പിണറായി പറഞ്ഞ അബ്‌കാരി കോളജ് ഇതാ ആറ്റിങ്ങലില്‍; ബിജു രമേശിന്റെ രാജധാനിയില്‍ 'ഫൈന്‍ റാഗിങ്'

ബാറിന്റെ പേരില്‍ ബിജു രമേശ് ആരംഭിച്ച രാജധാനി കോളേജില്‍ അഞ്ഞൂറില്‍ തുടങ്ങി അമ്പതിനായിരത്തിലെത്തി നില്‍ക്കുന്ന ഫൈന്‍ കൊള്ളയാണ്. കുട്ടികളില്‍ നിന്ന് കോടികള്‍ പിടിച്ചു പറിച്ച, ഫൈന്‍ എന്ന ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാഗിങ്ങിന് ഇവിടം കുപ്രസിദ്ധം!

പിണറായി പറഞ്ഞ അബ്‌കാരി കോളജ് ഇതാ ആറ്റിങ്ങലില്‍; ബിജു രമേശിന്റെ രാജധാനിയില്‍

'സ്വാശ്രയ സ്ഥാപനങ്ങള്‍ വന്നതോടെ അബ്‌കാരികള്‍ പോലും ലാഭക്കണ്ണോടെ കോളേജുകള്‍ തുടങ്ങി'- കോഴിക്കോട് ദേവഗിരി കോളേജില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞതാണിത്. അങ്ങനെയൊരു അബ്‌കാരി കോളേജുണ്ട് ആറ്റിങ്ങലില്‍. ബാറുടമ സാക്ഷാല്‍ ബിജു രമേശിന്റെ തന്നെ. ബാറിന്റെ പേരായ രാജധാനിയാണ് കോളേജിനും, മുഴുവന്‍ പേര് രാജധാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി.

രാജധാനിയിലെ വില്ലന്‍ ഫൈന്‍ ആണ്. അഞ്ഞൂറില്‍ തുടങ്ങി അമ്പതിനായിരത്തിലെത്തി നില്‍ക്കുന്ന ഫൈന്‍. താടിക്ക് ഫൈന്‍ അഞ്ഞൂറ്, ചെരുപ്പ്, കളര്‍ ഷൂ, ടാഗ് ഫൈന്‍, ലേറ്റ് ഫൈന്‍, ഫുള്‍ക്കൈ ഷര്‍ട്ട്, ഇന്‍ഷര്‍ട്ട് എന്നീ വന്‍ ' കുറ്റകൃത്യ'ങ്ങള്‍ക്കും അഞ്ഞൂറു തന്നെ. ക്ലാസിലിരുന്നു ഭക്ഷണം കഴിച്ചാല്‍ അഞ്ഞൂറു പത്തിരട്ടിയായി മാറി അയ്യായിരത്തിലെത്തും.


[caption id="attachment_74545" align="aligncenter" width="489"] അഞ്ഞൂറ് രൂപയുടെ ഫൈൻ അടച്ച റസീപ്റ്റ്[/caption]

വേറൊരു ഫൈനുണ്ട്, കോമണ്‍ ഫൈന്‍. പേര് പോലെ എല്ലാവരുമടക്കേണ്ട ഫൈന്‍ ആണിത്. എന്തിനാണ് ഈ ഫൈനെന്ന കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ നിശ്ചയമില്ല. അഡ്മിഷന്‍ സമയത്ത് കോഷന്‍ ഡെപ്പോസിറ്റായി വാങ്ങുകയും കോഴ്‌സ് തീരുമ്പോള്‍ തിരിച്ചു നല്‍കുകയും ചെയ്യേണ്ട പതിനായിരം രൂപയുണ്ട്. അത് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചു കൊടുക്കാതിരിക്കാനുള്ള അടവാണ് ഈ കോമണ്‍ ഫൈന്‍ എന്ന് വിദ്യാര്‍ത്ഥികള്‍ നാരദാന്യൂസിനോട് പറഞ്ഞു.

