പെരുമ്പാവൂര്‍ കെഎംപി കോളേജിലെ പീഡനം: അനുപമക്ക് വേണ്ടി നിയമപോരാട്ടത്തിന് ഒരുങ്ങി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

പെരുമ്പാവൂര്‍ കെ.എം. പി കോളേജിലെ പീഡനം, അനുപമക്ക് വേണ്ടി നിയമപോരാട്ടത്തിന് ഒരുങ്ങി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, പീഡനവും സമരവും ഒന്നും നടന്നില്ലെന്ന മാനേജ്‌മെന്റിന്റെ വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ നാരദ ന്യൂസിന്.

പെരുമ്പാവൂര്‍ കെഎംപി കോളേജിലെ പീഡനം: അനുപമക്ക് വേണ്ടി നിയമപോരാട്ടത്തിന് ഒരുങ്ങി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

പെരുമ്പാവൂര്‍ കെഎംപി കോളേജില്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായി പഠനം നിര്‍ത്തേണ്ടി വന്ന  അനുപമ എന്ന വിദ്യാര്‍ത്ഥിനിയ്ക്കായി പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ നിയമ പോരാട്ടത്തിന് ഒരുങ്ങുന്നു. കോളേജ് ഉടമയും ചെയര്‍മാനുമായ കെ.എം പരീതിനും മുന്‍ പ്രിന്‍സിപ്പല്‍ ദീപയ്ക്കും എതിരേയാണ് ഇവര്‍ കോടതിയെ സമീപിക്കുന്നത്.

[caption id="attachment_75900" align="alignleft" width="350"] കെ.എം. പരീത്[/caption]

രണ്ടു വര്‍ഷം മുമ്പ് പെരുമ്പാവൂര്‍ കെഎംപി കോളേജില്‍ തനിക്കുണ്ടായ ദുരനുഭവങ്ങള്‍ അനുപമ നാരദാ ന്യൂസിനോടു പറഞ്ഞിരുന്നു. നാരദാ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നു കേരളത്തിലെ ഒട്ടു മിക്ക കോളേജുകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ തന്നെ വിളിച്ചിരുന്നു. ഇതില്‍ കെഎംപി കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഉണ്ടാക്കിയ കൂട്ടായ്മയാണ് പരീതിനെതിരേയും കോളേജിനെതിരേയും നടപടികളുമായി മുന്നോട്ടു പോകാന്‍ സഹായിക്കുന്നതെന്നും അനുപമ പറഞ്ഞു.


അനുപമയുടെ അഭിമുഖം നാരദാ ന്യൂസ് വാര്‍ത്തയാക്കിയതിനെ തുടര്‍ന്ന് മറ്റു  മാദ്ധ്യമങ്ങളും ഏറ്റെടുത്തിരുന്നു.  തുടര്‍ന്ന് ഒരു ചാനല്‍ ചര്‍ച്ചയില്‍  കെഎംപി കോളേജ് ഉടമ കെഎം പരീത് വിദ്യാര്‍ത്ഥിനി അനുപമക്കെതിരെ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. തികച്ചും അവാസ്തമായ കാര്യങ്ങള്‍ ചാനല്‍ ചര്‍ച്ചയില്‍ പരീത് പറഞ്ഞത് മൊത്തം വിദ്യാര്‍ത്ഥിനി സമൂഹത്തിനു തന്നെ അപമാനമാണെന്നും   ഇതിനെതിരെ മാനനഷ്ടക്കേസ് ഉള്‍പ്പടെ കൊടുക്കുന്നത് ആലോചനയിലുണ്ടെന്നും അനുപമ നാരദാ ന്യൂസിനോടു പറഞ്ഞു.

