മന്ത്രിയെയും കബളിപ്പിച്ചു; അട്ടപ്പാടിയിലെ ശിശുമരണത്തിൽ ഡോക്ടർ നൽകിയ റിപ്പോർട്ട് ആരോഗ്യവകുപ്പിനെ രക്ഷിക്കാൻ കെട്ടിച്ചമച്ചത്

നാലു കുഞ്ഞുങ്ങൾക്കു ജന്മമേകിയ അവര്‍ക്ക് താലോലിക്കാന്‍ ഇനിയാരുമില്ല. എന്നിട്ടും, അവർ മുലപ്പാല്‍ കൊടുത്തതാണു കുഞ്ഞിന്റെ മരണകാരണമെന്ന് എഴുതിവച്ചിരിക്കുന്നു, ഒരു ഡോക്ടര്‍. കുഞ്ഞിന്റെ മരണത്തിന് ആരോഗ്യവകുപ്പിന്റേതല്ലാത്ത ഒരു കാരണം കണ്ടെത്തി എങ്ങിനെ റിപ്പോര്‍ട്ട് തയ്യാറാക്കാം എന്നാലോചിച്ചാണു ഡോക്ടര്‍ വന്നതെന്ന് അവര്‍ ആലോചിക്കില്ലല്ലോ. മരണം നടന്ന ഊരിൽ നേരിട്ടുചെന്നന്വേഷിച്ചു നാരദാ ന്യൂസ് ശേഖരിച്ച വിവരങ്ങൾ ആരോഗ്യവകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്നതാണ്.

മന്ത്രിയെയും കബളിപ്പിച്ചു; അട്ടപ്പാടിയിലെ ശിശുമരണത്തിൽ ഡോക്ടർ നൽകിയ റിപ്പോർട്ട് ആരോഗ്യവകുപ്പിനെ രക്ഷിക്കാൻ കെട്ടിച്ചമച്ചത്

അട്ടപ്പാടിയിൽ അവസാനം നടന്ന ആദിവാസി ശിശുമരണം മുലപ്പാലുകൊടുത്ത അമ്മയുടെ കുറ്റമാണെന്നു വരുത്തിത്തീർത്തുകൊണ്ടുള്ള റിപ്പോർട്ട് സ്വന്തം കൈയബദ്ധം മറയ്ക്കാനുള്ള ആരോഗ്യവകുപ്പിന്റെ അതിസാമർഥ്യമാണെന്നു നാരദ ന്യൂസ് അന്വേഷണത്തിൽ വ്യക്തമായി. സമീപകാല ശിശുമരണങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പുദ്യോഗസ്ഥർ സർക്കാരിലേക്കയച്ച റിപ്പോർട്ടുകളുടെ ആധികാരികതകൂടി സംശയത്തിലാക്കുന്നതാണ് ഒടുവിലയച്ച റിപ്പോർട്ട്. വർദ്ധിക്കുന്ന ശിശുമരണ നിരക്കിന്റെ പശ്ചാത്തലത്തിൽ മന്ത്രി നിർദേശിച്ച രക്തപരിശോധന പോലും ഒടുവിൽ മരിച്ച കുഞ്ഞിനടക്കം നടന്നിട്ടില്ലെന്നു നാരദാ ന്യൂസിന് നേരിൽ ബോധ്യപ്പെട്ടു.


