ചലോ തിരുവനന്തപുരം: കെ.കെ കൊച്ച് എന്തിനാണ് 'അധീശത്വ സമൂഹത്തിന്റെ വരേണ്യബോധം' പിന്‍പറ്റുന്നത്?

ജനുവരി 15,16 തീയതികളില്‍ കെ.കെ കൊച്ച് 'മാധ്യമം' പത്രത്തില്‍ എഴുതുകയും ഉത്തരകാലം പുനഃപ്രസിദ്ധീകരിക്കുകയും ചെയ്ത "ഭൂ അധികാര സമരങ്ങളും  മുസ്ലീംങ്ങളും", "നില്‍ക്കുന്ന തറയുടെ ചൂടറിയാത്തവര്‍" എന്നീ ലേഖനങ്ങള്‍ ഏറെ തെറ്റിധാരണ ഉണ്ടാക്കുന്നതും വസ്തുതകളുടെ യാതൊരു പിന്‍ബലമില്ലാത്തതുമാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് പക്ഷെ യാഥാര്‍ത്ഥ്യത്തെ  ഇല്ലാതാക്കാന്‍ കഴിയില്ല - 'ചലോ തിരുവനന്തപുരം' പ്രസ്ഥാനത്തിന്‍റെ കോ ഓര്‍ഡിനേറ്റര്‍ കെ. സന്തോഷ് കുമാര്‍ എഴുതുന്നു.

ചലോ തിരുവനന്തപുരം: കെ.കെ കൊച്ച് എന്തിനാണ്

കെ. സന്തോഷ് കുമാര്‍

ഭൂസമരങ്ങളുടെയും ആദിവാസി, ദളിത്, മത്സ്യത്തൊഴിലാളി, തോട്ടം തൊഴിലാളികളുടെയും സ്ത്രീകളുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും ഇതര പിന്നോക്ക ജനങ്ങളുടെയും ബഹുജന പ്രസ്ഥാനങ്ങളുടെയും മുന്‍കൈയില്‍ കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക മണ്ഡലത്തില്‍ പാര്‍ശ്വവല്‍കൃതരുടെ സ്ഥാനം ഉറപ്പിക്കാന്‍ നടത്തപ്പെടുന്ന 'ചലോ തിരുവനന്തപുരം' പ്രസ്ഥാനത്തിന്റെ പ്രധാന മുദ്രാവാക്യം 'ജാതിക്കോളനികള്‍ തുടച്ച് നീക്കുക', 'കേരള മോഡല്‍ പൊളിച്ചെഴുതുക' എന്നതാണ്.


ജാതീയ അധികാരബന്ധങ്ങളാലും മൂലധനശക്തികളാലും  പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ സാമൂഹിക രാഷ്ട്രീയ അധികാരത്തിനായി നിലവിലെ സാമൂഹിക ബന്ധങ്ങളെയും അധികാര ബന്ധങ്ങളെയും പൊളിച്ചെഴുതുന്ന ഒരു സാമൂഹിക ജനാധിപത്യ സങ്കല്പമാണ് "ചലോ തിരുവനന്തപുരം" മുന്നോട്ടു വച്ചിട്ടുള്ളത്.

       ചലോ തിരുവനന്തപുരം മുദ്രാവാക്യങ്ങള്‍


[caption id="attachment_76375" align="aligncenter" width="549"]
തൃശൂരില്‍ നടന്ന ചലോ തിരുവനന്തപുരം പ്രഖ്യാപനം[/caption]

  • കേരളത്തിന്റെ സമഗ്ര പുനര്‍നിര്‍മ്മിതിക്കായി 'ടാറ്റ - ഹാരിസണ്‍' ഉൾപ്പടെയുള്ള കോര്‍പ്പറേറ്റുകള്‍ നിയമവിരുദ്ധമായി കൈയടക്കി വച്ചിരിക്കുന്ന തോട്ടം ഭൂമി നിയമനിര്‍മ്മാണത്തിലൂടെ ഏറ്റെടുത്ത് ഭൂരഹിതര്‍ക്കു വിതരണം ചെയ്യുക.

  • സമഗ്ര ഭൂവിതരണ - വിനിയോഗ പദ്ധതി നടപ്പിലാക്കുക.

  • ജാതിക്കോളനികള്‍ തുടച്ചു നീക്കുന്നതിന് ഒരു കുടുംബത്തില്‍ ഒരാള്‍ക്കു ജോലി നല്‍കാന്‍ എസ് സി പി / ടി എസ് പി ഫണ്ട് വിനിയോഗിക്കുക.

  • എയിഡഡ് / പൊതുമേഖല നിയമനങ്ങള്‍ പി എസ് സി ക്ക് വിടുക, സാമൂഹിക വനാവകാശവും സ്വയഭരണാവകാശവും നടപ്പിലാക്കുക.

  • തീരദേശ - കടലാവകാശം നടപ്പിലാക്കുക.

  • സ്ത്രീ സുരക്ഷ നിയമങ്ങള്‍ കര്‍ശനമാക്കുക.

