പരമാവധി 25 ലക്ഷം രൂപയ്ക്കു താഴെയെ ചെലവു വരൂ.


https://www.youtube.com/watch?v=PG3tLSfDBc8&feature=youtu.be

പഞ്ചായത്തിന്റേയോ, സര്‍ക്കാറിന്റേയോ പണം അല്ലാത്തതു കൊണ്ടും മദ്യക്കമ്പനി സ്വന്തം കൈയില്‍ നിന്നു മുടക്കിയതുകൊണ്ടും സര്‍ക്കാര്‍ പണം ആരും തട്ടിയെടുത്ത് അഴിമതി കാണിച്ചെന്നു പറയാനാവില്ല. എന്നാല്‍ റവന്യൂ ഭൂമിയില്‍  തടയണ കെട്ടി സ്ഥലം മദ്യക്കമ്പനി സ്വന്തമാക്കിയെന്നറിയുമ്പോഴാണു രണ്ടരക്കോടിയുടെ ചെലവിന്റെ വഴികളിൽ സംശയത്തിന്റെ നിഴലുവീഴുന്നത്.

തടയണ നിര്‍മ്മാണത്തിനു മുടക്കിയെന്നു പറയുന്ന രണ്ടരക്കോടി കൂടാതെ പിന്നേയും കോടികള്‍ ഒഴുകിയാലെ ഇങ്ങിനെയൊന്നു നടക്കൂ എന്നുറപ്പാണ്. എന്നാല്‍ ഇക്കാര്യത്തിനു കലക്‌ട്രേറ്റ് മുതല്‍ വില്ലേജ് വരെയുള്ള ഉദ്യോഗസ്ഥരുടേയും പഞ്ചായത്ത് തലം മുതല്‍ മുകളിലോട്ട് എല്ലാ രാഷ്ട്രീയക്കാരുടേയും പിന്തുണയും ലഭിച്ചുവെന്നതാണ് സത്യം.

തടയണയുടെ ചരിത്രം


ഒഴുകുന്ന തോട്ടിലും പുഴയിലുമൊക്കെ വെള്ളം തടഞ്ഞ് നിര്‍ത്താനാണ് തടയണ സാധാരണ നിര്‍മ്മിക്കാറുള്ളത്. എന്നാല്‍ കരഭൂമി പത്തടിയോളം താഴ്ത്തി ഒരു തോട് തന്നെ ഉണ്ടാക്കി അവിടെ തടയണ നിര്‍മ്മാണം  കേട്ടുകേള്‍വി ഇല്ലാത്തതാണ്.  പുതുശ്ശേരി പഞ്ചായത്തിന്റെ കഴിഞ്ഞതും ഇപ്പോഴുള്ളതുമായ ഭരണസമിതികളുടെ പരിപൂര്‍ണ ഒത്താശയില്ലാതെ ഇതു ചെയ്യാനാവില്ല.ചെല്ലങ്കോട് കുടുംബത്തിന്റെ പത്തര ഏക്കര്‍ വരുന്ന കുളം ഇവിടെ ഉണ്ടായിരുന്നു. 1993 ല്‍ ഈ കുളം റവന്യൂ വകുപ്പ് ഏറ്റെടുത്തിരുന്നു. വെള്ളമില്ലാതെ ഉപയോഗശൂന്യമായി കിടന്നിരുന്ന കുളത്തിനോട് ചേര്‍ത്താണ് പത്തടിയോളം താഴ്ത്തി മണ്ണെടുത്ത് തോടാക്കിയത്. കരയിലെ മണ്ണ് വരെ എടുത്തതിനാല്‍ വൈദ്യുതി കാലുകള്‍ വരെ പുതിയതായി ഉണ്ടാക്കിയ പുഴയിലാണ് നില്‍ക്കുന്നത്. നാലു വശവും വെള്ളത്തില്‍ ചുറ്റി നില്‍ക്കുന്ന ഈ വൈദ്യുതി കാലുകള്‍ മറിഞ്ഞു വീഴാനും സാദ്ധ്യതയേറെയാണ്.

