സര്‍ക്കാര്‍ വെട്ടിലായി: 'മിണ്ടരുത്, പറയരുത്' സ്വാശ്രയ വിദ്യാര്‍ത്ഥികളെ അടിമകളാക്കിയ സര്‍വ്വകലാശാലാ സര്‍ക്കുലര്‍ പുറത്ത്

ജിഷ്ണുവിന്റെ മരണത്തിന് 16 ദിവസം മുന്‍പ് ഇല്ലാത്ത സൈബര്‍ നിയമം കാണിച്ചും മാധ്യമങ്ങളോട് പരാതി പറയരുതെന്ന് ഭീഷണിപ്പെടുത്തിയും സ്വാശ്രയവിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ മുളയിലേ നുള്ളാന്‍ സര്‍വകലാശാലയുടെ സര്‍ക്കുലര്‍ ഇറക്കി. പരീക്ഷകള്‍ നടത്താന്‍ സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിച്ചതടക്കമുള്ള തീരുമാനങ്ങള്‍ക്കെതിരെ രംഗത്തുവന്ന വിദ്യാര്‍ഥികളെ ഒതുക്കാന്‍ സംസ്ഥാനസര്‍ക്കാരിന്റെ കീഴിലുള്ള സാങ്കേതിക സര്‍വകലാശാല പുറപ്പെടുവിച്ച സര്‍ക്കുലര്‍ സര്‍ക്കാരിനെ വെട്ടിലാക്കുന്നു

സര്‍ക്കാര്‍ വെട്ടിലായി:

സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളില്‍ തുടരുന്ന വിദ്യാര്‍ഥി കൊലപാതകങ്ങള്‍ക്കും പീഡനപരമ്പരകള്‍ക്കുമിടെ വിദ്യാര്‍ത്ഥികളുടെ മൗലികമായ അവകാശങ്ങള്‍ തടയിടാന്‍ ലക്ഷ്യമിട്ട് സര്‍വകലാശാലയുടെ നോട്ടീസ്. സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകള്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയാണ് വിദ്യാര്‍ഥികള്‍ മാധ്യമങ്ങളോടും നവമാധ്യമങ്ങളിലും പരാതി പറയരുതെന്നുമടക്കമുള്ള ശാസനകള്‍ ഉള്‍ക്കൊള്ളുന്ന നോട്ടീസ് പുറത്തിറക്കിയത്. സ്വകാര്യ ഏജന്‍സികള്‍ക്ക് പരീക്ഷ നടത്താനുള്ള അനുമതി നല്‍കിയതിനെതിരെ വിദ്യാര്‍ഥികള്‍ സമരം നടത്തിയ പശ്ചാത്തലത്തില്‍ ഡിസംബര്‍ 20നാണ് സര്‍വകലാശാല നോട്ടീസ് പുറത്തിറക്കിയത്. വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ വിവാദമായ ഈ തീരുമാനം നേരത്തെ റദ്ദാക്കിയിരുന്നു.


നോട്ടീസിലെ പ്രസക്തഭാഗങ്ങള്‍

സാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ സര്‍വകലാശയിലെ ഓഫീസര്‍മാരെ ലാന്‍ഡ്-മൊബൈല്‍ ഫോണുകള്‍ വഴിയുള്ള കോളുകള്‍, എസ്എംഎസുകള്‍ മുഖേനയും സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകള്‍, ഇമെയിലുകള്‍ എന്നിവ വഴി പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ഇതുകുടാതെ അടുത്ത ഘട്ടത്തില്‍ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ്, വിദ്യാഭ്യാസ മന്ത്രി, കേന്ദ്ര മാനവശേഷി വകുപ്പ് മന്ത്രി, എ.ഐ.സി.ടി.ഇ, മാധ്യമങ്ങള്‍ എന്നിവരോടും ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥികളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സൈബര്‍ ആക്രമണമാണെന്ന് വിമര്‍ശിച്ച് ചില മാധ്യമപ്രവര്‍ത്തകരും രംഗത്തുവന്നു. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ ഇതില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്ന് അതാത് പ്രിന്‍സിപ്പല്‍മാരും ഫാക്കല്‍ട്ടി അംഗങ്ങളും ഉറപ്പുവരുത്തേണ്ടതാണ്. ഏതെങ്കിലും തരത്തിലുള്ള പരാതികളുണ്ടായാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആ വിവരം പ്രിന്‍സിപ്പലിനെ അറിയിക്കണം. പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യമാകുന്ന പക്ഷം അതാത് പ്രിന്‍സിപ്പല്‍മാര്‍ പരാതികള്‍ സര്‍വകലാശാലയ്‌ക്കോ മറ്റ് ഉയര്‍ന്ന അധികൃതര്‍ക്കോ ഫോര്‍വേഡ് ചെയ്യുന്നതാണ്. ഇത്തരത്തിലുള്ള എല്ലാ സാഹചര്യങ്ങളിലും വിദ്യാര്‍ത്ഥികള്‍ പക്വത പാലിക്കേണ്ടതാണ്. ടെലിഫോണ്‍, മെയിലുകള്‍, സാമൂഹ്യ മാധ്യമങ്ങള്‍ എന്നിവ ദുരുപയോഗം ചെയ്യുന്നത് രാജ്യത്ത് നിലവിലുള്ള സൈബര്‍ നിയമങ്ങള്‍ പ്രകാരം കുറ്റകരമാണെന്ന് വിദ്യാര്‍ത്ഥികള്‍ മനസിലാക്കിക്കേണ്ടതുണ്ട്.
പരീക്ഷകള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കാനുള്ള തീരുമാനത്തിനെതിരേ രംഗത്തുവന്ന വിദ്യാര്‍ഥികള്‍ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതാണ് സര്‍വകലാശാലയെ ചൊടിപ്പിച്ചത്. ന്യായമായ ആവശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും ബന്ധപ്പെട്ട വ്യക്തികളേയും അറിയിച്ചതിനാണ് സൈബര്‍ നിയമങ്ങളെക്കുറിച്ച് സൂചിപ്പിച്ച് സര്‍വകലാശാല ഭീഷണി രൂപത്തിലുള്ള നോട്ടീസയച്ചത്.

Read More >>