  • ട്രാന്‍സ് ജെന്‍ഡര്‍ പരിരക്ഷാ പദ്ധതികള്‍ നടപ്പിലാക്കുക.അടിസ്ഥാന ജനത പ്രക്ഷോഭത്തിനിറങ്ങുമ്പോള്‍ ആ മുദ്രാവാക്യത്തെയോ രാഷ്ട്രീയത്തെയോ വിശകലനം ചെയ്യാതെ "തോട്ടം ഭൂമി ഏറ്റെടുക്കല്‍  നിയമാധിഷ്ഠിതമല്ല" എന്ന കേവലവാദത്തിലേക്ക് കെ കെ കൊച്ച് പോകുന്നത് അദ്ദേഹം  ഇന്ന് ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയത്തിന്റെ പരിമിതികൊണ്ടാണ്.

അദ്ദേഹത്തിന്റെ വാദത്തിലേക്ക് തന്നെ വന്നാല്‍, "രാജമാണിക്യം കമ്മിറ്റി ചൂണ്ടിക്കാണിച്ച തോട്ടം മേഖലയിലെ അഞ്ചു ലക്ഷം ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണമെന്നാവശ്യപ്പെടുമ്പോള്‍ തോട്ടം ഭൂമി വ്യവസായാവശ്യത്തിനു മാത്രമേ വിനിയോഗിക്കാന്‍ കഴിയുകയുള്ളൂവെന്ന നിലവിലുള്ള നിയമത്തെക്കുറിച്ചു നിശ്ബ്ദത പാലിക്കുന്നു. അതായത്, ഭൂമിയുടെ മേലുള്ള നിയമപരിരക്ഷയുടെ കുരുക്കഴിക്കാനുള്ള സാമുദായിക രാഷ്ട്രീയ സമ്മര്‍ദമില്ലാതെ, സര്‍ക്കാര്‍ നടപടികളിലൂടെ ഭൂമിയുടെ ഉടമസ്ഥാവകാശം അടിത്തട്ട് ജനതയ്ക്കു ലഭിക്കുമെന്നത് ദിവാസ്വപ്നം മാത്രമാണ്"  എന്ന്  അദ്ദേഹം പറയുന്നു.

[caption id="attachment_76408" align="aligncenter" width="603"] മാധ്യമം പത്രത്തില്‍ വന്ന കെ.കെ കൊച്ചിന്‍റെ ലേഖനം[/caption]

ചലോ തിരുവനന്തപുരം പ്രസ്ഥാനം  'ടാറ്റ -ഹാരിസണ്‍' ഉള്‍പ്പെടെയുള്ള കുത്തകള്‍ വ്യാജ ആധാരത്തിലൂടെ കൈവശം വച്ചിരിക്കുന്ന 5 ലക്ഷം ഏക്കര്‍ ഭൂമി നിയമ നിര്‍മ്മാണത്തിലൂടെ ഏറ്റെടുത്ത് ആദിവാസി ദളിത് ഇതര പിന്നോക്ക ഭൂരഹിതര്‍ക്ക് നല്‍കുക എന്നാണ് ആവശ്യപ്പെടുന്നത്.

നിലവിലെ കോടതി/ നിയമവ്യവഹാരങ്ങളെ മറികടക്കുന്നതിനും കാലതാമാസം കൂടാതെ ഭൂമി ഏറ്റെടുക്കുന്നതിനുമാണ് നിയമനിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെടുന്നത്. മാത്രവുമല്ല തോട്ടംഭൂമി നിയമനിര്‍മ്മാണത്തിലൂടെ ഏറ്റെടുക്കുന്നതിനു യാതൊരുവിധ നിയമ തടസ്സവുമില്ലെന്ന് 2013 ല്‍ സര്‍ക്കാരിന് നിയമോപദേശവും ലഭിച്ചിട്ടുണ്ട്.

നിയമനിര്‍മ്മാണത്തിലൂടെ ഭൂമി  ഏറ്റെടുക്കണമെന്ന കാതലായ ആവശ്യം  മുന്‍വിധികൊണ്ട് അദ്ദേഹം കണ്ടില്ലെന്ന് തോന്നുന്നു. നിയമനിര്‍മ്മാണം നടത്തണമെന്ന് "നിയമപരിരക്ഷ ഇല്ലാതെയല്ല" പറയുന്നത്.  ഇന്ത്യന്‍ ഇന്‍സ്‌പെന്‍ഡെന്‍സ് ആക്ട് 1947 വകുപ്പ് 7 - 1 (B), 1957-ലെ കേരള ഭൂസംരക്ഷണ നിയമം ( Kerala Conservancy Act ), ഇടവക അവകാശം ഏറ്റെടുക്കല്‍ നിയമം 1955  ( Idavakaigs Right Acquisition Act ), കണ്ണന്‍ ദേവന്‍ ഹില്‍സ് (ഭൂമി ഏറ്റെടുക്കല്‍ ) നിയമം 1971, ഫെറ നിയമം ( Foreign Exchange Regulation Act ) 1973, ഭൂപരിഷ്‌കരണ (ഭേദഗതി ) നിയമം 1969 തുടങ്ങിയ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ഭൂമിയേറ്റെടുക്കാന്‍ 1974 ല്‍ സുപ്രീം കോടതിയും 2013 ല്‍  ഹൈക്കോടതിയും  വിധി പ്രസ്താവിച്ചിട്ടുണ്ട് .

