'കേരള മുഖ്യമന്ത്രി പനീര്‍ശെല്‍വം...'കേന്ദ്രമന്ത്രി പാസ്വാന്റെ ഒരു 'അബദ്ധ ട്വീറ്റ്'

പിണറായി വിജയന്റെ പേരിനു പകരം കേന്ദ്രമന്ത്രി കുറിച്ചത് തമിഴ്നാട് മുഖ്യമന്ത്രി പനീര്‍ ശെല്‍വത്തിന്റെ പേരാണ്.പോരെ പൂരം!

കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ. പനീര്‍ശെല്‍വം ഇന്ന് ഉദ്യോഗസ്ഥര്‍ക്കൊപ്പം എന്നെ ഓഫീസില്‍ വന്നു കണ്ടിരുന്നു"

കേന്ദ്രഭക്ഷ്യവകുപ്പ്/പൊതുവിതരണവകുപ്പ് മന്ത്രി രാം വിലാസ് പാസ്വാന്‍ ട്വിറ്ററില്‍ കുറിച്ച വരികളാണ് ഇത്.

വായിച്ചത് തെറ്റിപോയതല്ല, കേന്ദ്രമന്ത്രിക്ക് ചെറുതല്ലാത്ത ഒരു പിഴവ് സംഭവിച്ചതാണ് ഇത്.
ഇന്ന് കേരളാ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷം പാസ്വാന്‍ ചിത്രങ്ങള്‍ സഹിതം കൂടികാഴ്ചയുടെ ഇമ്പം പങ്കുവച്ചിരുന്നു.എന്നാല്‍ പിണറായി വിജയന്റെ പേരിനു പകരം കേന്ദ്രമന്ത്രി കുറിച്ചത് തമിഴ്നാട് മുഖ്യമന്ത്രി പനീര്‍ ശെല്‍വത്തിന്റെ പേരാണ്.

കേന്ദ്രമന്ത്രിക്ക് പറ്റിയ അബദ്ധത്തിനു പിന്നെ ട്രോളുകളുടെ ബഹളമായിരുന്നു.

ആരോടാണ് താന്‍ കൂടികാഴ്ച നടത്തുന്നത് എന്ന് പോലും അറിയാത്ത ആളുകളാണ് മോദി മന്ത്രിസഭയില്‍ ഉള്ളതെന്നായിരുന്നു ഒരു വിമര്‍ശനം. ഇങ്ങനെയുള്ള ഒരാള്‍ എന്ത് മഹാകാര്യമാണ് ഇത്രനേരം ചര്‍ച്ച ചെയ്തത് എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.അബദ്ധം ശ്രദ്ധയില്‍പ്പെട്ടതോടെ കേന്ദ്രമന്ത്രി ഉടനടി തന്റെ ട്വിറ്റര്‍ പോസ്റ്റ്‌ തിരുത്തി.
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്യോഗസ്ഥര്‍ക്കൊപ്പം എന്നെ ഓഫീസില്‍ വന്നു കണ്ടിരുന്നു

എന്ന് തിരുത്തി കൂടുതല്‍ വിശദീകരണം ഒന്നും നല്‍കാതെ രാംവിലാസ് പാസ്വാന്‍ തടിയൂരി.