നോട്ടു നിരോധനം; കണക്കിലധികം നോട്ടുകള്‍ തിരിച്ചെത്തിയെന്ന് സംശയം; കണക്കുകള്‍ പറയാതെ റിസര്‍വ്വ് ബാങ്ക്

രാജ്യത്ത് ക്രയവിക്രയം ചെയ്തിരുന്ന കറന്‍സികളുടെ 86 ശതമാനമാണ് നവംബര്‍ 8ന് രാത്രി ഒറ്റയടിക്ക് അസാധുവായത്. രാജ്യത്തുപയോഗിച്ചിരുന്ന 17.95ലക്ഷം കോടി രൂപയില്‍ പിന്‍വലിച്ച അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകളുടെ ആകെ മൂല്യം 15.44ലക്ഷം കോടി രൂപ വരും. ഇതില്‍ 97 ശതമാനവും തിരിച്ചെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ റിസര്‍വ്വ് ബാങ്ക് ശരിവെക്കുന്നുണ്ട്. ഒദ്യോഗികകണക്കുകളെക്കാള്‍ അധികം കറന്‍സി തിരിച്ചെത്താനുള്ള സാധ്യതയുണ്ടെന്നും സൂചനയുണ്ട്.

നോട്ടു നിരോധനം; കണക്കിലധികം നോട്ടുകള്‍ തിരിച്ചെത്തിയെന്ന് സംശയം; കണക്കുകള്‍ പറയാതെ റിസര്‍വ്വ് ബാങ്ക്



രാജ്യത്ത് നോട്ടു നിരോധനം നടപ്പാക്കി രണ്ട് മാസം പിന്നിട്ടിട്ടും പിന്‍വലിച്ച നോട്ടുകളില്‍ എത്രരൂപ തിരിച്ചെത്തിയെന്ന ഒദ്യോഗിക കണക്കുകള്‍ പുറത്ത് വരുന്നില്ല. പിന്‍വലിച്ച നോട്ടുകളില്‍ 97 ശതമാനവും തിരിച്ചെത്തിയെന്ന കണക്കുകള്‍ റിസര്‍വ്വ് ബാങ്ക് ശരിവെക്കുന്നുണ്ട്. എന്നാല്‍ കണക്കിലധികം നോട്ടുകള്‍ തിരിച്ചെത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

ആ കണക്കുകള്‍ ഇങ്ങനെ

നവംബര്‍ എട്ട് വരെ പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളുടെ മൂല്യം 17.95 ലക്ഷം കോടി രൂപയായിരുന്നു. പിന്‍വലിച്ച അഞ്ഞൂറിന്റേയും ആയിരത്തിന്റേയും മൂല്യം 15.44ലക്ഷം കോടി രൂപയാണ്. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും ധനസഹമന്ത്രി അര്‍ജുന്‍ റാം മേഘവാളും വ്യക്തമാക്കിയ കണക്കുകളാണിത്. ഈ കണക്കുകള്‍ പ്രകാരം പിന്‍വലിക്കാത്ത കറന്‍സിയുടെ മൂല്യം 2.51 ലക്ഷം കോടി രൂപ വരും.


1.06 ലക്ഷം കോടി രൂപയുടെ നൂറു രൂപയുടെ നോട്ടും 2.94 ലക്ഷം കോടി രൂപയുടെ ഉയര്‍ന്ന മൂല്യമുള്ള നോട്ടും പുറത്തിറക്കിയെന്നാണ് ഡിസംബര്‍ ഏഴിന് റിസര്‍വ്വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്‍ ഗാന്ധി അറിയിച്ചിരുന്നു. ഇങ്ങനെ പുറത്തിറക്കിയ കറന്‍സികളുടെ മൂല്യം നാല് ലക്ഷം കോടി രൂപ വരും. മേല്‍പ്പറഞ്ഞ 2.51 ലക്ഷം കോടി രൂപയും നാല് ലക്ഷം കോടി രൂപയും ചേര്‍ന്നാല്‍ 6.51 ലക്ഷം കോടി രൂപ വരും.

