നാലുപേര്‍ കൂടിനിന്നാലുടന്‍ പ്രിന്‍സിപ്പല്‍ വിളിപ്പിക്കും; രാഷ്ട്രീയം പറഞ്ഞാല്‍ പടിക്കു പുറത്ത്‌; ബത്തേരി ഡോണ്‍ ബോസ്‌കോ ഒരു കലാലയമാണോ?

ക്യാമ്പസില്‍ രാഷ്ടീയം പറഞ്ഞാല്‍ പ്രിന്‍സിപ്പലിന്റെ സദാചാര ക്ലാസ്‌. നാലുപേര്‍ കൂടി നിന്നു സംസാരിച്ചാല്‍ ഉടന്‍ ഓഫീസിലേക്ക്‌ വിളിപ്പിക്കും. പിന്നെ സംസാരിച്ച കാര്യങ്ങളും കാരണങ്ങളും വള്ളിപുള്ളി വിടാതെ പറയണം. പറഞ്ഞില്ലെങ്കില്‍ പറയിപ്പിക്കാനുള്ള എല്ലാ വിദ്യകളും പ്രിന്‍സിപ്പല്‍ ജോയ്‌ ഉള്ളാട്ടിനും വൈസ്‌ പ്രിന്‍സിപ്പല്‍ ഫാ. കുര്യാക്കോസിനും അറിയാം. അണ്‍ എയ്‌ഡഡ്‌ സ്‌കൂളിനെക്കാള്‍ അച്ചടക്കത്തിന്റെ വാളോങ്ങുന്ന മാനേജ്‌മെന്റാണ്‌ വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയിലെ ഡോണ്‍ ബോസ്‌കോ കോളേജിലേത്‌. പഠനത്തിനപ്പുറം യാതൊരു സ്വാതന്ത്ര്യവും ഇവിടെ പ്രതീക്ഷിക്കേണ്ടെന്ന അപ്രഖ്യാപിത മുദ്രാവാക്യമാണ്‌ മാനേജ്‌മെന്റിന്റേത്‌.

നാലുപേര്‍ കൂടിനിന്നാലുടന്‍ പ്രിന്‍സിപ്പല്‍ വിളിപ്പിക്കും; രാഷ്ട്രീയം പറഞ്ഞാല്‍ പടിക്കു പുറത്ത്‌; ബത്തേരി ഡോണ്‍ ബോസ്‌കോ ഒരു കലാലയമാണോ?

ഒരു വിദ്യാര്‍ഥി സംഘടനയ്‌ക്കും ക്യാമ്പസിലേക്ക്‌ പ്രവേശമില്ല. എല്ലാദിവസവും 9.20നു ക്ലാസിലെത്തണം. 9.21 ആയാല്‍ 200 രൂപ ഫൈനും അരദിവസം ആബ്സെന്റും. ഉച്ച ഭക്ഷണത്തിനു 12.45 മുതല്‍ 1.20 വരെ സമയമുണ്ട്‌. ഇതിന്‌ വൈകിയാലും ഫൈനും ശകാരവും. ഓരോ അവറിനും പ്രത്യേക ഹാജര്‍ നില പരിശോധിക്കും. ആബ്സെന്റായവരെ പ്രിന്‍സിപ്പല്‍ വിളിപ്പിക്കും. പിന്നെ രക്ഷിതാക്കളെ കൊണ്ടുവന്ന്‌ മേലില്‍ ഇതാവര്‍ത്തിക്കില്ലെന്ന്‌ എഴുതിക്കൊടുത്താലെ ക്ലാസില്‍ കയറാന്‍ പറ്റുകയുള്ളു. വിദ്യാര്‍ഥികള്‍ കൂട്ടുകൂടുന്നതിന്‌ വരെ കര്‍ശന നിയന്ത്രണമുണ്ട്‌.