[caption id="" align="aligncenter" width="654"]Image result for രാജമാണിക്യം ഐഎഎസ് രാജമാണിക്യം[/caption]

കൂടാതെ ഈ നിയമങ്ങളുടെ അടിസ്ഥാനത്തില്‍  1999-ല്‍ സുമിത എന്‍ മേനോന്‍ റിപ്പോര്‍ട്ട്, 2007 സെപ്റ്റംബര്‍ 27 ന് ലാന്റ് റെവന്യൂ കമ്മീഷണര്‍ ആയിരുന്ന നിവേദിത പി ഹരന്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്, ജസ്റ്റിസ് എല്‍ മനോഹരന്‍ കമ്മറ്റി റിപ്പോര്‍ട്ട് - 2008 , അസി. ലാന്റ് റവന്യൂ കമ്മീഷണര്‍ ഡി സുജിത്ത് ബാബു കമ്മറ്റി റിപ്പോര്‍ട്ട് - 2010, ഏറ്റവും ഒടുവിലിതാ രാജമാണിക്യം കമ്മീഷന്‍ റിപ്പോര്‍ട്ടും പറയുന്നു  തോട്ടം ഭൂമി ഏറ്റെടുക്കുന്നതിന് യാതൊരു നിയമ  തടസവുമില്ലെന്നാണ്.

ഈ നിയമങ്ങള്‍ മുഴുവന്‍ നിരത്തിക്കൊണ്ട് രാജമാണിക്യം കമ്മീഷന്‍ അടിവരയിട്ട് പറഞ്ഞിരിക്കുന്നു, കേരളത്തിന്റെ 58% വരുന്ന 5 ലക്ഷത്തിലധികം ഭൂമി വ്യജ ആധാരത്തിലൂടെയും നിയമവിരുദ്ധവുമായാണ് കുത്തകകള്‍ കയ്യടക്കി വച്ചിരിക്കുന്നതെന്നും ഈ തോട്ടം ഭൂമി നിയമനിര്‍മ്മാണത്തിലൂടെ ഏറ്റെടുക്കണമെന്നും. ഇത്രയധികം നിയമങ്ങളുടെയും സുപ്രീം കോടതി വിധിയുടെയും ഹൈക്കോടതി വിധിയുടെയും 6 കമ്മീഷന്‍ റിപ്പോര്‍ട്ടുകളുടെയും പിന്‍ബലം ഉണ്ടായിട്ടും കെ കെ കൊച്ച് പറയുന്നു, ചലോ തിരുവനന്തപുരം പ്രസ്ഥാനത്തിന്റെ ഭൂമി നിയമനിര്‍മ്മാണത്തിലൂടെ ഏറ്റെടുക്കണമെന്ന ആവശ്യം 'നിയമാധിഷ്ഠിതം' അല്ലെന്ന്!

[caption id="attachment_76380" align="alignleft" width="228"] കെ.കെ കൊച്ച്[/caption]

അദ്ദേഹത്തിന്റെ പ്രധാന ഭൂകാഴ്ചപ്പാട്  "കേരള മോഡല്‍' സാധ്യമാക്കിയത് ഭൂപരിഷ്‌കരണത്തിലൂടെ രൂപപ്പെട്ട മിച്ചസമ്പത്താണ്. ഇപ്രകാരം, ഭൂപരിഷ്‌കരണം നടപ്പാക്കാതിരുന്നതിനാലാണ് ഇന്ത്യയിലെ വ്യവസായവത്കരണത്തിനാവശ്യമായ മൂലധനം വിദേശരാജ്യങ്ങളില്‍ നിന്നു ഇറക്കുമതി ചെയ്യേണ്ടിവരുന്നത്. ചുരുക്കത്തില്‍, ഭൂമിയുടെ രാഷ്ട്രീയമെന്നത് സാമൂഹിക (സാമുദായിക) ബന്ധങ്ങളിലെ മാറ്റവും ഭൂമിയില്‍ നിന്നുള്ള മിച്ചമൂല്യത്തിന്റെ വിനിയോഗവുമാണ്. അതുകൊണ്ടാണ് നിയമാധിഷ്ഠിതമായ ഭൂപരിഷ്‌കരണത്തിനുവേണ്ടിയുള്ള വാദമുയരുന്നത്" എന്നുമാണ്.

കെ കെ കൊച്ച് 'നിയമാധിഷ്ഠിത രണ്ടാം ഭൂപരിഷ്‌കരണം' നടപ്പിലാക്കണം എന്ന് പറയുന്നതിന്റെ അര്‍ത്ഥം ഇതുവരെ അദ്ദേഹം എഴുതുകയും പറയുകയും ചെയ്ത രാഷ്‌ട്രീയത്തെ തള്ളുന്നുവെന്നും ഒന്നാം ഭൂപരിഷ്‌കരണത്തെ  അംഗീകരിക്കുന്നുവെന്നുമാണ്.

ചുരുക്കത്തില്‍ സി പി ഐ എമ്മിന്റെ  2016 തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ കൂടുതലൊന്നും കെ.കെ കൊച്ച് പറയുന്നില്ല. സി പി ഐ എം അധികാരത്തില്‍ എത്തിയാല്‍ 'രണ്ടാം ഭൂപരിഷ്‌കരണം' നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയും അതിന് അവര്‍ തുടക്കം കുറിക്കുകയും ചെയ്തു.

