സ്ത്രീകളെ ശല്യം ചെയ്യുന്നവരെ പൂട്ടാന്‍ പ്ലാസ്റ്റിക് കൈവിലങ്ങുമായി എയര്‍ ഇന്ത്യ

പൊതുവെ രാജ്യാന്തര സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ വിമാനങ്ങളില്‍ മാത്രം സൂക്ഷിക്കാറുള്ള കൈവിലങ്ങുകള്‍ ഇനി ആഭ്യന്തര സര്‍വീസുകളിലും ഉണ്ടായിരിക്കും.

സ്ത്രീകളെ ശല്യം ചെയ്യുന്നവരെ പൂട്ടാന്‍ പ്ലാസ്റ്റിക് കൈവിലങ്ങുമായി എയര്‍ ഇന്ത്യ

സ്ത്രീകളെ ശല്യം ചെയ്യുന്നവരെ പൂട്ടാന്‍ വ്യത്യസ്ത നടപടിയുമായി എയര്‍ ഇന്ത്യ. അച്ചടക്കമില്ലാത്ത യാത്രികരെ നിയന്ത്രിക്കാന്‍ വിമാനങ്ങളില്‍ പ്ലാസ്റ്റിക് കൈവിലങ്ങുകള്‍ സൂക്ഷിക്കാനാണ് എയര്‍ ഇന്ത്യയുടെ തീരുമാനം. ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്ന വിമാനങ്ങളിലുള്‍പ്പെടെയാണു കൈവിലങ്ങുകള്‍ സജ്ജീകരിക്കുന്നത്.

യാത്രക്കാരുടെ സുരക്ഷയാണ് എല്ലാറ്റിലും വലുതെന്നും അതില്‍ ഒരു വിട്ടുവീഴ്ചക്കും തങ്ങള്‍ തയ്യാറല്ലെന്നും എയര്‍ ഇന്ത്യ ചെയര്‍മാന്‍ അശ്വനി ലൊഹാനി പറഞ്ഞു. പൊതുവെ രാജ്യാന്തര സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ മാത്രം സൂക്ഷിക്കാറുള്ള കൈവിലങ്ങുകള്‍ ഇനി ആഭ്യന്തര സര്‍വീസുകളിലും ഉണ്ടായിരിക്കും. എങ്കിലും ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ മാത്രമേ ഇവ ഉപയോഗിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.


അടുത്തിടെ വിമാനത്തില്‍വച്ച് സ്ത്രീകള്‍ക്കു ലൈംഗികാതിക്രമം നേരിടേണ്ടിവന്ന സാഹചര്യത്തിലാണ് എയര്‍ ഇന്ത്യയുടെ പുതിയ തീരുമാനം. ഡിസംബര്‍ 21നു യാത്രക്കാരിക്കു നേരെയും ഈമാസം രണ്ടിന് എയര്‍ഹോസ്റ്റസിനു നേരേയും എയര്‍ഇന്ത്യ വിമാനത്തില്‍വച്ച് പീഡനശ്രമം ഉണ്ടായിരുന്നു. ഡിസംബബര്‍ 21ന് മുംബൈയില്‍ നിന്നു അമേരിക്കയിലേക്കു പോവുകയായിരുന്ന എയര്‍ഇന്ത്യ വിമാനത്തില്‍വച്ചാണ് യാത്രക്കാരന്‍ സഹയാത്രികയെ കടന്നുപിടിച്ചത്. ഡല്‍ഹി- മസ്‌കറ്റ് എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ചായിരുന്നു ഈമാസം രണ്ടിനു എയര്‍ഹോസ്റ്റസിനു നേരെ ലൈംഗികാതിക്രമം ഉണ്ടായത്.

അതേസമയം, ആഭ്യന്തര സര്‍വീസുകളില്‍ കൈവിലങ്ങുകള്‍ സജ്ജീകരിക്കാനുള്ള എയര്‍ ഇന്ത്യയുടെ പുതിയ തീരുമാനം നിയമങ്ങള്‍ക്കെതിരാണെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

Read More >>