ധ്യാനം കൂടിയാല്‍ ഹാജര്‍; അങ്കമാലി ഡീ പോള്‍ കോളേജില്‍ മതമേതാ പഠനമേതാ എന്നറിയാനാവാത്ത അവസ്ഥ

ക്രിസ്ത്യന്‍ മാനേജ്മെന്റിന് കീഴിലുള്ള കോളേജില്‍ ഇടയ്ക്ക് ധ്യാനമുണ്ടാകും. പങ്കെടുക്കുന്നവര്‍ക്ക് അറ്റന്‍ഡന്‍സ്. സാധാരണയായി ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നതിനാല്‍ അവര്‍ക്ക് ധ്യാനവും കൂടാം ഹാജരും ലഭിക്കും.

ധ്യാനം കൂടിയാല്‍ ഹാജര്‍; അങ്കമാലി ഡീ പോള്‍ കോളേജില്‍ മതമേതാ പഠനമേതാ എന്നറിയാനാവാത്ത അവസ്ഥ

ക്രിസ്ത്യന്‍ മാനേജ്മെന്റിന് കീഴിലുള്ള കോളേജില്‍ ഇടയ്ക്കു ധ്യാനമുണ്ടാകും. പങ്കെടുക്കുന്നവര്‍ക്ക് അറ്റന്‍ഡന്‍സ്. സാധാരണയായി ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നതിനാല്‍ അവര്‍ക്ക് ധ്യാനവും കൂടാം, ഹാജരും ലഭിക്കും.

സ്വാശ്രയ കോളേജുകളില്‍ നടക്കുന്ന പീഡന പരമ്പരയിലെ ഏറ്റവുമൊടുവിലത്തെ സംഭവം അങ്കമാലി ഡിപോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആൻഡ് ടെക്നോളജി കോളേജില്‍ നിന്ന്. ധ്യാനം കൂടിയാല്‍ ഹാജര്‍ ലഭിക്കുന്ന കോളേജില്‍ വൈദഗ്ദ്ധ്യം കുറഞ്ഞ അദ്ധ്യാപകരെയോ കനത്ത ഫീസിനെയോ ചോദ്യം ചെയ്യുന്നവര്‍ പുറത്താകുകയോ 'ഇയര്‍ ബാക്ക്' ആവുകയോ ചെയ്യും. ക്യാമ്പസില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് 500 രൂപയാണു പിഴ. ഇത്തരം അനീതികള്‍ക്കെതിരെ പ്രതികരിച്ച അഞ്ച് ബി.എ മള്‍ട്ടിമീഡിയ വിദ്യാര്‍ത്ഥികള്‍ക്കു കോഴ്സ് അവസാനിപ്പിക്കേണ്ടി വന്നതായാണ് ആരോപണം.


മതാചാരങ്ങളെ പ്രോത്സാഹിപ്പിക്കാനും അവയെ വിദ്യാഭ്യാസവുമായി കൂട്ടിക്കെട്ടാനുമുള്ള ശ്രമമാണ് വിദ്യാര്‍ത്ഥികള്‍ക്കു ധ്യാനം കൂടിയാല്‍ അറ്റന്‍ഡന്‍സ് നല്‍കുന്നതിലൂടെ കോളജധികൃതര്‍ ചെയ്യുന്നതെന്നാണു പൊതുവായ ആരോപണം. ഒരു പ്രത്യേക മതത്തിന്റെ ചടങ്ങായ ധ്യാനം കൂടുന്നതിന് അറ്റന്‍ഡന്‍സ് നല്‍കുന്ന നടപടി ക്രിസ്ത്യാനികളായ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്നു പോലും വിമര്‍ശനത്തിനു കാരണമായിട്ടുണ്ട്. ധ്യാനം കൂടിയാല്‍ ഹാജര്‍ നല്‍കുന്ന രീതി മറ്റൊരു സ്ഥാപനത്തിലുമില്ലെന്നും ഇത് എന്തു കീഴ്‌വഴക്കമാണുണ്ടാക്കുന്നതെന്നും വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ചോദിക്കുന്നു.

