മേയ്ക്ക് ഇന്‍ ഇന്ത്യ പരാജയമോ; പദ്ധതി പ്രഖ്യാപനത്തിനു ശേഷം ഇന്ത്യയിലെത്തിയ വിദേശനിക്ഷേപത്തിൽ വന്‍ കുറവ്

പദ്ധതി പ്രഖ്യാപനം നടന്നത് 2014 സെപ്റ്റംബര്‍ 25നാണ്. എന്നാല്‍ 2014 ഒക്‌ടോബര്‍ മുതല്‍ 2016 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 29.1 ശതമാനം വിദേശനിക്ഷേപം മാത്രമാണ് ഉസ്പാദനമേഖലയിലെത്തിയത്. തൊട്ടുമുമ്പുള്ള രണ്ടു വര്‍ഷങ്ങളിലായി ആകെ നിക്ഷേപത്തിന്റെ 47.8 ശതമാനം ഉത്പാദനമേഖലയിലെത്തിയിരുന്നു.

മേയ്ക്ക് ഇന്‍ ഇന്ത്യ പരാജയമോ; പദ്ധതി പ്രഖ്യാപനത്തിനു ശേഷം ഇന്ത്യയിലെത്തിയ വിദേശനിക്ഷേപത്തിൽ വന്‍ കുറവ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌ന പദ്ധതിയായ 'മേയ്ക്ക് ഇന്‍ ഇന്ത്യ' പരാജയമാണെന്നു വിലയിരുത്തല്‍. ഇന്ത്യയിലേക്കു വരുന്ന നിക്ഷേപം പ്രോത്സാഹിപ്പിക്കാനുള്ള ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതി പക്ഷേ ഉദ്പാദന മേഖലയില്‍ ഉദ്ദേശിച്ച ഗുണം ചെയ്തില്ലെന്നാണു വിലയിരുത്തല്‍. പദ്ധതി ആരംഭിച്ച ശേഷം വിദേശനിക്ഷേപത്തിന്റെ കാര്യത്തില്‍ 19 ശതമാനത്തിന്റെ കുറവാണ് വന്നിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേന്ദ്രസ്വയംഭരണ സ്ഥാപനമായ ഐ.സി.എസ്.എസ്.ആറിന്റെ കീഴിലുള്ള ഗവേഷണസ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റഡീസ് ഇന്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റിന്റെ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.


ഓട്ടോമൊബൈല്‍സ്, ജൈവസാങ്കേതികവിദ്യ, കെമിക്കല്‍സ്, വാഹനങ്ങളുടെ ഭാഗങ്ങള്‍, ഔഷധം, ഇലക്ട്രോണിക്സ്, ഭക്ഷ്യസംസ്‌കരണം, പ്രതിരോധസാമഗ്രികളുടെ നിര്‍മാണം, ഇന്ധനവ്യവസായം തുടങ്ങിയ മേഖലകളിലൊന്നും മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കു നിക്ഷേപം ആകര്‍ഷിക്കാനായില്ലെന്നാണു പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പദ്ധതി പ്രഖ്യാപനം നടന്നത് 2014 സെപ്റ്റംബര്‍ 25നാണ്. എന്നാല്‍ 2014 ഒക്‌ടോബര്‍ മുതല്‍ 2016 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 29.1 ശതമാനം വിദേശനിക്ഷേപം മാത്രമാണ് ഉസ്പാദനമേഖലയിലെത്തിയത്. തൊട്ടുമുമ്പുള്ള രണ്ടു വര്‍ഷങ്ങളിലായി ആകെ നിക്ഷേപത്തിന്റെ 47.8 ശതമാനം ഉത്പാദനമേഖലയിലെത്തിയിരുന്നു.

മുമ്പ് മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചതിനെത്തുടര്‍ന്നു രാജ്യശത്തത്തിയ വിദേശ നിക്ഷേപത്തില്‍ 46 ശതമാനം വര്‍ധനയുണ്ടായതായാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. സര്‍വീസ്, ടെലികമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് സോഫ്റ്റ്വെയര്‍ മേഖലകളിലാണ് പ്രധാനമായും ഇപ്പോള്‍ വിദേശനിക്ഷേപമെത്തിയിരിക്കുന്നത്.

3.8 ലക്ഷം കോടിയുടെ നിക്ഷേപമാണ് 2015-16 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയിലെത്തിയതെന്നാണ് കണക്കുകള്‍. 2014-15ല്‍ 3.06 ലക്ഷം കോടിയും 2013-14ല്‍ 2.44 ലക്ഷം കോടിയും ഇന്ത്യയില്‍ എത്തി. മേക്ക് ഇന്‍ ഇന്ത്യ തുടങ്ങിയശേഷം 34 കോടി രൂപയിലേറെ വിദേശനിക്ഷേപം ലഭിച്ച 1188 കമ്പനികളാണുള്ളത്. ഇതില്‍ 1144 കമ്പനികളിലെ വിദേശനിക്ഷേപത്തിനുള്ള വാഗ്ദാനം മേക്ക് ഇന്‍ ഇന്ത്യക്ക് മുമ്പുതന്നെ ലഭിച്ചതാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 442 കമ്പനികള്‍ക്ക് 34 കോടി രൂപയിലേറെ വിദേശനിക്ഷേപമെത്തിയിരുന്നു. ഇതില്‍ എട്ടു കമ്പനികള്‍ക്കു പദ്ധതി പ്രഖ്യാപനത്തിനു മുമ്പ് നിക്ഷേപ വാഗ്ദാനം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എത്തിയെന്നു കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്ന നിക്ഷേപത്തിന്റെ കണക്കുകളില്‍ പൊരുത്തക്കേടുകള്‍ പ്രകടമാകുന്നത്.

Read More >>