വഴിയില്ലാത്ത സ്ഥലത്തു തടയണ, വാര്‍ഡേതെന്നുപോലും തര്‍ക്കം
സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു കൂടിയാണ് ഇവിടേയ്ക്കു വഴിയുള്ളത്. അവിടെ ഒരു അനധികൃത ഇഷ്ടിക ചൂള പ്രവര്‍ത്തിക്കുന്നുണ്ട്. ആയിരക്കണക്കിന് ഇഷ്ടികകള്‍ ഉണ്ടാക്കുന്ന ചൂളയ്ക്കു സമീപം തൊഴിലാളികളുടെ ഓലപ്പുരകളുണ്ട്.  കോടികള്‍ മുടക്കി ജനക്ഷേമത്തിനായി പഞ്ചായത്തിന്റെ ഒത്താശയോടെ മദ്യ കമ്പനി നിര്‍മ്മിച്ച തടയണയിലേക്കാണ് ഒരു വഴി പോലും ഇല്ലാത്തത്.തടയണ കുഴിച്ചും കെട്ടിപ്പൊക്കിയും ഉണ്ടാക്കിയ വാര്‍ഡിനെ പറ്റി തര്‍ക്കവുമുണ്ട്. നേരത്തെ നാലാം വാര്‍ഡായിരുന്ന പ്രദേശം പിന്നീട് അഞ്ചാം വാര്‍ഡാക്കി മാറ്റുകയായിരുന്നത്രെ. എന്നാല്‍ അതിനു കൃത്യമായ രേഖയില്ലെന്നും ആക്ഷേപമുണ്ട്. ഈ പ്രദേശത്തു കുടുംബങ്ങള്‍ ഒന്നും താമസിക്കുന്നില്ല.വാര്‍ഡ് തര്‍ക്കം നില നില്‍ക്കുന്നതിനാല്‍ ഉത്ഘാടനത്തിന് സ്ഥാപിച്ച ശിലാഫലകത്തില്‍ വാര്‍ഡ് നമ്പറോ അംഗത്തിന്റെ പേരോ ചേര്‍ത്തിട്ടില്ല.  വാര്‍ഡ് നാലായാലും അഞ്ചായാലും അവിടത്തെ മെമ്പര്‍മാരെ തടയണയുടെ നിര്‍മ്മാണം ഉള്‍പ്പടെയുള്ള ഒരു കാര്യവും അറിയിച്ചിട്ടില്ല.

കടത്തിയതു കോടികള്‍ വിലമതിക്കുന്ന കളിമണ്ണ്


ഏറ്റവും വിലയേറിയതും ഗുണമേന്‍മയുള്ളതുമാണ് ഈ പ്രദേശത്തെ കളിമണ്ണ്.  നൂറിലേറെ അനധികൃത ഇഷ്ടിക ചൂളകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മണ്ണ് തൃശ്ശൂര്‍ ജില്ലയിലെ ഓട്ടുകമ്പനികളിലെത്തിച്ചാല്‍ ഒരു ലോഡിന് അരലക്ഷത്തിലേറെ രൂപ  വില കിട്ടും. ഇങ്ങിനെയുള്ള ആയിരക്കണക്കിന് യൂണിറ്റ് കളിമണ്ണാണ് തടയണയുടെ പേരില്‍ കുഴിച്ചു കടത്തിയത്. 2016 ഏപ്രില്‍ - മെയ് മാസങ്ങളിലാണു തടയണയുടെ പേരിലുള്ള മണ്ണെടുക്കല്‍ തുടങ്ങിയത്. മൂന്ന് ഹിറ്റാച്ചി, രണ്ട് ജെ. സി ബി, പത്ത് ട്രാക്ടര്‍, നാല്‍പ്പതു ടിപ്പറുകളിലായി ഒന്നരമാസത്തോളം മണ്ണെടുത്തു. മഴക്കാലം തുടങ്ങുന്നതിനു മുമ്പു തന്നെ മണ്ണെടുത്തു കടത്തിയിരുന്നു.