അനുപമയുടെ എല്ലാ അനുഭവങ്ങളേയും നിഷേധിച്ചാണ് കെ എം പരീത് ചാനല്‍ ചര്‍ച്ചയില്‍ സംസാരിച്ചത്. അനുപമയ്ക്കു കോളേജില്‍ അദ്ധ്യാപകനുമായി പ്രണയമുണ്ടായിരുന്നു, അദ്ധ്യാപകന്റെ പേര് കൈയില്‍ മൈലാഞ്ചി കൊണ്ട് എഴുതിയിരുന്നു, അനുപമയെ സൗജന്യമായാണ് പഠിപ്പിച്ചത്, ഫീസൊന്നും വാങ്ങിയിരുന്നില്ല, പരീക്ഷ എഴുതാന്‍ അറ്റന്റന്‍സ് ഇല്ലായിരുന്നു, എങ്കിലും ഹാള്‍ ടിക്കറ്റ് നല്‍കി, കോളേജില്‍ സമരങ്ങള്‍ക്കു കാരണമായി എന്നു പറയുന്ന ജിതിന്‍ ജി ദാസ് എന്ന അദ്ധ്യാപകന്‍ സ്വയം പിരിഞ്ഞു പോയതാണ്, വിദ്യാര്‍ത്ഥികള്‍ പറയുന്നതു പോലെ പിരിച്ചു വിട്ടതല്ല, കോളേജില്‍ വിദ്യാര്‍ത്ഥികള്‍ സമരമേ ചെയ്തിട്ടില്ല, തുടങ്ങിയ കാര്യങ്ങളാണ് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പരീത് പറഞ്ഞത്.കെ എം പരീതിന്റെ ഇത്തരം വാദങ്ങൾ തെറ്റെന്നു തെളിയിക്കാന്‍ കഴിയുന്ന രേഖകള്‍ നാരദാ ന്യൂസിനു ലഭിച്ചു.  അനുപമ കോളേജില്‍ ഫീസ് അടച്ച രശീത്, വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തിന്റെ വീഡിയോ, പ്രിന്‍സിപ്പലിന്റെ അടിയേറ്റ് ആസ്പത്രിയില്‍ കിടന്നിരുന്ന വിദ്യാര്‍ത്ഥിയുടെ മൊഴി, ഇതു സംബന്ധിച്ച് ആ സമയത്ത് പ്രാദേശിക ചാനലുകളില്‍ വന്ന വാര്‍ത്ത, വിദ്യാര്‍ത്ഥികള്‍ അധികാരികള്‍ക്കു നല്‍കിയ പരാതികളുടെ പകർപ്പുകൾ, തന്നെ പിരിച്ചു വിട്ടതു തന്നെയെന്ന അദ്ധ്യാപകന്റെ മൊഴി എന്നിവയാണു നാരദ ന്യൂസിനു ലഭിച്ചത്.

പരീതിന്റെ വാദം അനുപമയെ സൗജന്യമായാണ് പഠിപ്പിച്ചതെന്നാണ്. എന്നാല്‍ കോളേജില്‍ മാത്രം ട്യൂഷന്‍ ഫീസായി 30,000 രൂപ അടച്ചിട്ടുണ്ട്. ഹോസ്റ്റല്‍ ഫീസ് ഉള്‍പ്പടെ മറ്റു ചെലവുകള്‍ക്കായി ആകെ മുക്കാല്‍ ലക്ഷത്തോളം രൂപ കോളേജ് പഠനത്തിനായി ചെലവഴിച്ചിട്ടുണ്ട്. കോളേജില്‍ പഠിക്കാനായി രണ്ട് ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പ എടക്കര ഫെഡറല്‍ ബാങ്കില്‍ നിന്നു ലോണ്‍ എടുത്തിരുന്നു. ഇതില്‍ 58,000 രൂപ ആദ്യ ഗഡുവായി കൈപ്പറ്റിയിട്ടുണ്ട്. ബാക്കി തുക കയ്യില്‍ നിന്നാണ് എടുത്ത് അടച്ചത്. ഇതിപ്പോള്‍ പലിശ സഹിതം 78000 രൂപയായി ഉയര്‍ന്നിട്ടുണ്ട്.കോളേജില്‍ ഒരു സമരവും ഉണ്ടായിരുന്നില്ലെന്നായിരുന്നു പരീതിന്റെ മറ്റൊരു വാദം. എന്നാല്‍ ഇതേ വിഷയത്തില്‍ കോളേജില്‍ ദിവസങ്ങളോളം വിദ്യാര്‍ത്ഥികളുടെ സമരമായിരുന്നു. പ്രിന്‍സിപ്പാളെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തിന്റെ വീഡിയോയും പ്രിന്‍സിപ്പാളിന്റെ കോലം കത്തിക്കുന്ന വീഡിയോയും കാണാം.

