ബർഖാ ദത്ത് എൻഡിടിവി വിട്ടു; സ്വന്തമായി സ്ഥാപനം തുടങ്ങുമെന്ന് സൂചന

21 വർഷത്തിന് ശേഷം പ്രമുഖ മാധ്യമപ്രവർത്തക ബർഖാ ദത്ത് എൻഡിടിവിയിൽ നിന്നും രാജിവെച്ചു.  ബർഖാ ദത്തും എൻഡിടിവിയും രാജിക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.  

ബർഖാ ദത്ത് എൻഡിടിവി വിട്ടു; സ്വന്തമായി സ്ഥാപനം തുടങ്ങുമെന്ന് സൂചന

'വീ ദ പീപ്പിൾ' എന്ന ടെലിവിഷൻ പരിപാടിയുടെ അവസാന എപ്പിസോഡ് അവതരിപ്പിച്ചുവെന്ന ട്വിറ്റർ സന്ദേശത്തിലൂടെയാണ് ബർഖാ ദത്ത് രാജിക്കാര്യം അറിയിച്ചത്. എൻഡിടിവിയുടെ കൺസൾട്ടിംഗ് എഡിറ്ററായ ബർഖാ ദത്ത് കഴിഞ്ഞ 21 വർഷമായി എൻഡിടിവിയിലാണ് ജോലി ചെയ്തിരുന്നത്. പുതിയ അവസരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും സ്വന്തമായി മാധ്യമസംരഭം ആരംഭിക്കണമെന്നുമാണ് ബർഖ അറിയിച്ചതെന്ന് എൻഡിടിവി വ്യക്തമാക്കി.

1995ലാണ് ബർഖ എൻഡിടിവിയിൽ ചേർന്നത്. എൻഡിടിവിയുടെ  പ്രൈം ടൈം പരിപാടി ദ ബക്ക്‌സ് സ്റ്റോപ്‌സ് ഹിയര്‍ ,വീക്ക്‌ലി ടോക്ക് ഷോ വീ ദ പീപ്പിൾ എന്നിവയുടെ അവതാരകയാണ് ബർഖ. 2015 ൽ ചാനലിന്റെ ഗ്രൂപ്പ് എഡിറ്റർ എന്ന സ്ഥാനമൊഴിഞ്ഞ ബർഖ കൺസൾട്ടിംഗ് എഡിറ്റരായി തുടരുകയായിരുന്നു.


1999-ൽ  അതിർത്തിയിൽ നിന്ന് കാർഗിൽ യുദ്ധം റിപ്പോർട്ട് ചെയ്തതു മുതലാണ് മാധ്യമപ്രവർത്തകയെന്ന നിലയിൽ ബർഖ ശ്രദ്ധേയയാകുന്നത്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നും ബർഖാ എൻഡിടിവിയ്ക്കായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രാജ്യത്തിന്റെ നാലാമത്തെ പരമോന്നത പുരസ്കാരമായ പദ്മശ്രീ അവാർഡ് ബർഖയ്ക്ക് ലഭിച്ചിട്ടുണ്ട്. ബർഖാ ദത്ത്  അവതരിപ്പിച്ച വി ദ പീപ്പിൾ  എന്ന ടോക്ക് ഷോ അഞ്ചുതവണ  ഇന്ത്യൻ ടെലിവിഷൻ അക്കാദമിയുടെ  പുരസ്കാരം നേടിയിട്ടുണ്ട്.

ഗുജറാത്ത് വംശഹത്യയും മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട ബർഖയുടെ റിപ്പോർട്ടുകൾ വിവാദമായിരുന്നു.  ടു ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന നീരാ റാഡിയാ ടേപ്പ് വിവാദത്തിലും ബർഖയുടെ പേര് ഉൾപ്പെട്ടിരുന്നു.

കഴിഞ്ഞ ഒക്ടോബറിൽ വാഷിങ്ങ് ടണ്‍ പോസ്റ്റിലെ കോളമിസ്റ്റായി ബർഖയെ ഉൾപ്പെടുത്തിയിരുന്നു.  ഇംഗ്ലീഷ് സാഹിത്യത്തിൽ ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ബിരുദം നേടിയ ബർഖ ജാമിയ മിലിയ സർവ്വകലാശാലയിൽ ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം നേടി. കൊളംബിയ സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

Story by
Read More >>