വെള്ളം കുടിക്കാം...ചൂടോടെ!

ശരീരത്തിന് നല്ലത് ചൂട് വെള്ളമാണോ അതോ തണുത്തതോ?

വെള്ളം കുടിക്കാം...ചൂടോടെ!

ജീവന്‍ നിലനിര്‍ത്താന്‍ വെള്ളം അത്യാവശ്യമാണ്. ഒരു ദിവസം ശരാശരി 8 ഗ്ലാസ്‌ വെള്ളം കുടിക്കണം എന്നും മിക്കവര്‍ക്കും അറിയാം. പക്ഷെ എപ്പോഴും തണുത്ത വെള്ളം കുടിക്കുവാനായിരിക്കും ഒട്ടു മിക്ക ആളുകളും താല്‍പര്യപ്പെടുക. ചൂട് വെള്ളം കുടിക്കുന്നതിന്‍റെ ആരോഗ്യകരമായ പ്രയോജനം അറിയാത്തതുകൊണ്ടാണ് ഇത്.

ചൂട് വെള്ളം കുടിക്കുമ്പോള്‍ പലതുണ്ട് പ്രയോജനം-

അമിതഭാരം കുറയുന്നു:

അതികാലത്ത് എഴുന്നേല്‍ക്കുമ്പോള്‍ ചായയോ കാപ്പിയോ കുടിക്കുന്നതിനു പകരം തേന്‍ അല്ലെങ്കില്‍ നാരങ്ങാനീര് ചേര്‍ത്ത ഇളം ചൂട് വെള്ളം കുടിച്ചു നോക്കു, ശരീരഭാരത്തില്‍ പ്രകടമായ വ്യത്യാസം ആഴ്ചകള്‍ക്കുള്ളില്‍ അറിയാം. ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പിനെ അലിയിച്ചു കളയാന്‍ ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്.


മൂക്കടപ്പിനും തൊണ്ടയിലെ അസ്വസ്ഥതകള്‍ക്കും പരിഹാരം:

ചൂട് വെള്ളം കുടിക്കുമ്പോള്‍ അന്നനാളത്തിലും ശ്വാസകോശത്തിലും പറ്റിപ്പിടിച്ചിരിക്കുന്ന കഫം ഇളകിപോകും. ഇത് സുഗമമായ ശ്വസനത്തിന് സഹായിക്കുന്നു.

ആര്‍ത്തവക്കാലത്തെ വേദനയ്ക്ക് ആശ്വാസം:

അടിവയറ്റില്‍ പേശികള്‍ വലിഞ്ഞു മുറുകുന്നത് പോലെയുള്ള വേദന ആര്‍ത്തവക്കാലത്ത് സാധാരണമാണ്. ചൂട് വെള്ളം പേശികളുടെ അയവിന് സഹായിക്കുകവഴി ആര്‍ത്തവക്കാലത്തെ വേദനയ്ക്ക് നല്ല ആശ്വാസം ലഭിക്കുന്നു

ചര്‍മ്മത്തിന്റെ തിളക്കം:

സ്റ്റീം ബാത്ത് നടത്തി ചര്‍മ്മത്തില്‍ അടിഞ്ഞുകൂടിയ അഴുക്ക് മാറ്റുന്ന രീതി ഇന്ന് സര്‍വ്വസാധാരണമാണ്. എന്നാല്‍ ആന്തരികമായ ശുചിത്വത്തിനോ?

ചൂട് വെള്ളം കുടിക്കുമ്പോള്‍ ശരീരതാപവും വര്‍ദ്ധിക്കുന്നു, ഇത് ഫലത്തില്‍ വിയര്‍പ്പ് ഉണ്ടാക്കുന്നതിനു കാരണമാകും. വിയര്‍പ്പിനൊപ്പം ചര്‍മ്മത്തിനുള്ളിലെ ഹാനികരമായ വസ്തുക്കളും പുറന്തള്ളപ്പെടുന്നു. ഇത് ചര്‍മ്മത്തിന്‍റെ തിളക്കത്തിനു മാറ്റു കൂട്ടും.

മുഖക്കുരുവിനും പരിഹാരം:

പതിവായി ചൂട് വെള്ളം കുടിക്കുമ്പോള്‍ മേല്‍ സൂചിപ്പിച്ചത് പോലെ ചര്‍മ്മത്തിലെ അഴുക്കും പൊടിപടലങ്ങളും കഴുകി പോകുന്നു. ഇത് മുഖക്കുരു ഇല്ലാതാക്കുന്നതിന്‍റെ പ്രധാന കാരണമാണ്.

ആരോഗ്യമുള്ള മുടിയ്ക്ക്:

ചര്‍മ്മത്തിന് ലഭിക്കുന്ന അതേ ഗുണങ്ങള്‍ തന്നെ ചൂട് വെള്ളം കുടിക്കുമ്പോള്‍ ശിരോചര്‍മ്മത്തിനും ലഭിക്കുന്നു. തന്മൂലം താരന്‍ ശല്യത്തില്‍ നിന്നും രക്ഷപ്പെടുകയും, ആരോഗ്യവും തിളക്കവും വൃത്തിയുമുള്ള തലമുടി ലഭിക്കുകയും ചെയ്യും.
ആരോഗ്യമുള്ള നാഡിവ്യൂഹത്തിന്: രക്തയോട്ടത്തെ ഉത്തേജിപ്പിക്കുക വഴി ശരീരത്തിന് ഉന്മേഷവും ഒപ്പം നാഡി-ഞരമ്പുകളുടെ പ്രവര്‍ത്തനത്തെ കാര്യക്ഷമമാക്കുകയും ചെയ്യും.

ശരിയായ ദഹനത്തിനും ശോധനയ്ക്കും:

ആഹാരശേഷം തണുത്ത വെള്ളം കുടിക്കുമ്പോള്‍ ഭക്ഷണത്തില്‍ ഉണ്ടായിരുന്ന എണ്ണ പദാര്‍ഥങ്ങള്‍ കട്ടിയാകുന്നു എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് ദഹനപ്രക്രിയയെയും മലശോധനയും തടസ്സപ്പെടുത്തുന്നു. മാത്രമല്ല, ഇത്തരത്തില്‍ കുടലില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് അര്‍ബുദത്തിനു വരെ കാരണമായേക്കാം. എന്നാല്‍ തണുത്ത വെള്ളത്തിനു പകരം ആഹാരത്തിനു ശേഷം ചൂട് വെള്ളം കുടിക്കുന്നത് ഈ അപകടസ്ഥിതി ഒഴിവാക്കും.