പല തവണ പരാതിപ്പെട്ടിട്ടും നടപടിയില്ല; അതിര്‍ത്തി സേനയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി ആരോപണവുമായി മറ്റൊരു ജവാന്‍ കൂടി

കച്ചിലെ ഗാന്ധിധാം മേഖലയിലെ 150ാം ബറ്റാലിയനില്‍പ്പെട്ട നവ്‌ചേതന്‍ ഛൗധരിയാണ് ഗുരുതര അഴിമതി ആരോപണങ്ങളുമായി സോഷ്യല്‍മീഡിയയില്‍ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. 150ാം ബറ്റാലിയനില്‍ ജവാന്മാര്‍ക്കുള്ള മദ്യം പുറത്തുനല്‍കി പണമുണ്ടാക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നതെന്ന് നവ്‌ചേതന്‍ ഛൗധരി ആരോപിക്കുന്നു. ജവാന്മാരുടെ മെസ്സിനായി മാറ്റിവച്ച പണം ചെലവഴിക്കുന്നില്ല. ഇക്കാര്യത്തില്‍ പരാതിപ്പെട്ടാല്‍ ഏകപക്ഷീയ അന്വേഷണമാണ് നടക്കുന്നതെന്നും ഛൗധരി പറയുന്നു.

പല തവണ പരാതിപ്പെട്ടിട്ടും നടപടിയില്ല; അതിര്‍ത്തി സേനയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി ആരോപണവുമായി മറ്റൊരു ജവാന്‍ കൂടി

അതിര്‍ത്തിസേനയില്‍ വിതരണം ചെയ്യുന്നത് മോശം ഭക്ഷണമാണെന്ന പരാതിയുമായി രംഗത്തെത്തിയ ജവാന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതിനു പിന്നാലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി ആരോപണവുമായി മറ്റൊരു ജവാന്‍ കൂടി. കച്ചിലെ ഗാന്ധിധാം മേഖലയിലെ 150ാം ബറ്റാലിയനില്‍പ്പെട്ട നവ്‌ചേതന്‍ ഛൗധരിയാണ് ഗുരുതര അഴിമതി ആരോപണങ്ങളുമായി സോഷ്യല്‍മീഡിയയില്‍ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

150ാം ബറ്റാലിയനില്‍ ജവാന്മാര്‍ക്കുള്ള മദ്യം പുറത്തുനല്‍കി പണമുണ്ടാക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നതെന്ന് നവ്‌ചേതന്‍ ഛൗധരി ആരോപിക്കുന്നു. ജവാന്മാരുടെ മെസ്സിനായി മാറ്റിവച്ച പണം ചെലവഴിക്കുന്നില്ല. ഇക്കാര്യത്തില്‍ പരാതിപ്പെട്ടാല്‍ ഏകപക്ഷീയ അന്വേഷണമാണ് നടക്കുന്നതെന്നും ഛൗധരി പറയുന്നു.


''ഈ അഴിമതി എപ്പോഴാണ് അവസാനിക്കുകയെന്നാണ് എനിക്ക് പ്രധാനമന്ത്രിയോട് ചോദിക്കാനുള്ളത്. പരാതികള്‍ രഹസ്യമായി നല്‍കണം എന്നാണ് ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശം. എന്നാല്‍ ഞാന്‍ നിരവധി തവണ പരാതിപ്പെട്ടിട്ടുണ്ട്. അപ്പോഴെല്ലാം അവ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിക്കളിക്കുകയാണ് ചെയ്യുന്നത്.'' ഛൗധരി വ്യക്തമാക്കുന്നു.

അതേസമയം, അഴിമതി ആരോപണം ഉന്നയിച്ച ജവാനെതിരെ ബിഎസ്എഫ് ഉന്നത ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. ഗുജറാത്തില്‍ ഒരു വര്‍ഷം മുമ്പാണ് അദ്ദേഹത്തെ നിയമിക്കുന്നത്. അപ്പോള്‍മുതല്‍ ഓരോരോ വിഷയങ്ങളില്‍ കുറ്റങ്ങള്‍ കണ്ടെത്തിവരികയാണ് അദ്ദേഹത്തിന്റെ രീതിയെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

'എന്തായാലും ജവാന്റെ ആരോപണം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആരോപണവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഹാജരാക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, എല്ലാ വിഷത്തിലും കുറ്റംകണ്ടെത്തുന്ന അദ്ദേഹത്തിന്റെ നിലപാടിനെതിരെയും ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടലിനെതിരെയുമുള്ള അന്വേഷണം മറ്റൊരു വശത്തു പുരോഗമിക്കുകയാണ്.'' ഉന്നത ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

''പരാതികള്‍ പറയാന്‍ കൃത്യമായ ചട്ടക്കൂടുകള്‍ സേനയിലുണ്ട്. എന്നാല്‍ ഇപ്പോഴത്തെ ഈ ആരോപണത്തിനുപിന്നില്‍ ഗൂഡാലോചനയുള്ളതായി സംശയിക്കുന്നു. തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ എപ്പോഴെങ്കിലും മുതിര്‍ന്ന ഉദ്യോഗസ്ഥരെ സമീപിച്ച് പരാതികള്‍ ബോധിപ്പിക്കുകയായിരുന്നു ജവാന്‍ ചെയ്യേണ്ടിയിരുന്നത്''. അദ്ദേഹം വിശദമാക്കി.

ജവാന്റെ സമീപനം അച്ചടക്കലംഘനമാണെന്നായിരുന്നു മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ വാദം. ഇത്തരത്തില്‍ പരാതികള്‍ ഉന്നയിക്കാന്‍ ബിഎസ്എഫ് ചട്ടങ്ങള്‍ അനുശാസിക്കുന്നില്ല. എല്ലാ പരിമിതികളും അദ്ദേഹം ലംഘിച്ചു. അദ്ദേഹത്തിന്റെ സബ് ഇന്‍സ്‌പെക്ടറേയോ ഡിഐജിയേയോ അല്ലെങ്കില്‍ അതിനു മുകളിലുള്ള ഉദ്യോഗസ്ഥരേയോ സമീപിച്ച് പരാതികള്‍ ബോധ്യപ്പെടുത്തുകയായിരുന്നു വേണ്ടതെന്നും ഉന്നത ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു.

സൈന്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ പരാതികള്‍ സോഷ്യല്‍ മീഡിയ വഴി ഉന്നയിക്കുന്ന ജവാന്‍മാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സൈനിക മേധാവി ബിപിന്‍ റാവത്ത് മുമ്പ് വ്യക്തമാക്കിയിരുന്നു. ചട്ടപ്രകാരമല്ലാതെ സേനയിലെ കാര്യങ്ങളില്‍ പരാതി ഉന്നയിക്കരുതെന്നും മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന പരാതികള്‍ ജവാന്റെ മാത്രമല്ല കരസേനയുടേയും ആത്മവീര്യം ചോര്‍ത്തുമെന്നും ഇതു ശിക്ഷാര്‍ഹമായ കുറ്റമാണെന്നും അദ്ദേഹം ഈമാസം 15ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

Read More >>