എന്നാല്‍ യാതൊരു ഫൈനും ഇല്ലെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. കോമണ്‍ ഫൈനിനെ കുറിച്ച് ചോദിച്ചപ്പോള്‍ കോളജിന്റെ ജിഎം രാജ്‌മോഹന്‍ പറഞ്ഞത് ഇങ്ങനെ -
''യഥാര്‍ത്ഥത്തില്‍ കോമണ്‍ ഫൈന്‍ എന്നല്ല പറയേണ്ടത്... ഡാമേജ്ഡ് ഫീ ആണത്. കോളേജിലെ മൂത്രപ്പുരയടക്കമുള്ളവ ചിലപ്പോള്‍ ചീത്തയാകും, പുതിയ ക്ലോസറ്റ് അടക്കമുള്ളവയൊക്കെ മോഷണം പോയിട്ടുണ്ട്. അതിനു പിന്നിലാരെന്നു ചില കുട്ടികള്‍ ഞങ്ങളോടു പറയും. അതു നന്നാക്കാനൊക്കെയുള്ള ഫീസാണ് ഇത്''.

താടി വടിക്കാതെയോ, ടാഗിടാതെയോ ആരെങ്കിലും വന്നാല്‍ ചെറിയ രീതിയില്‍ ചീത്ത പറയും, ആവര്‍ത്തിക്കരുതെന്നൊക്കെ മുന്നറിയിപ്പ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

അമ്പതിനായിരത്തിന്റെ കഥയിങ്ങനെ...


മൂന്നു മാസം മുമ്പ് കോളേജില്‍ സീനിയര്‍- ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. ഇരുപതോളം വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്നു പുറത്താക്കി. പിന്നീടു രണ്ടു പേരൊഴികെ ബാക്കിയുള്ളവരെ തിരിച്ചെടുക്കാനായിരുന്നു തീരുമാനം. പക്ഷെ ഫൈന്‍ അടക്കണമെന്നു നിര്‍ബന്ധം. അഞ്ചു പേരോട് അമ്പതിനായിരവും  മൂന്നു പേരോടു പതിനയ്യായിരവും, നാലു പേരില്‍ നിന്നു പതിനായിരവും ആറു പേരില്‍ നിന്ന് അയ്യായിരവും ഈടാക്കാനായിരുന്നു തീരുമാനം.

[caption id="attachment_74544" align="aligncenter" width="562"] അമ്പതിനായിരം രൂപയുടെ ഫൈൻ അടച്ചതിന് കിട്ടിയത് വെൽഫയർ ഫണ്ട് എന്ന പേരിലെ റസീപ്റ്റ്[/caption]

പരീക്ഷയടുത്ത സമയമായിരുന്നു അപ്പോള്‍. അതിനിടയില്‍ നോട്ട് നിരോധനവും വന്നു. ഫൈന്‍ അടയ്ക്കാനുള്ള പണത്തിനായി കുട്ടികള്‍ നെട്ടോട്ടമോടി. ഒടുവില്‍ അവിടുന്നും ഇവിടുന്നുമൊക്കെയായി പണമൊപ്പിച്ചു കൊടുത്തു പരീക്ഷ എഴുതി. മൂന്നരലക്ഷം രൂപ ഒറ്റയടിക്കു മാനേജ്‌മെന്റിന്റെ അക്കൗണ്ടിലെത്തി.

അമ്പതിനായിരവും പതിനയ്യായിരവുമൊക്കെ കൊടുത്തെങ്കിലും റസീപ്റ്റ് നല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല. വിദ്യാര്‍ത്ഥികള്‍ റസീപ്റ്റ് ആവശ്യപ്പെട്ടു വീണ്ടും സമീപിച്ചപ്പോള്‍ വെല്‍ഫയര്‍ ഫണ്ട് എന്നു മുകളിലച്ചടിച്ച രസീതി എഴുതിക്കൊടുത്തു. തൊട്ടടുത്ത ഗവണ്‍മെന്റ് സ്‌കൂളില്‍ കളിക്കളം നിര്‍മ്മിക്കാന്‍ ഫണ്ട് സ്വരൂപിക്കുന്നുണ്ട്. അതിലേക്കു കുട്ടികളും മറ്റുള്ളവരും സംഭാവന നല്‍കും, അതിനായി പിരിച്ച തുകയാണിതെന്നാണു മാനേജ്‌മെന്റിന്റെ വാദം.