ഇതു സംബന്ധിച്ച്  അന്ന് പ്രാദേശിക ചാനലില്‍ വന്ന വാര്‍ത്തയും കാണാം.

അദ്ധ്യാപകന്‍ പിരിഞ്ഞു പോയെന്നായിരുന്നു മറ്റൊരു വാദം. എന്നാല്‍ അനുപമ നാരദാ ന്യൂസില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെന്നു പറഞ്ഞ് കൊണ്ട് പിരിച്ചു വിടപ്പെട്ട അധ്യാപകനും രംഗത്തെത്തി. അധ്യാപകന്റെ നാരദ വാര്‍ത്തയോടുള്ള കമന്റ്

" Hats off to anupama

ഇതു തുറന്നു പറയാൻ കാണിച്ച ധൈര്യത്തിന്.

ഇതിൽ പറഞ്ഞിരിക്കുന്ന  ഓരോരോ കാര്യങ്ങളും സത്യം മാത്രമാണ്. അതിൽ പറഞ്ഞിരിക്കുന്ന ജിബിൻ സർ ഞാൻ ആണ്, എന്റെ അച്ഛനെ ഒരു ദിവസം ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ ലീവ് എടുത്തതിനാണ് എന്നോട് അവിടെ നിന്നും resign ചെയ്യാൻ പറഞ്ഞത്. ഇന്ന് എന്റെ അച്ഛൻ ഈ ലോകത്ത് ഇല്ല. ഇതിൽ പറഞ്ഞിരിക്കുന്നത് ദീപ, അന്നത്തെ വൈസ് പ്രിൻസിപ്പൽ ജസ്റ്റിൻ ജോസ്, എല്ലാരും കുട്ടികളോടു പെരുമാറിയിരുന്നത് എങ്ങനാണ് എന്ന് അവിടെ ഉണ്ടായിരുന്ന ഓരോരുത്തർക്കും അറിയാം. അവിടെ നിന്നും കരഞ്ഞുകൊണ്ട്‌ ഇറങ്ങി പോയ എത്ര എത്ര അദ്ധ്യാപകർ... അത്ര മോശമായിട്ടായിരുന്നു അവരുടെ പെരുമാറ്റം. കുട്ടികളുടെ അച്ഛനും അമ്മയ്ക്കും വരെ വിളിക്കാൻ മടി കാണിക്കാത്ത, സംസ്കാരം എന്താണ് എന്നുപോലും അറിയാത്ത ആളുകൾ. ദീപ, ജസ്റ്റിൻ ജോസ് ഇവരൊക്കെ ആവശ്യത്തിനു വിദ്യാഭ്യാസ യോഗ്യത ഉള്ളതാണോ എന്നു പോലും സംശയമുണ്ട്‌. എന്നിട്ടും ഇവരെ ഒക്കെ സപ്പോർട്ട് ചെയ്യാൻ നടക്കുന്നവരോട് എന്തു പറയാൻ.

https://www.youtube.com/watch?v=1II1QDHA_fQ

അന്നു ദീപ ഒരു വിദ്യാർത്ഥിയുടെ മുഖത്തടിച്ച വാർത്ത ഇന്ത്യ വിഷൻ ചാനലിൽ വന്നതാണ്‌. അതിൽ നിന്നും തന്നെ മനസിലാക്കാം അവരുടെ കുട്ടികളോടുള്ള പെരുമാറ്റം. ഇതിൽ ഒരുപാടു വിദ്യാർത്ഥികളുടെ ഒരു പ്രതിനിധി മാത്രമാണ് അനുപമ. സഹോദരി ഉള്ളത് തുറന്നു പറയാൻ കാണിച്ച ആ ധൈര്യത്തിനെ ഞാൻ അഭിനന്ദിക്കുന്നു. ഇനിയും ഒരിക്കലും ഒരു വിദ്യാർത്ഥിക്കും ഇതുപോലത്തെ അനുഭവങ്ങൾ ഉണ്ടാകാൻ പാടില്ല.

