തന്‍റെ നോമിനേഷന്‍ നിരസിച്ചതിന് പിന്നില്‍ ഗൂഡാലോചനയെന്നു അസറുദ്ദീന്‍

രാജിവ്ഗാന്ധി അന്താരാഷ്ട്രക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പതിപ്പിച്ചിരുന്ന തെരഞ്ഞെടുപ്പിന്റെ വിശദാംശങ്ങള്‍ അടങ്ങിയ നോട്ടീസ് വലിച്ചുകീറിയ നിലയില്‍ കാണപ്പെട്ടു.

തന്‍റെ നോമിനേഷന്‍ നിരസിച്ചതിന് പിന്നില്‍ ഗൂഡാലോചനയെന്നു അസറുദ്ദീന്‍

ഹൈദരാബാദ് ക്രിക്കറ്റ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിലേക്ക് തന്റെ നോമിനേഷന്‍ നിരസിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ചു മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ്‌ അസറുദ്ദീന്‍ രംഗത്ത്.

റിട്ടേണിംഗ് ഓഫീസര്‍ കെ.രാജീവ് റെഡ്ഡിക്കെതിരെയാണ് താരം വിമര്‍ശനം ഉയര്‍ത്തുന്നത്.

എട്ട് പേര്‍ നോമിനേഷന്‍ സമര്‍പ്പിച്ചതില്‍ അസറുദ്ദീന്‍ മാത്രമാണ് നിരസിക്കപ്പെട്ടത്. മുന്‍ ഭരണസമിതിയില്‍ പദവികള്‍ ഉണ്ടായിരുന്നതിനാല്‍ അഞ്ചു പേരുടെ അപേക്ഷ അയോഗ്യമായി പ്രഖ്യാപിക്കുകയായിരുന്നു.


ജി.വിവേകാനന്ദ്, വിധ്യുദ് ജയസിംഹ എന്നിവരാണ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിക്കുക.

തന്റെ നോമിനേഷന്‍ നിരസിച്ചതിനുള്ള വ്യക്തമായ ഒരു മറുപടി നല്‍കാന്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് സാധിച്ചിട്ടില്ല. ഇതില്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. തനിക്കെതിരെ ഇത്തരത്തില്‍ പടയൊരുക്കം നടക്കുന്നതില്‍ ഖേദമുണ്ടെന്നും അസറുദ്ദീന്‍ പറയുന്നു.

നാഷണല്‍ ക്രിക്കറ്റ് ക്ലബിന്‍റെ പ്രതിനിധിയായിട്ടാണ് അസറുദ്ദീന്‍ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശക പത്രിക സമര്‍പ്പിച്ചത്.
"രാജ്യത്തെ പ്രതിനിധീകരിച്ചു അഭിമാനകരമായ നിലയില്‍ ക്രിക്കറ്റ് കളിച്ചിട്ടുള്ള ഒരാള്‍ പോലും കമ്മിറ്റിയില്‍ വേണ്ടായെന്ന് അവര്‍ തീരുമാനിക്കുന്നതിന്റെ കാരണമെന്താണ് എന്ന് മനസിലാകുന്നില്ല. ഒരു ക്രിക്കറ്റ് താരത്തെക്കാള്‍ അധികം ക്രിക്കറ്റ് അറിയാവുന്നവര്‍ അവരില്‍ ആരാണ്? ഞാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ പലരും എന്നെ വിളിച്ചു അഭിനന്ദിച്ചിരുന്നു. കാര്യങ്ങള്‍ ഇങ്ങനെ നീങ്ങുന്നതില്‍ അവര്‍ക്കും അമര്‍ഷം ഉണ്ടാകും."

ഈ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കും എന്നും അസറുദ്ദീന്‍ പറഞ്ഞു.

ഇതിനിടെ തെരഞ്ഞെടുപ്പിന് യോഗ്യത നേടിയവരുടെ പട്ടിക ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിദ്ധീകരിച്ചു.

സെക്രട്ടറി തസ്തികയിലേക്ക് ടി. ശേഷനാരായണിന്‍റെ നോമിനേഷന്‍ മാത്രമുള്ളതിനാല്‍ ആ തസ്തികയിലേക്ക് തെരഞ്ഞെടുപ്പ് ഉണ്ടാവില്ല. രാജിവ്ഗാന്ധി അന്താരാഷ്ട്രക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പതിപ്പിച്ചിരുന്ന തെരഞ്ഞെടുപ്പിന്റെ വിശദാംശങ്ങള്‍ അടങ്ങിയ നോട്ടീസ് വലിച്ചുകീറിയ നിലയില്‍ കാണപ്പെട്ടു.

Read More >>