കലാലയങ്ങളിലെ ക്യാമറകൾ : അവർക്കു വേണ്ടതു നിങ്ങളുടെ ചലനങ്ങൾ തന്നെയാണ്

നിരന്തര മൂല്യ നിർണ്ണയങ്ങളും, ഇന്റേണൽ മാർക്കുകളെയും കാട്ടി അച്ചടക്കം ഇറക്കുമതി ചെയ്തിട്ടും ക്യാമ്പസുകളെ പൂർണമായും നിർജീവമാകാൻ സാധിച്ചിരുന്നില്ല. ക്യാമറകളിലൂടെ അതു നടപ്പാക്കാം എന്നാണു സ്ഥാപിത താൽപര്യക്കാർ കരുതുന്നത്. 'പ്രശ്നക്കാരെ' എളുപ്പം കണ്ടെത്താം , പുറത്താക്കാം.

കലാലയങ്ങളിലെ ക്യാമറകൾ : അവർക്കു വേണ്ടതു നിങ്ങളുടെ ചലനങ്ങൾ തന്നെയാണ്

ഫസലുറഹ്മാൻ എം

ബസ് സ്റ്റാന്റുകളിൽ, റെയിൽവേ സ്റ്റേഷനുകളിൽ, സർക്കാർ ഓഫീസുകളിൽ, എന്നു വേണ്ട  മനുഷ്യൻ സാമൂഹ്യമായും , വ്യക്തിപരമായും ഇടപെടുന്ന എല്ലാ ഇടങ്ങളിലും  സിസിടിവി ക്യാമറകൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ സുരക്ഷക്ക്, സുഗമമായ ദൈനം ദിന ജീവിതത്തിന് ഇവഅത്യന്താപേക്ഷിതമാണെന്നു സർക്കാരും , മാധ്യമങ്ങളും , സ്ഥാപിത താൽപര്യക്കാരും നമ്മെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നു.  സുരക്ഷയുടെ കാര്യമായതിനാൽ അല്ലലേതുമില്ലാതെ, യാതൊരു മറുചോദ്യവുമില്ലാതെ നാമേവരും അതു വിശ്വസിച്ചിരിക്കുന്നു.


സിസിടിവികൾ അത്രമേൽ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. ഒപ്പിയെടുക്കുന്ന ഒളിക്യാമറാ കണ്ണുകൾ നമ്മെ നിരന്തരം പിന്തുടരുന്നുണ്ടെന്ന യാഥാർത്ഥ്യത്തിൽ നാം കപട സദാചാരം നടിക്കുന്നു. കാമറക്കണ്ണുകളാൽ ചുറ്റുമതിലുകൾ തീർത്ത ഒരു വിർച്വൽ ജയിലിലാണ് നമ്മളോരോരുത്തരും. ആരാണ് സിസിടിവികൾ നിർമിക്കുന്നത്, എങ്ങനെയാണ് സുരക്ഷയെ ഒരു സാമാന്യ സമൂഹത്തിൽ പോലും അങ്കലാപ്പുണ്ടാക്കും വിധം അവതരിപ്പിച്ചു വിശ്വസിപ്പിക്കുന്നതു തുടങ്ങി സിസിടിവികൾ സ്ഥാപിക്കുന്നതിലെ രാഷ്ട്രീയവും, സാമ്പത്തികവുമായ താൽപര്യങ്ങൾ ഒട്ടേറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അതൊന്നും ഈ ലേഖനത്തിന്റെ ഭാഗമല്ല.

കേരളത്തിലെ കലാലയങ്ങളുടെ മുക്കിലും മൂലയിലും സിസിടിവികൾ നിറയുകയാണ്. വിദ്യാർത്ഥി സംഘടനകളുടെയോ, ജീവനക്കാരുടെയോ  പ്രതിഷേധങ്ങൾ പോലുമില്ലാതെ ക്യാമറകൾ സ്ഥാപിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു . വിവിധ തരത്തിലുള്ള മനുഷ്യർ , വ്യത്യസ്ത ചിന്താഗതിയുള്ളവർ നിരന്തരം വന്നു പോയ്കൊണ്ടിരിക്കുന്ന, സുരക്ഷാ പ്രാധാന്യമുണ്ടെന്ന് പല കാരണങ്ങൾ കൊണ്ടു നമ്മെ വിശ്വസിപ്പിച്ച ബസ് സ്റ്റാന്റുകൾ, റയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ ഔചിത്യത്തെ നമുക്കു സ്ഥാപിച്ചെടുക്കാം. എന്നാൽ കലാലയങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ യുക്തി എന്താണ്? അത്രയധികം സുരക്ഷാ ഭീഷണി നേരിടുന്ന ഇടങ്ങളാണോ കേരളത്തിലെ ക്യാമ്പസുകൾ.

