അണ്ണാ ഡി എം കെ ബിജെപിയുടെ എതിർകക്ഷിയല്ല: വെങ്കയ്യ നായ്ഡു

തമിഴകത്തിലേയ്ക്കുള്ള ബിജെപിയുടെ നീക്കങ്ങളിലേയ്ക്ക് വിരൽ ചൂണ്ടുന്നതായിരുന്നു വെങ്കയ്യ നായ്ഡുവിന്റെ മറുപടികൾ. അടുത്ത തെരഞ്ഞെടുപ്പിൽ എങ്ങിനെയൊക്കെ ആയിരിക്കും സഖ്യങ്ങൾ രൂപം കൊള്ളുക എന്നതനുസരിച്ചിരിക്കും തമിഴ് നാടിന്റെ രാഷ്ട്രീയഭാവി.

അണ്ണാ ഡി എം കെ ബിജെപിയുടെ എതിർകക്ഷിയല്ല: വെങ്കയ്യ നായ്ഡു

അണ്ണാ ഡി എം കെ ബിജെപിയുടെ എതിർകക്ഷിയല്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായ്ഡു. ശശികല മുഖ്യമന്ത്രിയാകുന്നത് പാർട്ടിയ്ക്കുള്ളിലെ വിഷയമാണെന്നും നായ്ഡു പറഞ്ഞു. ചെന്നൈയിൽ ഇന്ത്യാ റ്റുഡേയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അണ്ണാ ഡി എം കെയെക്കുറിച്ച് ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു നായ്ഡു.

“ഞാൻ തമിഴ് നാട് സർക്കാരിന്റെ സുഹൃത്താണ്. തമിഴ്‌നാട് രാജ്യത്തിലെ തന്നെ ഏറ്റവും വേഗത്തിൽ പുരോഗമിക്കുന്ന സംസ്ഥാനമാണ്. അണ്ണാദുരൈ, എം ജി ആർ, കരുണാനിധി, ജയലളിത – ആരുമായിക്കോട്ടെ – എല്ലാവരും സംസ്ഥാനത്തിനെ മുന്നോട്ട് നയിച്ചു,”

നായ്ഡു പറഞ്ഞു.

തമിഴ്‌ നാട്ടിൽ ബിജെപിയുടെ വളർച്ചയെക്കുറിച്ച് ചോദിച്ചപ്പോൾ നായ്ഡു പറഞ്ഞു:
“ബിജെപിയെ ഒരു വടക്കേ ഇന്ത്യൻ പാർട്ടി ആയിട്ടായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. പക്ഷേ, ഡി എം കെ, അണ്ണാ ഡി എം കെ എന്നിവരുമായുള്ള സഖ്യത്തിന് ശേഷം ആ ധാരണ മാറി. തമിഴ്‌ നാടിന്റെ പ്രത്യേകത എന്താണെന്നാൽ, ഇവിടെ ശക്തമായ രണ്ട് പാർട്ടികൾ ഉണ്ട്. അതിനർഥം, ഡി എം കെയ്ക്ക് വോട്ട് ചെയ്യാത്തവർ അണ്ണാ ഡി എം കെയ്ക്ക് വോട്ട് ചെയ്യും, തിരിച്ചും അങ്ങിനെ തന്നെ. മൂന്നാമതൊരു പാർട്ടിയ്ക്ക് ഇവിടെ സാധ്യതയില്ലായിരുന്നു. കേരളത്തിലും ഇത് തന്നെ അവസ്ഥ, പക്ഷേ അടുത്ത തെരഞ്ഞെടുപ്പിൽ സ്ഥിതി മാറും. ജയലളിത ഉണ്ടായിരുന്നപ്പോൾ ബിജെപിയ്ക്ക് ഇവിടെ നിലയുറപ്പിക്കാൻ പ്രയാസമായിരുന്നു.”

അടുത്ത തെരഞ്ഞെടുപ്പിൽ ഡി എംകെ-കോൺഗ്രസ്സ്, ബിജെപി- അണ്ണാ ഡി എം കെ സഖ്യങ്ങൾ ഉണ്ടാകുമോയെന്ന് പറയാൻ കഴിയില്ല. ഇപ്പോഴത്തെ ശ്രദ്ധ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേയ്ക്കാണ് എന്നും നായ്ഡു കൂട്ടിച്ചേർത്തു.

Read More >>