കാസർഗോഡ് ബിജെപി ഹർത്താലിനിടെ അക്രമം: 10 ബിജെപി-ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ; പ്രകടനങ്ങൾക്കും പൊതുയോഗങ്ങൾക്കും വിലക്ക്

കറന്തക്കാട്ടെ സിപിഐഎം ഓഫീസ് പ്രവർത്തിക്കുന്ന എകെജി മന്ദിരവും കാറും ആക്രമിച്ച കേസിൽ കുഡ്‌ലു സ്വദേശികളായ സന്തോഷ്, ലോഗേഷ്, ശരത്ത്, പതിനേഴുകാരൻ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

കാസർഗോഡ് ബിജെപി ഹർത്താലിനിടെ അക്രമം: 10 ബിജെപി-ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ; പ്രകടനങ്ങൾക്കും പൊതുയോഗങ്ങൾക്കും വിലക്ക്

കാസർഗോഡ്: ബിജെപി നടത്തിയ മാർച്ചിനു നേരെ സിപിഐഎം അക്രമണം അഴിച്ചു വിട്ടു ആരോപിച്ച് ബിജെപി കഴിഞ്ഞ ദിവസം നടത്തിയ ഹർത്താലിനിടയിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് 10 ബിജെപി-ആർഎസ്എസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പതിനേഴു വയസ്സുകാരൻ ഉൾപ്പെടെയുള്ളവരാണ് ടൗൺ പോലീസിന്റെ പിടിയിലായത്.

കറന്തക്കാട്ടെ സിപിഐഎം ഓഫീസ് പ്രവർത്തിക്കുന്ന എകെജി മന്ദിരവും കാറും ആക്രമിച്ച കേസിൽ കുഡ്‌ലു സ്വദേശികളായ സന്തോഷ്, ലോഗേഷ്, ശരത്ത്, പതിനേഴുകാരൻ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് അശോക് നഗർ സ്വദേശി നന്ദിത്, ആർഡി നഗർ സ്വദേശി വിഘ്നേഷ്, എരിയാൽ സ്വദേശി അക്ഷയ്, കാളിയങ്കാട് സ്വദേശി ചന്ദനനായ്ക്, എരിയാൽ കാവുബയൽ സ്വദേശി കുമാർ എന്നിവരും അറസ്റ്റിലായി.

ഹർത്താൽ ദിനത്തിൽ കാസർഗോഡ് നഗരത്തിലും പരിസരപ്രദേശങ്ങളിലും നിരവധി അക്രമ സംഭവങ്ങളാണ് നടന്നത്. അക്രമസംഭവങ്ങളിൽ ഉൾപ്പെട്ടവർക്ക് നേരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തുമെന്ന് ജില്ലാ പോലീസ് മേധാവി തോംസൺജോസ് വ്യക്തമാക്കിയിട്ടുണ്ട്. അക്രമസംഭവങ്ങൾ തുടരുന്ന സാഹചര്യത്തിൽ ജനുവരി ആറുവരെ ജില്ലയില്‍ പൊതുയോഗങ്ങളും പ്രകടനങ്ങളും പോലീസ് നിരോധിച്ചു.

Read More >>