ക്യാമ്പസില്‍ രാഷ്ട്രീയം പറഞ്ഞാല്‍ ടിസി വാങ്ങിപ്പോകാന്‍ പറയാന്‍ പ്രിന്‍സിപ്പലിന്‌ യാതൊരു മടിയുമില്ല. ഒരു വിദ്യാര്‍ഥിയ്‌ക്ക്‌ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ സഹപാഠികളാരും ഇടപെടരുതെന്നാണു മാനേജ്‌മെന്റിന്റെ തിട്ടൂരം. പഠനത്തിലായാലും പഠനേതര പ്രവര്‍ത്തനങ്ങളിലായാലും സെല്‍ഫിഷ്‌ ആയിരിക്കണം. പഠനം മാത്രം. അതിനപ്പുറത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊന്നുംതന്നെ അനുമതിയില്ല.

ദേശീയ സെമിനാറുകളും പഠനക്യാമ്പുകളുമെല്ലാം മുറപോലെ നടക്കാറുണ്ട്‌. ഇതര കോളേജുകളില്‍ നിന്നു വരുന്ന കുട്ടികളോട്‌ ഇടെപടുന്നതിൽ പോലും കര്‍ശന നിയന്ത്രണമുണ്ട്‌. സ്വാശ്രയ കോളേജ്‌ അദ്ധ്യാപകരുടെ യോഗത്തിനു പോകാന്‍പോലും ഇവിടുത്തെ അദ്ധ്യാപകര്‍ക്ക്‌ അനുമതിയില്ല. 690 വിദ്യാര്‍ഥികളും 45 അദ്ധ്യാപകരുമാണുള്ളത്‌. നെറ്റ്‌ (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്‌) യോഗ്യതയുള്ളവര്‍ നാമമാത്രംപേരും.

രാവിലെ സ്‌കൂള്‍ മാതൃകയില്‍ അസംബ്ലിയുണ്ട്‌. ഇതിനു പങ്കെടുക്കാത്തവര്‍ക്കു ഫൈന്‍ നിര്‍ബന്ധം. അല്ലെങ്കില്‍ ക്ലാസില്‍ കയറാന്‍ സമ്മതിക്കില്ല. പതിവായി അസംബ്ലിയില്‍ പറയുന്ന പ്രധാന കാര്യം വിദ്യാര്‍ത്ഥി സംഘടനകളില്‍ ആരും പോകരുതെന്നും ക്യാമ്പസിലേക്ക്‌ രാഷ്ട്രീയം കൊണ്ടുവരരുതെന്നുമാണ്‌. ഡോണ്‍ ബോസ്‌കോയുടെ സ്ഥാപനങ്ങളില്‍ സംഘടനാപ്രവര്‍ത്തനം നിരോധിച്ചതായുള്ള ഹൈക്കോടതി ഉത്തരവുണ്ടെന്നാണു മാനേജ്‌മെന്റ്‌ വിദ്യാര്‍ത്ഥികളോടും രക്ഷിതാക്കളോടും തട്ടിവിടാറ്‌. ഇങ്ങനെയൊരു ഉത്തരവുള്ള കാര്യം ഇവിടുത്തെ അദ്ധ്യാപകര്‍ക്കുപോലുമറിയില്ല.ഡോണ്‍ ബോസ്‌കോയ്‌ക്ക്‌ 48 കോളേജുകളാണുള്ളത്‌. എല്ലാ കോളേജുകളിലും സംഘടനാ സ്വാതന്ത്രമില്ലെന്നു മാനേജ്‌മെന്റ്‌ പറയുന്നുണ്ടെങ്കിലും ആലപ്പുഴ, കോട്ടയം ജില്ലകളിലെ കോളേജുകളില്‍ ഉള്‍പ്പെടെ വിദ്യാര്‍ഥി സംഘടനകള്‍ സജീവമായിത്തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഡോണ്‍ ബോസ്‌കോയുടെ ബത്തേരി കോളേജിലാണ്‌ വിദ്യാര്‍ഥികള്‍ക്കു നേരെ ഏറ്റവും വലിയ പീഡനം അരങ്ങേറുന്നത്‌. കോളേജ്‌ ആര്‍ട്‌സ്‌ ഡേ നടക്കാറുണ്ടെങ്കിലും പൂര്‍ണ്ണമായും മാനേജ്‌മെന്റാണു നിയന്ത്രിക്കുന്നത്‌.

