കായലില്‍ മാരകവിഷദ്രാവകം തള്ളിയ ഐഎസ്ആര്‍ഒയെ തടഞ്ഞ പരിസ്ഥിതി പ്രവര്‍ത്തകനെ ജാമ്യമില്ലാവകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു

ഗ്രീന്‍ആക്ഷന്‍ ഫോഴ്‌സ് പ്രവര്‍ത്തകന്‍ ഷിബു മാനുവലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നു പുലര്‍ച്ചെ മൂന്നരയോടെ ആലുവ ബിനാനിപുരം സ്‌റ്റേഷനിലെ സിഐയുടേയും എസ്‌ഐയുടേയും നേതൃത്വത്തിലുള്ള പൊലീസ് സംഘം വീടുവളഞ്ഞാണ് ഷിബുവിനെ അറസ്റ്റ് ചെയ്തത്.

കായലില്‍ മാരകവിഷദ്രാവകം തള്ളിയ ഐഎസ്ആര്‍ഒയെ തടഞ്ഞ പരിസ്ഥിതി പ്രവര്‍ത്തകനെ ജാമ്യമില്ലാവകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു

ആലുവ: വേമ്പനാട് കായലില്‍ മാരക വിഷദ്രാവകം തള്ളിയ ഐഎസ്ആര്‍ഒയെ തടഞ്ഞ പരിസ്ഥിതി പ്രവര്‍ത്തകനെ ജാമ്യമില്ലാവകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രീന്‍ആക്ഷന്‍ ഫോഴ്‌സ് പ്രവര്‍ത്തകന്‍ ഷിബു മാനുവലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നു പുലര്‍ച്ചെ മൂന്നരയോടെ ആലുവ ബിനാനിപുരം സ്‌റ്റേഷനിലെ സിഐയുടേയും എസ്‌ഐയുടേയും നേതൃത്വത്തിലുള്ള പൊലീസ് സംഘം വീടുവളഞ്ഞാണ് ഷിബുവിനെ അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്ത ഷിബുവിനെ ഇന്നു കോടതിയില്‍ ഹാജരാക്കും. ബന്ധപ്പെട്ട ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥര്‍ നേരിട്ടു പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് ഷിബു മാനുവലിനെതിരായ നടപടി. അതേസമയം, പ്രതിരോധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമായതിനാല്‍ അവര്‍ക്ക് കായലില്‍ മലിനജലം ഒഴുക്കാനുള്ള അനുമതിയുണ്ടെന്നാണ് പൊലീസ് വാദം.


സാമൂഹികപ്രവര്‍ത്തകനായ പുരുഷന്‍ ഏലൂരാണ് സംഭവം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 2016 ഒക്ടോബര്‍ 17നാണ് കേസിനാസ്പദമായ സംഭവം. ആലുവ ചൂണ്ടിയിലെ ഐഎസ്ആര്‍ഒ പ്ലാന്റില്‍നിന്നുള്ള അമോണിയം പെര്‍ക്ലോറേറ്റ് എന്ന രാസവസ്തുവാണ് കായലില്‍ തള്ളിയിരുന്നത്. ഇത് എടയാറിലെ ഇന്‍ലാന്റ് നാവിഗേഷന്റെ ജെട്ടിയില്‍ കൊണ്ടുവന്ന് അവിടെനിന്നും ബാര്‍ജിലേക്കു പകര്‍ത്തിയ ശേഷം വാല്‍വു തുറന്നു കായലില്‍ തള്ളുകയായിരുന്നു രീതി. മാസത്തില്‍ രണ്ടുതവണയാണ് ഇങ്ങനെ തള്ളിയിരുന്നത്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഐഎസ്ആര്‍ഒയുടെ ഈ നടപടി മാരിടൈം പ്രോട്ടോക്കോളിനു എതിരാണ്.

ഇത് ശ്രദ്ധയില്‍പ്പെട്ട ഷിബു മാനുവലിന്റെ നേതൃത്വത്തിലുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇവരെ തടയുകയും പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഉദ്യോഗസ്ഥരെത്തി സാംപിള്‍ ശേഖരിക്കുകയും പരിശോധനയില്‍ അമോണിയം പെര്‍ക്ലോറേറ്റ്, മാരകവിഷാംശം അടങ്ങിയ ദ്രാവകമാണെന്നു കണ്ടെത്തുകയുമായിരുന്നു.

പിഎച്ച് മൂല്യം 1.2 ഉള്ള അമോണിയം പെര്‍ക്ലോറേറ്റില്‍ അമോണിക് നൈട്രജന്‍ 176 mg/ BOD 480, COD 24l 60 mg, TKN (KJeIdahI nitrogen ) 16596 Mg, Led 1.7 Mg എന്നിങ്ങനെയാണു അടങ്ങിയിരിക്കുന്നത്. അമോണിയ പെര്‍ക്ലോറൈറ്റ് വെള്ളത്തില്‍ കലര്‍ന്ന് മത്സ്യങ്ങളില്‍ എത്തിയാല്‍ 28 ദിവസം കൊണ്ട് അവയുടെ മാംസത്തില്‍ തൈറോയിഡിനു കാരണമാകുന്ന ഘടകങ്ങള്‍ രൂപപ്പെടുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇത് സമീപവാസികളെ മാരകരോഗങ്ങള്‍ക്കു ഇരയാക്കാനും കാരണമാകും. ഇങ്ങനെയുള്ള കൊടുംവിഷമാണ് ഐഎസ്ആര്‍ഒ അധികൃതര്‍ കൊച്ചി കായലില്‍ ഒഴുക്കിയത്.

മുമ്പ് കമ്പനിക്കകത്തു തന്നെയായിരുന്നു വിഷജലം ഒഴുക്കിയിരുന്നത്. എന്നാല്‍ ഇത് സമീപത്തെ കിണറുകളില്‍ എത്തുകയും സമീപവാസികള്‍ക്ക് തൈറോയിഡ് അടക്കമുള്ള മാരകരോഗങ്ങള്‍ ഉണ്ടാകുകയും ചെയ്തു. ഇതേതുടര്‍ന്ന് ജനങ്ങള്‍ പ്രക്ഷോഭം നടത്തുകയും കിണര്‍ വെള്ളം പരിശോധിച്ചപ്പോള്‍ ഇത് മാരകാമാം വിധം അമോണിയം പെര്‍ക്ലോറേറ്റിനാല്‍ മലിനീകരിക്കപ്പെട്ടെന്നും തെളിഞ്ഞിരുന്നു. ഇതോടെയാണ് കമ്പനി വേമ്പനാടു കായലില്‍ വിഷജലം തള്ളുന്നതു പതിവാക്കിയത്.