ഹർത്താലിൽ നിറംമങ്ങി കലോത്സവം; ഇളവു മറന്നു വേദികളിൽ ബിജെപി പ്രകടനം

കലോത്സവത്തെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കിലും നഗരത്തിൽ കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. ഹർത്താൽ ആയതിനാൽ തന്നെ കലോത്സവം കാണാനെത്തിയവരുടെ എണ്ണത്തിലും കനത്ത കുറവുണ്ടായി. കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപി-ആർഎസ്എസ് പ്രവർത്തകർ കലോത്സവവേദിയിലേക്കു പ്രകടനം നടത്തി.

ഹർത്താലിൽ നിറംമങ്ങി കലോത്സവം; ഇളവു മറന്നു വേദികളിൽ ബിജെപി പ്രകടനം

ബിജെപി പ്രവർത്തകന്റെ കൊലപാതകത്തെ തുടർന്ന് ബിജെപി കണ്ണൂർ ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താൽ സംസ്ഥാന സ്‌കൂൾ കലോത്സവത്തെ ബാധിച്ചു. കലോത്സവത്തെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കിലും നഗരത്തിൽ കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. ടാക്സി സർവീസുകളും കുറവാണ്.

കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപി-ആർഎസ്എസ് പ്രവർത്തകർ കലോത്സവവേദിയിലേക്ക് പ്രകടനം നടത്തി. പ്രകടനം പ്രധാനവേദികൾക്കരികെ പോലീസ് തടഞ്ഞു. തുടർന്ന് പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ പ്രവർത്തകർ കുത്തിയിരുന്നു മുദ്രാവാക്യം വിളിക്കുകയാണ്.


ഹർത്താൽ ആയതിനാൽ തന്നെ കലോത്സവം കാണാനെത്തിയവരുടെ എണ്ണത്തിലും കനത്ത കുറവുണ്ടായി. നേരത്തെ ഒൻപത് മണിയോടെ നിറഞ്ഞു കവിയുന്ന സദസ്സിൽ ഇന്ന് കസേരകൾ ഒഴിഞ്ഞു കിടക്കുകയാണ്. പ്രധാനവേദിയായ 'നിളയിൽ' ജനപ്രിയ ഇനമായ മാർഗ്ഗംകളി പുരോഗമിക്കുമ്പോഴും സദസ്സ് ശുഷ്കമാണ്.ഹർത്താലിന്റെ പശ്ചാത്തലത്തിൽ യുവജനോത്സവ വേദികളിലും നഗരത്തിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ആംഡ് പോലീസ് സേനയുൾപ്പടെടെ നഗരത്തിലെ പ്രധാനഭാഗങ്ങളിൽ ജാഗ്രത തുടരുന്നുണ്ട്. നഗരത്തിലും പരിസരപ്രദേശങ്ങളിലും ഇതുവരെ അനിഷ്ടസംഭവങ്ങളൊന്നും തന്നെ റിപ്പോർട് ചെയ്തിട്ടില്ല.