കോപ്പിയടിച്ചുവെന്ന് ആരോപിച്ചു പീഡനം: നെഹ്രു ഗ്രൂപ്പിന്റെ കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു; പീഡനത്തിനു നേതൃത്വം മുന്‍മന്ത്രി കെപി വിശ്വനാഥന്റെ മകന്‍

കേരളത്തിലെ ഒരു സ്വാശ്രയ കോളേജില്‍ കൊലപാതകം നടന്നിരിക്കുന്നു- സ്വാശ്രയ കോളേജുകളെ നിലയ്ക്കു നിര്‍ത്താനാകാത്ത ഒരു സര്‍ക്കാരിന് എങ്ങനെയാണ് നാട് ഭരിക്കാനാവുന്നത്. ഇടിമുറികളടക്കം സ്വാശ്രയ കോളേജുകളിലുണ്ടെന്നാണ് വിവരം. ജിഷ്ണുവിന്റെ ആത്മഹത്യയ്‌ക്കെതിരെ രോഷം പടരുന്നു.

കോപ്പിയടിച്ചുവെന്ന് ആരോപിച്ചു പീഡനം: നെഹ്രു ഗ്രൂപ്പിന്റെ കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു; പീഡനത്തിനു നേതൃത്വം മുന്‍മന്ത്രി കെപി വിശ്വനാഥന്റെ മകന്‍

തൃശൂര്‍: യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ അടുത്തിരുന്ന ആളുടെ പേപ്പറില്‍ നോക്കിയെഴുതിയെന്ന് ആരോപിച്ച് മാനേജ്‌മെന്റും അദ്ധ്യാപകരും പീഡിപ്പിച്ചതിനെ തുടര്‍ന്ന് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ തൃശൂരിലെ പാമ്പാടി എഞ്ചിനീയറിങ് കോളേജിലാണു സംഭവം. കോഴിക്കോട് നാദാപുരം സ്വദേശി ജിഷ്ണു പ്രണോയ് ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകുന്നേരമാണു സംഭവം.സംഭവത്തെക്കുറിച്ചു സഹപാഠികള്‍ പറയുന്നതിങ്ങനെ. ഇന്നലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കു യൂണിവേഴ്‌സിറ്റി പരീക്ഷയുണ്ടായിരുന്നു. പരീക്ഷയ്ക്കിടെ മറ്റൊരു വിദ്യാര്‍ത്ഥിയുടെ പരീക്ഷാ പേപ്പറില്‍ നോക്കിയെഴുതി എന്നാരോപിച്ചു പ്രവീണ്‍ എന്ന അദ്ധ്യാപകന്‍ ജിഷ്ണുവിനെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി പരിഹസിക്കുകയും ചീത്തവിളിക്കുകയും ചെയ്തു. ഇതിനു ശേഷം ഓഫീസലെത്തി ഡീബാര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. കോപ്പിയടിച്ചുവെന്നതു തെളിയിക്കാന്‍ അദ്ധ്യാപകന്റെ കൈവശം തെളിവുകളൊന്നുമില്ല താനും. ഒരു തുണ്ടുപേപ്പര്‍ പോലും ജിഷ്ണുവിന്റെ പക്കല്‍ നിന്ന് അദ്ധ്യാപകന്‍ പിടിച്ചെടുത്തിട്ടില്ലായിരുന്നു.


തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരോട് അറ്റന്‍ഡന്‍സും ഇന്റേണല്‍ മാര്‍ക്കും വച്ചു പകവീട്ടാറുള്ള മാനേജ്‌മെന്റ് ജിഷ്ണുവിനോടും അങ്ങനെ തന്നെ പെരുമാറുമെന്നു തോന്നിയിരുന്നു. ഓഫീസില്‍ പോയിട്ടു വന്ന ജിഷ്ണു നിരാശനായിരുന്നു. ഡീബാര്‍ നടപടികള്‍ മാനേജ്‌മെന്റ് ആരംഭിച്ചിരുന്നു. ജിഷ്ണു വൈകുന്നേരം ഹോസ്റ്റലില്‍ കയറി മുറിയടച്ചു. ആറുമണിക്കു ഹോസ്റ്റലില്‍ അറ്റന്‍ഡന്‍സ് എടുത്തപ്പോള്‍ ജിഷ്ണുവിനെ കാണാതെ വന്നപ്പോള്‍ സഹപാഠികള്‍ റൂമിനു മുന്നിലെത്തി. വാതിലില്‍ തട്ടിയിട്ടിട്ടു തുറക്കാത്തതിനാല്‍ ചവിട്ടിത്തുറന്നപ്പോഴാണു ജിഷ്ണു മരണത്തോടു മല്ലിടുന്നതുകണ്ടത്.ഹോസ്റ്റല്‍ മുറിയിലെ ബാത്ത്‌റൂമിന്റെ കൊളുത്തില്‍ കുരുക്കിട്ടു തൂങ്ങിമരിക്കാനാണ് ജിഷ്ണു ശ്രമിച്ചത്. കയറിഴിച്ച് താഴെ ഇറക്കുന്പോൾ ജീവനുണ്ടായിരുന്നു.  ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പ്രവീണ്‍ സാറിനെ തന്നെയാണു ഞങ്ങള്‍ വിളിച്ചത്. അയാള്‍ ഹോസ്റ്റലിലാണ് താമസിക്കുന്നത്. അയാളുടെ കാറില്‍ ജിഷ്ണുവിനെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്നു വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എന്നാല്‍ അയാള്‍ തയ്യാറായില്ല. എനിക്കു പേടിയാണ്, ഞാനില്ലെന്നു പറഞ്ഞു, പ്രവീണ്‍ എന്ന അദ്ധ്യാപകന്‍ ഫോണ്‍ കട്ട് ചെയ്തു.

വേറൊരു വിദ്യാര്‍ത്ഥിയെ വിളിച്ച്, അവന്റെ കാറിലാണു ജിഷ്ണുവിനെ ആശുപത്രിയില്‍ കൊണ്ടുപോയത്. ജിഷ്ണുവിനെ ഞങ്ങള്‍ കാണുമ്പോള്‍ അവനു ജീവനുണ്ടായിരുന്നു. അവനെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ കൊണ്ടുപോയാല്‍ രക്ഷിക്കാമായിരുന്നു. മറ്റൊരു വണ്ടിക്കായി അരമണിക്കൂറോളമാണു ഞങ്ങള്‍ കാത്തിരുന്നത്. അവിടെ എത്തുമ്പോഴേക്കും മരിച്ചിരുന്നു. ഇത്തരമൊരു സാഹചര്യമുണ്ടായിട്ടും പ്രധാന വാര്‍ഡന്‍ പോലും ആശുപത്രിയില്‍ വന്നില്ല. കോളേജിലെ ഏതാനും ജീവനക്കാർ മാത്രമാണു വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആശുപത്രിയിലെത്തിയത്.

ഇന്റേണല്‍ മാര്‍ക്കിന്റെ പേരിലും അറ്റന്‍ഡന്‍സിന്റെ പേരിലും ഭീഷണി


കേരളത്തിലെ ഭൂരിഭാഗം സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചെയ്യുന്നതുപോലെ അറ്റന്‍ഡന്‍സിന്റെയും ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ പേടിപ്പിച്ചു നിര്‍ത്തുന്ന രീതിയാണ് നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്റെ പാമ്പാടി എഞ്ചിനീയറിങ് കോളേജിലും നടന്നുവന്നിരുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ സംഭവങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഒന്നും പുറം ലോകം അറിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം ക്ലാസില്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം നല്‍കാത്തതിന് ഒരു വിദ്യാര്‍ത്ഥിയുടെ കരണത്തടിച്ചാണു പ്രശാന്ത് എന്ന അദ്ധ്യാപകന്‍ കലിപ്പു തീര്‍ത്തത്. മൂന്നുതവണയൊണ് ഇയാള്‍ വിദ്യാര്‍ത്ഥിയെ അടിച്ചത്. പിറ്റേന്ന് അദ്ധ്യാപകന്‍ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ചു. ബഹിഷ്‌കരിച്ചവരെ അറ്റന്‍ഡസ്, ഇന്റേണല്‍ മാര്‍ക്കിന്റെ കാര്യം പറഞ്ഞു മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തി. ഭീഷണി വകവെയ്ക്കാത്തവരെ അറ്റന്‍ഡന്‍സും ഇന്റേണല്‍ മാര്‍ക്കും നല്‍കാതെ കോഴ്‌സ് നിര്‍ത്തിച്ചു. ഈ സംഭവത്തെ തുടര്‍ന്നു പ്രതിഷേധിക്കാന്‍ വരെ കുട്ടികള്‍ക്കു പേടിയാണ്.

