അണ്ഡക്കുഴൽ മുറിച്ചുമാറ്റിയതിന് രണ്ടുലക്ഷത്തിന്റെ ബിൽ... മിംസ് ആശുപത്രിയിൽ നിന്ന് ക്രൂരതയുടെ മറ്റൊരു അനുഭവസാക്ഷ്യം കൂടി

"നിങ്ങളാരും ഇത് പുറത്താരോടും പറയേണ്ടതില്ല, പറഞ്ഞാല്‍ ആകെ പ്രശ്നമാകും"എന്ന് ഡോക്ടര്‍ മുംതാസ് സഹപ്രവര്‍ത്തകര്‍ക്ക് കര്‍ശന താക്കീത് നല്‍കുന്നത് താന്‍ കേട്ടെന്നും സുമയ്യ പറയുന്നു.

അണ്ഡക്കുഴൽ മുറിച്ചുമാറ്റിയതിന് രണ്ടുലക്ഷത്തിന്റെ ബിൽ... മിംസ് ആശുപത്രിയിൽ നിന്ന് ക്രൂരതയുടെ മറ്റൊരു അനുഭവസാക്ഷ്യം കൂടി

അണ്ഡവാഹിനിക്കുഴലിലെ ഗർഭധാരണത്തെത്തുടർന്ന് ചികിത്സ തേടിയെത്തിയ യുവതിയെ മിംസ് ആശുപത്രിയിൽ അലക്ഷ്യമായി അബോർഷൻ ചെയ്തെന്നും തുടർന്നുണ്ടായ സങ്കീർണതയിൽ കുഴൽ മുറിച്ചുമാറ്റേണ്ടി വന്നുവെന്നും പരാതി. ഖത്തറിൽ ജോലി ചെയ്യുന്ന സുമയ്യ എന്ന യുവതിക്കാണ്‌ ഭാവിജീവിതത്തെ ബാധിക്കുന്ന ഈ അനുഭവമുണ്ടായത്. ചികിത്സാത്തുക ഈടാക്കാൻ കുട്ടികൾക്ക് മരുന്നും മുലപ്പാലുമടക്കം നിഷേധിച്ചുവെന്ന ഫാത്തിമയുടെ പരാതിയെക്കുറിച്ചുള്ള നാരദാ ന്യൂസ് വാർത്ത

യെത്തുടർന്നാണ് സുമയ്യ തന്റെ അനുഭവം തുറന്നുപറഞ്ഞത്.

അബോർഷൻ നടത്തി നാലാം ദിവസം ആരോഗ്യനില മോശമായതിനെത്തുടർന്നു നടത്തിയ പരിശോധനയിലാണ് ആവശ്യമില്ലാത്ത ഒരു ഡി ആന്‍ഡ് സി ചെയ്തു എന്നും തുടര്‍ന്ന്  ആന്തരികരക്തസ്രാവമുണ്ടായെന്നും സ്കാനിംഗില്‍ കണ്ടെത്തുന്നത്. ഇത് ഒടുവില്‍ കുഴൽ മുറിച്ചു നീക്കുന്നതില്‍ കാര്യങ്ങള്‍ എത്തിച്ചു.

ഗൾഫിൽ വച്ചാണ് സുമയ്യയ്ക്ക് എക്‌റ്റോപ്പിക്‌ പ്രഗ്നന്‍സിയായിരുന്നു എന്നു കണ്ടെത്തിയത്. ഗര്‍ഭപാത്രത്തിന് പുറത്തു ട്യുബിലുള്ള ഗര്‍ഭധാരണമാണ് എക്‌റ്റോപ്പിക്‌ പ്രഗ്നന്‍സി. നാട്ടിലെത്തി ചികിത്സ തേടാൻ തീരുമാനിച്ച ഇവർ വിമാനത്താവളത്തില്‍ നിന്നു നേരെപോയത് കോഴിക്കോട് മിംസിലേയ്ക്കാണ്.

ഗൾഫിലെ ഡോക്ടർമാരുടെ പരിശോധനാ റിപ്പോർട്ട് വായിച്ചുനോക്കാതെയും മതിയായ പരിശോധന നടത്താതെയും ട്യൂബിലെ ഗർഭധാരണമല്ലെന്ന് തീരുമാനിച്ച് അബോർഷൻ വിധിക്കുകയായിരുന്നു മിംസിലെ ഡോക്ടർ ചെയ്തത് എന്നാണ് സുമയ്യയുടെ ആരോപണം. മുംതാസ് എന്ന ഡോക്ടറാണ് പരിശോധിച്ചതും ശസ്ത്രക്രിയ ചെയ്തതെന്നും സുമയ്യ വെളിപ്പെടുത്തുന്നു.