മുലപ്പാല്‍ കൊടുക്കുമ്പോള്‍ ശ്വാസതടസ്സമുണ്ടായാണ് അട്ടപ്പാടിയിലെ അവസാനത്തെ ശിശുമരണം (ബാലു-നാലുമാസം) ഉണ്ടായതെന്നാണ് കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലെ സൂപ്രണ്ടും നോഡല്‍ ഓഫീസറുമായ ഡോ: പ്രഭുദാസ് തയ്യാറാക്കി മുകളിലേക്കയച്ച റിപ്പോർട്ട്. ബാലുവിന്റെ അച്ഛനമ്മമാർ, അവരുടെ ഊരിലുള്ളവര്‍, ഊരുമൂപ്പന്‍, ചികിത്സ നല്‍കാന്‍ തക്ക സമയത്ത് ഓടിയെത്തിയെന്ന് ഡോക്ടര്‍ റിപ്പോര്‍ട്ടില്‍ പറയുന്ന ഉദ്യോഗസ്ഥർ എന്നിവർ നൽകുന്ന വിവരങ്ങൾ ആരോഗ്യവകുപ്പിന്റെ തട്ടിപ്പു തെളിയിക്കുന്നു.

മുമ്പു ശക്തിവേല്‍ എന്ന കുഞ്ഞു മരിച്ചപ്പോഴും മാതാപിതാക്കളെ പ്രതികളാക്കുന്ന വിധത്തിലാണു ഡോ: പ്രഭുദാസ് റിപ്പോർട്ട് നൽകിയിരുന്നത്. നവംബര്‍ 14 നു മുക്കാലി കൊട്ടിയൂര്‍ക്കുന്ന് ഊരില്‍ സുനിത - ബിജു ദമ്പതികളുടെ മൂന്നാമത്തെ ആണ്‍കുഞ്ഞ് ശക്തിവേല്‍ മരിച്ചപ്പോള്‍ കഞ്ഞി കോരിക്കൊടുത്തു ശ്വാസകോശത്തില്‍ പോയതാണു മരണകാരണമെന്നു പറഞ്ഞ് പോസ്റ്റ്‌മോര്‍ട്ടം വരെ നടത്തിച്ചിരുന്നു. കാവുകുണ്ടം ഊരില്‍ രേവതിയുടെ കുഞ്ഞു മരിച്ചപ്പോള്‍ അമ്മ ആശുപത്രിയില്‍ പോകാതെ പൊക്കിള്‍ കൊടി അഴുകിപ്പോയതാണു കുഞ്ഞിന്റെ മരണകാരണമെന്നും ഇതേ ഡോക്ടർ റിപ്പോർട്ടു നൽകിയിരുന്നു.

മരിച്ചതല്ല, അവര്‍ കുഞ്ഞിനെ കൊന്നതാണ്


മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി സംഭവിച്ചതാണോ ബാലുവിന്റെ മരണം എന്നറിയാനാണ് നാരദ ന്യൂസ് അട്ടപ്പാടിയിലെത്തിയത്. കുഞ്ഞിന്റെ അമ്മ വീരമ്മ, അച്ഛന്‍ ശെല്‍വന്‍, വീരമ്മയുടെ ഊരിലുള്ളവര്‍, ചികിത്സ നല്‍കാന്‍ തക്ക സമയത്ത് ഓടിയെത്തിയെന്നു ഡോക്ടര്‍ റിപ്പോര്‍ട്ടില്‍ സമര്‍ത്ഥിച്ച ജെ.പി.എച്ച്. എന്‍, ട്രൈബല്‍ ഓഫീസര്‍, ഊരുമൂപ്പന്‍, തുടങ്ങിയവരെയെല്ലാം നേരിട്ടു കണ്ടായിരുന്നു അന്വേഷണം.

മരിച്ച ദിവസം വീരമ്മയുടെ വീട്ടില്‍ രാവിലെ നടന്ന സംഭവങ്ങള്‍ ഇതൊക്കെയാണ്: ഒരുമാസം മുമ്പ് സര്‍ക്കാറില്‍ നിന്നു കിട്ടിയ കറവപ്പശുവിനെ കറക്കാൻ ശെല്‍വനും വീരമ്മയും എഴുന്നേല്‍ക്കുന്നു. ഒപ്പം കുഞ്ഞു ബാലുവും.

