നാരദ ന്യൂസ്‌ പുറത്തുവിട്ട തെളിവുകള്‍ ഗുരുതരമായത്‌; കേസില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണം: കൊല്‍ക്കത്ത ഹൈക്കോടതി

തൃണമൂല്‍ എംപിമാരും നേതാക്കളും കോഴ വാങ്ങുന്ന ദൃശ്യങ്ങളാണ് നാരാദാ ന്യൂസ് എക്സ് ഫയല്‍സ് എന്ന ഒളിക്യാമറാ ഓപ്പറേഷനിലൂടെ പുറത്തുകൊണ്ടുവന്നത്.

നാരദ ന്യൂസ്‌ പുറത്തുവിട്ട തെളിവുകള്‍ ഗുരുതരമായത്‌; കേസില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണം: കൊല്‍ക്കത്ത ഹൈക്കോടതി

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നാരദാ ന്യൂസ് നടത്തിയ സ്റ്റിംഗ് ഓപ്പറേഷനുമായി ബന്ധപ്പെട്ട കേസില്‍ തുടരന്വേഷണം വേണമെന്നു കൊല്‍ക്കത്ത ഹൈക്കോടതി.

സംസ്ഥാന പോലീസല്ല ഇതുപോലെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ള കേസ് അന്വേഷിക്കേണ്ടത്. നാരദ ന്യൂസ്‌ പുറത്തു വിട്ട തെളിവുകള്‍ മുന്‍നിര്‍ത്തിയാല്‍ സി.ബി.ഐ പോലെയുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചു ഗുരുതരമായ അന്വേഷണം നടക്കണം എന്ന് ഹൈക്കോടതി പറഞ്ഞു.

തൃണമൂല്‍ എംപിമാരും നേതാക്കളും കോഴ വാങ്ങുന്ന ദൃശ്യങ്ങളാണ് നാരാദാ ന്യൂസ് എക്സ് ഫയല്‍സ് എന്ന ഒളിക്യാമറാ ഓപ്പറേഷനിലൂടെ പുറത്തുകൊണ്ടുവന്നത്. മാര്‍ച്ച് 14 നാണ് തൃണമൂല്‍ എംപിമാരും മന്ത്രിമാരും എംഎല്‍എമാരും കോഴ വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ നാരദാ ന്യൂസ് പുറത്തുവിട്ടത്.
കേസിന്റെ തുടരന്വേഷണം സിബിഐയെ ഏല്‍പ്പിക്കും എന്ന് കൊല്‍ക്കത്ത ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കെ നടത്തിയ പരമാര്‍ശങ്ങള്‍ സൂചിപ്പിക്കുന്നു.

അഴിമതി ആരോപണം നേരിടുന്ന നേതാക്കന്മാര്‍ നയിക്കുന്ന സംസ്ഥാന പോലീസ് തന്നെ ഈ കേസ് അന്വേഷിക്കുന്നതിന്റെ ഔചിത്യമില്ലായ്മ നാരദ ന്യൂസ്‌ ചീഫ് എഡിറ്റര്‍ മാത്യു സാമുവേല്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഇതിനു അനുകൂലമായ നിലപാടാണ് ഇന്ന് കോടതിയില്‍ നിന്നുണ്ടായത്.

കൊല്‍ക്കത്ത ഹൈക്കോടതി ഇന്ന് നടത്തിയ വിലയിരുത്തലുകള്‍ സ്വാഗതം ചെയ്യുന്നു എന്ന് മാത്യു സാമുവേല്‍ പ്രതികരിച്ചു. ശരിയായ ദിശയിലേക്കാണ് കേസിന്റെ പുരോഗമനം എന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

പണം വാങ്ങുന്ന ദൃശ്യങ്ങള്‍ അല്ലാതെ തൃണമൂല്‍ നേതാക്കന്മാര്‍ കോഴ ആവശ്യപ്പെടുന്നതായ ഒരു തെളിവും വീഡിയോയില്‍ ഇല്ല എന്ന് സംസ്ഥാനസര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ വാദിച്ചെങ്കിലും കൊല്‍ക്കത്ത ഹൈക്കോടതി ഇത് മുഖവിലയ്ക്കെടുത്തില്ല.
ആയുധ ഇടപാടില്‍ മുന്‍ ബിജെപി അദ്ധ്യക്ഷന്‍ ബംഗാരു ലക്ഷ്മണ്‍ കോഴപ്പണം കൈപ്പറ്റുന്ന വീഡിയോയിലും കോഴപ്പണം ആവശ്യപ്പെടുന്ന തെളിവുകള്‍ ഉണ്ടായിരുന്നില്ല എന്ന് ആക്ടിംഗ് ജസ്റ്റിസ്‌ ഓര്‍മ്മിപ്പിച്ചു. എങ്കിലും കേന്ദ്ര ഏജന്‍സികള്‍ അത് അന്വേഷിക്കുകയും പണം കൈപറ്റിയവരെ ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്.

മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് നേതാക്കൻമാർ കോഴപ്പണം കൈപ്പറ്റുന്ന വീഡിയോ ‘ഓപ്പറേഷൻ എക്സ് ഫയൽസ്’ മാത്യു സാമുവേൽ സിഇഓ ആയ നാരദാ ന്യൂസ് പുറത്തു കൊണ്ടുവന്നിരുന്നു.

വെസ്റ്റ് ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം അധികാരത്തിലെത്തിയ മമതാ ബാനർജി പ്രസ്തുത ഒളിക്യാമറാ ഓപ്പറേഷനിൽ അന്വേഷണത്തിനു ഉത്തരവിട്ടിരുന്നു. തുടർന്നു, മാത്യു സാമുവേലിനെതിരെ കൊല്‍ക്കത്ത പോലീസ് രണ്ട് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ഇദ്ദേഹത്തെ ഒരിക്കല്‍ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ തടയുകയും ചെയ്തിരുന്നു.

സമാന്തര അന്വേഷണം പാടില്ല എന്ന കൊല്‍ക്കത്ത ഹൈക്കോടതിയുടെ പരാമർശം ഉണ്ടെന്ന് അറിയിച്ചിട്ടും ഇമിഗ്രേഷൻ അധികൃതർ അത് അവഗണിച്ച് മാത്യു സമുവേലിനെ തടഞ്ഞു വയ്ക്കുകയായിരുന്നു.

തുടർന്ന് അദ്ദേഹത്തിന്റെ അഡ്വക്കേറ്റ് സമീം അഹമ്മദ് കൊല്‍ക്കത്ത പോലീസിന് അടിയന്തര സന്ദേശമയച്ചതിനെ തുടർന്ന് പോലീസ് ഇമിഗ്രേഷൻ ഡിപ്പാർട്ടമെൻറുമായി ബന്ധപ്പെട്ടാണ് അന്ന് മാത്യു സാമുവേലിനെ വിട്ടയച്ചത്.

Read More >>