എറണാകുളം ജില്ലയില്‍ ബി.എ മള്‍ട്ടിമീഡിയ കോഴ്സ് വാഗ്ദാനം ചെയ്യുന്ന ഏക കോളേജെന്ന നിലയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കൂടാതെ സംസ്ഥാനത്തുടനീളമുള്ള വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കാനെത്തിയത്. വലിയ പരസ്യം കണ്ട് കോഴ്സിന് ചേര്‍ന്ന തങ്ങള്‍ വഞ്ചിക്കപ്പെടുകയാണെന്നു പിന്നീടാണറിഞ്ഞതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ആറ് സെമസ്റ്ററുകളുള്ള ബിരുദ കോഴ്സിന് മൂന്നു ലക്ഷത്തോളം രൂപയാണു ചെലവാകുക.

എന്നാല്‍ ക്ലാസ് തുടങ്ങി അധിക ദിവസങ്ങള്‍ കഴിയും മുമ്പ് തന്നെ അദ്ധ്യാപകരുടെ വൈദഗ്ദ്ധ്യമില്ലായ്മ വിദ്യാര്‍ത്ഥികള്‍ക്കു ബോധ്യപ്പെട്ടു. അദ്ധ്യാപകരെന്ന നിലയില്‍ സ്വന്തമായി ഒന്നും സംഭാവന ചെയ്യാനില്ലാതെ ഇന്റര്‍നെറ്റില്‍ നിന്നു ശേഖരിക്കുന്ന വിവരങ്ങള്‍ തങ്ങള്‍ക്കു നല്‍കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇതിനെ ചോദ്യം ചെയ്ത തങ്ങളോടു മാനേജ്മെന്റ് പ്രതികാരനടപടികളാണു സ്വീകരിച്ചതെന്നു പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ നാരദാ ന്യൂസിനോടു പറഞ്ഞു.

2012ലാണു കോളേജില്‍ ബി.എ മള്‍ട്ടിമീഡിയ കോഴ്സ് തുടങ്ങിയത്. കോഴ്സ് ഫീസ് കൂടാതെ ലാപ്‌ടോപ്പ്, ക്യാമറ തുടങ്ങിയവയും വിദ്യാര്‍ത്ഥികള്‍ സ്വന്തം പണം മുടക്കി വാങ്ങിയിരുന്നു.

സിനിമയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുക എന്ന മോഹത്തോടെ കോഴ്സിനു ചേര്‍ന്ന തങ്ങള്‍ക്ക് അവിദഗ്ധരായ അദ്ധ്യാപകരുടെ ക്ലാസുകളോടെ തുടക്കത്തില്‍ തന്നെ പ്രതീക്ഷ നഷ്ടപ്പെടുകയായിരുന്നുവെന്നു വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു. ക്ലാസെടുക്കാന്‍ കഴിവില്ലാത്ത അദ്ധ്യാപകര്‍ ക്ലാസ് പിരിയഡുകളില്‍ പലപ്പോഴും സിനിമ പ്രദര്‍ശിപ്പിക്കുകയായിരുന്നു ചെയ്തിരുന്നത്. കോളേജില്‍ മികച്ച സൗകര്യങ്ങളുള്ള സ്റ്റുഡിയോയും അനുബന്ധ സാമഗ്രികളും ഉണ്ടായിട്ടും കോഴ്സിന്റെ ഭാഗമായി അവ ആവശ്യപ്പെട്ടിട്ട് അധികൃതര്‍ നിഷേധിച്ചതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഇതിനെത്തുടര്‍ന്ന് കോഴ്സ് രണ്ട് സെമസ്റ്റര്‍ പിന്നിട്ടതോടെ ചില വിദ്യാര്‍ത്ഥികള്‍ മാനേജ്മെന്റിനെ കണ്ട് ഒന്നുകില്‍ ഫീസ് കുറയ്ക്കുക അല്ലെങ്കില്‍ വിദഗ്ധരായ അദ്ധ്യാപകരെ കൊണ്ടുവരിക എന്ന ആവശ്യം ഉന്നയിച്ചു. ഇതോടെ തങ്ങള്‍ നോട്ടപ്പുള്ളികളാകുകയായിരുന്നെന്ന് പരാതി നല്‍കിയ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ഇതിനിടെ പിജി വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ ഒരു സംഭവമുണ്ടായി. എന്നാല്‍ പൊലീസില്‍ പരാതി നല്‍കാതെ അന്വേഷണ കമ്മീഷനെ വയ്ക്കുകയാണു കോളേജധികൃതര്‍ ചെയ്തത്. ഇതിനെത്തുടര്‍ന്ന് എല്ലാ ക്ലാസുകളിലും കമ്മീഷന്‍ പരിശോധന നടത്തി. തുടര്‍ന്ന് ബി.എ മള്‍ട്ടിമീഡിയ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നു മുമ്പു പരാതി നല്‍കിയവരെ സംശയമുണ്ടെന്നു പറഞ്ഞ് അധികൃതരുടെ മുമ്പില്‍ വിളിച്ചുവരുത്തി നിങ്ങളെല്ലാം കഞ്ചാവ് ഉപയോഗിക്കുന്നതായി ആരോപണമുന്നയിച്ചു. ഇവിടെ വച്ച് ഇതില്‍ ചില വിദ്യാര്‍ത്ഥികളുടെ ഗാര്‍ഡിയനെ വിളിച്ചുവരുത്തി വെള്ള ബ്ലാങ്ക് പേപ്പറില്‍ ഒപ്പിട്ടു വാങ്ങിയ ശേഷമാണു ക്ലാസില്‍ കയറ്റിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഇതിനിടെ കോളേജിലുണ്ടായ വിദ്യാര്‍ത്ഥി സംഘട്ടനവുമായി ബന്ധപ്പെട്ട് അധികൃതര്‍ നോട്ടപ്പുള്ളികളാക്കിയവരെ വീണ്ടും ഓഫീസിലേക്ക് വിളിച്ചുവരുത്തി. ആരും പരാതി നല്‍കിയില്ലെങ്കിലും ഇതില്‍ ഒരു വിദ്യാര്‍ത്ഥിയെ കോളേജില്‍ നിന്നു പുറത്താക്കി. ഔദ്യോഗികമായി യാതൊരറിയിപ്പും നല്‍കാതെയും വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ അറിയിക്കാതെയും 'നീ നാളെ മുതല്‍ വരേണ്ട' എന്നു മാത്രമാണ് അധികൃതര്‍ പറഞ്ഞതെന്നു പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥി പറഞ്ഞു. അവസാന ഒരു സെമസ്റ്റര്‍ മാത്രം ബാക്കി നില്‍ക്കവേയാണ് ഈ വിദ്യാര്‍ത്ഥിക്കു പഠനം നഷ്ടമായത്. ഇതിനെത്തുടര്‍ന്നു വിദ്യാര്‍ത്ഥി കോളേജിനെതിരെ കേസുമായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.

ഇതേ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരു ജേണലിസം വിദ്യാര്‍ത്ഥിയേയും കോളേജില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിനിടെ പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിയുടെ കേസ് പരിഗണിച്ച കോടതി എം.ജി സര്‍വകലാശാലയോടു വിഷയത്തില്‍ ഇടപെടാന്‍ നിര്‍ദ്ദേശം നല്‍കി. വിദ്യാര്‍ത്ഥിക്കു മാപ്പു നല്‍കി ഹാജര്‍ നിയമപ്രകാരം അഞ്ചാം സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കുക, മറ്റേതെങ്കിലും കോളേജില്‍ ആറാം സെമസ്റ്റര്‍ പഠിക്കുവാനായി അവശ്യം വേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ കോളേജ് നല്‍കുക എന്നീ ഉത്തരവുകളായിരുന്നു സര്‍വകലാശാല പുറപ്പെടുവിച്ചത്.