അച്ഛന്‍ പശുവിനെ കറന്നു വരുന്നു. അതുവരെ അമ്മയുടെ കൈയിലാണ് കുഞ്ഞ്. ആറര മണിയോടെ വീരമ്മ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുന്നു. പാല്‍ കൊടുത്തശേഷം കുട്ടിയെ തോളില്‍ കമഴ്ത്തിക്കിടത്തി പുറത്ത് തട്ടി. ഇങ്ങിനെ തട്ടുമ്പോള്‍ കുഞ്ഞുങ്ങള്‍ ചെറുതായി ഏമ്പക്കം വിടും. മുലപ്പാല്‍ കൊടുത്ത ശേഷം ഇങ്ങിനെ ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്. ഇതാണ് വീരമ്മയും ചെയ്തത്.

അതിനു ശേഷം കുഞ്ഞിനെ ശെല്‍വന്റെ കയ്യില്‍ കൊടുത്ത് വീരമ്മ ജോലികളില്‍ ഏര്‍പ്പെട്ടു. കുഞ്ഞ് ചിരിക്കുകയും കളിക്കുകയും എല്ലാം ചെയ്യുന്നുണ്ട്. പെട്ടെന്ന് കുഞ്ഞിന് ശ്വാസതടസം പോലെ വരികയും കണ്ണിലെ കൃഷ്ണമണികള്‍ മുകളിലേക്കായ വണ്ണം അടഞ്ഞുപോകുകയും ചെയ്തു. ഇക്കാര്യം കുഞ്ഞിന്റെ അച്ഛന്‍ നിരക്ഷരനായ ശെല്‍വന്‍ പറഞ്ഞതിനെയാണ് പുതിയ വ്യാഖ്യാനംനല്‍കി മുലപ്പാല്‍ മരണമാക്കി ആരോഗ്യ വകുപ്പ് ചിത്രീകരിച്ചത്.


കുഞ്ഞിനു ചികിത്സ കിട്ടിയില്ല, അച്ഛന്‍ മരണം സ്ഥിരീകരിച്ചതു വീട്ടില്‍വച്ച്


കളിച്ചുകൊണ്ടിരുന്നപ്പോള്‍ കണ്ണുകള്‍ അടഞ്ഞുപോയ കുഞ്ഞു മരിച്ചെന്ന് ആദ്യം പറയുന്നതു കുഞ്ഞിന്റെ അച്ഛനാണ്. നാഡി പിടിച്ചു പോയപ്പോള്‍ മരിച്ചുപോയെന്നു മനസിലാക്കിയത്രെ. ഇതു കേട്ട് നാലാമത്തെ കണ്‍മണിയും പോയോ എന്ന വേവലാതിയോടെ അമ്മ തളര്‍ന്നിരുന്നു. അവര്‍ വിളിച്ചെങ്കിലും കുഞ്ഞ് എഴുന്നേറ്റില്ല. ആശുപത്രിയോ ആരോഗ്യ കേന്ദ്രമോ അടുത്തില്ല. ശരിക്കു നടക്കാന്‍ പോലും കഴിയാത്ത വഴിയിലൂടെ എടുത്തു കിലോ മീറ്ററുകള്‍ നടക്കേണ്ടി വരും.

എന്നാല്‍ തൊട്ടുമുമ്പില്‍തന്നെ അങ്കണവാടിയുണ്ട്. അവിടെയുള്ളവര്‍ വിവരമറിയിച്ചിട്ടാവണം, ഒമ്പതു മണിയോടെ ജെ പി എച്ച് എന്‍ എത്തി. (ഇവര്‍ വിവരമറിഞ്ഞതും പാഞ്ഞെത്തിയെന്നാണ് ഡോ. പ്രഭുദാസിന്റെ റിപ്പോര്‍ട്ടില്‍). ഈ ജെ പി എച്ച് എന്നിന്റെ വീട് അതേ ഊരില്‍, കുഞ്ഞുമരിച്ച വീടിനു സമീപത്തു തന്നെയെന്നും ഓര്‍ക്കണം. മരണം നടന്നെന്നു കരുതിയ ഏഴുമണിക്കു ശേഷം, രണ്ടു മണിക്കൂര്‍ വൈകിയാണ് അവര്‍ മരണവീട്ടിലെത്തുന്നത്. കുട്ടിയെ പരിശോധിച്ച് അവരും മരണം സ്ഥിരീകരിച്ചു.