നിയമവിരുദ്ധമായി കുത്തകകള്‍ കൈവശം വച്ചിരിക്കുന്ന 5 ലക്ഷത്തിലധികം തോട്ടംഭൂമി ഏറ്റെടുക്കാനും ഒരുലക്ഷത്തി എണ്‍പതിനായിരം ഏക്കര്‍ ഭൂമി ലാൻഡ് ബാങ്കിലും ഭൂരഹിതര്‍ക്ക് മാത്രം വിതരണം ചെയ്യേണ്ട 17000 ഏക്കര്‍ മിച്ചഭൂമിയും  ഉള്ളപ്പോഴാണ് വെറും 7000 ല്‍ താഴെ ഏക്കര്‍ ഭൂമി കൊണ്ട്  '3 സെന്റ് പദ്ധതി'യും 'ഫ്ലാറ്റ് സമുച്ചയ'മെന്ന് പേരിട്ടിരിക്കുന്ന കോളനി പദ്ധതിയും നടപ്പിലാക്കാന്‍ പോകുന്നത്.

Image result for കോളനി

ചുരുക്കത്തില്‍ ഈ കോളനി പദ്ധതിയിലൂടെ ഭൂരഹിതരും ഭവന രഹിതരും കേരളത്തില്‍ ഇല്ലാതെ ആകും! അതോടെ ഭൂരഹിതര്‍ ഇല്ലാത്ത മഹത്വ സുന്ദര കേരളം നിര്‍മ്മിക്കപ്പെടും! തോട്ടംഭൂമി ഏറ്റെടുക്കലിൽ നിന്ന് കോർപറേറ്റുകൾ രക്ഷപെടുകയും ചെയ്യും. ഇതിനെയാണ് 'രണ്ടാം ഭൂപരിഷ്‌കരണം' എന്ന് സി പി ഐ എം ഓമനപ്പേരിട്ട് വിളിക്കുന്നത്.

ഇതിനെ സാധൂകരിക്കുകയല്ലേ 'നിയമാധിഷ്ഠിത രണ്ടാം ഭൂപരിഷ്‌കാരണം' വേണമെന്ന് കെ കെ കൊച്ച് വാദിക്കുന്നതിലൂടെ ചെയ്യുന്നത്. അടിസ്ഥാന ജനതയുടെ പോരാട്ടങ്ങളെ അപ്രസക്തമാക്കിയിട്ടുള്ള ഭരണകൂടയുക്തി എന്തുകൊണ്ടാണ് കെ കെ കൊച്ച് ഉപയോഗിക്കുന്നതെന്ന് ഇനിയും വ്യക്തത വരേണ്ട സംഗതിയാണ്.  വിഭവാധികാരത്തിനായി  ജീവന്‍ നല്‍കി പോരാടിയവര്‍ക്ക് മൂന്നും അഞ്ചും പത്തും സെന്റ് 'കുടികിടപ്പിലേക്കും' ലക്ഷം വീട് - എം എന്‍ വീട് കോളനിയിലേക്ക് പറിച്ചുനട്ടതാണ് ഒന്നാം "ഭൂപരിഷ്‌കരണത്തിന്റെ മിച്ചസമ്പത്ത്". പറയപ്പെടുന്ന ഭൂപരിഷ്‌കരണത്തിന്റെ മേന്മ കൊണ്ടാണ് 77.9% ദളിതരും ഇന്ന് കോളനികളില്‍ കഴിയുന്നതും ആദിവാസി ജീവിതാവസ്ഥ അതിദയനീയമായി തുടരുന്നതും.

കേരള ഭൂപരിഷ്‌കരണ ( ഭേദഗതി ) നിയമത്തിലൂടെ തോട്ടം ഭൂമിയുടെ  പരിധി 30 ഏക്കറായി നിജപ്പെടുത്തിയെങ്കിലും  തോട്ടം ഉടമയ്ക്ക് കൈവശ കൃഷിക്കാരന്‍ (Cultivating tenant) എന്ന അവകാശത്തിലൂടെ 'തോട്ടംകൃഷിഭൂമി' എത്ര വേണമെങ്കിലും കൈവശം വയ്ക്കാന്‍ നിയമത്തില്‍ പഴുതുണ്ടാക്കിയതാണ് മറ്റൊരു 'മിച്ചസമ്പത്ത്'. കൈവശ കൃഷിക്കാരന്‍  അവകാശത്തിലൂടെ കുത്തകകള്‍ ഇന്നും 5 ലക്ഷത്തിലധികം ഭൂമി കയ്യടക്കി വച്ചിരിക്കുന്നത് പറയപ്പെടുന്ന "ഭൂപരിഷ്‌കരണം നിയമാധിഷ്ഠിത"മായത് കൊണ്ടാണ്.

ആദിവാസികള്‍ക്കും ദളിതര്‍ക്കും ഇതര പിന്നോക്ക ജനങ്ങള്‍ക്കും ഇന്നും ഭൂമിക്ക് വേണ്ടി സമരം ചെയ്യേണ്ടി വരുന്നതാണ് ഭൂപരിഷ്‌കരണത്തിന്റെ വേറൊരു "മിച്ച സമ്പത്ത്".  "കേരള മോഡല്‍' സാധ്യമാക്കിയതും ഭൂപരിഷ്‌കരണത്തിലൂടെ രൂപപ്പെട്ട മിച്ചസമ്പത്താണ്" എന്ന കെ കെ കൊച്ചിന്റെ നിരീക്ഷണം അക്ഷരം പ്രതി ശരിയാണ്. അല്ലെങ്കില്‍ പിന്നെ ഈ 'കേരള മോഡലിന്' പുറത്ത് ആദിവാസികളും  ദളിതരും വരില്ലായിരുന്നല്ലോ? അതുകൊണ്ടാണല്ലോ അടിസ്ഥാന ജനങ്ങള്‍ക്ക് ഭൂമിയുള്‍പ്പെടെയുള്ള വിഭവങ്ങളില്‍ നിന്നും അവയുടെ അധികാര ഉടമസ്ഥതയില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ടത്.