മണ്ണു പുറത്തേക്കു കൊണ്ടു പോകാന്‍ തുടങ്ങിയതു തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം
ആദ്യമൊക്കെ കളിമണ്ണെടുത്ത് പരിസരത്തു തന്നെ സൂക്ഷിക്കുകയാണു ചെയ്തിരുന്നത്. കളിമണ്ണെടുക്കാന്‍ തുടങ്ങി 20 ദിവസത്തിനു ശേഷം പാലക്കാട് നിന്നും തഹസില്‍ദാറും പുതുശ്ശേരി സെന്‍ട്രല്‍ വില്ലേജ് ഓഫീസറും സ്ഥലത്തെത്തി പരിശോധന നടത്തി. ആ ദിവസം മണ്ണെടുപ്പ് നിര്‍ത്തി വച്ചു. എന്നാല്‍ ഇവര്‍ വന്നു പോയതിനു പിറ്റേന്നു മുതല്‍ കളിമണ്ണ് എടുക്കുക മാത്രമല്ല അതു പുറത്തേക്കു കൊണ്ടു പോകാനും തുടങ്ങി. ഇങ്ങിനെ പണി തീരും മുമ്പെ സ്ഥലത്തു നിന്ന് മുഴുവന്‍ കളിമണ്ണും കൊണ്ടുപോയിരുന്നു. ഇനി പരാതി ഉണ്ടായി ഏതെങ്കിലും കാലത്ത് ആരെങ്കിലും വന്നു പരിശോധിച്ചാല്‍ കാണിക്കാനായി തൊട്ടടുത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കുറച്ചു കളിമണ്ണ് സൂക്ഷിച്ചിട്ടുണ്ട്. ഒരു ദിവസം എടുത്ത മണ്ണിന്റെ അത്ര പോലും അളവു വരില്ല ഇത്.

കോടികളുടെ കളിമണ്ണു കടത്താന്‍ നല്‍കിയതും ലക്ഷങ്ങള്‍


വില കൂടിയ കളിമണ്ണെടുത്തു വില്‍പ്പന നടത്തുമ്പോള്‍ സ്ഥലത്തിന്റെ ഉടമസ്ഥനാണു സാധാരണയായി മണ്ണിന്റെ വില നല്‍കേണ്ടി വരാറുള്ളത്.  ഇതു സര്‍ക്കാര്‍ ഭൂമിയായതിനാല്‍ വില കൊടുക്കുന്നതിനു പകരം മണ്ണെടുത്തു കൊണ്ടു പോകുന്നതിന് അങ്ങോട്ടു പണം നല്‍കുകയാണു ചെയ്തത്. പഞ്ചായത്തിന്റെ കരാറുകാരന് ഇതിനായി 30 ലക്ഷം രൂപ നല്‍കി.

കളിമണ്ണിന് പുറമെ വെള്ളവും മദ്യക്കമ്പനിയ്ക്കു സ്വന്തം


കോടികളുടെ കളിമണ്ണ് കടത്തിയതിനു പുറമെ ഇനിമുതല്‍ ഇവിടെ സംഭരിക്കപ്പെടുന്ന മുഴുവന്‍ വെള്ളവും മദ്യ കമ്പനിയാണു കൊണ്ടുപോകുന്നത്. ആഴത്തില്‍ മണ്ണെടുത്തതിനാല്‍ സമീപപ്രദേശങ്ങളിലെ കിണറുകളിലേയും കുളങ്ങളിലേയും വെള്ളത്തിന്റെ നീരൊഴുക്ക് ഇതിലേയ്ക്കായി. ക്രമേണ വറ്റാനും തുടങ്ങി.മഴ വെള്ളവും മലയടിവാരത്തില്‍ നിന്നു വരുന്ന വെള്ളവും സംഭരിച്ചു നിര്‍ത്താം. പക്ഷെ ഇതിന്റെ പ്രയോജനം ഇവിടത്തെ കര്‍ഷകര്‍ക്കോ നാട്ടുകാര്‍ക്കോ ലഭിക്കില്ല. കാരണം വളരെ താഴ്ന്ന നിലയിലാണ് പുതിയ ജലസംഭരണി നിര്‍മ്മിച്ചിട്ടുള്ളത്. ഇതില്‍ നിന്നു സമീപത്തെ ഉയര്‍ന്ന പാടങ്ങളിലേയ്ക്ക് വെള്ളം തുറന്നു വിടാനാവില്ല.