എന്നാല്‍ അബോധാവസ്ഥയിലായപ്പോൾ കുഞ്ഞു മരിച്ചെന്ന് ശരീര ശാസ്ത്രമോ വൈദ്യമോ അറിയാത്ത കുഞ്ഞിന്റെ അച്ഛൻ തെറ്റിദ്ധരിച്ചതാണോ എന്ന് ഉറപ്പിക്കാന്‍ വഴിയില്ല. അബോധാവസ്ഥ മാത്രമാണെങ്കിൽത്തന്നെയും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ വൈദ്യസഹായം ലഭിക്കുമായിരുന്നില്ല.

ഡോക്ടര്‍ വരുന്നത് ഉച്ചയ്ക്ക് ഒരു മണിയോടെ


ഏഴുമണിക്കു മരിച്ചെന്നു പറയപ്പെട്ട കുഞ്ഞിന്റെ വീട്ടിലേയ്ക്ക് ഡോ. പ്രഭുദാസ് എത്തിയത് ഉച്ചയ്ക്ക് ഒരു മണിയോടെ മാത്രമാണ്. കുഞ്ഞു മരിച്ചെന്ന് വൈദ്യശാസ്ത്രം പഠിച്ച ഒരാള്‍ വഴി ഉറപ്പാക്കിയതും അപ്പോൾ മാത്രമാണ്.

കുഞ്ഞിന്റെ വീട്ടില്‍ നിന്ന് 20 കിലോമീറ്ററിൽ താഴെ മാത്രമാണ് കോട്ടത്തറ ആശുപത്രിയിലേക്കുള്ളത്. ഡോക്ടര്‍ വന്ന ശേഷം മരണ കാരണങ്ങളെപ്പറ്റി ചോദിച്ചറിയുകയാണു ചെയ്‌തെന്നു വീരമ്മ പറഞ്ഞു. ഒരു മണിയ്ക്ക് ഡോക്ടര്‍ വന്ന ശേഷം രണ്ടു മണിയോടെ കുഞ്ഞിനെ സംസ്‌കരിക്കുകയും ചെയ്തു. എന്നാല്‍ അന്നുതന്നെ അമ്മ മുലപ്പാല്‍ കൊടുക്കുമ്പോഴാണു കുഞ്ഞു മരിച്ചതെന്നു കണ്ടെത്തിയ ഒരു റിപ്പോര്‍ട്ട് ഡോക്ടര്‍ തയ്യാറാക്കി അയച്ചു!

അതായത്, മരിച്ചെന്നു കരുതിയ കുഞ്ഞിനെ കാണാന്‍ സംഭവം നടന്ന് ആറു മണിക്കൂറിനു ശേഷംമാത്രം വീട്ടിലെത്തി പരിശോധന നടത്തിയ ഡോക്ടർക്ക് കുറ്റം മാതാപിതാക്കളില്‍ ആരോപിച്ചു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വേണ്ടിവന്നത് നിസ്സാരസമയം മാത്രം.

എന്താണു നടന്നത്?


