മരുഭൂമിയില്‍ ട്രെക്കിംഗിന് ഒരുങ്ങി എമിറേറ്റ്സിലെ ഒരു കൂട്ടം വനിതകള്‍

ഫെബ്രുവരി 9 മുതല്‍ 15 വരെയായിരിക്കും ഈ ട്രെക്കിംഗ് നടക്കുക. അല്‍-ഐനും അബുദാബിയ്ക്കും ഇടയിലുള്ള കൊടുംമരുഭൂമി താണ്ടാനുള്ള ശാരീരിക മാനസിക തയ്യാറെടുപ്പിലാണ് ഈ സ്ത്രീകള്‍ ഇപ്പോള്‍

മരുഭൂമിയില്‍ ട്രെക്കിംഗിന് ഒരുങ്ങി എമിറേറ്റ്സിലെ ഒരു കൂട്ടം വനിതകള്‍

അമ്പതു സ്ത്രീകള്‍, 125 കീമി ദൂരം, മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന മണലിലൂടെയുള്ള അഞ്ചു ദിവസത്തെ പ്രയാണം...എമിറേറ്റ്സിലെ ഒരു കൂട്ടം സ്ത്രീകള്‍ ഈ ട്രെക്കിംഗിന് തയ്യാറെടുക്കുകയാണ്.

ഫെബ്രുവരി 9 മുതല്‍ 15 വരെയായിരിക്കും ഈ ട്രെക്കിംഗ് നടക്കുക. അല്‍-ഐനും അബുദാബിയ്ക്കും ഇടയിലുള്ള കൊടുംമരുഭൂമി താണ്ടാനുള്ള ശാരീരിക മാനസിക തയ്യാറെടുപ്പിലാണ് ഈ സ്ത്രീകള്‍ ഇപ്പോള്‍.

ഈ ട്രെക്കിംഗ് ഒരു ഓര്‍മ്മപ്പെടുത്തലാണ്, തങ്ങളുടെ പൂര്‍വ്വികരായിരുന്ന സ്ത്രീകള്‍ വെള്ളം തേടി മരുഭൂമിയിലൂടെ നടത്തിയ യാത്രയുടെ ഒരു ഓര്‍മ്മപ്പെടുത്തല്‍. സുഖലോലുപന്മാരായ പുരുഷന്മാര്‍ പവിഴം തേടിയും മറ്റും നീണ്ട കടല്‍ യാത്രയ്ക്ക് പോകും. വീട്ടിലേക്കുള്ള വെള്ളം കണ്ടെത്തി അവ എത്തിക്കേണ്ടിയിരുന്നത് സ്ത്രീകളുടെ ജോലിയായിരുന്നത്രേ. ഇതിനായി അവര്‍ കുടവും ഏന്തി കൂട്ടമായി മരുഭൂമിയിലൂടെ ഏറെ ദൂരം യാത്ര ചെയ്തിരുന്നതിന്റെ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ ട്രെക്കിംഗ്.

ഇത് കഠിനമായ ഒരു ലക്ഷ്യമാണ്‌ എന്ന് അറിയാം. കൊടുംവെയിലത്ത് രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ഒരു പുല്‍നാമ്പ് പോലുമില്ലാത്ത മരുഭൂമിയിലെ ചൂടിനെ അതിജീവിച്ചു നടക്കുന്നത് എളുപ്പമുള്ള കാര്യമല്ല. ഇതൊരു വെല്ലുവിളിയാണ്.പക്ഷെ വെല്ലുവിളികളെ എപ്പോഴും സ്ത്രീകള്‍ ധൈര്യപൂര്‍വ്വം നേരിടാറുണ്ട്.

രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇത്തരമൊരു ട്രെക്കിംഗിന് തുടക്കമിട്ട അമേരിക്കന്‍ സ്വദേശിയായ 60 വയസ്സുകാരി ജോദി ബലാര്‍ഡ് പറയുന്നു.

20 രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളാണ് ഈ അമ്പതംഗ ടീമില്‍ ഉള്ളത്. ഇതില്‍ കൂടുതല്‍ പേരും യു.എ.ഇയില്‍ നിന്നുള്ളവരാണ്. ഇവര്‍ക്കിടയില്‍ വര്‍ണ്ണ-മത ചിന്തകള്‍ ഇല്ല. മൂന്ന് മാസത്തെ തയ്യാറെടുപ്പിന് ശേഷമാണ് ഇവര്‍ ട്രെക്കിംഗിന് എത്തുക.ഇത്തവണ അപേക്ഷ ക്ഷണിച്ചതില്‍ നിന്നും ലഭിച്ച പ്രതികരണങ്ങളില്‍ നൂറിലധികം പേരുടെ അപേക്ഷ നിരസിക്കേണ്ടി വന്നു എന്നും ജോദി പറയുന്നു. അമ്പതിലധികം പേരെ ഉള്‍ക്കൊള്ളിക്കേണ്ടതില്ല എന്ന സംഘാടക സമിതിയുടെ തീരുമാനമാണ് ഇതിനു കാരണം.

അത്യാവശ്യമുള്ള സാധനങ്ങള്‍ മാത്രമടങ്ങുന്ന ചെറിയ ബാഗ്‌ മാത്രമായിരിക്കും ട്രെക്കിംഗിന് പോകുന്നവര്‍ കയ്യില്‍ കരുതുക. ഇവര്‍ക്കുള്ള ഭക്ഷണവുമായി ട്രക്കുകള്‍ ഓരോ സ്പോട്ടില്‍ എത്തും.

രാത്രിയില്‍ ഉറങ്ങുന്നതും മരുഭൂമിയില്‍ തന്നെയായിരിക്കും. പരസ്പരം അറിയാനും തങ്ങളുടെ അനുഭവങ്ങളെ പങ്കുവയ്ക്കാനും ഈ കൂട്ടായ്മ സഹായിക്കും എന്ന് സംഘാടകര്‍ പറയുന്നു.

അല്‍-ഐനിലെ അല്‍-ബധ റിസോര്‍ട്ടില്‍ നിന്നും ആരംഭിക്കുന്ന യാത്ര അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം അബുദാബിയിലെ ഉം-അല്‍-എമറാത്ത് പാര്‍ക്കില്‍ അവസാനിക്കും.