ബാലികയെ അടിമപ്പണിക്ക് എത്തിച്ച് മര്‍ദ്ദനം; ബംഗളുരു സ്വദേശികള്‍ക്കെതിരെ കേസ്

ബംഗളുരു സ്വദേശികളായ സുവൈ, ഇവരുടെ പിതാവ്, ദീപിക, സൗന്ദര്യ, യാറബ് എന്നിവര്‍ക്കെതിരെ കാസര്‍ഗോഡ് ബേക്കല്‍ പൊലീസാണ് കേസെടുത്തത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ കൊണ്ട് വീട്ടുജോലിയെടുപ്പിക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ഐപിസി 324 (ആര്‍/ഡബ്ല്യൂ) 34, ജുവനൈല്‍ ജസ്റ്റിസ് ആക്ട് സെക്ഷന്‍ 72 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് മോചിപ്പിച്ച തമിഴ്‌നാട് യാപ്പനപ്പള്ളി സ്വദേശിയായ പത്തുവയസ്സുകാരി ഇപ്പോള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഓഫീസില്‍ കഴിയുകയാണ്.

ബാലികയെ അടിമപ്പണിക്ക് എത്തിച്ച് മര്‍ദ്ദനം; ബംഗളുരു സ്വദേശികള്‍ക്കെതിരെ കേസ്

തമിഴ്‌നാട് സ്വദേശിനിയായ പത്തുവയസ്സുകാരിയെ കാസര്‍ഗോഡ് ബേക്കലില്‍ വീട്ടുജോലിക്ക് എത്തിക്കുകയും മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ബംഗളുരു സ്വദേശികള്‍ക്കെതിരെ കേസ്. ബംഗളുരു സ്വദേശികളായ സുവൈ, ഇവരുടെ പിതാവ്, ദീപിക, സൗന്ദര്യ, യാറബ് എന്നിവര്‍ക്കെതിരെ കാസര്‍ഗോഡ് ബേക്കല്‍ പൊലീസാണ് കേസെടുത്തത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ കൊണ്ട് വീട്ടുജോലിയെടുപ്പിക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ഐപിസി 324 (rw) 34, ജുവനൈല്‍ ജസ്റ്റിസ് ആക്ട് സെക്ഷന്‍ 72 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.


പൊലീസ് മോചിപ്പിച്ച തമിഴ്‌നാട് യാപ്പനപ്പള്ളി സ്വദേശിയായ പത്തുവയസ്സുകാരി ഇപ്പോള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഓഫീസില്‍ കഴിയുകയാണ്. ബംഗളുരുവിലെ ഒരു ഫ്‌ളാറ്റില്‍വച്ച് വീട്ടുജോലിയെടുപ്പിക്കുകയും ഇലക്ടിക് വയറും മറ്റുംകൊണ്ട് മര്‍ദ്ദിക്കുകയും ചെയ്‌തെന്ന കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

സാമൂഹികപ്രവര്‍ത്തകയായ ധന്യ രാമനാണ് കഴിഞ്ഞദിവസം ഫേസ്ബുക്കിലൂടെ സംഭവം പുറംലോകത്തെ അറിയിച്ചത്. ഈമാസം എട്ടിനു കാസര്‍ഗോഡ് ബേക്കല്‍ പള്ളിക്കരയിലെ കെടിഡിസി റിസോര്‍ട്ടിലാണു സംഭവം. ബേക്കല്‍ സ്വദേശിയുടെ കല്ല്യാണത്തില്‍ പങ്കെടുക്കാന്‍ ബംഗളുരുവില്‍ നിന്നെത്തിയ കുടുംബം പള്ളിക്കരയിലുള്ള കെടിഡിസി റിസോര്‍ട്ടില്‍ മുറിയെടുത്തു. ഇവരോടൊപ്പം 10 വയസ്സു പ്രായമുള്ള ഒരു പെണ്‍കുട്ടിയുമുണ്ടായിരുന്നു.