പണമൂറ്റാൻ എംബിഎ എന്ന് ആരോപണം


രാജധാനി കോളേജില്‍ എംബിഎയ്ക്കു പഠിക്കുന്ന വിദ്യാര്‍ത്ഥിയെന്നു പരിചയപ്പെടുത്തിയ ആളുടെ ആരോപണം ഇങ്ങനെ:
കോളേജ് കെട്ടിടം വലുതാണെങ്കിലും അതിനൊത്ത അടിസ്ഥാന സൗകര്യങ്ങള്‍ അവിടെ ലഭ്യമല്ല. ടെക്‌സ്റ്റും പേനയുമൊന്നും ആവശ്യമില്ലെന്നും കോളേജ് സൗജന്യമായി ഐപാഡ് നല്‍കുമെന്നുമായിരുന്നു അഡ്മിഷൻ സമയത്തെ വാഗ്ദാനം. എന്നാല്‍ ഐപാഡ് നല്‍കിയത് സെമസ്റ്റര്‍ ഫീസില്‍ നിന്നും തുക ഈടാക്കിയാണെന്ന് പിന്നീടാണു വിദ്യാര്‍ത്ഥികള്‍ക്കു മനസിലായത്. ഐപാഡിനൊപ്പം വൈഫൈ കൂടി ലഭ്യമാക്കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. ഇതിനായി ഫീസ് ഈടാക്കിയെങ്കിലും ക്ലാസ് തുടങ്ങി ആറുമാസം ആയിട്ടും വൈഫൈ ലഭ്യമാക്കിയില്ല. പിന്നീട് ഐപാഡ് കോളേജില്‍ കൊണ്ടുവരരുതെന്നായി നിബന്ധന.

സെമസ്റ്റര്‍ ഫീസായി 60,000 രൂപയും ഡെപ്പോസിറ്റ് തുകയായി 24,000 രൂപയുമാണ് വാങ്ങുന്നത്. അതില്‍ 10,000 രൂപ തിരികെ നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ആദ്യ സെമസ്റ്റര്‍ മാത്രമാണ് 60,000 രൂപ ഈടാക്കിയത്. പിന്നീടുള്ള എല്ലാ സെമസ്റ്ററുകളിലും വളരെ കൂടുതല്‍ ഫീസ് ആണ് ഓരോ കുട്ടികളില്‍ നിന്നും ഈടാക്കിയതെന്നാണു വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.

രണ്ടാമത്തെ സെമസ്റ്ററില്‍ 80,000 രൂപ ഫീസ് അടയ്ക്കാൻ ആവശ്യപ്പെട്ടു. നേരത്തെ പറഞ്ഞിരുന്നതിലും അധികതുക എന്തിനാണെന്നു തിരക്കിയപ്പോൾ SAP എന്ന കോഴ്‌സിനു വേണ്ടിയാണെന്നാണു മറുപടി നല്‍കിയത്. എന്നാല്‍ സാധാരണ 8-10 മാസം കൊണ്ട് പഠിപ്പിക്കുന്ന കോഴ്‌സ് വെറും 12 ദിവസങ്ങള്‍ കൊണ്ടു പൂര്‍ത്തിയാക്കി ചടങ്ങു നിര്‍വഹിക്കുകയാണ് കോളേജധികൃതര്‍ ചെയ്തതതെന്നും ഇവർ പറയുന്നു. ഈ കോഴ്‌സിനായി 20,000 രൂപ ഈടാക്കുകയും ചെയ്തു. എന്നാല്‍ പല വിദ്യാര്‍ത്ഥികള്‍ക്കും കോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റ് പോലും ലഭിച്ചിട്ടില്ല.