എന്നാല്‍ വിദ്യാര്‍ത്ഥിയോട് ഇനി കോളേജില്‍ വരേണ്ട എന്ന് അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും അതിനു ശേഷവും എല്ലാ ദിവസവും അറ്റന്‍ഡന്‍സ് വിളിക്കുകയും ആബ്സന്റ് രേഖപ്പെടുത്തുകയുമാണത്രേ ചെയ്തത്. ഇതോടെ ഹാജര്‍ നിലയിലെ കുറവു കാണിച്ച് വിദ്യാര്‍ത്ഥിക്കു പരീക്ഷയെഴുതാനുള്ള അവസരം അധികൃതര്‍ നിഷേധിച്ചു. കോഴ്സ് കാലാവധി അവസാനിക്കാനിരിക്കെ മറ്റൊരു കോളേജില്‍ പ്രവേശനം നേടുകയും അസാധ്യമായിരുന്നു.

ഇതിനിടെ കോളേജിലെ ചില സംഭവ വികാസങ്ങള്‍ വിദ്യാര്‍ത്ഥികള്‍ നിരുപദ്രവകരമായ ട്രോളുകളാക്കി അദ്ധ്യാപകര്‍ അടങ്ങിയ വാട്സ് ആപ്പ് ഗ്രൂപ്പിലിട്ടു. ഇതില്‍ പ്രകോപിതരായ കോളേജധികൃതര്‍ മറ്റൊരു മള്‍ട്ടിമീഡിയ വിദ്യാര്‍ത്ഥിയെ 'ഇയര്‍ ബാക്ക്' (കോഴ്സ് അവസാനിപ്പിച്ച് അടുത്ത വര്‍ഷം വീണ്ടും തുടരാന്‍ ആവശ്യപ്പെടുന്ന രീതി) ചെയ്തു. അധികൃതര്‍ക്കെതിരെ പ്രതികരിച്ചതിന് ഇതുവരെ ആറു വിദ്യാര്‍ത്ഥികളാണു ബലിയാടായത്.

ഇവരില്‍ രണ്ടു പേരെ പുറത്താക്കിയപ്പോള്‍ മൂന്നു പേരെ ഇയര്‍ ബാക്ക് ചെയ്തു. ഒരു വിദ്യാര്‍ത്ഥിനി കോഴ്സിന്റെ പോക്കു കണ്ടു തുടക്കത്തിലെ തന്നെ പഠനം അവസാനിപ്പിക്കുകയായിരുന്നുവെന്നു പറയുന്നു. കോഴ്സ് പ്രതീക്ഷയുടെ ഏഴയലത്തു പോലും വന്നില്ലെങ്കിലും ലോണെടുത്തു പഠിച്ചതുകൊണ്ടും വീട്ടുകാരുടെ പ്രതീക്ഷ തകര്‍ക്കാതിരിക്കാനുമാണ് ഇവിടെ പഠനം തുടരുന്നതെന്നു വിദ്യാര്‍ത്ഥികള്‍ പറയുന്നു.

അതേസമയം വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങളിൽ കഴമ്പില്ലെന്നു മീഡിയ വിഭാഗം തലവന്‍ ഫാ. റോബിന്‍ പറഞ്ഞു. സംസ്ഥാനത്തെ മികച്ച കോളേജുകളിലൊന്നാണു ഡിപോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. പഠനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും കോളേജിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോളേജില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥിയേയും പുറത്താക്കിയിട്ടില്ലെന്നും ഫാ. റോബിന്‍ പറഞ്ഞു.

Read More >>