കുഞ്ഞു മരിച്ച ദിവസംതന്നെ വിവരങ്ങള്‍ക്കു കുഞ്ഞിന്റെ അമ്മ വീരമ്മയുമായി നാരദ ന്യൂസ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. മരിച്ച കുഞ്ഞിന്റെ മുന്നിലിരുന്നും അവര്‍ നടന്ന കാര്യങ്ങള്‍ പറഞ്ഞിരുന്നു. കളിയ്ക്കുമ്പോഴാണു കുഞ്ഞു പെട്ടെന്നു മരിച്ചതെന്ന് അന്നുമവർ പറഞ്ഞിരുന്നു.
"കഴിഞ്ഞ മാസം 27 ന് അസുഖം വന്നതിനെ തുടര്‍ന്ന് അഗളിയിലെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചിരുന്നു. 31നു ഡിസ്ചാര്‍ജ്ജായി വീട്ടില്‍ കൊണ്ടു വന്നു. പിന്നീട് അസുഖം ഒന്നും കാണിച്ചിരുന്നില്ല" - അമ്മ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂലായ് 25 നു കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് വീരമ്മ ബാലുവിനു ജന്മം നല്‍കുന്നത്. ജനിക്കുമ്പോള്‍ കുഞ്ഞിന് 2.51 കിലോ തൂക്കം ഉണ്ടായിരുന്നു.

ഡിസംബര്‍ 27 നു പുറത്തുപോയപ്പോള്‍ കുഞ്ഞു നിര്‍ത്താതെ കരഞ്ഞിരുന്നു. തുടർന്ന് അഗളിയിലെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചു. കുഞ്ഞിനു കഫക്കെട്ടാണെന്നും കിടത്തിച്ചികിത്സ വേണമെന്നും അവിടത്തെ ഡോക്ടര്‍ പറഞ്ഞു. പിറ്റേന്നു വീരമ്മ കുഞ്ഞിനെ അവിടെക്കൊണ്ടുപോയി അഡ്മിറ്റ് ചെയ്തു. അപ്പോഴും ആരോഗ്യവകുപ്പധികൃതർ കുഞ്ഞിന്റെ രോഗമറിയുകയോ കോട്ടത്തറ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇവരെ ബന്ധപ്പെടുകയോ ചെയ്തിരുന്നില്ല.

28 നു സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞിനെ 31 നു ഡിസ്ചാര്‍ജ് ചെയ്തു. കുഞ്ഞിനു ന്യൂമോണിയ ആണെന്നു ഡിസ്ചാര്‍ജ് റിപ്പോർട്ടിൽ ഉണ്ടായിരുന്നു. മൂന്നാം തീയ്യതി വീണ്ടും കൊണ്ടുവന്നുകാണിക്കണമെന്നും ഡിസ്ചാര്‍ജ് കാര്‍ഡില്‍ നിര്‍ദ്ദേശിച്ചിരുന്നു.

ഈ കാര്‍ഡ് ബന്ധപ്പെട്ട ആരെങ്കിലും പരിശോധിച്ചിരുന്നെങ്കില്‍ കുഞ്ഞിനെ മൂന്നാം തീയതി ആശുപത്രിയില്‍ വീണ്ടും കൊണ്ടുപോയേനേ. ആദിവാസി അമ്മമാര്‍ ആശുപത്രിയില്‍ പോകാന്‍ മടിക്കുന്ന കാരണംകൊണ്ടാണ് അക്കാര്യങ്ങള്‍ നോക്കാനും മറ്റുമായി ജെ പി എച്ച് എന്‍, ട്രൈബല്‍ ഓഫീസര്‍മാര്‍ എന്നിവരെ ചുമതലപ്പെടുത്തുന്നത്. അവരൊന്നും അത് ചെയ്തിട്ടില്ല.

രക്ത പരിശോധനാ റിപ്പോര്‍ട്ടുകളില്ല


മണികണ്ഠന്‍ എന്ന പതിമൂന്നുകാരന്‍ പെട്ടെന്ന് വയറുവേദനവന്നു മരിച്ചത് വിളര്‍ച്ച ബാധിച്ചായിരുന്നു. മണികണ്ഠന്റെ രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് 4 മാത്രമായിരുന്നു. എത്ര ആരോഗ്യവാനെന്നു തോന്നിക്കുന്നയാളും വിളര്‍ച്ച ബാധിച്ചാല്‍ മരിക്കുമെന്ന് ഇതു കാണിച്ചു. ഇതേത്തുടർന്നാണ് എല്ലാ കുട്ടികളുടേയും രക്ത പരിശോധന നടത്താന്‍ മന്ത്രി എ കെ ബാലന്‍ ഉത്തരവിട്ടത്.