മൂന്നാം സെമസ്റ്ററില്‍ 60,000ത്തിനു പുറമെ ഓരോ കുട്ടികളും 15,000 രൂപ വരെ അടയ്ക്കണം എന്നാവശ്യപ്പെട്ടു. കാരണം അന്വേഷിച്ചപ്പോള്‍  EXCELL, IFRS കോഴ്‌സ് പഠിക്കാനാണെന്ന് മറുപടി നല്‍കി. കോഴ്‌സിനെ കുറിച്ചു പുറത്തു തിരക്കിയപ്പോള്‍ IFRS എന്ന കോഴ്‌സ് എംബിഎ ഫിനാന്‍സ് പഠിക്കുന്നവര്‍ക്കു മാത്രമുള്ളതാണെന്നു മനസിലായി. ഇക്കാര്യം കോളേജധികൃതരെ അറിയിച്ചപ്പോള്‍ ഫിനാന്‍സ് അല്ലാത്ത കുട്ടികള്‍ EXCELL മാത്രം പഠിച്ചാല്‍ മതി എന്നായി. ആ കോഴ്‌സിനു മാത്രം 10,000 രൂപ അടയ്ക്കണമെന്നു പറഞ്ഞു. എന്നാല്‍ ഈ EXCELL കോഴ്‌സ് വെറും 3 ദിവസമാണ് നല്‍കുകയെന്നും പറഞ്ഞു. ഇതോടെ വിദ്യാര്‍ത്ഥികള്‍ എതിര്‍പ്പുമായി രംഗത്തെത്തി.

എന്നാല്‍ എല്ലാവരും നിര്‍ബന്ധമായി കോഴ്‌സ് ചെയ്യണമെന്നും  ഇല്ലെങ്കിലും ഫീസ് ഈടാക്കുമെന്നും കോളേജ് അധികൃതർ പറഞ്ഞു. പല കുട്ടികളും ഈ കോഴ്‌സ് മറ്റു സ്ഥലങ്ങളില്‍ നിന്നു പഠിച്ചിരുന്നു. ഇക്കാര്യമറിയിച്ചപ്പോള്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടു. ഗവണ്‍മെന്റ് അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ആയിട്ടും ഒരു മാനേജര്‍ വിദ്യാര്‍ത്ഥികളെ 'ആസനം തുടയ്ക്കാന്‍ പോലും കൊള്ളില്ല' എന്നു പറഞ്ഞ് അവഹേളിക്കുകയും ആ സര്‍ട്ടിഫിക്കറ്റുകള്‍ വലിച്ചെറിയുകയുമാണു ചെയ്തതെന്ന് ഈ വിദ്യാർത്ഥി പറയുന്നു.

മുൻകൂട്ടി അറിയിക്കാത്ത ഫൈൻ


വിദ്യാര്‍ത്ഥികളില്‍ നിന്ന് അറ്റന്‍ഡന്‍സ് ഷോട്ടേജ് എന്ന പേരില്‍ പിഴ ഈടാക്കിയിരുന്നു. ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും 5000 രൂപ വരെ ഇത്തരത്തില്‍ ഈടാക്കി. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അറ്റന്‍ഡന്‍സ് ഷോട്ടേജുള്ള വിവരം കോളേജ് അധികൃതര്‍ മുന്‍കൂട്ടി അറിയിച്ചിരുന്നില്ല. മുന്‍കൂട്ടി അറിയിച്ചാല്‍ അറ്റന്‍ഡന്‍സ് ഷോട്ടേജിനുള്ള പിഴ യൂണിവേഴ്‌സിറ്റിയില്‍ നേരിട്ട് അടയ്ക്കാന്‍ കഴിയുമായിരുന്നു. ഇതൊഴിവാക്കി വിദ്യാര്‍ത്ഥികളില്‍ നിന്നു പണം പിടിച്ചുപറിക്കാനാണു കോളേജധികൃതര്‍ ശ്രമിച്ചത്.

500 രൂപ പോലും ഫൈന്‍ ആകാത്തിടത്താണ് 5,000 രൂപ വരെ ഈയിനത്തില്‍ കുട്ടികളില്‍ നിന്നു തട്ടിയെടുത്തത്. പിഴയൊടുക്കാന്‍ തയ്യാറാകാതിരുന്ന വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കാതെ കോളേജധികൃതര്‍ പ്രതികാരം ചെയ്തു. ഹാള്‍ ടിക്കറ്റ് തടഞ്ഞുവച്ചും പരീക്ഷാദിവസം അരമണിക്കൂര്‍ പരീക്ഷയെഴുതാന്‍ സമ്മതിക്കാതെ ഹാളിനു പുറത്തു നിര്‍ത്തിയുമൊക്കെയായിരുന്നു പ്രതികാരമെന്നും ആരോപണമുണ്ട്.

Read More >>