Image result for attappady tribals

കേരള മോഡലിന്റെ സവിശേഷതയായ  ഇവിടുത്തെ ആരോഗ്യരംഗം 'മെച്ചപ്പെട്ട് നില്‍ക്കുമ്പോഴും' ഓരോ വര്‍ഷവും നൂറുകണക്കിന് ആദിവാസി കുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവുകൊണ്ടും അനാരോഗ്യം കൊണ്ടും മരിക്കുന്നതും ആരോഗ്യരംഗം  സാധാരണക്കാരന് അപ്രാപ്യമായ തരത്തില്‍ മാറിയതും  പൊതുജനാരോഗ്യം ഏറ്റവും ജീര്‍ണ്ണാവസ്ഥയില്‍ എത്തിയതും. മറ്റൊരു സവിശേഷതയായ വിദ്യാഭ്യാസ മേഖലയില്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലുള്‍പ്പടെ ഇന്നും ജാതീയ പീഡനങ്ങള്‍ നിലനില്‍ക്കുന്നതും  കേരളത്തില്‍ എയിഡഡ് - സ്വകാര്യ വിദ്യഭ്യാസ മേഖലകള്‍ ജാതിയുടെയും മതത്തിന്റെയും ഗുണഭോക്താക്കള്‍ അടക്കി  ഭരിക്കുന്നതും 'കേരള മോഡല്‍' സാധ്യമാക്കിയതും ഭൂപരിഷ്‌കരണത്തിലൂടെ രൂപപ്പെട്ട മിച്ചസമ്പത്ത്' തന്നെ!

"ചിലര്‍ ഭൂമി ഒരു 'വിഭവം' ആണെന്ന നിലയിലുള്ള ഉടമസ്ഥാവകാശത്തിനുവേണ്ടി വാദിച്ച് രംഗത്തുവന്നിരിക്കുകയാണ്. ഇവര്‍ മറക്കുന്നത് അല്ലെങ്കില്‍ ബോധപൂര്‍വം അവഗണിക്കുന്നത് 1957 മുതല്‍ '70വരെ കേരളത്തില്‍ നടന്ന ഭൂപരിഷ്‌കരണത്തിന്റെ പ്രത്യേകതകളാണ്. അക്കാലത്ത്, ദലിതര്‍ക്ക് ഭൂവുടമസ്ഥതയും കോളനികളും 'വിഭവം' എന്ന നിലയില്‍ വിതരണം ചെയ്യുകയായിരുന്നില്ല. ഭൂപരിഷ്‌കരണം നിയമാധിഷ്ഠിതമായി നടപ്പാക്കുകയായിരുന്നു" എന്ന് കെ.കെ കൊച്ച് വാദിക്കുമ്പോൾ കേരളത്തിലെ മാത്രമല്ല ലോകത്തെ മുഴുവന്‍ തദ്ദേശീയ ജനതയും ഭൂമി, കടല്‍, വനം, കൃഷിഭൂമി എന്നിവയെ വിഭവമായാണ് കണ്ടത് എന്ന യാഥാർത്ഥ്യം അദ്ദേഹം കാണാതെ പോകുന്നു.

അത്  ലാഭകേന്ദ്രീകൃതമായ മൂലധനയുക്തിയില്‍ നിന്നുകൊണ്ടുള്ള വിഭവ കാഴ്ച ആയിരുന്നില്ല. ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കപ്പെട്ടത് അത് നിയമമായതു കൊണ്ടു മാത്രമല്ല, മറിച്ച്, ഭൂമിയെ ഒരു വിഭവം എന്ന നിലയിലും സാമൂഹിക അധികാരത്തിന്റെ അടിസ്ഥാനം  എന്ന നിലയിലും കേരളത്തിന്റെ ഫ്യൂഡല്‍  വ്യവസ്ഥിതിയില്‍ സ്ഥാപിക്കുകയും (ഇത് എത്രത്തോളം ഉപരിപ്ലവവും ദുര്‍ബലമായിരുന്നെന്നു നാം ഇന്നു തിരിച്ചറിയുന്നുണ്ട്) ഈ രാഷ്ട്രീയം ഉന്നയിച്ചതുകൊണ്ട് ഇടതുപക്ഷം അധികാരത്തില്‍ എത്തുകയും ചെയ്തതു കൊണ്ടുകൂടിയാണ്.

ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കാതെ 'കമ്യൂണിസ്റ്റ്' സര്‍ക്കാരിനു മുന്നോട്ടു പോകാന്‍ സാധ്യമല്ലായിരുന്നു. ഇന്നതല്ല സാഹചര്യം. ഭൂരഹിതരായ ആദിവാസികള്‍ക്കും ദളിതര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും 'നിയമാധിഷ്ഠിതമായി' മൂന്ന് സെന്റു കോളനികൾ നിര്‍മ്മിച്ചു നല്‍കുക എന്നതിനപ്പുറം ഒരു അജണ്ടയും ഇടത്-വലത് സര്‍ക്കാരിനു മുന്നിലില്ല. ഭൂരഹിതര്‍ ഗതികേടാല്‍ 'നിയമാധിഷ്ഠിത ഭൂപരിഷ്‌കരണം' ഉന്നയിക്കേണ്ടി വന്നാല്‍ അവരുടെ മുന്നില്‍ കറങ്ങിത്തിരിഞ്ഞ് എത്തുന്നതു മൂന്നു സെന്റും ഫ്‌ളാറ്റ് സമുച്ചയം എന്ന ഓമനപ്പേരിട്ട കോളനികളുമായിരിക്കും.

നിയമത്തിന്റെ പരിരക്ഷയില്‍ എല്ലാം നടപ്പിലാകുമായിരുന്നെങ്കില്‍ കെ കെ കൊച്ച്  ചോദിച്ച ചോദ്യം തിരിച്ചു ചോദിക്കാം, നിയമത്തിന്റെ പരിരക്ഷ ഉണ്ടായിട്ടും എന്തു കൊണ്ടാണ് 1975 ലെ ആദിവാസി അന്യാധീനപ്പെട്ട ഭൂമി തിരിച്ച് പിടിക്കാന്‍ കഴിയാത്തത് ? നിയമത്തിന്റെ പരിരക്ഷ കൊണ്ട് മാത്രം രക്ഷപെടുമായിരുന്നെങ്കില്‍ എന്നേ ആദിവാസികളും ദളിതരും സ്ത്രീകളും മത്സ്യത്തൊഴിലാളികളും  രക്ഷപെട്ടേനെ!

Image result for ആദിവാസി

അദ്ദേഹത്തിന്റെ വിചിത്രമായ  നിരീക്ഷണത്തിൽ "ഗോത്രവിഭജനങ്ങള്‍ക്ക് അതീതമായി രൂപംകൊണ്ട സ്വത്വ സ്ഥാനമായിരുന്നു 'ആദിവാസി' എന്ന സംവര്‍ഗ്ഗം. നിരവധി വര്‍ഷങ്ങളിലെ ആശയപരവും പ്രക്ഷോഭപരവുമായ അനുഭവങ്ങളിലൂടെ രൂപപ്പെട്ട ഈ സാമൂഹികനിലയെ പിന്നിലേക്ക് നടത്തുന്ന, സംഘ്‌പരിവാറിന്‍റെ വനവാസി എന്ന പരികല്പനയോടു ചേര്‍ന്നു നില്‍ക്കുന്നതാണ് ഗോത്രം. ഈ മടക്കയാത്രയ്ക്ക് ആധാരമായ സംഘടനരൂപവും (ഗോത്രമഹാസഭ) അനുഷ്ഠാനപരതയും സൃഷ്ടിച്ച് ആദിവാസികളുടെ ആധുനിക സമൂഹത്തിലേക്കുള്ള യാത്രയാണ് ഇവര്‍ തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചത്" എന്ന് അദ്ദേഹം ആരോപിക്കുന്നുണ്ട്.

"ഏകാത്മക മാനവവാദം" പറഞ്ഞു ഹിന്ദുത്വബോധം ആദിവാസി ജനതയില്‍ കുത്തിത്തിരുകാന്‍ ശ്രമിക്കുന്ന സംഘപരിവാറിന്റെ 'വനവാസി കല്യാണ്‍ ആശ്രമ'വും വ്യത്യസ്ത ഭാഷയും സംസ്‌കാരവും ഗോത്രാചാരങ്ങളും നിലനില്‍ക്കുന്ന ആദിവാസി ഗോത്രങ്ങളെയും  വനവാസി പരികല്‍പ്പനയോട് ചേര്‍ന്ന് നില്‍ക്കുന്നതാണെന്ന് പറയണമെങ്കില്‍ അപാരമായ ശേഷി തന്നെ വേണം. ഗോത്ര - ഉപജാതി കെട്ടുപാടുകളില്‍ നിന്ന് വിശാല ആദിവാസി രാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ട് വരുന്നതിനാണ് 'ആദിവാസി ഗോത്ര മഹാസഭ' രൂപീകരിച്ചത് എന്നാണ് ഒരിക്കല്‍ എം ഗീതാനന്ദന്‍ പറഞ്ഞത്. അങ്ങനെ രൂപപ്പെട്ട ആദിവാസി ഗോത്ര മഹാസഭയുടെ 'ആദിവാസി'യെ എടുത്തു കളഞ്ഞു  'ഗോത്രമഹാ സഭ' എന്ന് മാത്രം എഴുതി വ്യാഖ്യാനിക്കുന്നത് കെ കെ കൊച്ചിന് മാത്രം മനസ്സിലാകുന്ന കാര്യം ആണ്.