നട്ടെല്ലിനു ഇന്‍ജക്ഷന്‍ നല്‍കിയായിരുന്നു ശസ്ത്രക്രിയ. ഭക്ഷണം കഴിച്ചതിനാല്‍ ഉടൻ മയങ്ങുന്ന തരത്തിലെ അനസ്തേഷ്യ നല്‍കാന്‍ കഴിയില്ലെന്നും അതിനാല്‍ സ്പൈനല്‍ അനസ്തേഷ്യ നല്‍കി എത്രയും വേഗം അബോര്‍ഷന്‍ ചെയ്യണമെന്നുമായിരുന്നു ഡോ. മുംതാസിന്റെ ചികിത്സാവിധി. അങ്ങനെ ഒരു ദിവസം അവിടെ കിടത്തി പിറ്റേന്ന് ഡിസ്ചാര്‍ജ് ചെയ്തു വീട്ടിലേക്ക് വിട്ടു.

വീട്ടിലെത്തിയപ്പോഴേക്കും തന്റെ ആരോഗ്യനില പരിതാപകരമായെന്ന് സുമയ്യ പറയുന്നു. തലകറക്കം, ശരീരമാകെ വേദന, ചര്‍ദ്ദി.. ജീവനോടെ ഒരാള്‍ക്ക്‌ അനുഭവിക്കാന്‍ കഴിയുന്ന എല്ലാ വേദനയും സഹിച്ചു. അബോര്‍ഷനു ശേഷം ഗര്‍ഭപാത്രം ചുരുങ്ങുന്നതിനായി ആശുപത്രിയില്‍ നിന്നും നല്‍കിയ മരുന്നുകള്‍ കഴിച്ചതിനു ശേഷം നാലാംദിവസം രാവിലെ തന്നെ ഇവര്‍ ചെക്കപ്പിനായി മിംസിലെത്തി.

തുടർന്നായിരുന്നു കൊടുംപീഡനത്തിന്റെ ഭീകരാനുഭവം.

കണ്‍സള്‍റ്റിംഗ് റൂമിനു മുന്നില്‍ തലചുറ്റി വീണ തന്നെ അഡ്മിറ്റ്‌ ചെയ്യാൻ പോലും ആശുപത്രി അധികൃതർ തയ്യാറായില്ലെന്ന് അവർ ആരോപിക്കുന്നു. ഒപ്പമുണ്ടായിരുന്ന ഉമ്മ നേഴ്സുമാരുമായി വഴക്കിട്ടതിനെത്തുടർന്നാണ് അഡ്മിറ്റ്‌ ചെയ്തത്. തലചുറ്റലിനു സാധാരണയായി നല്‍കുന്നത് പോലെ ഗ്ലുക്കോസ് ട്രിപ്പിടുക മാത്രമായിരുന്നു  ലഭിച്ച പരിചരണം. അതിവേദനയില്‍ നിലവിളിക്കുമ്പോഴും ആരും തിരിഞ്ഞുപോലും നോക്കിയില്ല. വേദന കൂടിയതോടെ ചര്‍ദ്ദിയും ആരംഭിച്ചു. ചര്‍ദ്ദിച്ചു കഴിയുമ്പോള്‍ അടിവയറ്റില്‍ തീവ്രവേദനയും രൂക്ഷമായ തലചുറ്റലും.

വേദന അസഹനീയമായത്തോടെ സുമയ്യയുടെ ഭര്‍ത്താവ് ഡ്യൂട്ടി റൂമില്‍ ചെന്നു ബഹളം വച്ചതോടെയാണ് സ്കാന്‍ ചെയ്യാനായി കൊണ്ടുപോയത്. തുടര്‍ന്നാണ്‌ ആദ്യം ചെയ്ത ഡി ആന്‍ഡ് സി യുടെ അപൂര്‍ണത വെളിവാക്കുന്ന സ്കാനിംഗ് റിപ്പോര്‍ട്ട് ലഭിക്കുന്നത്. ട്യുബിലുണ്ടായിരുന്ന ഭ്രൂണത്തിനു ഗര്‍ഭപാത്രത്തില്‍ ശസ്ത്രക്രിയ ചെയ്തു.

