120 കി.മീ വേഗതയിലെത്തിയ ബി.എം.ഡബ്ല്യു ഇടിച്ച് ഊബര്‍ ഡ്രൈവര്‍ ആദ്യ ജോലി ദിനത്തില്‍ കൊല്ലപ്പെട്ടു

മുപ്പതുകാരനായ നസറുള്‍ ഇസ്ലാം ആണ് അപകടത്തില്‍ കൊല്ലപ്പെട്ടത്

120 കി.മീ വേഗതയിലെത്തിയ ബി.എം.ഡബ്ല്യു ഇടിച്ച് ഊബര്‍ ഡ്രൈവര്‍ ആദ്യ ജോലി ദിനത്തില്‍ കൊല്ലപ്പെട്ടു

ജോലിയില്‍ പ്രവേശിച്ച ദിനം തന്നെ അമിത വേഗതയിലെത്തിയ ബി.എം.ഡബ്ല്യു കാറിടിച്ച് ഊബര്‍ ഡ്രൈവര്‍ മരിച്ചു. ഡല്‍ഹി സ്വദേശിയായ നസറുള്‍ ഇസ്ലാമാണ് 120 കിലോമീറ്റര്‍ വേഗതയിലെത്തിയ കാറിടിച്ച് തല്‍ക്ഷണം മരിച്ചത്. ഷൊഹൈബ് കോഹ്‌ലിയെന്ന 24കാരന്‍ ഓടിച്ച ബി.എം.ഡബ്ല്യു കാറാണ് ഞായറാഴ്ച രാത്രി ഡല്‍ഹി ഐ.ഐ.ടിക്ക് സമീപം അപകടമുണ്ടാക്കിയത്.

സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം പോലീസ് അറസ്റ്റ് ചെയ്ത ഷൊഹൈബിന് കോടതി ഇന്ന് ജാമ്യം അനുവദിച്ചു. മദ്യപിച്ചല്ല വാഹനമോടിച്ചതെന്ന് പറഞ്ഞ ഇയാള്‍ ഊബര്‍ ഡ്രൈവര്‍ പെട്ടെന്ന് വാഹനം ബ്രേക്ക് ചെയ്തതാണ് അപകടത്തിന് കാരണമായതെന്ന് ആരോപിച്ചു. കല്‍ക്കാജിയില്‍ നിന്ന് വസന്ത് കുഞ്ചിലേക്ക് പോകുകയായിരുന്ന ഇരുവാഹനങ്ങളും അപകടത്തെത്തുടര്‍ന്ന് പൂര്‍ണമായും തകര്‍ന്നു.


സംഭവത്തെത്തുടര്‍ന്ന് പോലീസ് സ്‌റ്റേഷന് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ച ഊബര്‍ ഡ്രൈവര്‍മാര്‍ ഷൊഹൈബ് കോഹ്‌ലിക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാനും നസറുള്‍ ഇസ്ലാമിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനും ആവശ്യപ്പെട്ടു.

ഡല്‍ഹി ജിംങ്കാന ക്ലബിലെ അംഗമായ ഷൊഹൈബിന്റെ മാതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടമുണ്ടാക്കിയ ബി.എം.ഡബ്ല്യു. നേരത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായിരുന്ന നസറുള്ളിന്റെ കുടുംബത്തിലെ ഏക വരുമാനം ഇദ്ദേഹം ജോലി ചെയ്ത് കിട്ടുന്നതായിരുന്നു.

Read More >>