എന്നാല്‍ കുറച്ചു സ്‌കൂള്‍ കുട്ടികളില്‍ മാത്രം ചെയ്ത് ഇതു നിര്‍ത്തി. വീരമ്മയുടെ ഊരില്‍ 118 കുടുംബങ്ങളാണ് ഉള്ളത്. ഇതില്‍ ഷോളയൂരിലെ സ്‌കൂളില്‍ പോകാത്ത ഒരു കുട്ടിയുടേയും രക്ത പരിശോധന നടത്തിയിട്ടില്ല. ഈ ഊരിലെ ഏകാധ്യാപക വിദ്യാലയത്തില്‍ പഠിക്കുന്ന കുട്ടികളുടേയും അങ്കണവാടി കുട്ടികളുടേയും രക്തപരിശോധന നടത്തിയിട്ടില്ല.

വീരമ്മയുടെ നേരത്തെ മരിച്ച രണ്ടു മക്കളുടേയും എല്ലാ മെഡിക്കല്‍ പരിശോധന ഫലങ്ങളും റിപ്പോര്‍ട്ടുകളും ഭദ്രമായി അവര്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ബാലുവിന്റേയും ഉണ്ട്. എന്നാൽ ബാലുവിന്റെ രക്ത പരിശോധനാ റിപ്പോര്‍ട്ട് അവരുടെ കൈയിലില്ല. മരിച്ച ബാലുവിനും രക്ത പരിശോധന നടത്തിയിട്ടില്ലെന്നു വ്യക്തം.

ഞാന്‍ എന്തു കുറ്റമാണു ചെയ്തത്?


"മുലപ്പാല്‍ കൊടുത്ത് ഞാന്‍ എന്റെ മകനെ കൊല്ലുമോ.. അവര്‍ എന്താണ് അങ്ങിനെ പറയുന്നത്?"

വീരമ്മയുടെ നെഞ്ചു പൊട്ടിയുള്ള ചോദ്യമാണ്.

തന്റെ നാലാമത്തെ കുഞ്ഞാണ് കളിച്ചുചിരിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നു മരിച്ചത്. കാരണം അവര്‍ക്കുമറിയില്ല. ഇനി അവര്‍ക്കു താലോലിക്കാന്‍ ആരുമില്ല. പക്ഷെ മുലപ്പാല്‍ കൊടുത്തതാണു കുഞ്ഞിന്റെ മരണ കാരണമെന്നു കാണിച്ചു ഡോക്ടര്‍ ഉന്നതര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയത് എന്തിനാണെന്നവർക്കു മനസ്സിലാവുന്നില്ല. മരണത്തിന് ഒരു കാരണം കണ്ടെത്തി എങ്ങിനെ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാം എന്നാലോചിച്ചാണു ഡോക്ടര്‍ വന്നതെന്നും അവര്‍ക്കറിയില്ല.

[caption id="attachment_72989" align="aligncenter" width="700"] വീടിനു പുറത്തെ തൊഴുത്ത്[/caption]

നാരദാ ന്യൂസുമായി ഇടക്കിടെ സംസാരിക്കുമ്പോളും അവര്‍ പുറത്തു തൊഴുത്തിലേയ്ക്ക് പോയിക്കൊണ്ടിരുന്നു. അവിടെ ഒരു മാസത്തില്‍ കുറഞ്ഞ പ്രായമുള്ള ഒരു പശുക്കിടാവ് ഉണ്ട്. അതിനെ താലോലിക്കാൻ.

Read More >>