"നിങ്ങളാരും ഇത് പുറത്താരോടും പറയേണ്ടതില്ല, പറഞ്ഞാല്‍ ആകെ പ്രശ്നമാകും"എന്ന് ഡോക്ടര്‍ മുംതാസ് സഹപ്രവര്‍ത്തകര്‍ക്ക് കര്‍ശന താക്കീത് നല്‍കുന്നത് താന്‍ കേട്ടെന്നും സുമയ്യ പറയുന്നു. അടിയന്തരമായി സര്‍ജറി ആവശ്യമായിരുന്നു.

രാവിലെ ആശുപത്രിയില്‍ എത്തിച്ചിട്ടും സ്കാന്‍ ചെയ്തത് രാത്രിയായപ്പോൾ. അതും ബന്ധുക്കള്‍ ബഹളം വച്ചിട്ട്!

"ട്യുബിനു കുഴപ്പമൊന്നുമില്ല, അവള്‍ക്കും കുഴപ്പമൊന്നും ഇല്ലാതെ സര്‍ജറി ചെയ്യാം" എന്നാണ് ഡോ. മുംതാസ് ബന്ധുക്കളോട് പറഞ്ഞത് എന്ന് സുമയ്യ പറയുന്നു. ശസ്ത്രക്രിയയില്‍ പക്ഷെ സുമയ്യയുടെ ഇടത്തെ ട്യുബ് മുറിച്ചുമാറ്റി.

ഇത്ര ഗുരുതരമായ അവസ്ഥയിലും 80,000 രൂപയുടെ ബില്‍ അടച്ചതിനു ശേഷം മാത്രമേ സര്‍ജറിയ്ക്കായി സുമിയെ തീയേറ്ററില്‍ കൊണ്ടുപോകാന്‍ കഴിയൂ എന്നും ആശുപത്രി അധികൃതര്‍ വാശി പിടിച്ചെന്നും സുമയ്യ വെളിപ്പെടുത്തുന്നു.

ഓപ്പറേഷന്‍ കഴിഞ്ഞു തന്റെ ബന്ധുക്കളുടെ മുന്നില്‍ വരാന്‍ ഡോക്ടര്‍ കൂട്ടാക്കിയില്ല. എന്നാല്‍ ഡിസ്ചാര്‍ജ് ചെയ്യും മുന്‍പേ ഡോക്ടറിനെ കണ്ടേപറ്റൂ എന്ന് സുമയ്യയും കുടുംബവും വാശിപിടിച്ചപ്പോള്‍ ഒടുവില്‍ അപ്പോയ്‌മെന്‍റ് ലഭിച്ചു.


കാണാന്‍ ചെല്ലുമ്പോള്‍ ഡോ.മുംതാസിനൊപ്പം ഒരു വക്കീലും ഉണ്ടായിരുന്നു. ചികിത്സയിലെ അനാസ്ഥയ്ക്കു സുമയ്യ നിയമനടപടികള്‍ക്ക് ഒരുങ്ങുമെന്നു അവര്‍ ഭയന്നിരുന്നത്രേ. കേസിനും മറ്റും പോയാലുള്ള ദൂഷ്യവശങ്ങള്‍ സൂചിപ്പിക്കുന്നതായിരുന്നു വക്കീലിന്റെ ദൗത്യം.

"ഒരു കിഡ്നി ഉള്ളവനും ജീവിക്കുന്നു, പിന്നെ നിങ്ങള്‍ക്കെന്താ?" എന്ന നിലപാടാണ് ഡോക്ടര്‍ക്ക് അപ്പോഴും ഉണ്ടായിരുന്നത് എന്ന്‌ സുമയ്യ പറയുന്നു.

മിംസില്‍ ഈ ദിവസങ്ങളില്‍ ലഭിച്ച അശ്രദ്ധമായ ചികിത്സയ്ക്ക് രണ്ടു ലക്ഷം രൂപയുടെ ബില്ലാണ് ഒടുവില്‍ ലഭിച്ചത്.

നിയമനടപടികളുമായി മുന്നോട്ടുപോകണം എന്നുണ്ടായിരുന്നു. പക്ഷെ അതിനുള്ള സാവകാശം ഉണ്ടായിരുന്നില്ല. കേസുമായി മുന്നോട്ടുപോയാല്‍ ആഗ്രഹിച്ചു നേടിയ ഒരു കരിയര്‍ നഷ്ടപ്പെടും. മാനസികമായും ശാരീരികവുമായി അന്ന് ശക്തിയുണ്ടായിരുന്നില്ലതാനും. പക്ഷെ, ഇപ്പോഴെങ്കിലും ചിലരെങ്കിലും ഇത് അറിയണം എന്ന് തോന്നി.