എസ്‌എഫ്‌ഐ ദിനത്തോടനുബന്ധിച്ച്‌ ഡിസംബര്‍ 22നു ക്യാമ്പസിനു പുറത്ത് സംഘടനയുടെ കൊടി ഉയര്‍ത്തിയ ജിഷ്‌ണുവിനെ പ്രിന്‍സിപ്പലും കൂട്ടരും ഇപ്പോഴും വേട്ടയാടല്‍ തുടരുകയാണ്‌. അടുത്തദിവസം തന്നെ കൊടിപറിച്ചു മാനേജ്‌മെന്റധികൃതര്‍ ദൂരേക്കെറിഞ്ഞു. പിന്നീട്‌ അടിയന്തിരമായി വകുപ്പുതലവന്‍മാരുടെ യോഗം ചേര്‍ന്നു. ബികോം വിദ്യാര്‍ഥിയായ ജിഷ്‌ണുവിനെ ഈ യോഗത്തിലേക്കു വിളിപ്പിച്ച്‌ മാനസികമായി പീഡിപ്പിക്കുകയും കോളേജില്‍ നിന്നു പുറത്താക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. അവന്‍ കോളേജിലെ നോട്ടപ്പുള്ളിയാണെന്നു പറഞ്ഞ്‌ രക്ഷിതാക്കളെ വിളിച്ചു ടോര്‍ച്ചര്‍ തുടരുന്നതായി ജിഷ്‌ണു നാരദാ ന്യൂസിനോടു പറഞ്ഞു.

ഒരു രീതിയിലുമുള്ള സ്വാതന്ത്ര്യവും ഇവിടുത്തെ വിദ്യാര്‍ഥികള്‍ക്കു ലഭിക്കാറില്ല. കോളേജിന്റെ ചരിത്രത്തിലാദ്യമായി ഇത്തവണ അസോസിയേഷന്‍ തെരഞ്ഞെടുപ്പു നടത്തി. സംഘടനാപ്രവര്‍ത്തനം നടത്തില്ലെന്ന്‌ ഉറപ്പുനല്‍കിയാലെ അസോസിയേഷന്‍ തെരഞ്ഞെടുപ്പ്‌ അനുവദിക്കുകയുള്ളുവെന്നായിരുന്നു മാനേജ്‌മെന്റിന്റെ ഭീഷണി. സംഘടനാപ്രവര്‍ത്തനം നടത്തില്ലെന്നു വിദ്യാര്‍ഥികള്‍ ഉറപ്പു നല്‍കിയതോടെയാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌.

തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ യൂനിഫോം നിര്‍ബന്ധമാണ്‌. ബുധനാഴ്‌ച്ച തികച്ചും പാശ്ചാത്യ മാതൃകയില്‍ കോട്ടും സ്യൂട്ടും ടൈയും ധരിക്കണം. ഒരുദിവസംപോലും മുണ്ടുടുക്കാന്‍ അവകാശമില്ല. അതേസമയം ഈയടുത്തകാലത്തായി ബത്തേരി പൊലീസ്‌ ചാര്‍ജ്ജ്‌ ചെയ്‌ത കഞ്ചാവ്‌ കേസില്‍ നല്ലൊരു ശതമാനവും ഇവിടുത്തെ വിദ്യാര്‍ത്ഥികളാണെത്രെ. പിന്നീട്‌ കേസ്‌ തേച്ചുമാച്ചുകളയുകയാണ്‌ പതിവ്‌.

അദ്ധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുന്നെന്ന്‌ കാണിച്ച്‌ എസ്‌എഫ്‌ഐ ബത്തേരി ഏരിയ സെക്രട്ടറി ഹരികൃഷ്ണന്  കോളേജില്‍ നിന്ന്‌ ഒരു വിദ്യാര്‍ത്ഥിനിയുടെ ഊമക്കത്തു കിട്ടിയിരുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങളെക്കുറിച്ചൊന്നും സംസാരിക്കാന്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കു ക്യാമ്പസിലേക്കു പ്രവേശമില്ല. സംഘടനാപ്രവര്‍ത്തനം ഒരു കാരണവശാലും അനുവദിക്കില്ലെന്ന ഉറച്ച നിലപാടില്‍ത്തന്നെയാണ്‌ ഡോണ്‍ ബോസ്‌കോ മാനേജ്‌മെന്റ്‌.

Read More >>