[caption id="attachment_71806" align="aligncenter" width="736"] വിദ്യാർത്ഥികളുടെ പ്രതിഷേധം[/caption]

ബാക്ക് ലോഗിന്റെ (സപ്ലിമെന്ററി എക്‌സാം) എണ്ണം കൂടുതലായതിനെ തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥിയെ റോള്‍ നമ്പറില്‍ നിന്നൊഴിവാക്കാന്‍ മാനേജ്‌മെന്റ് ശ്രമിച്ചു. പരീക്ഷ എഴുതാന്‍ സമ്മതിക്കില്ലെന്നായിരുന്നു മാനേജ്‌മെന്റ് തീരുമാനം. ഇതിനെതിരെ വിദ്യാര്‍ത്ഥി കാലിക്കറ്റ് സര്‍വകലാശാലയില്‍ പോയി ഉത്തരവ് സമ്പാദിച്ചു. സര്‍വകലാശാലയില്‍ പോയതടക്കമുള്ള തിയതികളിലെ അറ്റന്‍ഡന്‍സ് കൊടുക്കാതെ വിദ്യാര്‍ത്ഥിയെ റോള്‍ നമ്പറില്‍ നിന്നു നീക്കുകയാണ് മാനേജ്‌മെന്റ് ചെയ്തത്.

നെഹ്‌റു കോളേജിലെ ഇടിമുറി


നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥികളെ കായികമായി കൈകാര്യം ചെയ്യുന്നതിനായി കോളേജില്‍ ഒരു ഇടിമുറിയുണ്ടെന്നു വിദ്യാര്‍ത്ഥികള്‍ പറയുന്നു. കോളേജിനെതിരെ സംസാരിക്കുന്ന വിദ്യാര്‍ത്ഥികളെ ഈ മുറിയിലിട്ടു ഇടിക്കുമത്രെ. വേണ്ടി വന്നാല്‍ നിന്നൊയൊക്കെ തല്ലാന്‍ പുറത്തുനിന്നു ഗുണ്ടകളെ വിളിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതു കോളേജ് പിആര്‍ഒ ആയ സഞ്ജിത്ത് വിശ്വനാഥനാണ്. മുന്‍മന്ത്രി കെ. പി. വിശ്വനാഥന്റെ മകനായ ഇയാള്‍ ഗുണ്ടകളെപ്പോലെയാണു വിദ്യാര്‍ത്ഥികളോടു പെരുമാറുന്നത്.

ജീവനെക്കുറിച്ചും ഭാവിയെക്കുറിച്ചും പേടിയുള്ളതിനാല്‍ വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുകള്‍ പുറത്തുവിടരുന്നതെന്ന നിബന്ധനയിലാണ് വിദ്യാര്‍ത്ഥികള്‍ സംസാരിച്ചു തുടങ്ങിയത്.

സംഭവം നടന്നയുടനെ ജിഷ്ണുവിന്റെ ബാച്ചിലെ വിദ്യാര്‍ത്ഥികളെ മുഴുവന്‍ വീടുകളിലേക്കു പറഞ്ഞു വിടുകയാണ് മാനേജ്‌മെന്റ് ചെയ്തത്. പലരും പേടികൊണ്ടു പ്രതീഷേധിക്കാന്‍ പോലും പുറത്തിറങ്ങുന്നില്ല. ഇരുപതോളം വിദ്യാര്‍ത്ഥികള്‍ മാത്രമാണു ജിഷ്ണുവിന്റെ മരണത്തെത്തുടര്‍ന്നു വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുത്തത്.

Read More >>