കുട്ടിയെ കൊണ്ട് ഭാരമുള്ള ലഗേജുകളും മറ്റും എടുപ്പിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട റിസോര്‍ട്ട് ജീവനക്കാര്‍ തുടര്‍ന്നുള്ള സംഭവങ്ങളും വീക്ഷിക്കുകയായിരുന്നു. വിശ്രമമില്ലാതെയായിരുന്നു കുട്ടിയെക്കൊണ്ടു പണിയെടുപ്പിച്ചിരുന്നത്. എടുത്താല്‍പ്പൊങ്ങാത്ത പല ജോലികളും കുടുംബം ഈ കുട്ടിയെ കൊണ്ട് എടുപ്പിക്കുന്നതായി ജീവനക്കാര്‍ കണ്ടു. മാത്രമല്ല, ഭക്ഷണം തങ്ങള്‍ക്കു മാത്രം കൊണ്ടുവന്നാല്‍ മതിയെന്നും ആ കുട്ടിക്കു കൊടുക്കേണ്ടെന്നും കുടുംബക്കാര്‍ നിര്‍ദേശിച്ചതായി ജീവനക്കാരന്‍ രഞ്ജിത്ത് നാരദാ ന്യൂസിനോടു പറഞ്ഞു.

കുട്ടി ഹിന്ദി സംസാരിക്കുന്നതാണു കണ്ടത്. തമിഴ് നാടു സ്വദേശിയാണ് എന്ന ധാരണ അപ്പോഴില്ലായിരുന്നു. അതിനാൽ ഇക്കാര്യം ഹിന്ദി അറിയാവുന്ന മറ്റൊരു ജീവനക്കാരിയെ അറിയിച്ചു. തുടര്‍ന്ന് കുട്ടി കുടുംബത്തിലെ ഒരു കുഞ്ഞിനു കൊടുക്കാനുള്ള ചൂടുള്ള പാല്‍ തണുപ്പിക്കാനായി അടുക്കളയിലേക്കു വന്ന സമയം ജീവനക്കാരി കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. വിവരങ്ങള്‍ പറയുമ്പോള്‍ തേങ്ങിക്കരഞ്ഞ കുട്ടി തന്റെ ദേഹത്തെ മര്‍ദ്ദനമേറ്റ പാടുകള്‍ കാണിച്ചുകൊടുത്തു. വീട്ടില്‍പ്പോവണമെന്ന് ആവശ്യപ്പെട്ടാൽ ഈ കുടുംബം തന്നെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമെന്നും കുട്ടി വ്യക്തമാക്കി. നിനക്കു വീട്ടില്‍പോവണ്ടേ എന്നു ചോദിച്ചപ്പോള്‍ ദൈന്യതയോടെ തങ്ങളെ നോക്കിയെന്നും തുടര്‍ന്നു താന്‍ സാമൂഹികപ്രവര്‍ത്തകയായ ധന്യ രാമനെ വിവരമറിയിക്കുകയായിരുന്നെന്നും രഞ്ജിത്ത് വ്യക്തമാക്കി.

അവര്‍ അറിയിച്ച പ്രകാരം ബേക്കല്‍ സിഐയുടെ നിര്‍ദേശത്തെതുടര്‍ന്നു പൊലീസ് സംഘമെത്തുകയും കുടുംബത്തെ ചോദ്യം ചെയ്യുകയുമായിരുന്നെന്നു രഞ്ജിത്ത് പറഞ്ഞു. കുട്ടി തങ്ങളുടെ ബന്ധു ആണെന്നും അവളുടെ അമ്മ മറ്റൊരിടത്താണെന്നും വിളിച്ചുവരുത്താമെന്നുമായിരുന്നു കുടുംബക്കാരുടെ മറുപടി. തുടര്‍ന്ന് അമ്മയെന്ന പേരിലെത്തിയ സ്ത്രീയെ പൊലീസ് ചോദ്യം ചെയ്തതോടെ കള്ളി വെളിച്ചത്താവുകയായിരുന്നു. ഇതോടെ പൊലീസ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ വിവരമറിയിക്കുകയും ഈ കുടുംബത്തോടൊപ്പം കുട്ടിയെയും അവിടെ ഹാജരാക്കുകയുമായിരുന്നു.

കുടുംബത്തിന്റെ സാന്നിധ്യത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതരും പൊലീസും കുട്ടിയുടെ മൊഴിയെടുക്കുകയും പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയെ ഇവർക്ക് എത്തിച്ചുകൊടുത്ത ബന്ധുക്കൾക്കെതിരെ കേസെടുക്കുകയും ചെയ്തു. അതേസമയം, കേസ് പിന്‍വലിപ്പിക്കാനും കുട്ടിയെ തിരികെക്കൊണ്ടുപോകാനും കനത്ത സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി രഞ്ജിത്ത് വ്യക്തമാക്കി. കല്ല്യാണം മുടക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് തനിക്കെതിരെ അവര്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിയതായി ബേക്കല്‍ സിഐ ബിബിന്‍ നാരദാ ന്യൂസിനോടു പറഞ്ഞു.

 ധന്യ രാമന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

Read More >>