Image result for CHENGARA

ഭൂസമരത്തെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ കുടില്‍കെട്ടി സമരത്തെയും, മുത്തങ്ങ സമരത്തെയും, ചെങ്ങറ സമരത്തെയും, അരിപ്പ സമരത്തെയും, നില്‍പ് സമരത്തെയും തള്ളിപ്പറഞ്ഞ കെ കെ കൊച്ച് തനത് പല്ലവി ഈ ലേഖനത്തിലും ആവർത്തിക്കുന്നുണ്ട്-

"ചെങ്ങറയിലെ ഭൂവുടമകള്‍ക്ക് പട്ടയമോ കൈവശരേഖയോ ലഭിച്ചിട്ടില്ല. ഫലമോ, പൗരത്വത്തിന്റെ അംഗീകരമായ വീട്ടുനമ്പര്‍, റേഷന്‍കാര്‍ഡ്, വോട്ടവകാശം എന്നിവ വിലക്കപ്പെട്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള പൗരാവകാശ മുദ്രകളുടെ നിഷേധമാണ് വര്‍ത്തമാനകാല വംശീയ ശത്രുതയായി മാറിയിരിക്കുന്നത്. ആധുനിക കാലത്തെ പൗരത്വനിഷേധത്തിലൂടെയാണ് മ്യാന്‍മാറില്‍ നിന്നും, രക്ഷക്കണക്കിന് രോഹിങ്ക്യോ മുസ്ലീങ്ങള്‍ അഭയാര്‍ത്ഥികളായി കടലാഴങ്ങളില്‍ പതിച്ചത്. ചെങ്ങറ നല്‍കുന്ന ചിത്രവും വ്യത്യസ്തമല്ല. മുന്‍മന്ത്രി ഡോ.എം.എ. കുട്ടപ്പനോട് ഒരു സ്വകാര്യസംഭാഷണത്തില്‍ ഞാന്‍ ചോദിക്കുകയുണ്ടായി. ‘എന്തുകൊണ്ടാണ് സര്‍ക്കാര്‍ ആദിവാസി കരാര്‍ നടപ്പാക്കാത്തത്?’ മറുപടി ഇപ്രകാരമായിരുന്നു. ‘നിയമത്തിന്റെ പരിരക്ഷ ഇല്ലാത്ത കരാറു നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയില്ല’ ആഘോഷപൂര്‍വ്വം കൊണ്ടാടപ്പെട്ട ആദിവാസി കരാര്‍ നിലനില്‍ക്കെ, മുത്തങ്ങ മുതല്‍ നില്‍പ്പുസമരം വരെയുള്ള ആദിവാസി സമരങ്ങളുടെ ആവശ്യം കരാര്‍ നടപ്പാക്കുക എന്നതായിരുന്നില്ല. മറിച്ച്, ആദിവാസികള്‍ക്ക് ഭൂമി ലഭിക്കാനായിരുന്നു"

Image result for കപ്പ

റോഡ്, തോട് പുറമ്പോക്കുകളിൽ കഴിഞ്ഞിരുന്ന ദളിതരും ആദിവാസികളും ഹാരിസൺ അനധികൃതമായി കൈവശം വച്ചിരുന്ന ചെങ്ങറ തോട്ടംഭൂമിയിൽ ഇന്ന് അര ഏക്കർ ഭൂമിയുടെ ഉടമകളായി കഴിയുന്നുണ്ട്. കൊളോണിയൽ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട് രൂപം കൊണ്ടതും സർക്കാരിനോ ജനങ്ങൾക്കോ യാതൊരു ഗുണവുമില്ലാത്തതും പാരിസ്ഥിക നാശമുണ്ടാക്കുന്നതുമായ ഏകവിള റബ്ബർ തോട്ടം വെട്ടി ഇന്നവർ അവിടെ കപ്പയും ചേമ്പും ചേനയും വാഴയും ഇഞ്ചിയും നട്ടിട്ടുണ്ട്. ഭക്ഷ്യ സ്വയംപര്യാപ്തമല്ലെങ്കിലും കൃഷി ചെയ്തവർ കഴിയുന്നുണ്ട്. ആയിരക്കണക്കിനേക്കർ  തോട്ടംഭൂമി കയ്യേറി ഭൂമി സ്വന്തമാക്കുകയും വെട്ടിപ്പിടിക്കുകയും ചെയ്ത സ്വകാര്യ വ്യക്തികൾക്കു പട്ടയവും നിയമസാധുതയും ചെയ്തു കൊടുക്കുന്ന സർക്കാർ ചെങ്ങറയുൾപ്പടെയുള്ള ഭൂസമരങ്ങളിലെ മനുഷ്യർക്കു റേഷൻ കാർഡും തിരിച്ചറിയൽ കാർഡും നിഷേധിക്കുന്നത് അവരുടെ കുറ്റം കൊണ്ടാണോ ?  ഇത് അവരുടെ  എന്തോ കുറ്റം ആണെന്നാണ് കെ കെ കൊച്ച് പറഞ്ഞുവയ്ക്കുന്നത്. ജനവിരുദ്ധമായ ഭരണകൂടത്തിന്റെയും  ഫ്യൂഡൽ വ്യവസ്ഥിതിയുടെയും നിയമങ്ങളെ സാധാരണ ജനങ്ങൾ ലംഘിക്കുന്നതിൽ നിന്നാണു ലോകത്തു നടന്ന പല ഐതിഹാസിക സമരത്തിന്റെയും സാമൂഹിക പരിഷ്കരണ മുന്നേറ്റങ്ങളുടെയും തുടക്കമെന്ന ചരിത്രപരമായ യാഥാർത്ഥ്യം  കെ കെ കൊച്ച് സൗകര്യപൂർവ്വം മറന്നു പോകുന്നു.
Image result for നില്‍പ്പ് സമരം