രണ്ട് ദിവസത്തിന് ശേഷം റിസര്‍വ്വ് ബാങ്കിന്റെ റിസര്‍വ്വ് പണ റിപ്പോര്‍ട്ടില്‍ പ്രചാരത്തിലുള്ള കറന്‍സി 9.81 ലക്ഷം കോടി രൂപയാണെന്നും വ്യക്തമാക്കിയിരുന്നു. അതായത് 3. 3ലക്ഷം കോടി രൂപ (9.81- 6.51 = 3.3) പിന്‍വലിക്കപ്പെട്ട കറന്‍സിയാണ്. അന്നുവരെ തിരിച്ചെത്തിയത് 12.14 ലക്ഷം കോടി രൂപയെന്ന് ചുരുക്കം(15.44- 3.3 = 12.14).

ഡിസംബര്‍ 19 ന് റിസര്‍വ്വ് ബാങ്ക് നല്‍കിയ കണക്കനുസരിച്ച് 5.93 ലക്ഷം കോടി രൂപയുടെ പുതിയ കറന്‍സി വിതരണം ചെയ്‌തെന്നു വ്യക്തമാക്കുന്നു. ജനുവരി ആറിലെ റസര്‍വ്വ് ബാങ്ക് കണക്കനുസരിച്ച് 8.98 ലക്ഷം കോടി രൂപയുടെ കറന്‍സിയാണ് പ്രചാരത്തിലുണ്ടായിരുന്നത്. നവംബര്‍ എട്ടിലെ 2.51 ലക്ഷം കോടി രൂപയും ഡിസംബര്‍ 19ലെ കണക്ക് പ്രകാരമുള്ള 5.93 ലക്ഷം കോടി രൂപയും ചേര്‍ന്നാല്‍ 8.44 ലക്ഷം കോടി രൂപ. ഡിസംബര്‍ 19 ന് ശേഷം പുതിയ കറന്‍സി ഇറക്കിയിട്ടില്ലെങ്കില്‍ 54000 കോടി രൂപയുടെ( 8.98-8.44= 0.54 ലക്ഷം കോടി രൂപ) കറന്‍സി തിരിച്ചു ചെന്നിട്ടില്ല. അഥവാ 14.9 ലക്ഷം കോടി രൂപയുടെ കറന്‍സി തിരിച്ചെത്തിയെന്നാണ് കണക്കുകള്‍ പറയുന്നത്. ശതാമാന കണക്കെങ്കില്‍ 97 ശതമാനം.

ഡിസംബര്‍ 19നും ജനുവരി ആറിനുമിടയ്ക്ക് വന്‍തോതില്‍ പുതിയ കറന്‍സി ബാങ്കുകള്‍ വഴി നല്‍കി. അതെത്രയെന്ന് കണക്കുകള്‍ ലഭ്യമായിട്ടില്ല. അതു കൂടി പ്രചാരത്തിലുള്ള കറന്‍സിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പിന്‍വലിച്ച കറന്‍സി മുഴുവന്‍ തിരിച്ചെത്തിയെന്ന് ചുരുക്കം. നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളിലും പ്രവാസികളുടെ കൈവശവും, സഹകരണ ബാങ്കുകളിലും കൂടി അനേകായിരം കോടിയുടെ കോടി രൂപയുടെ പിന്‍വലിച്ച കറന്‍സിയുണ്ട്.

അതിനാല്‍ ഒദ്യോഗിക കണക്കുകളിലുള്ളതിനെക്കാള്‍ അധികം കറന്‍സി തിരിച്ചെത്തിയെന്ന സംശയവും ഉയരുന്നുണ്ട്. ഡിസംബര്‍ 30നകം തിരിച്ചെത്തിയ തുകയുടെ കണക്ക് ഇതുവരെ പുറത്ത് വരാത്തതും ഈ ആശയക്കുഴപ്പം കാരണമാണെന്നും കരുതുന്നു.

Read More >>