മഴക്കാലത്ത് വെള്ളം അധികമായി വന്നാല്‍ പുറത്തേക്കു വെള്ളം ഒഴുകി പോകാനായി മാത്രമാണു രണ്ടു വാല്‍വുകള്‍ പുറത്തേക്കു വച്ചിട്ടുള്ളത്. കെട്ടിനില്‍ക്കുന്ന വെള്ളം മോട്ടോര്‍ ഉപയോഗിച്ച് ടാങ്കര്‍ ലോറിയില്‍ നിറച്ചു കൊണ്ടു പോയാല്‍ മാത്രമേ ഇതിലെ വെള്ളം ഉപയോഗിക്കാനാവൂ. അങ്ങിനെ മദ്യ കമ്പനിയ്ക്ക് വെള്ളം കൊണ്ടുപോകാന്‍ കഴിയുന്ന വിധത്തിലാണ് തടയണയുടെ നിര്‍മ്മാണം.

അപേക്ഷ നല്‍കിയതു മുന്‍ ഭരണസമിതിയ്ക്ക്, നിര്‍മ്മാണവും ഉത്ഘാടനവും നടക്കുന്നത് ഇപ്പോള്‍


പുതുശ്ശേരി പഞ്ചായത്തില്‍ കഴിഞ്ഞ യുഡിഎഫ് ഭരണ സമിതിക്കാണ് സോഷ്യല്‍ വര്‍ക്കിന്റെ ഭാഗമായി തടയണ നിര്‍മ്മിക്കാന്‍ യുണൈറ്റഡ് ബ്രിവറീസ് ലിമിറ്റഡ്  അപേക്ഷ നല്‍കിയത്. അപേക്ഷ അന്നത്തെ ഭരണ സമിതി അനുവദിച്ചു. പക്ഷെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് എല്‍ ഡി എഫ് ഭരണസമിതി വന്ന ശേഷമാണ്. ഏപ്രില്‍ -മെയ് മാസത്തില്‍ മണ്ണെടുത്ത് തോടുണ്ടാക്കി. മഴയത്ത് അതില്‍ വെള്ളം നിറഞ്ഞപ്പോള്‍ ഒരു കരയില്‍ കാല്‍ഭാഗത്തോളം സ്ഥലത്താണ് തടയണയെന്ന പേരില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ബാക്കി ഭാഗത്ത് കരഭാഗം അങ്ങിനെ കിടക്കുകയാണ്.പടികള്‍ കെട്ടല്‍, വാല്‍വ് സ്ഥാപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണു തടയണയുടെ പേരില്‍ കമ്പനി നടത്തിയത്. ഇക്കഴിഞ്ഞ സെപ്തംബര്‍ 21 നു യുണൈറ്റഡ് ബ്രിവറീസ് മാനേജിങ്ങ് ഡയറക്ടര്‍ ഉല്‍ഘാടനം നടത്തി. പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ ഉണ്ണിക്കൃഷ്ണനും പങ്കെടുത്തിരുന്നു. ഉല്‍ഘാടന ചടങ്ങിനു ശേഷം പഞ്ചായത്ത് ഹാളില്‍ കമ്പനി വക വിഭവ സമൃദ്ധമായ ഭക്ഷണവും മറ്റ് ആഘോഷങ്ങളും നടത്തിയിരുന്നു.

കൃത്യമായ വിശദീകരണമില്ലാതെ പഞ്ചായത്ത് 


സര്‍ക്കാര്‍ ഭൂമിയും അവിടത്തെ മണ്ണും വെള്ളവും സ്വകാര്യ മദ്യ കമ്പനിയ്ക്ക് തീറെഴുതിയതിനെ പറ്റി ചോദിച്ചപ്പോള്‍ കൃത്യമായ ഉത്തരമൊന്നും പഞ്ചായത്തില്‍ നിന്നു ലഭിച്ചില്ല. പഞ്ചായത്തിന് ഒരു ചെലവും വരാത്ത പദ്ധതിയായതിനാലാണ് സ്വകാര്യ സ്ഥലത്ത് ഇത് നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയതെന്നായിരുന്നു പഞ്ചായത്തിന്റെ വിശദീകരണം. കൊണ്ടു പോയ കളിമണ്ണിനെ വെള്ളത്തെ പറ്റിയൊന്നും ഒന്നും അറിയില്ലെന്നാണ് മറുപടിയാണ് ലഭിച്ചത്.

Read More >>