നിൽപ്പ് സമരത്തിൽ ഉന്നയിക്കപ്പെട്ട മുദ്രാവാക്യം "വാക്ക് പാലിക്കുന്നത് ജനാധിപത്യ മര്യാദയാണ്" എന്നതായിരുന്നു. കുടിൽ കെട്ടി സമരത്തിൽ സർക്കാർ നൽകിയ കരാർ നടപ്പിലാക്കാൻ ആണ് അവർ ആവശ്യപ്പെട്ടത്. ഭരണഘടന 244 ഷെഡ്യൂൾ 5 പരിരക്ഷയുള്ള സ്വയംഭരണാവകാശവും വനാവകാശ നിയമം - 2006, ആദിവാസിക്ക് 5 ഏക്കർ ഭൂമിയും നടപ്പിലാക്കാൻ പറയുന്നത് എങ്ങനെയാണ് "നിയമത്തിന്റെ പരിരക്ഷ" ഇല്ലാതെ ആകുന്നത്.


അദ്ദേഹത്തിന്റെ മറ്റൊരു കണ്ടെത്തല്‍ "ജിഗ്‌നേഷ് മേവാനിയാണ് 'ഇവരുടെ' വഴിയും വെളിച്ചവും" എന്നാണ്.  ജിഗ്‌നേഷ് ഉയര്‍ത്തിയ പ്രധാന മുദ്രാവാക്യം 'പശുവിന്റെ വാല്‍ നിങ്ങള്‍ എടുത്തുകൊള്ളു ഞങ്ങള്‍ക്ക് ഞങ്ങളുടെ ഭൂമി തരൂ' എന്നാണ്. കേരളത്തില്‍ രണ്ടര പതിറ്റാണ്ടായി ഭൂസമരങ്ങള്‍ നടക്കുന്നുണ്ട്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ വയനാട് നടന്ന അമ്പുകുത്തി, പനവല്ലി സമരവും കുടില്‍കെട്ടി സമരവും, മുത്തങ്ങയും ചെങ്ങറയും അരിപ്പയും ഒക്കെത്തന്നെ അടിസ്ഥാന ജനതയുടെ ഭൂമി-വിഭവാധികാരത്തിനായി നടന്ന സമരങ്ങള്‍ ആണ്. ഈ സമരങ്ങളുടെ തുടര്‍ച്ചയിലാണ്  ചലോ തിരുവനന്തപുരം എന്നത് തര്‍ക്കമറ്റ കാര്യമാണ്.

ദേശീയതലത്തില്‍ സംഘപരിവാറിന് വലിയ ആഘാതം ഉണ്ടാക്കുകയും കൊട്ടിഘോഷിക്കപ്പെട്ട ഗുജറാത്ത് മോഡല്‍ വലിയ നുണയാണെന്ന് തുറന്ന് കാട്ടുകയും ചെയ്ത ഉന പ്രക്ഷോഭത്തിനോടും അതിനു നേതൃത്വം നല്‍കിയ ജിഗ്‌നേഷ് മേവാനിയോടും  കേരളത്തിലെ ഭൂസമരങ്ങള്‍ക്കും സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്നവര്‍ക്കും  രാഷ്ട്രീയ ഐക്യം ഉണ്ടാകുന്നതു സ്വാഭാവികമാണ്. അതു ദേശീയ തലത്തില്‍ രൂപപ്പെടുന്ന മുഴുവന്‍ രാഷ്ട്രീയ ബന്ധങ്ങളെയും പൂര്‍ണ്ണമായും അംഗീകരിച്ചുകൊണ്ടുള്ള ഒന്നല്ല, മറിച്ച് കേരളത്തിലെ  സവിശേഷ  രാഷ്ട്രീയം വിലയിരുത്തിക്കൊണ്ടുള്ള ഫെഡറല്‍ സംവിധാനത്തിലുള്ള ഒരു രാഷ്ട്രീയ ഐക്യം ആയിരിക്കും.

[caption id="attachment_76399" align="alignleft" width="368"] കെ. സന്തോഷ് കുമാര്‍[/caption]

സാമൂഹികമായും രാഷ്ട്രീയമായും ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജനതയുടെ നേതൃത്വത്തില്‍ ആദിവാസികളും  ദളിതരും മത്സ്യത്തൊഴിലാളികളും മുസ്ലീങ്ങളും തോട്ടംതൊഴിലാളികളും സ്ത്രീകളും ലൈംഗിക ഭാഷാ ന്യൂനപക്ഷങ്ങളും അതിപിന്നോക്ക ജനങ്ങളും ഐക്യപ്പെട്ട് രൂപപ്പെടുത്തുന്ന സാമൂഹിക ജനാധിപത്യത്തിനു മാത്രമേ സംഘപരിവാര്‍ നടത്തുന്ന മുസ്ലിം അപരവല്‍ക്കരണത്തെയും ആദിവാസി- ദളിത് പീഡനങ്ങളെയും ഹൈന്ദവ ദേശീയതയേയും ഹിന്ദ്വത്വത്തേയും ഇല്ലാതാക്കാനും അതിലുപരി പാര്‍ശ്വവല്‍കൃതരുടെ സാമൂഹിക രാഷ്ട്രീയ അധികാരത്തെ സ്ഥാപിക്കാനും കഴിയുകയുള്ളു. ആ ചരിത്രപരമായ തുടക്കമാണ് 'ചലോ തിരുവനന്തപുര'ത്തിലൂടെ നടക്കുന്നത്.