എപ്പോഴെങ്കിലും ഉണ്ടാകുന്ന ചില രാഷ്ട്രീയ സംഘട്ടങ്ങൾ ഒഴിച്ചു നിർത്തിയാൽ വർത്തമാന കേരളത്തിലെ ക്യാമ്പസുകൾ പൊതുവെ സമാധാന പരമാണ്. എൻറോൾ ചെയ്യപ്പെട്ട ഏല്ലാവർക്കും തിരിച്ചറിയൽ കാർഡുകൾ നൽകപ്പെട്ട, തിരിച്ചറിയൽ കാർഡുകൾ കയ്യിൽ കരുതൽ നിർബന്ധമുള്ള, കൃത്യമായ ക്ലാസ്സ്മുറികൾ നിശ്ചയിക്കപ്പെട്ടിട്ടുള്ള, ഹാജർ നിർബന്ധമുള്ള, നിശ്ചിത ശതമാനം ഹാജർ ഇല്ലെങ്കിൽ യൂണിവേഴ്സിറ്റി പരീക്ഷ എഴുതാൻ പറ്റാത്ത,  ചുറ്റുമതിലുള്ള, ഗെയ്റ്റിൽ കാവൽക്കരനുള്ള, കുട്ടികളുമായി വ്യക്തിപരമായി ബന്ധമുള്ള അധ്യാപകരുള്ള,  ഡിസിപ്ലിനറി കമ്മറ്റികളുള്ള, കുട്ടികളുടെ എണ്ണം നിയന്ത്രണാതീതമല്ലാത്ത അന്തരീക്ഷമുള്ള കലാലയങ്ങളാണ് കേരളത്തിൽ ഭൂരിഭാഗവും. അവിടേയ്ക്കാണ് ഒളിഞ്ഞു നോട്ടക്കാരന്റെ ക്യാമറക്കണ്ണുകളെ സ്ഥാപിക്കുന്നത്. അവിടെയാണ് ഏകാധിപതിയുടെ ധാർഷ്ട്യം പോലെ ഓരോ വിദ്യാർത്ഥിയും നിരീക്ഷിക്കപ്പെടുന്നത്, സ്വാതന്ത്ര്യങ്ങൾക്ക് പരിധി നിശ്ചയിക്കുന്നത്.

കേവലമായ സുരക്ഷാ കാരണങ്ങൾ മാത്രമല്ല ക്യാമ്പസുകളെ ക്യാമറ കൊണ്ടു നിറയ്ക്കുന്നതെന്നു വ്യക്തമാണ്. വളർന്നു വരുന്ന സർഗാത്മക യൗവ്വനങ്ങളെ തീർച്ചയായും ആരെല്ലാമോ പേടിക്കുന്നുണ്ട്. സാമൂഹ്യ മാറ്റങ്ങളുടെ പ്രഭവ കേന്ദ്രങ്ങൾ ക്യാമ്പസുകളാണെന്ന് ആർക്കാണ് അറിയാത്തത്. മാറ്റങ്ങളെ ഭയക്കുന്നവർ എല്ലാ കാലത്തുമുണ്ട്. അതുകൊണ്ട് തന്നെ കലാലയങ്ങളുടെ വായനകളെ , കൂടിച്ചേരലുകളെ , ചർച്ചകളെ , കവിതകളെ , ചുവരെഴുത്തുകളെ, ഭാവനകളെ, ചലനങ്ങളെ , ചിന്തകളെ നിരീക്ഷിക്കപ്പെടേണ്ടതുണ്ട്, നിയന്ത്രിക്കപ്പെടേണ്ടതുണ്ടെന്ന് അവർക്ക് നന്നായി അറിയാം. അതു തന്നെയാണ് കാമ്പുസുകളിൽ സംഭവിക്കുന്നതും.

നിരന്തര മൂല്യ നിർണ്ണയങ്ങളും, ഇന്റേണൽ  മാർക്കുകളെയും കാട്ടി അച്ചടക്കം ഇറക്കുമതി ചെയ്തിട്ടും ക്യാമ്പസുകളെ പൂർണമായും നിർജീവമാകാൻ സാധിച്ചിരുന്നില്ല. ക്യാമറകളിലൂടെ അതു നടപ്പാക്കാം എന്നാണു സ്ഥാപിത താൽപര്യക്കാർ കരുതുന്നത്. 'പ്രശ്നക്കാരെ' എളുപ്പം കണ്ടെത്താം , പുറത്താക്കാം. ഒപ്പിയെടുത്ത തെളിവുകളുണ്ടല്ലോ, അച്ചടക്കം കൊണ്ട് ക്യാമ്പസുകളെ നിർജീവമാകുന്നുന്നവർ ഒരുകാര്യം മറക്കാതിരിക്കുക, രാജ്യത്തിൻറെ ഭാവിയാണ് യുവത. നിർജീവമാക്കപ്പെട്ട യുവതയിൽ നിന്നു ജീവനുള്ള രാജ്യത്തെ പ്രതീക്ഷിക്കുന്നത് യുക്തിയല്ല

( ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, മുംബൈയിലെ ഗവേഷകനാണ് ലേഖകൻ )