സ്വന്തം അമ്മയെ തല്ലിയാലും രണ്ടഭിപ്രായം പറയുന്ന ഈ നാട്ടിൽ മാനേജ്‌മെന്റിനെ സപ്പോർട്ട് ചെയ്യാനും ആളുകൾ ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ വല്യ അത്ഭുതം ഒന്നും തോന്നുന്നില്ല. എട്ടും പത്തും ലക്ഷം രൂപ ഡെപ്പോസിറ്റ്‌ വാങ്ങി ഇപ്പോഴും അവിടെ അദ്ധ്യാപകരെ നിയമിക്കുന്നു. എന്നിട്ട് കൃത്യമായി പറഞ്ഞ ശമ്പളം പോലും കൊടുക്കാതെ അടിമകളെ പോലെ പണി എടുപ്പിക്കുന്നു, ഇതൊക്കെയാണ് സത്യം."

https://www.youtube.com/watch?v=aU16ers_ttc

കോളേജിലെ ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്നതും പൂര്‍വ്വ വിദ്യാര്‍ത്ഥികളുമായ ചിലര്‍ തന്നെ പരീത് ഉണ്ടാക്കിയ അധ്യാപകനോടുള്ള പ്രണയ കഥ നിഷേധിച്ച് രംഗത്ത് വന്നു. മലപ്പുറത്തുള്ള ഒരു മുസ്ലിം അധ്യാപകന്റെ പേരിലാണ് പരീത് കഥ ഉണ്ടാക്കിയത്. ആ അധ്യാപകന്റെ പേര് വിദ്യാര്‍ത്ഥിനികള്‍ കയ്യില്‍ മൈലാഞ്ചിയിട്ട് എഴുതിയത് പ്രണയം കൊണ്ടായിരുന്നു എന്നായിരുന്നു വാദം.എന്നാല്‍ അത് അനുപമ മാത്രമല്ല, കോളേജിലെ  മിക്ക വിദ്യാര്‍ത്ഥിനികളും ചെയ്തിട്ടുണ്ട്. അത് ആ അധ്യാപകനോടുള്ള ആദരവ് കൊണ്ട് ചെയ്തതാണ്. പ്രണയമല്ലെന്നാണ് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞത്.

അറ്റന്‍ഡന്‍സ് ഇല്ലായെന്നായിരുന്നു മറ്റൊരു കണ്ടെത്തല്‍. എന്നാല്‍ തൊണ്ണൂറ് ശതമാനത്തിനു മുകളില്‍ അറ്റന്‍ഡന്‍സ് ഉണ്ടായിരുന്നു. ഹാള്‍ ടിക്കറ്റ് തരാതിരുന്നത് അറ്റന്‍ഡന്‍സ് ഇല്ലാത്തത് കൊണ്ടല്ല, ഹാള്‍ ടിക്കറ്റ് വേണമെങ്കില്‍ പതിനായിരം രൂപ കൈക്കൂലി വേണമെന്ന് പറഞ്ഞു.കൈക്കൂലി കൊടുക്കാന്‍ കയ്യില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് പരീക്ഷയെഴുതാന്‍ ഹാള്‍ ടിക്കറ്റ് കിട്ടിയില്ലെന്ന് അനുപമ പറഞ്ഞു.വായ പൊത്തിപ്പിടിച്ചും മുടി കുത്തിപ്പിടിച്ച് അനുപമയുടെ മുഖത്തടിച്ച കെഎംപി കോളേജില്‍ പ്രിൻസിപ്പലായിരുന്ന ദീപ ഇപ്പോള്‍ മൂവാറ്റുപ്പുഴയിലെ ഒരു എഞ്ചിനിയറിങ്ങ് കോളേജില്‍ പ്രിന്‍സിപ്പലാണ്. അവര്‍ക്കെതിരേയും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുന്നുണ്ട്.

Read More >>